സംസ്കൃതത്തിന് വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം. അതാണ് ആര്. വാസുദേവന്‍ പോറ്റിയെന്ന സംസ്കൃത പണ്ഡിതന്. പാരമ്പര്യശൈലിയില്‍ സംസ്കൃത വ്യാകരണം പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മഹാതപസ്വിയായ ഈ വ്യാകരണപ്രഭുവിന്റെ ആര്‍ഷ ജീവിതം നവതിയുടെ നിറവിലെത്തി യിരിക്കുകയാണ്. നോക്കിലും വാക്കിലും ഊണിലും ഉറക്കത്തിലും സംസ്കൃത പ്രചാരത്തിന് സമര്‍പ്പിച്ച ജീവിതം വൈകിയെങ്കിലും സമൂഹം തിരിച്ചറിഞ്ഞതോടെ എണ്ണമറ്റ പുരസ്കാരങ്ങള്‍, ബഹുമതികള്‍, സ്ഥാനമാനങ്ങള്‍ ഇതൊക്കെ അദ്ദേഹത്തെ തേടിയെത്തി. നിരവധി സര്‍വകലാശാലകളിലും ശിവഗിരി ബ്രഹ്മവിദ്യാഗുരുകുലം പോലുള്ള സ്ഥാപനങ്ങളിലും ആചാര്യസ്ഥാനം വഹിച്ചിട്ടുള്ള പോറ്റി സാര്‍ ഇന്ന് ചില്ലറ ശാരീരിക വൈഷമ്യങ്ങള്‍ക്കിടയിലും സംസ്കൃത വ്യാകരണം പരിപോഷിപ്പിക്കാനായി കര്‍മനിരതനാണ്.
ദക്ഷിണ കര്‍ണാടകത്തിലെ മംഗലാപുരത്തിന് സമീപമുള്ള പുത്തൂര്‍ താലൂക്കിലെ കൊക്കട ഗ്രാമത്തിലാണ് പോറ്റി സാര്‍ ജനിച്ചത്. രാമന് പോറ്റിയുടെയും കാവേരി അമ്മാളിന്റെയും മകനായി കര്‍ക്കടക മാസത്തിലെ പൂയം നാളിലായിരുന്നു ജനനം. അദ്ദേഹത്തിന്റെ ബാല്യത്തില്‍ തന്നെ ആ കുടുംബം തിരുവനന്തപുരത്തേക്ക് പറിച്ചു നടപ്പെട്ടു. അച്ഛന് പുരോഹിതവൃത്തിയായിരുന്നു. ദാരിദ്ര്യത്തിലും കഷ്ടപ്പാടുകള്ക്കിടയിലുമാണ് അദ്ദേഹം വളര്‍ന്നത്. മുണ്ടു മുറുക്കി ഉടുത്ത് പഠനം മുന്നോട്ടു കൊണ്ടുപോയി. ശരിക്കും ഒരു തപസ്സായിരുന്നു പഠനകാലം. വിദ്യ കൈവശമുള്ളവര്‍ക്ക് പിന്നാലെ ലക്ഷ്മി വരുമെന്ന ചൊല്ല് അദ്ദേഹത്തിന്റെ ജീവിതത്തിലും യാഥാര്‍ഥ്യമായി. സംസ്കൃത പഠനം പൂര്‍ത്തിയാക്കി അദ്ധ്യാപക വൃത്തിയിലേക്ക് തിരിഞ്ഞതോടെ പതുക്കെ പതുക്കെ ജീവിതയാനം മുന്നോട്ടുപോയി. ഇന്ന് ആര്. വാസുദേവന്‍ പോറ്റി എന്ന സംസ്കൃതാദ്ധ്യാപകനെ ഉപേക്ഷിച്ച് ദക്ഷിണഭാരതത്തില്‍ സംസ്കൃത പഠനത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ സാന്നിദ്ധ്യമില്ലാത്ത ഒരു സംസ്കൃത പ്രവര്‍ത്തനവും തെക്കേ ഇന്ത്യയില്‍ ഇല്ലെന്നു തന്നെ പറയാം. സംസ്കൃത ബൗദ്ധിക മണ്ഡലത്തില്‍ ഈ വ്യാകരണപ്രഭു നല്‍കിയിരിക്കുന്ന സംഭാവനകള്‍ അത്രയ്ക്ക് അമൂല്യമാണ്.
സംസ്കൃത പഠനം പരമ്പരാഗത ശൈലിയില്‍ ഗുരുകുല സമ്പ്രദായത്തില്‍ തന്നെ വേണമെന്നാണ് പോറ്റി സാറിന്റെ പക്ഷം. അങ്ങനെയല്ലെങ്കില്‍ വ്യാകരണ സൂത്രങ്ങള്‍ പഠിക്കാന്‍ സാധിക്കില്ല. മാത്രമല്ല സൂത്രങ്ങള്‍ കാണാതെ പഠിക്കണം. പാണിനീ മഹര്‍ഷിയുടെ സൂത്രങ്ങളും അവയുടെ വ്യാഖ്യാനവും സദാ ഓര്‍മയില്‍ സൂക്ഷിക്കണം. ഇതുകൊണ്ട് ഓര്‍മശക്തി വര്‍ധിക്കും. ബുദ്ധി കൂടുതല്‍ സൂക്ഷ്മമാകും. അതിനാലാണ് ഋഷിമാര്‍ സൂത്രരൂപത്തില്‍ വ്യാകരണശാസ്ത്രം ചമച്ചത്. എല്ലാറ്റിനുമുപരി സംസ്കൃതം പഠിക്കുന്നവര്‍ കൂടുതല്‍ സാത്വികരായി മാറും. സംസ്കൃതം പഠിച്ചവര്‍ക്ക് ഒരിക്കലും പാപകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ദേവഭാഷയെന്നറിയപ്പെടുന്ന സംസ്കൃതം എല്ലാ ഭാഷകളുടെയും മാതാവെന്നാണ് പണ്ഡിതമതം. ഇപ്പോഴിതാ കമ്പ്യൂട്ടര്‍ ഭാഷയുടെയും അടിസ്ഥാനം പാണിനീ മഹര്‍ഷിയുടെ വ്യാകരണസൂത്രങ്ങളാണെന്ന് കണ്ടെത്തിയിരിക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ടൊക്കെ ഗുരുകുല സമ്പ്രദായത്തില്‍ ചോദ്യോത്തര ശൈലിയിലാണ് നമ്മുടെ ശാസ്ത്രങ്ങളെല്ലാം പഠിച്ചിരുന്നത്. ശിഷ്യന് പൂര്‍വപക്ഷമായി ചോദ്യമുന്നയിക്കും. ആചാര്യന് ഉത്തരപക്ഷമായി അതിന് മറുപടി നല്‍കും. ഇങ്ങനെയായിരുന്നു പഠനപാഠനം. ഈ സമ്പ്രദായം ലോപിച്ചതോടെയാണ് നമ്മുടെ വിദ്യാഭ്യാസവും തദ്വാരാ സംസ്കാരവും അധഃപതനത്തിലേക്ക് യാത്ര ആരംഭിച്ചത്. ഇതനുവദിച്ചുകൂടാ. സംസ്കൃതത്തിന് ഏറ്റവും വലിയ സംഭാവന നല്കിയ പ്രദേശമാണ് ദക്ഷിണഭാരതം. കേരളം, തമിഴ്നാട്ടിലെ കാഞ്ചീപുരം, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ മഹത്തായ സംസ്കൃത സ്ഥാപനങ്ങളുണ്ടായിരുന്നു. ഈ പാരമ്പര്യം നിലനിര്‍ത്താന്‍ നാം തയ്യാറാകണം. അത് വരുംതലമുറയോട് ചെയ്യുന്ന പുണ്യമായിരിക്കും. ഓര്‍ക്കുക സംസ്കൃതവും ശ്രീരാമനും ശ്രീകൃഷ്ണനും ഗംഗയും ഇല്ലാതെ ഭാരതത്തിന് നിലനില്‍ക്കാനാകില്ല. നമ്മുടെ വൈദിക പാരമ്പര്യം ഈ നാലിലൂടെയാണ് മുന്നോട്ട് ഒഴുകുന്നത്. പോറ്റി സാര്‍ ഓര്‍മിപ്പിക്കുന്നു.
ഇന്നത്തെ തലമുറയ്ക്ക് സംസ്കൃതത്തോട് പ്രതിപത്തി കുറവാണ്. എന്നാല്‍ എണ്ണത്തില്‍ കുറവെങ്കിലും സംസ്കൃതത്തെ സ്നേഹിക്കുന്നവരുടെ സംഖ്യ കേരളത്തില്‍ കുറവല്ല. പക്ഷേ സംസ്കൃതാദ്ധ്യാപകരുടെ എണ്ണവും ഗുണനിലവാരവും വിലയിരുത്തപ്പെടേണ്ടതാണ്. ഇന്നത്തെ സംസ്കൃതാദ്ധ്യാപകരെ പഴയകാല അദ്ധ്യാപകരോട് താരതമ്യം ചെയ്യാനാകില്ല. സംസ്കൃത പഠനപാഠനത്തില് അവര്‍ കാര്യമായ ശ്രദ്ധ ചെലുത്തിയാല്‍ കുറേയൊക്കെ മാറ്റങ്ങളുണ്ടാകും. ഒരു കാര്യം ഉറപ്പാണ് മലയാളികളായ നമുക്ക് നല്ല മലയാളം പറയണമെങ്കില്‍ സംസ്കൃതത്തിന്റെ സഹായം ഒഴിച്ചുകൂടാനാകാത്തതാണ്. സംസ്കൃതജ്ഞാനമില്ലാതെ നല്ല മലയാളം ഉപയോഗിക്കാനാകില്ല. അതിനാല്‍ സംസ്കൃതത്തെ നിലനിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ചെറുതും വലുതുമായി നിരവധി വ്യാകരണ ശാസ്ത്രഗ്രന്ഥങ്ങള്‍, സാഹിത്യഗ്രന്ഥങ്ങള്‍, വ്യാഖ്യാനങ്ങള്‍ എന്നിവ വാസുദേവന്‍ പോറ്റി സാര്‍ രചിച്ചിട്ടുണ്ട്. സുരഭാരതീ പ്രകാശം എന്ന പേരില്‍ സംസ്കൃത പാഠങ്ങള്‍, കാരകപ്രകരണം, സമാസപ്രകരണം, സ്ത്രീ പ്രത്യയ പ്രകരണം, ലകാരാര്ഥം, ശാസ്ത്രവാദാവലി (മലയാളത്തിലും സംസ്കൃതത്തിലും) തുടങ്ങിയവ അവയില്‍ ചിലതാണ്. ഗുരുപവനപുരേശസ്തവത്തിന് മലയാള വ്യാഖ്യാനം, ഭാരതീയ ദര്‍ശനങ്ങള്‍ (പ്രബന്ധം), മധ്വാചാര്യര്‍ ജീവിതവും ദര്‍ശനവും, തത്ത്വാദിത്രയം (മധ്വാചാര്യരുടെ മൂന്നു കൃതികളുടെ മലയാള വ്യാഖ്യാനം), ആത്മാനാത്മ വിവേകം (സംസ്കൃത വ്യാഖ്യാന സഹിതം), മഹിമ ഭട്ടന്റെ അനുമാന വാദത്തിന്റെ സംഗ്രഹിത രൂപമായ അനുമാനം, കാവ്യദര്‍ശം, ബല്ലാംലദേവന്റെ ഭോജപ്രബന്ധം എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുപ്പതി ആര്‍എസ് വിദ്യാപീഠം, സുകൃതീന്ദ്ര എന്നീ സ്ഥാപനങ്ങളാണ് ഇവയൊക്കെ പ്രസിദ്ധീകരിച്ചത്.
ആര്. വാസുദേവന്‍ പോറ്റിയെന്ന സംസ്കൃത പണ്ഡിതനെ ആധുനിക ലോകം തിരിച്ചറിയാന്‍ അല്‍പ്പം വൈകിയെന്ന് പറഞ്ഞാല്‍ തെറ്റില്ല. തിരിച്ചറിഞ്ഞപ്പോള്‍ വേണ്ടവിധം ആദരിക്കാന്‍ ലോകം മുന്നോട്ടു വന്നു. നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തിന്റെ സംസ്കൃത ജീവിതത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്. അമൃതാനന്ദമയീ മഠം ഏര്‍പ്പെടുത്തിയിരിക്കുന്ന അമൃതകീര്‍ത്തി പുരസ്കാരം, രാഷ്ട്രപതിയുടെ പുരസ്കാരം, പട്ടാമ്പി ശ്രീനീലകണ്ഠ വിദ്വത് സഭയുടെ ശാസ്ത്രരത്ന ബിരുദം, തൃപ്പൂണിത്തുറ വിദ്വത് സഭയുടെ വേദാന്ത മെഡല്‍, സംസ്കൃത പ്രതിഷ്ഠാനത്തിന്റെ പണ്ഡിത രത്നം, കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ വേദാന്തരത്നം, കടവല്ലൂര്‍ അന്യോന്യം ട്രസ്റ്റ് നല്കുന്ന വാചസ്പതി പുരസ്കാരം, രാഷ്ട്രീയ സംസ്കൃത വിദ്യാപീഠത്തിന്റെ മഹാമഹോപാധ്യായ ബഹുമതി പുരസ്കാരം, മൈലാപ്പൂര് സംസ്കൃത കോളേജിന്റെ ദര്‍ശന കലാനിധി, ദേവീ പ്രസാദം പുരസ്കാരം, ഒ.കെ. മുന്‍ഷി പുരസ്കാരം, പ്രൊഫ എം.എച്ച്. ശാസ്ത്രി പുരസ്കാരം, തൃശൂര്‍ തെക്കേ മഠത്തില്‍ നിന്ന് സുവര്‍ണ മുദ്ര, പരീക്ഷിത്ത് തമ്പുരാന് പുരസ്കാരം, ശ്രീനാരായണ ഗുരുദേവ പുരസ്കാരം, പേജാവര്‍ സ്വാമിയുടെ അഡോക്ഷജപ പുരസ്കാരം, തിരുപ്പതി ശ്രീവെങ്കിടേശ്വര സര്‍വകലാശാലയുടെ പുരസ്കാരം, ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം ഇങ്ങനെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
തിരുവനന്തപുരം സംസ്കൃത കോളേജില്‍ ദീര്‍ഘനാള്‍ അദ്ധ്യാപകന്, എന്‍സൈക്ലോപീഡിക് പ്രസിദ്ധീകരണ വിഭാഗത്തില്‍ അസിസ്റ്റന്റ് എഡിറ്റര്‍, ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ വേദാന്തം പ്രൊഫസര്‍, മുഖ്യ ആചാര്യന്, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മലയാളം നിഘണ്ഡുവിന്റെ അസിസ്റ്റന്റ് എഡിറ്റര്‍, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വേദാന്തവിഭാഗം ഡീനും പ്രൊഫസറും, കോഴിക്കോട് സര്‍വകലാശാലയിലെ സംസ്കൃത വിഭാഗം വിസിറ്റിംഗ് പ്രൊഫസര്‍, സംസ്ഥാന സര്‍ക്കാരിന്റെ ടെക്സ്റ്റ് ബുക്ക് കമ്മറ്റി ഉപദേഷ്ടാവ്, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഇങ്ങനെ പോറ്റി സാര്‍ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ഈ ജീവിതകാലം കൊണ്ട് നേടിയവ ഈശ്വരന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹം കൊണ്ടാണെന്ന് പോറ്റി സാര്‍ നന്ദിയോടെ സ്മരിക്കുന്നു. ചെറുപ്പത്തില്‍ സംസ്കൃതം പഠിപ്പിച്ച യജ്ഞനാരായണ ശാസ്ത്രികള്‍, പണ്ഡിത മഹോപാദ്ധ്യായ ബാലരാമപ്പണിക്കര്‍, ശിവസുബ്രഹ്മണ്യ ശാസ്ത്രികള്‍, എം.എച്ച്. ശാസ്ത്രികള്‍ എന്നിവരുടെ ശിക്ഷണം ഒരിക്കലും വിസ്മരിക്കത്തക്കതല്ല. സരസ്വതിയാകുന്ന വാക്കിനെ നിരന്തരം ഉപാസിച്ച് സാക്ഷാത്കരിച്ച ആ മഹാത്മാക്കളുടെ ശിഷ്യനാകാന്‍ സാധിച്ചതു തന്നെ മഹാഭാഗ്യമായി പോറ്റി സാര്‍ കരുതുന്നു. ശ്രീകണ്ഠേശ്വരത്തെ ശിവധമെന്ന സ്വഗൃഹത്തില്‍ കളത്രപുത്രാദികളോടൊപ്പം വിശ്രമജീവിതത്തിലാണെങ്കിലും വേദവാണിയെ സേവിക്കുന്നതില്‍ സദാ തത്പരനാണ് അദ്ദേഹം. ആകാശവാണി, ദൂര്ദര്ശന്, അമൃത ടിവി തുടങ്ങിയ മാധ്യമങ്ങളിലൂടെ സംസ്കൃത പ്രചാരവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സര്‍വവും ഈശ്വരാനുഗ്രഹം എന്ന് ആവര്‍ത്തിക്കുമ്പോഴും ഈ വ്യാകരണപ്രഭു പാരമ്പര്യ രീതിയില്‍ സംസ്കൃത പാഠനം നിലനിര്‍ത്താനുള്ള അശ്രാന്തപരിശ്രമത്തിലാണ്.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: