ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാര്‍ രാജിവെച്ചത് തെറ്റായിപ്പോയെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്. ചില തെറ്റായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായി വന്നു. രാജ്യത്തെ ജനങ്ങളിലേക്ക് യഥാര്‍ത്ഥസന്ദേശം നല്‍കുന്നതിലും തങ്ങള്‍ പരാജയപ്പെട്ടു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജിവെക്കുക എന്നത് അരവിന്ദ് കേജ്രിവാളിന്റെ മാത്രം തീരുമാനമായിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും കുമാര്‍ വിശ്വാസ് തുറന്നു സമ്മതിച്ചു. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആംആദ്മി സ്ഥാനാര്‍ത്ഥിയായി കുമാര്‍ മത്സരിക്കുന്നുണ്ട്. എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നെങ്കിലും 20 സീറ്റിലധികം നേടാന്‍ സാധിക്കുമെന്നാണ് ആംആദ്മിയുടെ പ്രതീക്ഷ.
രാജിവെച്ച തീരുമാനം തിടുക്കത്തിലായിപ്പോയെന്ന് കേജ്രിവാള് തന്നെ അടുത്തിടെ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ രാജിവെച്ചതെന്ന് ജനങ്ങളെ ധരിപ്പിക്കാനും പാര്‍ട്ടി പരാജയപ്പെട്ടെന്നും കേജ്രിവാള് ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധിക്കു പുറമെ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയാണ് അമേതിയില്‍ കുമാര്‍ വിശ്വാസിനെതിരെ മത്സരിക്കുന്ന മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: