ഇത്തവണത്തെ ഓണപ്പതിപ്പുകള്‍ വളരെ മികച്ച നിലവാരം പുലര്ത്തിയവയാണെന്ന് പറയാന്‍ സംശയിക്കേണ്ടതില്ല. വിശേഷിച്ചു ജന്മഭൂമിയുടെയും കേസരിയുടെയും. ഹൈന്ദവസമൂഹത്തോട് പ്രതിബദ്ധമായ പ്രസിദ്ധീകരണങ്ങളുടെ ഓണപ്പതിപ്പുകള്‍ ആ ദൃഷ്ടിയില് വിശേഷപ്പെട്ടവതന്നെയാണ്. മലയാളത്തിലെ ഇരുത്തംവന്ന എഴുത്തുകാരെയെല്ലാം അവയിലൂടെ സഹകരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതില്‍ അവയുടെ പത്രാധിപത്യം വഹിച്ചവര്‍ക്ക് അഭിമാനിക്കാം.
ജന്മഭൂമിയില് മുഖ്യചര്ച്ചക്കു വിഷയമായത് പറവൂരിനടുത്ത് പട്ടണം പ്രദേശത്തു നടക്കുന്ന ഖനനപര്യവേഷണങ്ങളുടെ പിന്നിലെ ഗൂഢോദ്ദേശ്യങ്ങളുടെ അനാവരണമായിരുന്നു. ഏറെ ചര്‍ച്ചകളും വിശകലനങ്ങളും നടന്ന ഒരു വിഷയമാണ് എങ്കിലും ഒട്ടും മടുപ്പുവരാത്ത വിധത്തിലാണത് അവതരിപ്പിച്ചിട്ടുള്ളത്. പെരിയാര്‍ നദീമുഖത്തിനടുത്തുണ്ടായിരുന്ന പ്രാചീന തുറമുഖം ചരിത്രപ്രസിദ്ധമായിരുന്നു. 13-ാം നൂറ്റാണ്ടില്‍ പെരിയാറ്റിലുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തില്‍ അവിടുത്തെ അഴിമുഖം മണ്ണുകയറി അടയുകയും കൊച്ചി അഴി തുറക്കുകയും ചെയ്തപ്പോഴുണ്ടായ പ്രാകൃതിക ദുരന്തത്തെത്തുടര്‍ന്നാണ് മുസിരിസ് എന്ന് പ്രാചീന യാത്രികര്‍ വിവിക്ഷിച്ച തുറമുഖം നശിച്ചതെന്ന് നമുക്കറിയാം. മുയിരിക്കോട് എന്ന് ഇന്നും അറിയപ്പെടുന്ന സ്ഥലമല്ല പട്ടണം ഗ്രാമം തന്നെയാണ് മുസിരിസ് എന്നു സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രാചീന കേരളതലസ്ഥാനമടങ്ങുന്ന പ്രദേശത്തിന്റെ ഹൈന്ദവ, ബൗദ്ധ, ജൈന, പാരമ്പര്യങ്ങളെ തമസ്കരിച്ച് തത്സ്ഥാനത്ത് പാശ്ചാത്യ ക്രൈസ്തവ, മുഹമ്മദ് പാരമ്പര്യത്തെ പ്രതിഷ്ഠിക്കുകയെന്ന ഉദ്ദേശ്യവും അതിനുപിന്നിലുണ്ടെന്ന് പ്രമുഖ ചരിത്രാധ്യാപകനും ഭാരതീയവിചാരകേന്ദ്രത്തിന്റെ മുന്‍ അധ്യക്ഷനുമായ ഡോ.സി.എ.ഐസക് സ്ഥാപിക്കുന്നുണ്ട്. കേരളത്തിന്റെ ഹൈന്ദവ പാരമ്പര്യത്തെ നിഷേധിക്കുന്ന സോദ്ദേശ്യ ചരിത്ര ഗവേഷണങ്ങള്‍ കുറെക്കാലമായി നടന്നുവരുന്നുണ്ടല്ലൊ. ശ്രീശങ്കരാചാര്യര്‍ അദ്വൈത സിദ്ധാന്തം മനസ്സിലാക്കിയത്, അദ്ദേഹത്തിന്റെ കാലത്തു ചേര രാജധാനിയില്‍ ഉണ്ടായിരുന്ന ഇസ്ലാം മതസ്ഥരില്‍ നിന്നാണെന്ന വെള്ളം കൂട്ടാത്ത ഭോഷ്ക് പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത ചരിത്രഗവേഷകര്‍ ഇവിടെയുണ്ടല്ലൊ. ഉപരാഷ്ട്രപതിയായിരുന്നപ്പോള്‍, കേരളത്തില്‍ സി.എച്ച്.മുഹമ്മദ് കോയ സ്മാരക പ്രസംഗം ചെയ്യാനെത്തിയ കെ.ആര്.നാരായണനെക്കൊണ്ടു പോലും അവര്‍ എഴുതിക്കൊടുത്ത പ്രസംഗത്തിലൂടെ അതു പറയിച്ചു. ശങ്കരാചാര്യസ്വാമികള്‍ ചെറുപ്പമായിരുന്നപ്പോള്‍ കാലടിവഴി മലയാറ്റൂര്‍ക്കു കുരിശുമല മുത്തപ്പനെ കാണാന്‍ പോയ നസ്രാണികളെക്കണ്ട് ആവേശഭരിതനായി എന്നും ഒരു ഗവേഷകന് കണ്ടെത്തിയത്രെ. ജന്മഭൂമി വാര്‍ഷികപ്പതിപ്പിന്റെ വൈവിധ്യം അസൂയാവഹം തന്നെയാണ്.
കേസരി വാര്ഷികപ്പതിപ്പു കുറേക്കൂടി ആഴവും പ്രസക്തിയുമുള്ള ഒരു വിഷയമാണ് തെരഞ്ഞെടുക്കുന്നത്. ആധുനിക ഭാരതത്തിന് ദിശാനിര്‍ദ്ദേശം നല്‍കുന്നതിന് പര്യാപ്തമായ ചിരപുരാതനവും നിത്യനൂതനവുമായ ഒരു രാജനൈതിക ദര്‍ശനമെന്ന നിലയ്ക്ക് സ്വര്‍ഗീയ ദീനദയാല്‍ ഉപാദ്ധ്യായ ആവിഷ്ക്കരിച്ച് അവതരിപ്പിച്ച ഏകാത്മമാനവതയാണത്. ദീനദയാല്‍ജി അത് അവതരിപ്പിച്ച് അരനൂറ്റാണ്ടായതിനെ പുരസ്കരിച്ച് കേസരി വാര്‍ഷികപ്പതിപ്പ് ഒരു പുനര്‍വായന നടത്തുകയായിരുന്നു. ദീനദയാല്ജിയിലൂടെ ഭാരതത്തിന്റെ ചിരന്തനമായ മാനവദര്‍ശനം ആവിഷ്കൃതമായതിനെ പൂര്‍ണമായി സ്വാംശീകരിച്ച പരമേശ്വര്‍ജിയും ഡോ.ഭജരംഗലാല് ഗുപ്തയെന്ന സാമ്പത്തിക വിദഗ്ദ്ധനും ബിഎംഎസിന്റെ ദേശീയാധ്യക്ഷനുമായിരുന്ന അഡ്വ.സജി നാരായണനും ഏകാത്മമാനവദര്‍ശനത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കിയ പ്രൊഫ.വിജയകുമാറും ജെ.നന്ദകുമാറും ഈ ലേഖകനുമാണ് മറ്റു ലേഖകര്‍. ദീനദയാല്ജിയില്നിന്നുതന്നെ ഏകാത്മമാനവദര്‍ശനത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞ ഭാഗ്യം എനിക്കുണ്ടായി.
എന്നാല്‍ കേസരി വാര്‍ഷികപ്പതിപ്പിലെ ലേഖനങ്ങളില്‍ ഏറ്റവും വിലപ്പെട്ടതായി അനുഭവപ്പെട്ടത് സംഘത്തിന്റെ ആദ്യകാല രേഖകളും പൂജനീയ ഡോക്ടര്‍ജിയെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങളും അടങ്ങുന്ന ഹരിയേട്ടന്റെതാണ്. പൂജനീയ ഗുരുജിയുടെ സമ്പൂര്‍ണ വാങ്മയം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന് ഹരിയേട്ടന് അനുഷ്ഠിച്ച തപസ്സിന് സമമായ മറ്റൊരു യത്നം ഉണ്ടാവില്ല. ഭാരതമെങ്ങും നിന്ന് സംഘസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കല്‍ അദ്ദേഹം ഭഗീരഥപ്രയത്നം തന്നെ ചെയ്തു. പൂജനീയ ഗുരുജിയുടെ വാങ്മയം 12 വാല്യങ്ങളായി, ഭാരതത്തിലെ മിക്ക ഭാഷകളിലും ഏതാണ്ട് ഒരേ സമയത്തുതന്നെ പ്രസിദ്ധീകരിക്കുക എന്ന കാര്യത്തിന്റെ സൂത്രധാരനായിരുന്നു അദ്ദേഹം. സംഘത്തെക്കുറിച്ച് സ്വയംസേവകരും അല്ലാത്തവരുമായ ജിജ്ഞാസുക്കള്‍ ഇനിയും അറിയേണ്ട ഒട്ടേറെക്കാര്യങ്ങളുണ്ടെന്നദ്ദേഹം പറഞ്ഞു. അവ ഇനിയും എത്രയോ വാല്യങ്ങള്‍ക്ക് തികയുമത്രേ. ശ്രീ ഗുരുജിയുടെ സമഗ്രമായ ഒരു ജീവചരിത്രവും അതിനിടെ അദ്ദേഹം തയ്യാറാക്കി. സംഘത്തിന്റെ തുടക്കത്തില്‍ത്തന്നെ ഡോക്ടര്‍ജി നിഷ്കര്‍ഷിച്ചിരുന്ന ജനാധിപത്യ മനോഭാവവും ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചുള്ള സ്ഫടികസമാനമായ വ്യക്തതയുമെല്ലാം വെളിവാക്കുന്ന രേഖകള്‍ സംഘകാര്യാലയത്തിലെ ശേഖരത്തില്‍ നിന്ന് തപ്പിയെടുത്ത് സാംസ്കൃതിക വാര്ത്താപത്രമെന്ന പ്രസിദ്ധീകരണം ഡോക്ടര്‍ജിയെക്കുറിച്ച് മറാഠിയില്‍ ഒരു പ്രത്യേക പതിപ്പിറക്കിയതിനെ ഹരിയേട്ടന് മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതാണത്. തീര്‍ച്ചയായും ഹരിയേട്ടനെപ്പോലുള്ള ഗവേഷകബുദ്ധിക്കു മാത്രമേ ഇത്തരം ലേഖനം തയ്യാറാക്കാന്‍ സാധിക്കൂ.
മുന്പതിവില്ലാത്തവിധം ഇക്കുറി ഈ വാര്‍ഷികപ്പതിപ്പുകള്‍ വായിച്ച ചില പഴയ സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചു സംസാരിക്കുകയുണ്ടായി. തികച്ചും അപ്രതീക്ഷിതമായിരുന്നു ദശകങ്ങള്‍ക്കുശേഷം ആദ്യമായി അങ്ങനെ അന്വേഷണം വന്നത്. മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്തുള്ള നമ്പ്യാത്തന് വിളിച്ചപ്പോള്‍ ഏറെ വിസ്മയമായി. 1967 ലെ സംഘശിക്ഷാവര്‍ഗില്‍ അദ്ദേഹത്തിന്റെ ശിക്ഷകനായിരുന്നു ഞാന്‍. നമ്പ്യാത്തന് എന്ന പേര് കൗതുകമുണ്ടാക്കിയതിനാല് അതിന്റെ താത്പര്യം ആരാഞ്ഞപ്പോള്‍ വേദശര്‍മന്‍ എന്നുപേരുള്ളവര്ക്കു വിളിപ്പേരാണത് എന്നു മനസ്സിലായി. വര്‍ത്തമാനത്തിലും പെരുമാറ്റത്തിലും ”ശുദ്ധനമ്പൂരിത്തം” ഉള്ള കുട്ടിയായിരുന്നു നമ്പ്യാത്തന്. പിന്നീട് ജനസംഘത്തിന്റെ ചുമതലയുമായി കോഴിക്കോട്ടെത്തിയപ്പോള്‍ വീണ്ടും നമ്പ്യാത്തനുമായി അടുക്കേണ്ടിവന്നു. കോഴിക്കോട് സമ്മേളനത്തിനു മുന്നോടിയായി ഏറനാടു ഭാഗത്തെ പ്രമുഖ വ്യക്തികളുടെ സഹകരണം തേടുന്നതിനുള്ള പ്രയത്നത്തില്‍, സാക്ഷാല്‍ ഭരതേട്ടനാണ് എന്നെയുംകൊണ്ട് വണ്ടൂര്‍, കരിക്കാട്, തൃക്കലങ്ങോട്, നടുവം മുതലായ ഒട്ടേറെ സ്ഥലങ്ങളില്‍ പോയത്. അതിനിടെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്തു പ്രത്യേക ജില്ലയുണ്ടാക്കാന്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ മുസ്ലിംലീഗ് ഉള്‍ക്കൊള്ളുന്ന സപ്തക്ഷി മുന്നണി ആലോചിച്ചത്, ഏറനാടിലെ ഹിന്ദുക്കളില്‍ ആശങ്കയുണ്ടാക്കി. ഭരതേട്ടനുമൊത്തു പോയ വീടുകളിലെല്ലാം അതുപ്രകടമായിരുന്നു. അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചാരണത്തിനായി വണ്ടൂരില്‍ പൊതുസമ്മേളനം നടത്തണമെന്ന ഭരതേട്ടന്റെ അഭിപ്രായത്തിന് പ്രകാരം പരമേശ്വര്‍ജിയെയും രാജേട്ടനെയുമൊക്കെ പങ്കെടുപ്പിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്യപ്പെട്ടു. അതിനുത്സാഹിച്ചവരില് തുന്നല്‍ പണിക്കാരന് ഗോപാലനും നമ്പ്യാത്തനുമൊക്കെയുണ്ടായിരുന്നു. നമ്പ്യാത്തന് തന്റെ വീട്ടിനടുത്തുള്ള ശാഖയുടെ ചുമതല വഹിച്ചുവന്നു. വണ്ടൂരില്‍ പോയ സമയത്തൊക്കെ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ ശാന്തിയായിരുന്ന ശങ്കരന് എമ്പ്രാന്തിരിയില്നിന്നാണ് അദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിഞ്ഞത്. പൂജാദിവൈദികകര്മങ്ങള് അറിയുന്നതിനാല്‍ തിരക്കൊഴിയുന്ന സമയമില്ലത്രെ. ഫോണിലൂടെ സംസാരിച്ചപ്പോള്‍ ഇപ്പോള്‍ ഒന്നുമില്ലാതെ സ്വസ്ഥജീവിതമാണെന്നറിഞ്ഞു. മക്കളൊക്കെ നല്ലനിലയിലായി. വിളിച്ച മറ്റൊരാള്‍ പാതായ്ക്കരക്കാരന് നാരായണന് നമ്പൂതിരിയായിരുന്നു. 68-70 കാലത്തു കോഴിക്കോട്ട് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. അന്നത്തെ പ്രവര്‍ത്തനത്തിന്റെ സ്മരണകള്‍ അയവിറക്കിക്കൊണ്ട് അദ്ദേഹവും സംസാരിച്ചു.
കേസരിയും ജന്മഭൂമിയും വായിച്ച പലര്‍ക്കും പഴയസ്മരണകള്‍ ഉണരുകയും അതു പുതുക്കാനായി നേരിട്ട് സംസാരിക്കാന്‍ തോന്നുകയും ചെയ്തത് വലിയ ഭാഗ്യമായി. ഈശ്വരീയ കാര്യം ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ പുണ്യമായി മാത്രമേ അതിനെ കരുതാനാവൂ. അവര്‍ക്ക് ഓര്‍മിക്കാന്‍ തക്ക എന്തോ ഒന്ന് അതില്‍ അടങ്ങുന്നുവല്ലൊ.
പി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: