ആഗസ്റ്റ് 27 ന് തൊടുപുഴയില്‍ പൂജനീയ സര്സംഘചാലകന് പങ്കെടുത്ത സാംഘിക് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പ്രാന്ത പ്രചാരക് പി.ആര്.ശശിധരന് അടുത്തുവന്ന് പഴയ സംഘപ്രവര്ത്തകന് എം.കെ.ഗോവിന്ദപ്പിള്ളയുടെ ചരമവാര്‍ത്ത അറിയിച്ചപ്പോള്‍ അദ്ദേഹവുമായുണ്ടായിരുന്ന അടുപ്പത്തിന്റെ ഒട്ടേറെ ദൃശ്യങ്ങള്‍ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു. അതോടൊപ്പം മറ്റൊരു ചരമവാര്‍ത്ത കൂടി ശശിധരന് അറിയിച്ചു. പള്ളിക്കത്തോട്ടിലെ വി.എന്‍.രാജന് മാസ്റ്ററുടെ ധര്മപത്നിയുടെതായിരുന്നു അത്. അവരുമായി അടുപ്പം ഇല്ലായിരുന്നുവെങ്കിലും രാജന് മാസ്റ്ററുടെ സ്ഥിതി അതല്ല. ദീര്‍ഘകാലം കേസരിയിലെ സേവനം അവസാനിപ്പിച്ചശേഷം നാട്ടില്‍ മടങ്ങി വന്ന് അദ്ദേഹം ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുകയായിരുന്നു. മൂന്നരപതിറ്റാണ്ടിലേറെയായി ഒരുമിച്ച് കഴിഞ്ഞശേഷം ഒറ്റയ്ക്കായ അനുഭവമായിരിക്കും അദ്ദേഹത്തിനെന്ന് എനിക്കൂഹിക്കാന്‍ കഴിയും. ചെറുതുരുത്തിയില്‍ സംഘപ്രവര്‍ത്തനത്തിന് പറ്റിയ അവസരമെന്ന നിലക്ക് അവിടുത്തെ ഒരു സംഘാനുഭാവിയുടെ സ്കൂളില്‍ ഹിന്ദി അധ്യാപകനെ ആവശ്യം വന്നപ്പോള്‍ പ്രാന്തപ്രചാരകനായിരുന്ന ഭാസ്കര്‍ റാവുജിയുടെ നിര്‍ദ്ദേശമനുസരിച്ച് അവിടെപോയ രാജശേഖരന്, രാജന്മാസ്റ്ററായിത്തീര്ന്നു. പിന്നീട് കേസരിവാരികയില് ഹിന്ദി പരിജ്ഞാനമുള്ള ഒരു സഹപത്രാധിപരെ ആവശ്യമായപ്പോള്‍ രാജന് മാസ്റ്റര്‍ അങ്ങോട്ടുപോയി. അധ്യാപകജോലി നല്കുന്ന സാമ്പത്തികഭദ്രതയെക്കാള് സംഘത്തിന്റെ ഇംഗിതമനുസരിച്ചുള്ള കേസരിയിലെ സേവനമാണ് രാജന് മാസ്റ്റര്‍ അഭികാമ്യമായി കണ്ടത്. കേസരിവാരിക കടന്നുപോയ ദുര്‍ഘടമായ കാലഘട്ടത്തില്‍ എംഎ സാര്‍, പി.കെ.സുകുമാരന്‍, രാജന് മാസ്റ്റര്‍ ടീമാണ് അതിന് കരുത്തു നല്‍കിയത്. ആ കാലഘട്ടം സാമ്പത്തികമായി മാത്രമായിരുന്നു ദുര്‍ഘടം. കോഴിക്കോട്ടേയും പൊതുവേ കേരളത്തിലേയും സാമൂഹ്യ സാംസ്കാരിക സാഹിത്യമേഖലകളില്‍ കേസരിക്ക് എംഎ സാറിന്റെ ഭാവനാ സമ്പന്നമായ നേതൃത്വത്തിലൂടെ കടന്നുചെല്ലാന്‍ കഴിഞ്ഞപ്പോള്‍, സഹായത്തിന് രാജന് മാസ്റ്ററുമുണ്ടായിരുന്നു. 1967 മുതല്‍ 77 വരെ പത്തുവര്‍ഷക്കാലം ആ വസന്തകാലത്തിന് സാക്ഷ്യം വഹിക്കാന്‍ എനിക്കും കഴിഞ്ഞു. രാജന് മാസ്റ്ററും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെത്തുടര്‍ന്ന് കള്ളക്കേസ് ചുമത്തെപ്പെട്ട് തടവിലായി. നാലുമാസം ഞങ്ങള്‍ കോഴിക്കോട് ജില്ലാ ജയിലിലെ അടുത്തടുത്ത മുറികളില്‍ കഴിഞ്ഞു. ഈയിടെ അന്തരിച്ച പെരച്ചേട്ടനും ജന്മഭൂമിയില്‍നിന്ന് വിരമിച്ച എ.ദാമോദരനും മറ്റുരണ്ടുപേരുമായിരുന്നു കൂടെ.
അടിയന്തരാവസ്ഥ അവസാനിച്ച് സൈ്വരജീവിതം സാധ്യമായശേഷം രാജന് മാസ്റ്റര്‍ കേസരി വിട്ട് നാട്ടിലേക്കു വന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ഗാര്‍ഹസ്ഥ്യം സ്വീകരിച്ചു. ആനിക്കാട് എന്‍എസ്എസ് ഹൈസ്കൂളില്‍ അധ്യാപികയായിരുന്ന ശാരദാമണി ടീച്ചര്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ സാന്ത്വനവും കരുത്തും നല്കി. മക്കള്‍ ജോലിക്കായി അകലത്താവുമ്പോള്‍ രാജന് മാസ്റ്റര്‍ ഏകാന്തത അനുഭവിക്കുന്നുണ്ടാകാം. എന്നാല്‍ മനസ്സിനെ സദാ ഊര്‍ജ്ജസ്വലവും സംതൃപ്തവുമാക്കി നിര്‍ത്താന്‍ പര്യാപ്തമായ ഗതകാല അനുഭവ സ്മരണകള്‍ അദ്ദേഹത്തിനുണ്ട്. അരവിന്ദ വിദ്യാപീഠത്തിന്റെ രജതജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം എനിക്കുണ്ടായില്ല. അതുകൊണ്ടുതന്നെ രാജന് മാസ്റ്ററെ കാണാനും സാധിച്ചില്ല. വാര്‍ധക്യത്തിലും തന്റെ ദൗത്യത്തെ മുന്നോട്ട് നടത്താനുള്ള കരുത്ത് അദ്ദേഹത്തിന് ജഗദീശ്വരന് നല്കട്ടെ!
കോട്ടയം ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്ന അരനൂറ്റാണ്ടു മുമ്പത്തെ കാലത്ത്, അവിടുത്തെ പ്രമുഖ കാര്യകര്ത്താക്കളില്പ്പെട്ടയാളായിരുന്നു ആദ്യം സൂചിപ്പിച്ച എം.കെ.ഗോവിന്ദപ്പിള്ള. 1964 ലെ സംഘശിക്ഷാവര്‍ഗില്‍ രണ്ടാംവര്‍ഷത്തിന് വന്ന് അവസരത്തിലാണദ്ദേഹത്തെ പരിചയപ്പെട്ടത്. പുതുപ്പള്ളിക്കടുത്ത് എറികാട് എന്ന സ്ഥലത്തെ സ്വയംസേവകരുടെ നേതാവായിരുന്നു അദ്ദേഹം. മലയാള മനോരമ പ്രസില്‍ ജോലി ചെയ്തിരുന്ന നാരായണനും സഹോദരന് കൃഷ്ണന് നായരും മറ്റു രണ്ടുപേര്‍. കൃഷ്ണന്‍നായര്‍ പിന്നീട് സര്‍ക്കാര്‍ ജീവനക്കാരനായി ഏറെക്കാലം കോഴിക്കോട്ട് തപസ്യയുടെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഇപ്പോള്‍ നാട്ടില്‍ സംഘത്തിന്റെ സേവനമേഖലയില്‍ സേവനമനുഷ്ഠിക്കുന്നു. ഗോവിന്ദപ്പിള്ളയുടെ കൂടെ എറികാട്, പുതുപ്പള്ളി, മീനടം, തൃക്കോതമംഗലം, വെന്നിമല, തോട്ടക്കാട് മുതലായ സ്ഥലങ്ങളില്‍ എത്രയോ തവണ പദയാത്രയായി പോയിട്ടുണ്ട്. അന്നു തനി നാടന്‍കര്‍ഷകന്റെ സ്വഭാവങ്ങള്‍ മൂര്‍ത്തീകരിച്ച ആളായിരുന്നു അദ്ദേഹം. ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചു, പിറ്റേന്നായപ്പോഴേക്കും വെള്ളം മുറ്റത്തുവരെയെത്തിയതും വെള്ളത്തിലൂടെ തപ്പിത്തടഞ്ഞും നീന്തിയും പുതുപ്പള്ളിയിലെത്തിയതും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും സ്വന്തം കുടുംബാംഗമായി കരുതി സൗകര്യങ്ങള്‍ ചെയ്തു. ശാഖയില്‍ അദ്ദേഹം ഗോവിന്ദപ്പിള്ള ചേട്ടനായിരുന്നെങ്കില്‍ മറ്റു സമുദായക്കാര്‍ പിള്ളേച്ചന് എന്ന് കോട്ടയം ശൈലിയില്‍ വിളിച്ചുവന്നു. അതിനാല്‍ ചിലപ്പോള്‍ അദ്ദേഹത്തെ അങ്ങനെ വിളിച്ച് ചൊടിപ്പിക്കുന്നത് ഒരു രസമായിരുന്നു. അക്കാലത്ത് പുതുപ്പള്ളിയില്‍ നെല്‍കൃഷിക്ക് പുറമെ കരിമ്പുകൃഷിയുമുണ്ടായിരുന്നു. അമ്പലത്തിലെ ഉത്സവച്ചന്തയില്‍നിന്ന് വാങ്ങിയ കരിമ്പുമാത്രം തിന്നു ശീലിച്ച എനിക്ക് കരിമ്പിന്റെ സമൃദ്ധി വളരെ കൗതുകകരമായി.
കോട്ടയത്തിന്റെ പശ്ചാത് പ്രദേശങ്ങളില്‍ അക്കാലത്ത് എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്തുവന്നു. ചന്തകളില്‍ കൃഷിക്കാര്‍ തന്നെ അവ കൊണ്ടുപോയി വില്‍ക്കുകയായിരുന്നു പതിവ്. ചന്തദിവസത്തിന്റെ തലേന്ന് കൃഷിക്കാര്‍, ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്ന തിരക്കിലായിരിക്കും. രാത്രിയാവുമ്പോഴേക്കും എല്ലാം ഒരുക്കി ചന്തയ്ക്ക് പുറപ്പെടുന്നു. നേരം വെളുക്കുന്നതിനുമുമ്പുതന്നെ അവയൊക്കെ വിറ്റ് തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടക്കുന്നു. ചന്തയിലെത്തിയ ഉത്പന്നങ്ങള്‍ അവിടെനിന്ന് വള്ളങ്ങളില്‍ കയറ്റി കച്ചവടക്കാര്‍, തിരുനക്കര, ചങ്ങനാശ്ശേരി, ആലപ്പുഴ മുതലായ വലിയ ചന്തകളിലേക്ക് കൊണ്ടുപോകും. രാജാ കേശവദാസന്റെയും വേലുത്തമ്പിയുടെയും കാലത്ത്, ഗ്രാമീണ മേഖലയെ സമ്പദ്സമൃദ്ധമാക്കാന്‍ ഏര്‍പ്പെടുത്തിയ ചന്തവാണിഭ വ്യവസ്ഥകളായിരുന്നു അത്. റബര്‍, കൊക്കൊ തുടങ്ങിയ വാണിജ്യവിളകള്‍ ഭക്ഷ്യവിളകളെ കയ്യടക്കി മുടിച്ചശേഷം, ആ സുഭിക്ഷതയും സമൃദ്ധിയും അപ്രത്യക്ഷമായി, പണപ്പെരുപ്പം വന്നു.
1966 ല്‍ കോട്ടയം കാരാപ്പുഴ നായര്‍ സമാജം സ്കൂളില്‍ കോട്ടയം, ആലപ്പുഴ ജില്ലകള്‍ക്കായി ഒരു ബാലശിബിരം നടത്തപ്പെട്ടു. ആ ശിബിരത്തിലെ ഭക്ഷണവിഭാഗത്തിന്റെ ചുമതല ഗോവിന്ദപ്പിള്ളയെ ഏല്‍പ്പിച്ചു. പലവ്യഞ്ജനങ്ങള്‍, പഞ്ചസാര തുടങ്ങിയ ചില വസ്തുക്കള്‍ മാത്രമേ വിലയ്ക്ക് വാങ്ങേണ്ടി വന്നുള്ളൂ. ശിബിരം കഴിഞ്ഞ് നടത്തിപ്പുകാര്‍ മാത്രം ബാക്കിയായപ്പോള്‍ കലവറയില്‍ ശേഷിച്ച സാധനങ്ങള്‍ എന്തുചെയ്യണമെന്ന പ്രശ്നം വന്നു. അവയെല്ലാം ഒന്നുരണ്ടു ചാക്കുകളിലാക്കി. ഗോവിന്ദപ്പിള്ളയും ഒരു സഹായിയും ചേര്‍ന്നു സൈക്കിളില്‍ തിരുനക്കര മാര്‍ക്കറ്റില്‍ കൊണ്ടുപോയി രണ്ടുമണിക്കൂറിനുള്ളില്‍ കച്ചവടം ചെയ്തു പണവുമായി മടങ്ങിയെത്തി. പിറ്റേന്ന് ശിബിരത്തിന്റെ കണക്കുനോക്കിയപ്പോള്‍ ആ തുക കൂടി ചേര്‍ത്ത് നഷ്ടമില്ലാതായി കണ്ടു. ഗോവിന്ദപ്പിള്ളയിലെ പ്രായോഗികമിതത്വവും കര്‍ഷകനും സമ്മേളിച്ച ആ സംഭവം എന്നും ഓര്‍ത്തിരിക്കും.
പിന്നീട് കുറെക്കാലങ്ങള്‍ക്കുശേഷം അദ്ദേഹത്തെ സമ്പര്‍ക്കം ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ ജനസംഘചുമതലയുമായി മലബാറിലായിരുന്നു. അപൂര്‍വാവസരങ്ങളില്‍ കോട്ടയത്തു വന്നപ്പോള്‍ കണ്ടുവെന്നുമാത്രം. സജീവപ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നുനില്ക്കുന്നതായി തോന്നി.
അടിയന്തരാവസ്ഥക്കുശേഷം ജന്മഭൂമിയുമായി കഴിയേണ്ടിവന്ന കാലത്ത് ഞാന്‍ തൊടുപുഴയില്‍ സ്ഥിരതാമസമാക്കിയപ്പോള്, വീടിനടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചിന്മയാ മിഷനിലെ വേദാനന്ദ സരസ്വതി സ്വാമിജിയുടെ നേതൃത്വത്തില്‍ പുനരുദ്ധാരണ പാതയില്‍ വന്നു. ഒരു ദിവസം ക്ഷേത്രത്തില്‍ പ്രഭാഷണ പരമ്പരയ്ക്കായി ഒരു തീപ്പൊരി സ്വാമി വന്നിട്ടുണ്ടെന്ന ശ്രുതി കേട്ട് അവിടെ പോയി. സ്വാമി കുളി കഴിഞ്ഞു ക്ഷേത്രത്തിനകത്തു ജപിക്കുകയാണെന്ന് ആളുകള്‍ പറഞ്ഞു. ജപം കഴിഞ്ഞു പുറത്തുവന്ന സ്വാമി പഴയ പിള്ളേച്ചനാണെന്നറിഞ്ഞ് വലിയ സന്തോഷമായി. കടിച്ചാല്‍ പൊട്ടാത്ത വേദാന്തമൊന്നുമില്ലാത്ത, തനിനാടന്‍ ശൈലിയിലുള്ള ആവേശകരമായ പ്രഭാഷണം അവിടെ കൂടിയ നൂറില്‍പ്പരം വരുന്ന ജനങ്ങള്‍ക്കാസ്വദിക്കാന്‍ കഴിഞ്ഞു. അതിനുശേഷം ഒന്നുരണ്ടുമണിക്കൂര്‍ അദ്ദേഹം തന്റെ മനസ്സ് തുറന്നു. ഒരു ധര്‍മസ്ഥാപന ട്രസ്റ്റ് തുടങ്ങാനുള്ള തന്റെ പദ്ധതിയെപ്പറ്റിയും സംസാരിച്ചു. അതിന്റെ ഭവിഷ്യത്തുകളെയും കൊക്കില്‍ ഒതുങ്ങായ്കയെയും പറ്റി എന്റെ സംശയം ഞാനും പറഞ്ഞു.
പിന്നീടദ്ദേഹത്തെ കാണാന്‍ അവസരമുണ്ടായില്ല. ഗൃഹസ്ഥനായി ജീവിതം നയിക്കുകയാണെന്ന വിവരം മാത്രമുണ്ടായിരുന്നു. സംഘപ്രവര്‍ത്തനത്തിന്റെ അടിത്തറ ഉറപ്പിക്കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും തന്റെ യൗവനകാലത്ത് കനത്ത പ്രയത്നം നടത്തിയ ഗോവിന്ദപ്പിള്ളയുടെ ഓര്‍മയില്‍ ഇത്രയും കുറിച്ചുവെന്നുമാത്രം.
പി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: