എവിടാരുന്നു സിസ്റ്ററെ.. ദേ സായിപ്പ് കിടന്നു ബഹളം വെക്കുന്നുണ്ട്!’’
പൂന്തോട്ടത്തില്‍ നിന്ന് കാര്‍ത്യായനി ചേച്ചി ചൂലിന്റെ അഗ്രം ഇടതുകൈ വെള്ളയില്‍ കുത്തിക്കൊണ്ട് ഉറക്കെ വിളിച്ചപ്പോഴാണ് ഇന്ദീവരത്തിന്റെ ഗേറ്റ് കടന്നിരിക്കുന്നു എന്ന ബോധം സൂസനില്‍ നിറഞ്ഞത്.
‘ഹ ഹ അതെയതെ.. സാറ മദാമ്മയെ കണ്ടില്ലേല്‍ കിളവന് ഉറക്കം വരത്തില്ല!’
അതാരാണെന്നു നോക്കാന്‍ മെനക്കെട്ടില്ല.
‘തളര്ന്നുകിടക്കുന്നയാളെ കുറിച്ചെന്നാത്തിനാ മഹാപാപം പറേന്നെ?’
‘എന്നാലും മനസിന് ചെറുപ്പമല്ലേ.. രാത്രി രണ്ടും കൂടെ കവിതേം പാട്ടുമൊക്കെയാന്നാ… ‘
പുല്ലു ചെത്തിക്കൊണ്ട് രാജേന്ദ്രനും താഴെ വീണ പഴുത്തിലകള്‍ നീളമുള്ള ചൂലുകൊണ്ട് തട്ടി നീക്കുന്ന കത്രീന ചേടത്തിയും ചെടികളുടെ ചുവട്ടിലെ കിളച്ച മണ്ണില്‍ വളം ചേര്ത്തുകൊണ്ടുനിന്ന മാലതിയും അടക്കിച്ചിരിക്കുകയും കുശുകുശുക്കുകയും ചെയ്തുകൊണ്ടിരുന്നു.
മുന്‍പൊക്കെ ഇത്തരം കളിയാക്കലുകള്‍ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു സൂസനെ. അര്‍ത്ഥം വേര്‍തിരിച്ചെടുക്കാനാവാത്ത ഒരു ചിരി എല്ലാവര്‍ക്കുമായി സമ്മാനിച്ച് അവള് മുന്നോട്ടു നടന്നു.
‘പേരറിയാം.. എന്താ പഠിച്ചതെന്നും എന്ത് ചെയ്യുന്നുവെന്നും അറിയാം… ഇനീപ്പം എന്നതാ ചോദിക്കുന്നെ?’
ആദ്യമായി കാണാനെത്തിയ മാരനാണ്.. അതും അക്കരെ നിന്ന്.. മുഖം കുനിച്ചു ചിരിച്ചതല്ലാതെ അവള് മറുപടി ഒന്നും പറഞ്ഞില്ല.
‘വലിയ ഹോസ്പിറ്റലിലെ ജോലി വേണ്ടെന്നുവെച്ച് എന്താ അനാഥാലയത്തില്‍ കൂടിയത്?’
‘അതൊരു അനാഥാലയമല്ല!പത്മജാ മാഡത്തിന്റെ പ്രിയപ്പെട്ടവള്‍ക്ക് മറുപടി പെട്ടെന്നുതന്നെ നാവിലെത്തി. ഒന്ന് നിര്‍ത്തി , തുടര്‍ന്നു ,’അങ്ങനെ പറയുന്നത് മാഡത്തിനിഷ്ടമല്ല !’
‘ആ വന്നല്ലോ… ഇനിയാ സായിപ്പിന്റെ നെലോളിക്ക് അല്പം സൈ്വര്യമുണ്ടാവും!’
‘ശ്ശ് യോഗ ചെയ്യുമ്പോ സംസാരിക്കരുതെന്ന് പറഞ്ഞിട്ടില്ലേ..?’
കേട്ടതൊന്നും ശ്രദ്ധിക്കാതെ യോഗാ മാസ്റ്ററെ വന്ദിച്ചു പ്രാര്‍ഥനാ മുറി കടന്നു മുന്നോട്ടു നീങ്ങി.
നഗരത്തിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഏറ്റവും തിരക്കുള്ള മനോരോഗവിദഗ്ധ പത്മജാ മേനോന് പെട്ടെന്നൊരു ദിവസമാണ് അവരുടെ തറവാട് സ്വത്തായി കിട്ടിയ രണ്ടര ഏക്കര്‍ പുരയിടത്തിലെ നാലുകെട്ട് പുതുക്കിപ്പണിത്, സുന്ദരമായ പൂന്തോട്ടവും വിശാലമായ പുല്‍ത്തകിടിയും മാവും പ്ലാവും ആഞ്ഞിലിയുമൊക്കെയായി കുളിര്‍മ്മ തൂവുന്ന അന്തരീക്ഷവുമുണ്ടാക്കി, അത്യാസന്ന വൈദ്യസഹായം മുതല്‍ വിനോദോപാധികള്‍ വരെ ലഭ്യമാക്കി, വീടുകളില്‍ ചെയ്യാനൊന്നുമില്ലാതെ പകല്‍ സമയം മൂകം ചെലവിടുന്ന വയോജനങ്ങള്‍ക്കായി ഇന്ദീവരം തുറന്നത്.
പിന്നീട് അതൊരു മുഴുവന്‍ സമയ വൃദ്ധമന്ദിരമാക്കണമെന്ന് പലരുടെയും നിര്‍ബന്ധമുണ്ടായിട്ടും വഴങ്ങാതിരുന്ന അവര്‍, റെയില്‍വേ സ്റ്റേഷന് പരിസരത്തുവെച്ച് ഉപദ്രവിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെള്ളയമ്മാളുടെ സംരക്ഷണം ഏറ്റെടുത്തതോടെയാണ് തീരുമാനം മാറ്റിയത്.
‘വൗ !ഗ്രേറ്റ്… ശരിക്കും നല്ലൊരു മനസുതന്നെ വേണം ഇതിനൊക്കെ.. ഐ സല്യൂട്ട് ഡോക്ടര്‍ പത്മജ.’
‘മക്കളെല്ലാം ദൂരെയായി, വീട്ടില്‍ തനിച്ചായിപ്പോയ അച്ഛനെ ഓര്‍ത്താണ് അവരിതു തുടങ്ങിയത്. പക്ഷെ അദ്ദേഹമിപ്പോഴും വാശി പോലെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ സ്വന്തം വീട്ടില്‍ തന്നെയാണ്…’
‘ഉം.. ഇന്ററസ്റ്റിങ്ങ് സ്റ്റോറി.. സ്റ്റില്‍ ഇറ്റ്സ് എ ഗുഡ് ബിസിനസ്സ് ടൂ.. ബൈ ദി വേ നമ്മുടെ കല്യാണം കഴിഞ്ഞാല്‍ താന്‍ വരുമല്ലോ ല്ലേ എന്റെ കൂടെ സ്റ്റേറ്റ്സിലേക്ക്?’
ഏതോ കപ്പലപകടത്തില്‍പെട്ട് തുറമുഖനഗരത്തില്‍ എത്തി വിലപ്പെട്ട രേഖകളോടൊപ്പം ഓര്‍മ്മകളും ഒഴുക്കിക്കളഞ്ഞ വിധിയെ പഴിക്കാന്‍ പോലുമാവാതെ, ഇന്ദീവരത്തിലെ, കായലിലേക്ക് തുറക്കുന്ന ജനാലകളുള്ള ഒറ്റമുറിയില്‍ ഏതോ സാറയെ മാത്രം ഇടയ്ക്കിടെ ഓര്‍ക്കുകയും അവളോട് മാത്രം സംസാരിക്കാനാഗ്രഹിക്കുകയും ചെയ്ത ജോണ്‍ സായിപ്പിന് ഒരു വൈകുന്നേരത്തെ ചായയും മരുന്നുമായി ചെന്ന സിസ്റ്റര്‍ സൂസന്, സാറയായത് തികച്ചും യാദൃച്ഛികമായിരുന്നു. അയാളെ അവിടെ താമസിപ്പിച്ചതിന്റെ മൂന്നാം ദിവസമായിരുന്നു അത്.
‘ഓ സാറാ നീ വന്നോ…’ ചാടിയെഴുന്നേല്ക്കാന് വിഫലമായി ശ്രമിച്ച് അവള്ക്കുനെരെ നീണ്ട കൈയില്‍ അമര്ത്തിപ്പിടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല സൂസന്. അരയ്ക്കു താഴേക്ക് നിശ്ചലമാണെന്ന് അയാള്‍ സ്വയം തിരിച്ചറിഞ്ഞതും അപ്പോഴാവണം.
ജോണ്‍ സായിപ്പ് പിന്നോട്ട് തന്നെ വേച്ചുവീണു.അയാളുടെ മുഖപേശികള്‍ വിറ കൊള്ളുകയും, നില്‍ക്കാതെ തുടിക്കുകയും ചെയ്തുകൊണ്ടിരുന്നു . കണ്ണുകളില്‍ നിറഞ്ഞ നീര്‍കണങ്ങള്‍ വസ്ത്രങ്ങളില്‍ ചിതറി. സാറ സാറയെന്നു മാത്രം വിലപിച്ചതല്ലാതെആ വൃദ്ധന് പിന്നീടൊന്നും സംസാരിച്ചില്ല.
‘ഞാന്‍ അതിനെ കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. ഇവിടെ എന്റെ ആവശ്യമുണ്ട്.’
ടോമിച്ചനോട് സായിപ്പിന്റെ കാര്യം പറയണോ എന്ന് ഒരുനിമിഷം ആലോചിച്ച് അവള് മൂകയായി.
‘ദാറ്റ്സ് ഫൈന്‍.. ടേക്ക് യുവര്‍ ഓണ്‍ ടൈം.. പിന്നെ ഉടനെ അല്ലല്ലോ.. അതിനിടക്ക് അവിടെ ജോലി ചെയ്യാന്‍ താല്പര്യമുണ്ടെങ്കില് ടെസ്റ്റിനുള്ള പ്രിപറേഷനും ആവാം’
ഡോക്ടറുടെ മുറി കടന്നു മുന്നോട്ടുപോവുമ്പോള്‍ അവര്‍ സൂസനെ ഉള്ളിലേക്ക് വിളിച്ചു.
‘സാറാ.. ഓ സോറി… സൂസന്… നിനക്കാ പേരാ ചേരുന്നത് എന്ന് തോന്നുന്നു.’
സൂസന് പറയാനുള്ളതൊന്നും മാഡത്തിന് കേള്‍ക്കണ്ട. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച പയ്യന് കാണാന്‍ വരുമെന്ന് അമ്മച്ചിയുടെ ഫോണ്‍ വന്നപ്പോള്‍ തന്നെ പറഞ്ഞതായിരുന്നു.
‘സീ, സൂസന്.. നീ ഒന്നുകൂടി ഉഷാറാവ് മോളെ.. മിസ്റ്റര്‍ ജോണിന്റെ മോര് ഡീറ്റെയില്‍സ് എങ്ങനെയെങ്കിലും കളക്റ്റ് ചെയ്തെ പറ്റൂ.. അയാള്‍ കള്ളനാണോ കൊലപാതകിയാണോ എന്നൊന്നും നമുക്കറിയില്ല.. അന്യരാജ്യക്കാരനെ കൂടുതല്‍ കാലം താമസിപ്പിക്കുന്നതും പ്രശ്നമാണ്.’
‘അപ്പുറത്ത് എല്ലാരും ഒരു കുടുംബമായപോലുണ്ട് ഇപ്പോഴേ. അല്ലെങ്കിലും ഞാനുറപ്പിച്ചു… എന്റെ ലൈഫ് പാര്റ്റ്ണര് താന്‍ തന്നെയാ..’
പപ്പയുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ഉടനെ ടോമിച്ചന്റെ ബാങ്കിലേക്ക് മറിയുമെന്ന് സൂസന് തോന്നി.
‘ഇനിയിപ്പോള്‍ ഡ്രസ്സ് എടുക്കാന്‍ പോവുമ്പോഴല്ലേ കാണാന്‍ പറ്റൂ എന്നോര്‍ക്കുമ്പോഴാ… ഐ തിങ്ക് ഐ അം ഗോയിംഗ് റ്റു മിസ്സ് യു…’
ഡോക്ടര്‍ പത്മജ മേശ വലിപ്പില്‍ നിന്നും ഏതോ തുണിക്കടയുടെ കവര്‍ എടുത്തു അവള്‍ക്കുനേരെ നീട്ടി..
‘പക്ഷെ മാഡം, അദ്ദേഹം വല്ലാതെ വീക്ക് ആണ്.. ഞാന്‍ കുറെ ശ്രമിച്ചിട്ടും സ്വന്തം പേരുപോലും മുഴുവന്‍ പറയാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല!’ പ്രണയ സ്മൃതികള്‍ കൊണ്ടുമാത്രം വൈരമായി തിളങ്ങുകയും അല്ലാത്തപ്പൊഴെല്ലാം വെറുമൊരു വെള്ളാരങ്കല്ലിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്ത നേത്രങ്ങളോര്ത്തുകൊണ്ട് അവള് പറഞ്ഞു.
‘സാറയെ ചുറ്റിപ്പറ്റിയുള്ള സ്വപ്നങ്ങളേയുള്ളൂ അയാളുടെ ഉള്ളില്‍ എന്നല്ലേ നീ പറഞ്ഞത്.. ഒരു ശ്രമം… ജസ്റ്റ് എ െ്രെട… ഇത് ഒരു വിവാഹവസ്ത്രമാണ്… നിന്നെ അങ്ങനെ കാണുമ്പോള്‍ വേറെ വല്ലതും ഓര്‍മ്മ വന്നെങ്കിലോ…’
അവളോട് ആദ്യമായി പ്രേമപൂര്‍വ്വം സംസാരിച്ചത് ജോണ്‍ സായിപ്പായിരുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ളിടത്തുമാത്രം പഠിച്ചതിനാല്‍ ഒരു കണ്ണിറുക്കലോ പഞ്ചാരച്ചിരിയോ പ്രണയലേഖനമോ കൈപ്പറ്റാനുള്ള ഭാഗ്യമുണ്ടായില്ല. അവളുടെ കൈകള്‍ നെഞ്ചോട് ചേര്‍ത്തമര്‍ത്തി അയാള്‍ മധുരമായി കവിത ചൊല്ലി.
ഇടയ്ക്കിടെ ഹൃദയത്തിന്റെ അഗാധതയില്‍ നിന്നും ‘ഓ സാറാ’ എന്ന് തേങ്ങി, കായലിനുനേരെ മുഖം തിരിച്ചു കിടക്കുന്ന അയാളുടെ ചുമലില്‍ വെറുതെ തലോടി നില്ക്കുമ്പോള് അവളുടെയുള്ളില്‍ സാറ നിറഞ്ഞു. ഏതോ നാട്ടിലെ.. എന്നോ ജീവിച്ച എങ്ങനെയൊക്കെയോ അയാളെ സ്നേഹിച്ച ഒരുവള്‍.
സ്വന്തം മുറിയിലെ നിലക്കണ്ണാടിക്കു മുന്നില്‍ മുഖഭാവങ്ങളിലും ചലനങ്ങളിലും ശരീരവടിവുകളില്പോലും അവള് സാറയെ തിരഞ്ഞു.
‘അപ്പോള്‍ എല്ലാം പറഞ്ഞപോലെ… ഐ ലൈക് ദിസ് എയ്ഞ്ജല്‍ ..ഈ സൊഫ്റ്റ്നെസ്സ്.. ഒതുക്കം.. ഒരു മാലാഖയ്ക്ക് മാത്രമുള്ള മുഖം.. ഞാന്‍ ഉറപ്പിച്ചു കേട്ടോ.. അടുത്ത അവധിവരെ കാക്കണമല്ലോ എന്നേയുള്ളൂ ഇപ്പൊ…’
അന്ന് രാത്രി കുളി കഴിഞ്ഞിട്ടും കണ്ണാടിക്കു മുന്നില്‍ വിവസ്ത്രയായി കുറെ നേരം നിന്നിട്ട് അവള് പത്മജ മാഡം എല്പ്പിച്ച വിവാഹ വസ്ത്രം എടുത്തണിഞ്ഞു.
ആരാണിത്? ടോമിച്ചന്റെ മാലാഖ? അതോ ജോണ്‍ സായിപ്പിന്റെ സാറയോ ?
കായലിലെ ഓളങ്ങള്‍ നോക്കിക്കൊണ്ട് അവള് പതിയെ പുറത്തിറങ്ങി. വരാന്തയില്‍ നില്‍ക്കുന്നവരെ ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു.
‘ദേ കൊച്ചെ.. ആ ഡോക്ടറുതള്ള വല്ലതും പറയുന്നതുകേട്ടു തുള്ളാന്‍ നിക്കല്ലേ.. അവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല! ‘
‘അതുതന്നെ.. ചീത്തപ്പേര് വന്നാ മായ്ക്കാന്പാടാണേ.. ചേടത്തി പറഞ്ഞില്ലാന്നു വേണ്ട..’
അവളൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഓളങ്ങളില്‍ തല്ലിത്തെന്നിവന്ന തണുത്ത കാറ്റില്‍ അവളുടെ പട്ടുവസ്ത്രങ്ങളിളകി.. മുടിയിഴകള്‍ കാറ്റിനോട് സല്ലപിച്ചു..
സായിപ്പിന്റെ മുറിയില്‍ കയറി വാതില്‍ ഉള്ളില്‍നിന്നും കുറ്റിയിട്ട്, നിശ്ചലനായിക്കിടക്കുന്ന വൃദ്ധന്റെ അരികില്‍ സാറ ചേര്‍ന്ന് കിടന്നു.
സൂനജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: