ഓണം ഇത്തവണ ഒരുവിധപ്പെട്ടവര്‍ക്കൊക്കെ നനഞ്ഞ അനുഭവമായിരുന്നു. എന്നാല്‍ വസ്ത്ര-ഇലക്ട്രോണിക്സ്-പലവിധ മേളകളില്‍ അങ്ങനെ ആയിരുന്നില്ല. മാധ്യമപ്പതിപ്പുകള്ക്ക് മഴ പ്രശ്നമേ ആയിരുന്നില്ല. അന്നന്നത്തെ പ്രവൃത്തി ഓണമായി അനുഭവിക്കുന്ന പരശ്ശതം പാവങ്ങള്‍ക്കും ഓണം ഓര്‍മയുടെ മരുപ്പച്ചതന്നെയായി. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന പാണന്പാട്ടിന് ഇപ്പോഴും ഊനമൊന്നും വന്നിട്ടില്ല. വിവേകികളെന്നും വിദ്യാസമ്പന്നരെന്നും അഭിമാനിക്കുന്നവരും ഈ പഴംപാട്ടിനു തന്നെ ലൈക്കു കൊടുക്കുന്നു. മിത്തുകളിലൂടെ, ഐതിഹ്യങ്ങളിലൂടെ, ബിംബകല്‍പ്പനകളിലൂടെ ഒരു സമൂഹത്തിന് തെളിമയുടെ ജീവിതരസം പകര്‍ന്നു തരുന്നവയ്ക്ക് കയ്പേറിയ അനുഭവം. അതു മനസ്സിലാകുന്നവര്‍ പക്ഷേ, അതു വേണ്ടരീതിയില്‍ പകര്‍ന്നു കൊടുക്കുന്നുമില്ല എന്നതും വസ്തുതയാണ്. എന്നാല്‍ ചിലര്‍ മിത്തിന്റെ ഉള്ളിലെ മുത്തെടുത്ത് നല്കാന് ഔത്സുക്യം കാണിക്കുന്നുണ്ട്. അതില്‍ ഒരാളാണ് ആചാര്യ എം. ടി. വിശ്വനാഥന്. ഓണത്തിന്റെ ഐതിഹ്യപ്പെരുമയിലേക്ക് ആഴ്ന്നിറങ്ങാന്‍ അദ്ദേഹം മാതൃഭൂമിയിലെ ആക്ഷേപങ്ങളും ആഭിപ്രായങ്ങളും പംക്തി ഉപയോഗപ്പെടുത്തിയിരിക്കുന്നു.
കോഴിക്കോട്ടെ ശ്രേഷ്ഠാചാരസഭയുടെ ആചാര്യനായ എം.ടി. വിശ്വനാഥന് തിരുവോണസന്ദേശം എന്ന തലക്കെട്ടില്‍ എഴുതിയ സാമാന്യം ദീര്‍ഘമായ കത്ത് മാതൃഭൂമി പ്രസിദ്ധീകരിച്ചു. ഓണത്തിന് മലബാറിലെ മുഖ്യ ആഹാരം മത്സ്യമാംസാദികളാണെന്ന് നേരത്തെ എഴുതിപ്പോയതിന്റെ പശ്ചാത്താപമായാലും അല്ലെങ്കിലും വിശ്വനാഥന്റെ ഓണസന്ദേശം ഒരുപിടി മിഥ്യാധാരണകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതായിരുന്നു. അതിന്റെ പ്രസക്തഭാഗത്തിലേക്ക്: തുമ്പപ്പൂവുകൊണ്ട് ആരാധിക്കുന്നതിനാല്‍ വാമനന് ഗുരുസ്ഥാനത്ത് നില്ക്കുന്നു. മന്ത്രദീക്ഷാസമയത്ത് ഗുരുനാഥന് തന്റെ പരമ്പരയിലൂടെ ഒഴുകിവരുന്ന ഈശ്വരീയശക്തിയെ ശിഷ്യനിലേക്കു പകര്‍ന്നു നല്കുന്നു. അതിന് പല രീതികളാണുള്ളത്. സാധാരണ രീതിയില്‍ ചെവിയിലൂടെ ദീക്ഷ കൊടുക്കുന്നതിനെ ശ്രവണദീക്ഷയെന്ന് പറയുന്നു. ഒരു കലശത്തിലേക്ക് തന്റെ ഉള്ളില്‍ നിന്നുള്ള ചൈതന്യത്തെ ആവാഹിച്ച് സങ്കീര്‍ണമായ താന്ത്രികക്രിയകളിലൂടെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ആ കലശജലം ശിഷ്യന്റെ ശിരസ്സിലേക്ക് ധാര ചെയ്യുന്ന ദീക്ഷയാണ് കലശദീക്ഷ. ശ്രീവിദ്യാസമ്പ്രദായത്തില്‍ പൂര്ണദീക്ഷാസമയത്ത് ഇതു കൂടാതെ ശക്തിദീക്ഷയും ശാംഭവീദീക്ഷയും നല്‍കാറുണ്ട്. ശിവന് മുതല്‍ താന്‍ വരെയുള്ള ഗുരുപരമ്പര നേടിയെടുത്ത തപഃശക്തി ശിഷ്യനിലേക്ക് പകര്‍ന്നു നല്‍കുന്നതാണ് ശക്തിദീക്ഷ. ശിഷ്യന്റെ ആത്മബോധത്തെ ഉയര്‍ത്തി പരമശിവന് തുല്യമാക്കുന്ന ദീക്ഷയാണ് ശാംഭവീദീക്ഷ. ആ സമയത്ത് ഗുരുവിന്റെ രണ്ടുപാദങ്ങളും ശിഷ്യന്റെ ശിരസ്സില്‍ അമര്‍ത്തിവെച്ചുകൊണ്ടാണ് ഗുരുനാഥന് ദീക്ഷാക്രിയ ചെയ്യുന്നത്. ശക്തിപാതം ഉണ്ടാകുന്നത് ബ്രഹ്മരന്ധ്രത്തിലൂടെ, ദ്വാദശാന്തപത്മത്തിലൂടെ, സഹസ്രാരപത്മത്തിലൂടെയാണ്. ശിഷ്യന് ഗുരുവിനോളം ഉയരുന്ന അവസ്ഥയാണത്.
അത്തരമൊരവസ്ഥയിലേക്കുയര്ന്ന മഹാബലിയെ ചവുട്ടിത്താഴ്ത്തിയെന്ന് പറയുന്ന വ്യാഖ്യാനപടുക്കള്‍ക്ക് വിശ്വനാഥന്റെ താഡനം നല്ല ശിക്ഷയായി. മത്സ്യമാംസാദികള്‍ ഓണത്തിന്റെ മുഖ്യ ആഹാരമാക്കിയ മാതൃഭൂമിക്കും വിശ്വനാഥന് വക ഓണോപഹാരം മറക്കാനാവാത്ത ഉപഹാരമായി.
വീണ്ടും വിശ്വനാഥനിലേക്ക്: തിരുവോണദിവസം മഹാബലി കുടില്‍ തൊട്ട് കൊട്ടാരം വരെ എല്ലായിടത്തും എത്തുന്നു. തന്റെ ഗുരുവായ വാമനമൂര്‍ത്തിയുടെ സാന്നിധ്യം ഇല്ലാതെ മഹാബലി ആഗതനാവുകയില്ല. അതുകൊണ്ട് മുഴുവന്‍ കേരളീയരും അത്തം മുതല്‍ പത്ത് ദിവസം വാമനമൂര്‍ത്തിയെ പൂജിക്കുന്നു. നിത്യേന ഗുരുവിനെ ആരാധിക്കുന്നത് സ്വന്തം ശിരസ്സിലാണ്. ഗുരുവിനെ നമസ്കരിക്കുന്നത് ഗുരുവിന്റെ പാദങ്ങളിലാണ്. അതുകൊണ്ട് ഭാരതത്തില്‍ ഗുരുവിന്റെ പാദവും ശിഷ്യന്റെ ശിരസ്സും തമ്മിലുള്ള ബന്ധം ഒരു താന്ത്രിക സങ്കല്‍പ്പത്തിലധിഷ്ഠിതമാണ്. കാളയിറച്ചിയും കള്ളും മുഖ്യാഹാരമായി കരുതുന്ന ടെക്കികളുടെ ന്യൂജന്‍ തലമുറയ്ക്ക് വിശ്വനാഥനെപ്പോലുള്ളവര് ലളിത വ്യാഖ്യാനത്തിലൂടെ ഓണം ഉള്‍പ്പെടെയുള്ളവയുടെ സത്ത പിഴിഞ്ഞു കൊടുക്കണം. ഇല്ലെങ്കില്‍ നേരെ ചൊവ്വെയുള്ള വീക്ഷണമാവില്ല കിട്ടുക.
കാശ്യപാശ്രമം ആചാര്യ എം.ആര്. രാജേഷ് വേദത്തിന്റെ ഉള്‍പ്പൊരുളില്‍ നിന്നാണ് ഓണസങ്കല്‍പ്പത്തെ വ്യാഖ്യാനിക്കുന്നത്. ഉത്രാടം നാളില്‍ കാശ്യപാശ്രമത്തിന്റെ ഓണസന്ദേശം നവമാധ്യമങ്ങള്‍ വഴി ആയിരങ്ങളാണ് മനസ്സിലാക്കിയത്. ഫെയ്സ്ബുക്കില്‍ അഞ്ചുമിനിറ്റുകൊണ്ട് രണ്ടായിരം പേര് ലൈക്ക് ചെയ്തു. അതില്‍ നിന്ന് അല്‍പ്പം വായിച്ചാലും: വേദങ്ങളില്‍ സൂക്ഷ്മമായി പറഞ്ഞിട്ടുള്ള തത്വങ്ങളുടെ ആഖ്യാനമാണ് വാമനനും ബലിയും തമ്മിലുള്ള ദാനത്തിന്റെ കഥ. ആദിദൈവികാര്ത്ഥത്തില് വിഷ്ണു സൂര്യനാണ്. ബലിശാന എന്ന പദം ഇരുട്ടിനെക്കുറിക്കുന്നു. ബലിയുടെ ഭരണം ലോകത്ത് ശാന്തിയും സമൃദ്ധിയും നല്കുന്നു. അവിടെ കള്ളമില്ല, ചതിയില്ല. ഇരുട്ടില്‍ എല്ലാവരും ഉറക്കമാണ്. ഉറക്കത്തില്‍ രാജാവും പ്രജയും വലിയവനും ചെറിയവനുമില്ല. എന്നാല്‍ എപ്പോഴും ഇരുട്ട് മതിയാവില്ല. ഇരുട്ടിന്റെ സമൃദ്ധിയില്‍ നിന്ന് വെളിച്ചത്തിന്റെ സമൃദ്ധിയിലേക്ക് വരണം.
വിഷ്ണുവായ സൂര്യന് വാമനനുമാണ്. വമനം ചെയ്യുന്നവനാണ് വാമനന്. സൂര്യന് വമനം ചെയ്യുന്നത് പ്രകാശത്തെയാണല്ലോ. ‘ഇദം വിഷ്ണുര് വിചക്രമേ ത്രേധാ നി ദധേ പദമ്, സമൂള്ഹമസ്യ പാംസുരേ’ എന്ന ഋഗ്വേദ മന്ത്രത്തില്‍ നിന്നാണ് മൂന്നു പാദങ്ങള്‍ വെയ്ക്കുന്ന വിഷ്ണുവിന്റെ കഥ രൂപപ്പെട്ടത്. ‘സര്‍വവ്യാപിയായ വിഷ്ണു മൂന്നു ലോകങ്ങളിലും വ്യാപിച്ചിരിക്കുന്നു. ഭൂലോകത്തും അന്തരീക്ഷ ലോകത്തും പൃഥ്വിവിയിലും മൂന്നു പദങ്ങളെ കൊണ്ടാണ് അവന് ലോകത്തെ അളക്കുന്നത്. അവന്റെ പാദങ്ങളെ സാധാരണ മനുഷ്യന് എങ്ങനെ കാണും. അവരുടെ കണ്ണുകള്‍ ഭൗതികതയുടെ പൊടിപടലങ്ങളെ കൊണ്ട് മൂടിയിരിക്കുകയാണ്. വാമനന് ആദ്യം പാദം വെച്ച് ആകാശ ലോകത്തെ (ദ്യുലോകത്തെ) അളന്നു, രണ്ടാം പാദം കൊണ്ട് ഭൂമിയേയും പിന്നെ മൂന്നാമത് പാദം കൊണ്ട് ഇരുട്ടിനെ പൂര്‍ണമായും പാതാളത്തേക്ക് അതായത് ഭൂമിയുടെ നേരെ മറുഭാഗത്തേയ്ക്ക്. ഇത് വര്‍ഷത്തില്‍ ഒരിയ്ക്കലല്ല, എന്നും നടക്കുന്നു…. ശരീരവും ഹൃദയവും മസ്തിഷ്കവും മൂന്ന് തലങ്ങളാണ്, മൂന്ന് ലോകങ്ങളാണ്. ഈ ലോകത്ത് വാമനന്റെ പ്രകാശം സദാ ഉണ്ടാവണം. ആ പ്രകാശത്തിന്റെ സമൃദ്ധിയില്‍ നാം ആറാട്ടു നടത്തണം. കോടി സൂര്യപ്രഭയുള്ള മസ്തിഷ്ക്കമാണ് നമുക്കുവേണ്ടത്. ‘ദിവി സൂര്യ സഹസ്രസ്യ’ എന്നൊക്കെ ആചാര്യന്മാര് പറയാറുണ്ടല്ലോ. ആദ്ധ്യാത്മികതയുടെ പ്രസരിപ്പ് നമുക്ക് മൂന്നു ലോകങ്ങളിലും വേണം. ഓണവും വാമനനും മാവേലിയും ഇതു നമ്മെ വര്‍ഷാവര്‍ഷം ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരം ധന്യമായ ഓര്‍മകളുമായി ഓണമാഘോഷിക്കുമ്പോഴാണ് ഓണം മാനവികതയുടെ മഹത്തായ സന്ദേശമാവുന്നത്. മത്സ്യ-മാംസാദികളുടെ രുചിവൈവിധ്യമാണ് ഓണമെന്ന് പഴമ്പാട്ടു പാടിയിരിക്കുന്നവരോട് തര്‍ക്കിക്കണ്ട. അവരാരോ അതാണല്ലോ അവരായിത്തീരുന്നത്. അവര്‍ക്കും കൂടി ആചാര്യന്മാര്ക്കൊപ്പം പ്രാര്‍ത്ഥിക്കാം, നന്മനേരാം. ഓര്‍മ്മയുടെ, വര്‍ണവിസ്മയത്തിന്റെ പൂക്കളം ഉള്ളില്‍ കണ്ട് മനസ്സ് കുളിര്‍പ്പിക്കാം.
കെ. മോഹന്‍ദാസ്
തൊട്ടുകൂട്ടാന്‍
പതിവിന്നുവഴങ്ങാത്തോര്
പിണമായി വരുമ്പൊഴും
കരുതണമിരുതല
മുനയുള്ള വാള് !
പി.പി. രാമചന്ദ്രന്
കവിത: കുഴിവെട്ടുന്നവരോട്
മലയാള മനോരമ വാര്‍ഷികപ്പതിപ്പ് (2014)
പ്രതികരിക്കാൻ ഇവിടെ എഴുതുക: