നെടുമ്പാശ്ശേരി: ഹല്‍വയിലും ഹെഡ്ഫോണിലും ഒളിപ്പിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണ്ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഷാര്‍ജയില്‍ നിന്നും 9 ഡബഌയു 561 നമ്പര്‍ ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ 5.30 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മുബൈ സ്വദേശി ലിയാഖത്ത് അലിഹുസൈന്‍ പട്ടേല്‍ (49)നെയാണ് ഹലുവയിലും ഹെഡ്ഫോണിലും ഒളിപ്പിച്ച് അനധികൃതമായികടത്താന്‍ ശ്രമിച്ചതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റിലിജന്‍സ് വിഭാഗം പിടികൂടിയത്.
സുഗന്ധവ്യഞ്ജനങ്ങളുടെ വില്പ്പനക്കാരനെന്നുപറയുന്ന ലിയാകത്ത് അലിഹുസൈന്‍ പട്ടേല്‍ ഈ വര്‍ഷംതന്നെ നിരവധി പ്രാവശ്യം താല്‍ക്കാലിക വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിവിധ വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയിട്ടുണ്ട്. പതിമൂന്ന് സ്വര്ണ്ണക്കട്ടികളായിട്ടാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചിട്ടുള്ളത്. പരിശോധനകളെല്ലാം പൂര്‍ത്തീകരിച്ച് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച ലിയാഖത്ത് അലിഹുസൈന്‍ പട്ടേലിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ വിശദമായ പരിശോധനയെതുടര്‍ന്നാണ് ചെക്കിംഗ് ബാഗേജില്‍ ഹലുവയിലും ഹെഡ്ഫോണിലുമായി സ്വര്‍ണ്ണം ഒളിപ്പിച്ച് വച്ചത് കണ്ടെത്തിയത്.
പിടികൂടിയ സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 2626395 രൂപ വിലവരും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 2434430 രൂപയും വിലവരും. കസ്റ്റംസ് എയര്‍ ഇന്റിലിജന്‍സ് വിഭാഗം അസിസ്റ്റന്റ് കമ്മീഷ്ണര്‍ സജൈയ് ബാങ്ക്ഗ്രേയ്റ്റല്. സുപ്രണ്ടുമാരായ ജി. അജിത്ത് കൃഷ്ണന്, കെ.എസ്. ബിജുമോന്, കെ. ശിവജി, കെ.എച്ച്, ലാല്‍ഫി ജോസഫ്, ജി. രാജേഷ്കുമാര്‍, ടി. പവിത്രന്, ഇന്‍സ്പെക്ടര്‍മാരായ കെ. സുനില്‍ കുമാര്‍, ജിമ്മി മാത്യു. വിഗേഷ് കുമാര്‍, സുമിത്ത് ശര്‍മ്മ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: