സിനിമാ നിര്‍മ്മാണക്കമ്പനിയായ ‘ഫിഫ്ത് എലമെന്റ് ഫിലിം’ നിര്‍മ്മിക്കുന്ന ‘എട്ടേകാല്‍ സെക്കന്‍ഡ്’ എന്ന മലയാള സിനിമയുടെ ഗാനങ്ങള്‍ പുറത്തിറക്കി. തിരുവനന്തപുരം താജ് വിവാന്റയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങിലായിരുന്നു ഗാനങ്ങളുടെ പ്രകാശനം. സിനിമയുടെ വെബ്സൈറ്റിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. ചലച്ചിത്രങ്ങളുടെ വിപണനത്തിനും ധനവിനിയോഗത്തിനും ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഫിഫ്ത് എലമെന്റ് ഫിലിം ഇതാദ്യമായാണ് സിനിമാ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ലോസ് ഏഞ്ചല്‍സും മുംബൈയും കേന്ദ്രമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
മൂന്ന് മനോഹര ഗാനങ്ങളുള്ള ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നത് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. പ്രശസ്ത ഗാനരചയിതാവ് റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് കെ.സന്തോഷും കോളിന് ഫ്രാന്‍സിസും ചേര്‍ന്നാണ്. സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് വെള്ളത്തിനടയില്‍ ഇത്രയും ദൈര്‍ഘ്യമേറിയ ചിത്രീകരണം. അഞ്ചു മിനിട്ടിലേറെ നീളുന്നതാണ് ‘കാതരമാം മിഴി’ എന്നു തുടങ്ങുന്ന ഈ ഗാനം. ഇതൊരു ലോകറെക്കോര്‍ഡായി രേഖപ്പെടുത്തുന്നതിന് ലിംക ബുക് ഓഫ് റെക്കോര്ഡ്സിനെയും കാനഡയിലെ ഡൈവിങ് അല്‍മനാക് ബുക് ഓഫ് റെക്കോര്ഡിസിനെയും സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
“വെള്ളത്തിനടിയിലുള്ള ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കുക അത്ര എളുപ്പമല്ലെന്നും ചെലവേറിയതാണെന്നുമൊക്കെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. വെള്ളത്തിനടിയില്‍ പ്രോമ്പ്റ്റ് ചെയ്യാനും ചുണ്ടുകള്‍ വാക്കുകള്‍ക്കനുസരിച്ച് കൃത്യമായി ചലിപ്പിക്കാനുമൊക്കെ പ്രയാസമാണ്. സുരക്ഷാ മുന്‍കരുതലുകളും എടുക്കണമായിരുന്നു. ആംബുലന്‍സ്, പാരാമെഡിക്കല്‍ സംവിധാനങ്ങള്‍, അഗ്നിശമന രക്ഷാപ്രവര്‍ത്തകര്‍, ലൈഫ് ഗാര്‍ഡുമാര്‍ എല്ലാവരെയും തയ്യാറാക്കി നിര്‍ത്തിയിരുന്നു. അവസാനം എല്ലാ എല്ലാ തടസ്സങ്ങളും വെല്ലുവിളികളും തരണം ചെയ്ത് ഈ സുന്ദരസ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അതിനു സാധിച്ചത്് പറ്റിയ പിന്നണിപ്രവര്‍ത്തകരെ കിട്ടിയതുകൊണ്ടാണ്”-ഫിഫ്ത് എലമെന്റ് ജനറല്‍ മാനേജര്‍ പവിത്ര കൃഷ്ണന് പറയുന്നു.
മുംബൈ ക്ലൗഡ് നയന്‍ എന്റര്ടെയ്ന്മെന്റ് പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധായകന് വിനോദ് വിജയ് ആണ് വെള്ളത്തിനടിയിലുള്ള ഗാനരംഗചിത്രീകരണം സംവിധാനം ചെയ്തിട്ടുള്ളത്. മുന്നില്‍ നടക്കുന്നത് വ്യക്തമായി പകര്‍ത്തുകയെന്നതാണ് വെള്ളത്തിനടിയിലെ ചിത്രീകരണം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാമറാ ഫില്‍ട്ടറുകളും അണ്ടര്‍ വാട്ടര്‍ ഗിയറുകളും ഉപയോഗിച്ച് വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷമായിരുന്നു ചിത്രീകരണം. അത്യാധുനിക കാമറ വഴി ചിത്രീകരണവും പ്രോസസ്സിങ്ങും നടത്തിയിരിക്കുന്നത് ലോസ് ഏഞ്ചല്‍സിലെ പ്രമുഖ ഛായാഗ്രാഹകരായ അന്നന്ബര്ഗ് സെന്ററിലെ വിദഗ്ധരുടെ സഹായത്തോടെയാണ്. ചിത്രങ്ങള്‍ വ്യക്തമായി പകര്‍ത്തുന്നതിന് സ്വന്തമായ വാട്ടര്‍ ഫില്‍ട്രേഷന്‍ സംവിധാനം പോലും ഉണ്ടാക്കിയെടുക്കേണ്ടിവന്നു.
ചിത്രത്തിന്റെ ആദ്യചിത്രീകരണ ഷെഡ്യൂള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട ചിത്രീകരണത്തിന് ഏപ്രില്‍ അവസാനവാരം തുടക്കമാകും. പദ്മസൂര്യയും ജിമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജനാര്ദ്ദനന്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്, മധു, ഊര്‍മ്മിള ഉണ്ണി, കൊല്ലം തുളസി തുടങ്ങിയവരാണ് അഭിനേതാക്കള്‍. കനകരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്.
ഫിഫ്ത് എലമെന്റ് ഫിലിമിന്റെ വരാനിരിക്കുന്ന സംരംഭങ്ങളിലൊന്ന് മലയാളചിത്രമായ ‘ഗുഡ്ലക്ക്’ ആണ്. കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ. ‘പോര്‍ട്രെയറ്റ്’ എന്ന മറ്റൊരു മലയാളചിത്രവും പണിപ്പുരയിലാണ്. റൊമാന്റിക് കോമഡി ചിത്രമായ പോര്‍ട്രെയ്റ്റിന്റെ തിരക്കഥ എഴുതുന്നത് ടോമി ജോണ്‍ ആണ്. അടുത്ത വര്‍ഷം ‘മേക്ക് മൈ ഡേ’ എന്നപേരില്‍ ഒരു തമിഴ് ആക്ഷന്‍-കുടുംബചിത്രവും പുറത്തിറങ്ങും. ‘ഹല്ചല് ഇന്‍ ഹോങ്കോങ്ങ്’ എന്ന ഹിന്ദിചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അഞ്ചു മലയാളികളാണ് ഫിഫ്ത് എലമെന്റ് ഫിലിമിന്റെ പാര്‍ട്ണര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: