കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ വെട്ടിക്കൊന്ന ഉടന്‍ സിപിഎം ജില്ലാ ജനറല്‍ സെക്രട്ടറി പി. ജയരാജന്റെ മകന് നടത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ് അദ്ദേഹത്തിനുള്ള കൊലക്കയറാണെന്ന് മുന്‍ എംപി കെ.സുധാകരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പി. ജയരാജന് അഭിനവ ഡ്രാക്കുളയാണ്. സിപിഎം നേതൃത്വത്തിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണ് ഫെയ്സ് ബുക്ക് പോസ്റ്റ്. മകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് അച്ഛനെതിരായ വ്യക്തമായ തെളിവാണ്. കൊലപാതകത്തില്‍ ജയരാജന്റെ പങ്കിന് വേറെ തെളിവ് ആവശ്യമില്ല. കേസിലെ പ്രധാനപ്രതി വിക്രമന് ജയരാജന്റെ സന്തത സഹചാരിയാണ്. ബംഗളൂരുവില്‍ ബിനാമി ബിസിനസ്സ് ചെയ്യുകയാണ് വിക്രമന്. ഇയാള്‍ക്ക് ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ പങ്കുണ്ടെന്ന് ടിപി വധക്കേസിലെ പ്രതി ടി.കെ.രജീഷ് വെളിപ്പെടുത്തിയിരുന്നു. മാഹിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് കൊലപാതകം സംബന്ധിച്ച്ആസൂത്രണം നടന്നതെന്നും തെളിവുകള്‍ പോലീസിന് കൈമാറുമെന്നും സുധാകരന് പറഞ്ഞു.
കൊലപാതകം നടന്നതിന് ശേഷം എല്ലാ സിപിഎം നേതാക്കളുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. ടിപി വധക്കേസില്‍ ഫോണ്‍ കോളുകളായിരുന്നു പ്രധാന തെളിവ്. മനോജ് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെയും അറസ്റ്റുചെയ്യണം. ടിപികേസിന്റെ വിധി മനോജ് വധത്തില്‍ ഉണ്ടാകരുത്. ആസൂത്രണത്തിന്റെ കണ്ണി അറുത്തില്ലെങ്കില്‍ കൊലപാതകം ആവര്‍ത്തിക്കും. ടിപി വധക്കേസില്‍ ഇതിന് സാധിക്കുമായിരുന്നു. എന്നാല്‍ ആസൂത്രകരെ അറസ്റ്റുചെയ്യാത്തതിനപാലാണ് ജില്ലയില്‍ കൊലപാതകം ആവര്‍ത്തിച്ചത്. ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊല്ലുന്ന രീതി സിപിഎം നേരത്തെയും നടപ്പാക്കിയിരുന്നു. രാഷ്ട്രീയമായ നിലനില്‍പ്പിനു വേണ്ടിയാണ് സിപിഎം കൊലപാതകം നടത്തിയത്. പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചപറ്റിയിട്ടില്ലെന്ന് കാണിക്കുന്നതിനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: