രേഖാകലയെ ജഡാവസ്ഥയില്‍നിന്ന് ചൈതന്യാവസ്ഥയിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ചിത്രകാരനാണ് നമ്പൂതിരി. മദ്രാസ് സ്കൂളിന്റെ സാമൂഹ്യദര്‍ശനം ആധുനിക പ്രവണതയോടുള്ള അഭിനിവേശവും സ്വന്തം രേഖചലനത്തില് അടയാളപ്പെടുത്തുകയാണ് അദ്ദേഹം. ചിത്രവായനക്കാരന്റെ സംവേദനത്വത്തില് നൂതനാവബോധവും വൈകാരിക സമന്വയവും ചിന്താബന്ധുരമായ പ്രത്യക്ഷങ്ങളുമുണര്ത്തി ഭാവുകത്വ പരിണാമത്തിന് ഊര്‍ജം പകരാന്‍ നമ്പൂതിരിക്ക് കഴിഞ്ഞു.
നിരീക്ഷണത്തിലൂടെയും നിരന്തരമായ അനുധ്യാനത്തിലൂടെയും അമൂര്‍ത്തമായ ജീവിതത്തെ മൂര്‍ത്ത തലത്തിലേക്കാവാഹിക്കാനുള്ള ഒരു രസതന്ത്ര വിദ്യ ഈ കലാകാരന്റെ രേഖകളില്‍ സ്വയം നിക്ഷിപ്തമാണ്. എഴുത്തുകാരന് സൃഷ്ടിച്ച മനുഷ്യനില്‍ വരയുടെ മാനവികതയാണ് നമ്പൂതിരി ചേര്ത്തെഴുതുന്നത്. ചിത്രചാരുതയും ചിത്രസത്യവും ചിത്രഭൂമികയും ലയാത്മകമായി ചേരുമ്പോഴാണ് ആ ദൃശ്യരൂപങ്ങള്‍ അന്യാദൃശമാകുന്നത്. പ്രസാദാത്മകമായ ജീവിത കാമനയുടെ താളസ്വരമാണ് നമ്പൂതിരിയുടെ ചിത്രലോകത്തില്നിന്ന് ഉയരുന്നത്. ‘മര്ത്യന് സുന്ദരനാണ്’, ‘മനുഷ്യന്! എത്ര സുന്ദരമായ പദം’ എന്നീ വിശ്വാസ സംഹിതയുടെ രേഖാ പ്രഭവങ്ങളായി ആ ആലേഖ്യ സംസ്കൃതി വളര്‍ന്നു. കഥാപാത്രത്തിന്റെ കേവലമായ രൂപപ്പകര്പ്പോ മെയ്യഴകില്‍ തീര്‍ത്ത പടപ്പോ അല്ല നമ്പൂതിരി കണ്ടെത്തുന്നത്. മാനവിക സംസ്കൃതിയുടെ പ്രതിനിധാനങ്ങളായി ചിത്രമോരോന്നും മാറുകയാണ്. ജീവനല്ല ജീവിതം തന്നെയാണ് അദ്ദേഹം ഓരോ രചനക്കും ഉയിരായി ചേര്‍ത്തുവെയ്ക്കുന്നത്. ചിത്രണ വിദ്യയെ മനുഷ്യകേന്ദ്രീകൃതമായ സര്ഗസാക്ഷ്യമാക്കി മാറ്റിയത് നമ്പൂതിരിയാണ്.
നമ്പൂതിരിയുടെ ഏത് വലിയ മനുഷ്യനും അവന്റെ ഉള്ളിലെ ചെറിയ മനുഷ്യനെയും ഏത് ചെറിയ മനുഷ്യനും അവനിലെ വലിയ മനുഷ്യനെയും സ്വയം പ്രദര്‍ശിപ്പിക്കുന്നു. നമ്പൂതിരിയുടെ മനുഷ്യരെല്ലാം ശബ്ദമടക്കിപ്പിടിച്ചു ചൊല്ലുന്ന പ്രാര്‍ത്ഥനകളാണ്. ജീവിതം അവിടെ പ്രാര്‍ത്ഥനാഭരിതമാകുന്നു. വരയിലെ മനുഷ്യനെ ചൂഴ്ന്നുനില്ക്കുന്ന നിഗൂഢതലങ്ങളും വൈകാരികതയും ഉദ്വേഗത്തിന്റെ മുനയായി അവിടെ നിലകൊള്ളുന്നത് കാണാം. സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും രേഖകളില്‍ ലാവണ്യമുദ്രകള്‍ പണിയുകയാണ് ചിത്രകാരന്. ”ആദ്യം വരച്ച വരയാണ് നമ്മെ നയിക്കുക. ഫിഗര്‍ തുടങ്ങിയാല്‍ ആ രേഖയാണ് ചിത്രദൗത്യം നിര്‍വഹിക്കുക”-നമ്പൂതിരി സൃഷ്ടികര്‍മത്തിന്റെ രഹസ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ജനകീയ ബിംബങ്ങളിലൂടെ സൃഷ്ടിക്കുന്ന അന്തരീക്ഷവും രേഖകളുടെ വെളിച്ചത്തിലൂടെ ആവാഹിക്കുന്ന തനിമയുള്ള ഫിഗറും ചേര്‍ന്ന എഴുത്തുരീതിയാണ് ജനസാമാന്യത്തെ നമ്പൂതിരിയോടടുപ്പിക്കുന്നത്. ഇരുട്ടുകീറുന്ന വജ്രസൂചിപോലെ ആ രേഖാചിത്രം വായനക്കാരില്‍ നന്മയുടെ വെളിച്ചം പകരുന്നു.
അലങ്കാരച്ചാര്ത്തും ആഡംബരപ്പൊലിമയും സ്വന്തം കലയില്‍നിന്ന് ഒഴിവാക്കി ലാളിത്യലാവണ്യത്തിലാണ് അദ്ദേഹം രേഖയെ തെളിക്കുന്നത്. സാംസ്കാരിക ചിഹ്നങ്ങളും കേരളീയതയുടെ ബിംബങ്ങളും ധര്മപ്രബോധനത്തിന്റെ മൂര്‍ത്ത പ്രതീകങ്ങളും സമന്വയിക്കുമ്പോഴാണ് ആ രേഖാകല രാജകലയാകുന്നത്. നര്‍മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കരിമരുന്ന് ആ വരവരികളില് ലയിച്ചിരിപ്പുണ്ട്. വികെഎന്‍ സാഹിത്യത്തിനുള്ള രചനകള്‍ ചിരിയുടെയും ചിന്തയുടെയും സ്ഫോടനമാണ്. രേഖയില്‍ ഒരു ജീവിത രേഖ തന്നെ നമ്പൂതിരി ഒരുക്കുന്നുണ്ട്. ‘ബഷീര്‍ ദ മാനു’ വേണ്ടിയുള്ള ചിത്രണങ്ങളും ബഷീര്ക്കഥകള്ക്ക് ഒരുക്കിയ ചിത്രങ്ങളും നമ്പൂതിരിയുടെ കലായാത്രയിലെ വിസ്മയമായിരുന്നു. കേവല രേഖകള്‍ കൊണ്ടുമാത്രം പൗരാണികതയുടെ കരുത്തും കാന്തിയും അവ പ്രത്യക്ഷമാക്കി. പല്ലവ-ചോള മാതൃകകളില്‍ ഭീമാദികളെ പുനഃസൃഷ്ടിക്കുകയായിരുന്നു രേഖകള്‍. എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞതുപോലെ ‘രണ്ടാമൂഴം’ സാധാരണ മനുഷ്യന്റെ കഥയായിരിക്കാം. എന്നാല്‍ ഭീമനെ ഭീമന് നായരോ, കൃഷ്ണനെ കൃഷ്ണന് നായരോ ആയി ചിത്രീകരിച്ചാല്‍ ഇതിഹാസത്തോടു കാട്ടുന്ന അനീതിയായിരിക്കും. പൗരാണിക സ്പര്‍ശവും ഐതിഹാസിക മാനവുമുള്ള ആ ചലന വിസ്മയങ്ങള്‍ പാത്രങ്ങളുടെ ആന്തരികത ഉള്‍ക്കൊള്ളുകയായിരുന്നു.
നമ്പൂതിരിയുടെ സ്ത്രീരൂപ ചിത്രണങ്ങള്‍ സ്ത്രീ പ്രകൃതിയുടെ അപൂര്‍വരുചിരമായ മാനം രേഖപ്പെടുത്തുകയാണ്. രേഖയുടെ സര്‍വാംഗീണമായ ഒഴുക്കും മധുരതാളസ്പന്ദിതമായ നടപ്പും പ്രകാശപ്പൊലിമ തേടുന്ന വളവുകളും സ്ത്രീയുടെ നൈസര്‍ഗികമായ ചാരുതയെ പ്രത്യക്ഷീകരിക്കുന്നു. സ്ത്രീത്വത്തിന്റെ ഉടലല്ല, ഉടലാണ്ട സ്ത്രീത്വമാണ് നമ്പൂതിരിയുടെ ‘സ്ത്രീകല.’ സ്ത്രീവാദവും ദളിതിസവും നോക്കിയല്ല മനുഷ്യനും അവന്റെ പരിസരങ്ങളും ഇസങ്ങള്ക്കതീതമായി ചിത്രീകരിക്കുകയാണ് നമ്പൂതിരിയുടെ കല. ചെറുകഥ, നോവല്‍, കവിത തുടങ്ങിയ സാഹിത്യത്തിനുമേല്‍ ലാവണ്യത്തിന്റെ ഉടയാടയും മാനവികതയുടെ അരുളും പൊരുളുമാണ് നമ്പൂതിരി ആലേഖനം ചെയ്യുന്നത്. സാമൂഹ്യ രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങള്‍ രചനകളുടെ സ്വയംസിദ്ധമായ പരിവേഷമാവുകയാണ്. ആത്മനിഷ്ഠമായ ലാവണ്യദര്ശനത്തിലും മാനവവീക്ഷണത്തിലുമാണ് നമ്പൂതിരിച്ചിത്രങ്ങള്‍ നിറങ്ങളും നിറവുകളുമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നത്. ഏതിനും മീതെ സ്വന്തം രേഖാകലയുടെ സ്വത്വപ്രമാണത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് നമ്പൂതിരിയുടെ സൃഷ്ടിയത്നം. ആ രേഖാചിത്രങ്ങളിലെ മനുഷ്യരുടെ ശരീരഭാഷ ചിത്രഭാഷയുമായി സമന്വയം നേടുന്നു. ചിത്രഭാഷയുടെ വിശുദ്ധിയും ശൈലിയുടെ വിസ്ഫോടനവുമായി നമ്പൂതിരിയുടെ കല വളരുകയായിരുന്നു.
വരകളും രൂപങ്ങളും നിശ്ചയിക്കുന്ന ചിത്ര പ്രകൃതിയെ മൂല്യമേറിയ ചിഹ്നഭാഷയാക്കി വിവര്‍ത്തനം ചെയ്യാനുള്ള കലാസിദ്ധിയാണ് നമ്പൂതിരിയുടെ ചിത്രഭാഷയെ അന്യഭിന്നമാക്കുന്നത്. ഗുരു കെ.സി.എസ്. പണിക്കരുടെ രേഖാനുകരണത്തില്നിന്ന് മോചിതനാകാനും ആത്മവൈഭവത്തിന്റെ രേഖയെ പുനഃസൃഷ്ടിക്കാനും നമ്പൂതിരിയുടെ മൗലികമായ കലാദര്‍ശനവും ലാവണ്യ സങ്കല്‍പ്പവും പശ്ചാത്തലമൊരുക്കുകയായിരുന്നു.
സര്‍ഗ്ഗകാമനയുടെ ജൈവബോധമാണ് നമ്പൂതിരിയുടെ ചിത്രമെഴുത്തിന്റെ ആന്തരികോര്‍ജം. ചിത്രമെന്ന വ്യവഹാര ശ്രേണിയെ നവമാര്ഗത്തിലും സര്‍ഗാത്മക പരിസരത്തിലും അദ്ദേഹം ആനയിച്ചു. സദാചാര സങ്കല്പ്പത്തിലും സ്ത്രീ കേന്ദ്രീകൃതമായ കാഴ്ചവട്ടങ്ങളിലും ഇളക്കി പ്രതിഷ്ഠയായി അവ ചിത്രചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. രേഖാകലയിലും ജീവിത വിനിമയങ്ങളിലും പ്രകൃതി പ്രതിഷ്ഠയിലും വിപ്ലവഗതിയുടെയും വിചിന്തനത്തിന്റെയും അഴിച്ചുപണിയാണ് നമ്പൂതിരി നിര്‍വഹിച്ചത്.
ഡോ. കൂമുള്ളി ശിവരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: