ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ മങ്ങിയ മുഖമാണ് എക്സിറ്റ്പോളിലൂടെ കാണാന്‍ കഴിയുന്നതെന്ന് പ്രമുഖ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി തെന്റ ബ്ലോഗില്‍ കുറിച്ചു.
ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ അസ്വഭാവികമല്ല. ഇതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗങ്ങളാണ്. വിജയം ഉണ്ടാകുമ്പോള്‍ വിനയവും, പരാജയപ്പെടുമ്പോള്‍ കരുണയും പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ ചിന്താഗതികളുടെ ഭാഗമാണ്.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെക്കുറിച്ചുള്ള എന്റെ പരാമര്‍ശങ്ങളെ മന്ത്രി സല്മാന് ഖുര്‍ഷിദ് മറ്റൊരു രീതിയിലാണ് കണ്ടത്. നിരാശയില്‍ നിന്നാണ് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുന്നത്. പ്രധാനമന്ത്രിയുടെ യാത്രയയപ്പ് ചടങ്ങില്‍ സൗമ്യമായി പെരുമാറേണ്ടതിനു പകരം ഖുര്‍ഷിദ് ദേഷ്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. മര്യാദക്കുറവാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്കു കാരണം. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തില്‍ പലപ്പോഴും ദേഷ്യത്തോടെയാണ് ആനന്ദ്ശര്‍മ്മ ചാനലുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ജെയ്റ്റ്ലി തുടര്‍ന്നു.
ആനന്ദ് അദ്ദേഹത്തിന്റെ ശരികള്‍ മറ്റുള്ളവരിലേയ്ക്ക് അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്. താന്‍ ജനിച്ചതു ഭരിക്കാനാണെന്ന ധാരണ മറ്റുള്ളവരിലേയ്ക്ക് പകരുകയാണ് ചെയ്യുന്നത്. കരസേനാമേധാവിയുടെ നിയമനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന ധാര്‍ഷ്ട്യത്തോടെയായിരുന്നു. പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ഇത്തരം പ്രസ്താവനകള്‍ നടത്താനാണ് ആനന്ദ് ശ്രമിക്കുന്നത്. കരസേനാമേധാവിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു വിവാദങ്ങളും വലിച്ചിഴക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല.
പാര്‍ട്ടി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലാത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കഴിവുകള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസിനു സാധിക്കുമോ? ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുമായി രാഹുലിനെ താരതമ്യം ചെയ്യാനാകില്ല. ഒരു കുടുംബം നിയന്ത്രിക്കുന്ന പാര്ട്ടിയായതുകൊണ്ടുതന്നെ തങ്ങള്‍ക്കു ദോഷം വരുന്നതൊന്നും അവര്‍ ചെയ്യില്ലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ അണികളുടെ വിശ്വാസം. ആര്‍ക്കു തെറ്റു പറ്റിയാലും ഗാന്ധി കുടുംബത്തിന് തെറ്റുപറ്റില്ലെന്നും അവര്‍ വിശ്വസിക്കുന്നു. ഒരു പക്ഷെ മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റുകള്‍ ഇവരെ വഴിതെറ്റിച്ചേക്കാം. എന്നാല്‍ തെറ്റുകളില്‍ നിന്ന് ശരിയിലേക്ക് വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല. എന്നാല്‍ ഗാന്ധികുടുംബത്തെക്കുറിച്ചുള്ള ഈ തെറ്റായ ധാരണ തിരുത്താന്‍ ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രേരണയാകും.
ഞാന്‍ ബ്ലോഗെഴുത്ത് ആരംഭിച്ചിട്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. എന്റെ പ്രസംഗത്തിന്റെ എല്ലാ വിവരങ്ങളും എന്റെ സൈറ്റുകളില്‍ ലഭ്യമാണ്. കൂടാതെ ഫേസ്ബുക്ക് പേജിലും വിവരങ്ങള്‍ ഉണ്ടാവും. ഫേസ്ബുക്കിലും ബ്ലോഗിലും എഴുതി തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂവെങ്കിലും ഓരോ ദിവസത്തേയും രാഷ്ട്രീയ സംവാദങ്ങള്‍ക്കുള്ള എന്റെ പരിശ്രമത്തിന്റെ ഫലങ്ങളാണ് ഇതൊക്കെ. എന്റെ അനുഭവങ്ങളാണ് ബ്ലോഗിലൂടെ പങ്കുവെക്കുന്നത്.
ഒരു രാഷ്ട്രീയപ്രവര്ത്തകന് പറയുന്ന പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് കാലയളവുകളില്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ബ്ലോഗ് എഴുതാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പ്രചാരണം അവസാനിച്ച് ഫലം പുറത്തുവന്നിരിക്കുന്നു. ദിവസേനയുള്ള ബ്ലോഗെഴുത്ത് നിര്‍ത്താന്‍ സമയമായിരിക്കുന്നു. വിഷയത്തിന്റെ പ്രാധാന്യമനുസരിച്ച്, പ്രതികരണം അനിവാര്യമാണെങ്കില്‍ അവസരോചിതമായി ഇനിയും ബ്ലോഗെഴുത്ത് തുടരും….
പ്രതികരിക്കാൻ ഇവിടെ എഴുതുക: