ലോകത്ത് എല്ലാവരും സുന്ദരികളും സുന്ദരന്മാരുമാകണമെന്ന് ആഗ്രിക്കുന്നത് ചെറിയ കാര്യമല്ലല്ലോ. അതു സാദ്ധ്യമാക്കുന്നത് അതിലും വലിയ കാര്യം. ഉറൂബ് എന്ന പി.സി. കുട്ടിക്കൃഷ്ണന് സുന്ദരികളും സുന്ദരന്മാരും എന്ന നോവലെഴുതി അക്ഷര തന്ത്രത്തിലൂടെ മനുഷ്യമനസിന്റെ സൗന്ദര്യം തുറന്നുകാട്ടി. ഇവിടെ ഇതാ ഒരു ഡോക്ടര്‍ ബാഹ്യ സൗന്ദര്യത്തിന്റെ ലോകം സമ്മാനിക്കുന്നു, അക്ഷരമായ ഒരു വിദ്യയിലൂടെ, പ്ലാസ്റ്റിക് സര്‍ജറിയുടെ ലോകത്ത് സ്വയം സമര്‍പ്പിതനായ ഡോ. കെ. ആര്. രാജപ്പന്റെ ലോകത്തിലൂടെ വിനീത വേണാട്ട്….
ന്റേതല്ലാത്ത കാരണത്താല്‍ വൈകല്യത്തോടെ ജനിച്ച പെണ്‍കുട്ടി, ആ കുട്ടി കുടുംബത്തിന് ശാപമാണെന്നതിന്റെ പേരില്‍ ജന്മം നല്കിയ പിതാവിന്റെ പഴി നിത്യവും കേള്‍ക്കേണ്ടി വന്നവള്‍, അയാളുടെ മര്‍ദ്ദനം സഹിക്കേണ്ടി വന്നവള്‍. സന്ധ്യയ്ക്ക് അച്ഛന് വീട്ടിലെത്തുമ്പോള്‍ കട്ടിലിനടിയില്‍ അഭയം തേടി ആ പെണ്‍കുട്ടി. പക്ഷേ വൈകല്യവും ഒപ്പം പൊള്ളലേറ്റ് വൈരൂപ്യവും കാലം സമ്മാനിച്ചപ്പോള്‍ ആരും അവളുടെ രക്ഷക്കെത്തിയില്ല. അച്ഛന്റെ ലാളനയേല്‍ക്കാന്‍ ഭാഗ്യം ഇല്ലാതെപോയ അവളുടെ മുന്നില്‍ ദൈവം ഒരു ഡോക്ടറുടെ രൂപത്തിലെത്തി. ഡോ.കെ.ആര്. രാജപ്പനെന്ന പ്രമുഖ പ്ലാസ്റ്റിക് സര്‍ജന്റെ രൂപത്തില്‍. അവളുടെ വൈകല്യവും വൈരൂപ്യവും ഒരു പരിധിവരെ പരിഹരിച്ചു ഡോക്ടര്‍. പിന്നീട് അവളോടുള്ള സമീപനത്തില്‍ ആ പിതാവ് മാറ്റം വരുത്തിയിരിക്കാം. അത് അങ്ങനെതന്നെയാവട്ടെ.
1960 കാലഘട്ടം. അന്ന് കേരളത്തിലെ ജനതയ്ക്ക് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന വൈദ്യശാസ്ത്ര വിഭാഗമായിരുന്നു പ്ലാസ്റ്റിക് സര്‍ജറി. ശരീരത്തില്‍ പ്ലാസ്റ്റിക് ഒട്ടിച്ചുവച്ചുകൊണ്ടുള്ള ചികിത്സ എന്നതായിരുന്നു ജനത്തിന്റെ ധാരണ. ആ കാലത്ത് ഡോ.രാജപ്പന് സുപ്രധാന തീരുമാനമെടുത്തു. പ്ലാസ്റ്റിക് സര്‍ജറിയില്‍ സ്പെഷ്യലൈസ് ചെയ്യുക. സ്കൂള്‍, കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒഡീഷയിലെ കട്ടക് എസ് സി ബി മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ശേഷം പാട്നയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് മെഡിക്കല്‍ കോളേജില്‍ നിന്നും പ്ലാസ്റ്റിക് സര്‍ജറിയില്‍ എംഎസ് കരസ്ഥമാക്കി. അങ്ങനെ കേരളത്തിന് പ്ലാസ്റ്റിക് സര്‍ജറി പരിചയപ്പെടുത്തിയ ആദ്യകാല പ്ലാസ്റ്റിക് സര്ജന്മാരില് ഒരാളായിമാറി അദ്ദേഹം.
1930 ഓഗസ്റ്റ് ആറിന് തൃശൂര്‍ ജില്ലയിലെ മേലൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ കെ.എം. രാമന്റേയും ജാനകിയുടേയും മകനായി ജനിച്ച രാജപ്പന്, അച്ഛന്റെ ആദര്‍ശമാണ് ജീവിതത്തില്‍ പിന്തുടര്ന്നിട്ടുള്ളത്. ഡോക്ടറാവുകയെന്നതായിരുന്നു ഏക ലക്ഷ്യം. ആ മോഹവുമായി കോളേജ് വിദ്യാഭ്യാസത്തിന് ശേഷം 1955 വരെ കാത്തു. അന്ന് കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ പ്രാരംഭഘട്ടത്തിലായിരുന്നു. പഠിക്കണമെങ്കില്‍ കേരളത്തിന് പുറത്ത് പോകേണ്ടുന്ന അവസ്ഥ. രാജപ്പന്റെ മോഹം മനസ്സിലാക്കി അന്നത്തെ തിരുക്കൊച്ചി മുഖ്യമന്ത്രിയും അച്ഛന്റെ അടുത്ത സുഹൃത്തുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന് സര്‍ക്കാര്‍ ക്വാട്ടയില്‍ ഒരെണ്ണം രാജപ്പനുവേണ്ടി നീക്കിവയ്ക്കുകയായിരുന്നു. അങ്ങനെ കട്ടക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി. പക്ഷേ പഠിക്കാന്‍ പോകുന്നതിന് മുമ്പ് ഗോവിന്ദമേനോന് ഒരു നിബന്ധന മുന്നോട്ടുവച്ചു. പഠിച്ചിറങ്ങിയാല്‍ നാട്ടുകാരെ സേവിക്കണം, അതും നിസ്വാര്‍ത്ഥമായി, സൗജന്യമായി. കട്ടക്കിലേക്ക് വണ്ടി കയറും മുമ്പ് അച്ഛന് രാമനും പറഞ്ഞു ഇതേ വാക്കുകള്‍. ഇന്നോളം ആ വാക്കുകളാണ് രാജപ്പന് പിന്തുടരുന്നതും. പണം ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്ന സിദ്ധാന്തക്കാരന്‍.
1967 ലാണ് പ്ലാസ്റ്റിക് സര്‍ജറിക്ക് വേണ്ടി കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക യൂണിറ്റ് തുടങ്ങുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളാണ് അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വേണ്ടി പ്രത്യേക വിഭാഗമൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡോ.രാജപ്പന് മുന്‍കൈയെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ് തുടങ്ങിയത്. മൂന്ന് മെഡിക്കല്‍ കോളേജുകളിലും ഏതാണ്ട് ഒരേ സമയത്താണ് ഈ വിഭാഗത്തില്‍ യൂണിറ്റ് തുടങ്ങിയത്.
അതുവരെ അജ്ഞാതമായ ഒരു വിഭാഗം മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ജനം അതിന്റെ സാധ്യത തിരിച്ചറിഞ്ഞുതുടങ്ങി. ശാരീരിക വൈകല്യങ്ങള്‍ മൂലം സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ മെഡിക്കല്‍ കോളേജുകളിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലേക്ക് എത്താന്‍ തുടങ്ങി. പക്ഷേ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് അവരെ ചികിത്സിക്കാന്‍ ആവശ്യമായ പ്ലാസ്്റ്റിക് സര്ജന്മാര് അന്നുണ്ടായിരുന്നില്ല. ആശുപത്രിയിലേക്കെത്തുന്ന മറ്റു രോഗികള്‍ വേറെയും.
വൈകല്യം അകറ്റാനും വൈരൂപ്യം അകറ്റാനുമായിരുന്നു കൂടുതല്‍ ആളുകളും എത്തിയിരുന്നത്. ജന്മനാലുള്ള വൈകല്യം, പൊള്ളല്‍, അപകടം, അസുഖം എന്നിവ മൂലമുണ്ടാകുന്ന വൈകല്യം എന്നിവയ്ക്ക് പരിഹാരം തേടിക്കൊണ്ടാണ് അധികമാളുകളും വന്നുകൊണ്ടിരുന്നത്. പലര്‍ക്കും ചികിത്സ കിട്ടണമെങ്കില്‍ ഒരു വര്‍ഷത്തോളം വരെ കാത്തിരിക്കേണ്ട അവസ്ഥ , മെഡിക്കല്‍ കോളേജുകളിലെ പരിമിതമായ സൗകര്യം എല്ലാ രോഗികളേയും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതായിരുന്നു എന്നു വേണം പറയാന്‍. ഈ സാഹചര്യത്തിലാണ് സ്വകാര്യ സേവനത്തിലേക്ക് തിരിഞ്ഞാലോയെന്ന ചിന്ത ഡോക്ടറുടെ മനസ്സിലുദിക്കുന്നത്. കേരളത്തില്‍ തന്നെ സ്വകാര്യ സേവനത്തിലേക്ക് തിരിയുന്ന ആദ്യ പ്ലാസ്റ്റിക് സര്‍ജനും ഡോ.രാജപ്പനാണ്. മെഡിക്കല്‍ കോളേജ് വിട്ടുപോരാന്‍ തന്നെ കാരണം തന്റെ സേവനത്തെ പരിമിതപ്പെടുത്തി നിര്‍ത്തിയിരിക്കുന്നുവെന്ന തോന്നലാണെന്ന് അദ്ദേഹം പറയുന്നു. മറ്റിടങ്ങളില്‍ പോയി ചികിത്സിക്കാന്‍ അനുവാദം മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് 1975 ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്വയം വിരമിക്കുകയായിരുന്നു.
സമൂഹത്തില്‍ കുഷ്ഠരോഗികളോടുള്ള സമീപനം വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ മോശമായിരുന്നു. ആ കാലഘട്ടത്തില്‍ അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കുഷ്ഠരോഗത്താലുണ്ടായ വൈകല്യം നിവാരണം ചെയ്യുന്നതിന് സന്നദ്ധതകാട്ടി ഡോ.രാജപ്പന്. കൊരട്ടിയിലേയും കോഴഞ്ചേരിയിലേയും കുഷ്ഠരോഗാശുപത്രികളില്‍ പോയി ചികിത്സിക്കാന്‍ അനുമതി നല്‍കാതിരുന്നതും മെഡിക്കല്‍ കോളേജ് വിടാന്‍ കാരണമായതായി ഡോ.രാജപ്പന് പറയുന്നു.
സ്വതന്ത്രനായപ്പോള്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ആശുപത്രികളിലേക്ക് നിര്‍ത്താതെയുള്ള യാത്രയായിരുന്നു. ഒരു ദിവസം തന്നെ ആറും ഏഴും ശസ്ത്രക്രിയകള്‍ നടത്തി. ഇതെല്ലാം ചെയ്തതാവട്ടെ തികച്ചും സൗജന്യമായി. ചികിത്സക്ക് എത്തുന്നവരില്‍ പലരും പാവപ്പെട്ടവര്‍. മനസ്സിലപ്പോഴും മുഴങ്ങിയത് അച്ഛന്റെ വാക്കുകള്‍; പണത്തിനായി ചികിത്സിക്കരുത്.
1983 ലാണ് എറണാകുളത്ത് പ്ലാസ്റ്റിക് സര്‍ജറിക്ക് വേണ്ടി മാത്രം സ്പെഷ്യലിസ്റ്റ് ആശുപത്രി സ്ഥാപിച്ചത്. ആദ്യം പാലാരിവട്ടത്ത് പ്രവര്‍ത്തനം ആരംഭിക്കുകയും 1992 ല്‍ കൂടുതല്‍ സൗകര്യങ്ങളോടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തേക്ക് മാറ്റുകയുമായിരുന്നു. മുറിച്ചുണ്ട്, മുറിയണ്ണാക്ക് തുടങ്ങിയ ജന്മനാലുള്ള വൈകല്യങ്ങള്‍ ജീവിതാവസാനം വരെ കൊണ്ടു നടക്കുകയായിരുന്നു പതിവ്. എന്നാലിന്ന് ജന്മനാ ഇത്തരം വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ മൂന്നോ നാലോ മാസം ആകുമ്പോഴേക്കും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇത്തരം വൈകല്യങ്ങള്‍ പരിഹരിക്കപ്പെടുന്നു. വൈകല്യ നിവാരണം, വൈരൂപ്യനിവാരണം, സൗന്ദരീകരണം തുടങ്ങി പ്ലാസ്റ്റിക് സര്‍ജറിയുടെ ശാഖതന്നെ ഇന്ന് വികസിച്ചിരിക്കുന്നു.
തന്റെ മുന്നില്‍ പരിഹാരം തേടിയെത്തിയവരില്‍ വൈകല്യത്താലും വൈരൂപ്യത്താലും നിരാശ ബാധിച്ചവരും സൗന്ദര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടീ നടന്മാര് വരെയുണ്ടെന്നും ഡോക്ടര്‍ പറയുന്നു. ദക്ഷിണേന്ത്യയില്‍ത്തന്നെ ആദ്യമായി മുടിമാറ്റിവയ്ക്കല്‍ നടത്തിക്കൊണ്ട് കോസ്മെറ്റിക് സര്‍ജറി നടത്തിയ ആദ്യ ഡോക്ടറും കെ.ആര്.രാജപ്പനാണ്. 1975 ലാണ് ഈ സംഭവം. കൊച്ചിയിലെ പ്രമുഖ മത്സ്യ കയറ്റുമതി വ്യവസായിയാണ് കഷണ്ടിക്ക് പരിഹാരം കാണുന്നതിന് ഡോക്ടറുടെ മുന്നിലെത്തിയത്. അന്ന് നടത്തിയ ആ ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അത് അത്ര മനോഹരമായിരുന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു.
തന്റെ അടുത്ത് ചികിത്സ തേടിയെത്തിയ ജീവിതങ്ങളെല്ലാം ഓരോ അനുഭവമായി മുന്നില്‍ നില്ക്കുമ്പോള് പലതും ഓര്‍ത്തെടുക്കുവാന്‍ പ്രയാസമാണെന്ന് ഡോക്ടര്‍ രാജപ്പന്. മുറിച്ചുണ്ട് കാരണം പ്രായമേറെയെത്തിയിട്ടും വിവാഹം നടക്കാതെ പോയ കുറേ യുവതികള്‍ക്ക് സൗജന്യ ചികിത്സ നല്കി പ്രശ്നം പരിഹരിക്കുകയും അവരെല്ലാം വിവാഹിതരായ ശേഷം തന്നെ കാണാന്‍ വന്നതും ഫോട്ടോയെടുത്തതുമെല്ലാം ഇന്നും ഓര്‍ത്തെടുക്കുമ്പോള്‍ ഡോക്ടറുടെ മുഖത്തൊരു നിറവ്. ചികിത്സ തേടിയെത്തിയവര്‍ നിറഞ്ഞമനസ്സോടെ, നിറപുഞ്ചിരിയോടെ പടിയിറങ്ങുന്നതുകാണുമ്പോഴുള്ള ചാരിതാര്‍ത്ഥ്യത്തേക്കാള്‍ മറ്റൊന്നും വലുതല്ലെന്ന ഭാവം.
ശരീരത്തിന്റെ അഴകളവുകളില്‍ ശ്രദ്ധചെലുത്തുന്നവര്‍ക്ക് ഇന്നത്തെ കാലത്ത് തെല്ലും ആശങ്കയില്ല. മൂക്കൊന്ന് ഭംഗിയാക്കണമെങ്കില്‍, ചുണ്ടിന്റെ ആകൃതി ശരിയാക്കണമെങ്കില്‍, അടിഞ്ഞുകൂടിയ കൊഴുപ്പകറ്റി ശരീരം വടിവൊത്തതാക്കണമെങ്കില്‍ എല്ലാത്തിനും പരിഹാരമുള്ളപ്പോള്‍ ആത്മവിശ്വാസത്തോടെ മുഖമുയര്‍ത്തി നടക്കാം. അത്രമാത്രം വികസിച്ചു ഇന്ന് പ്ലാസ്റ്റിക് സര്‍ജറിയെന്ന ശാസ്ത്രശാഖ. അപകടത്തില്‍പ്പെട്ട് അവയവങ്ങള്‍ക്ക് ക്ഷതമേറ്റാലും ഒരു പരിധിവരെ സാധാരണനിലയിലാക്കാനും ഇന്ന് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സാധിക്കും. എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ അപകടത്തില്‍പെട്ട് കൈകാലുകള്‍ ചതഞ്ഞരഞ്ഞുപോയ നിരവധിപേരാണ് ചികിത്സ തേടിയെത്തിയിട്ടുള്ളത്. സാധാരണക്കാരില്‍ സാധാരണക്കാരാവും പലരും. പക്ഷേ ഇവിടെ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടുന്നില്ല. പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ ലഭ്യമാകാതിരിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് ഡോ.രാജപ്പന് നല്‍കിയിരിക്കുന്നത്.
ചാലക്കുടിയിലെ മേലൂര്‍ എന്നഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തിലെ അംഗമായിട്ടായിരുന്നു രാജപ്പന്റെ ജനനം. മേലൂര്‍, പരിയാരം, ചാലക്കുടി എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം. കിലോമീറ്ററുകള്‍ താണ്ടി, ചാലക്കുടി പുഴ കടന്ന് നേടിയ സ്കൂള്‍ വിദ്യാഭ്യാസത്തിനൊടുവില്‍ എറണാകുളം മഹാരാജാസ്, കൊല്ലം എസ്എന്‍ കോളേജ് എന്നിവിടങ്ങളിലായിട്ടായിരുന്നു ബിരുദ പഠനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ട്യൂട്ടറായിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് സര്‍ജറിയില്‍ സ്പെഷ്യലൈസ് ചെയ്യുന്നതിനായി പാട്നയിലേക്ക് തിരിക്കുന്നത്.
ജീവിതത്തില്‍ ഡോക്ടറാവണം, ജനങ്ങളെ സേവിക്കണം എന്നതിനപ്പുറം മറ്റൊന്നും അദ്ദേഹത്തിന്റെ ചിന്തയിലുണ്ടായിരുന്നില്ല. പ്രതിവര്‍ഷം ആയിരത്തിലേറെപ്പേര്‍ക്കാണ് എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ സൗജന്യ ശസ്ത്രക്രിയ ചെയുന്നത്. ചാരിറ്റബിള്‍ ട്രസ്റ്റായതിനാല്‍ ചികിത്സാച്ചെലവും മറ്റിടങ്ങളെ അപേക്ഷിച്ച് കുറവാണ്. നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ, കാന്‍സര്‍ രോഗത്തിന് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് മുഖേനയുള്ള സൗജന്യ പരിചരണം, ഡയാലിസിസ് യൂണിറ്റില്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായും ഇളവുകള്‍ നല്കിക്കൊണ്ടും സഹായം ഇതെല്ലാം ചെയ്തുകൊണ്ട് ആതുരശുശ്രൂഷ രംഗത്ത് നിസ്വാര്‍ത്ഥ സേവനംകൊണ്ട് മാതൃകയാവുകയാണ് ഡോ.കെ.ആര്. രാജപ്പന് നയിക്കുന്ന എംബിആര്‍ ട്രസ്റ്റ്. അദ്ദേഹത്തിന്റെ സമര്‍പ്പണ സേവനത്തിനുള്ള അംഗീകാരമായി 1980 ല്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ലോയിഡ് മോര്ഗന് മികച്ച സേവനത്തിനുള്ള പുരസ്കാരം നല്കി ആദരിച്ചിരുന്നു. കേരള പ്ലാസ്റ്റിക് സര്‍ജറി അസോസിയേഷന്റെ ആജീവനാന്തപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ജീവിതത്തില്‍ ഓരോ നേട്ടങ്ങള്‍ ഉണ്ടാകുമ്പോഴും അഹങ്കാരമില്ലാതെ ജീവിക്കാന്‍ തന്നെ പ്രാപ്തമാക്കുന്നത് ഭഗവദ് ഗീതയാണെന്ന് ഡോക്ടറുടെ സാക്ഷ്യം. ഭഗവദ് ഗീത ഏതൊരു പ്രശ്നത്തേയും മനക്കരുത്തോടെ നേരിടാന്‍ തന്നെ സജ്ജമാക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. പിന്നെ ചിട്ടയായ ജീവിത ചര്യയാണ് എണ്പത്തിനാലാം വയസ്സിലും അദ്ദേഹം പിന്തുടരുന്നത്. യോഗയും ധ്യാനവും നടത്തവും എല്ലാം മുടക്കമില്ലാതെ ചെയ്യാന്‍ തിരക്കുകള്‍ ഡോക്ടര്‍ക്ക് തടസമാകുന്നില്ല. സി.ആര്. കേശവന് വൈദ്യരുടെ മകളും ചിത്രകാരിയുമായ നളിനിയാണ് ഡോ.കെ.ആര്. രാജപ്പന്റെ ഭാര്യ. ചിത്രകലയില്‍ മനസ്സര്‍പ്പിച്ചിരിക്കുന്ന ഭാര്യയുടെ ചിത്രങ്ങള്‍ ആശുപത്രിക്കും അലങ്കാരമാണെന്ന് ഡോക്ടര്‍ പറയുന്നു. മിനി, ബീന, റീന എന്നിവരാണ് മക്കള്‍.
മൈക്രോവാസ്കുലര്‍ ശസ്ത്രക്രിയ വിദഗ്ധന്‍, ഡോ.ആര്. ജയകുമാര്‍, യൂറോളജി വിദഗ്ധന്‍ ഡോ.ആര്.വിജയന്, ഓര്‍ത്തോ വിദഗ്ധന്‍ ഡോ.സബിന്‍ വിശ്വനാഥ് എന്നിവരാണ് മരുമക്കള്‍. മൂവരും സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നു. ഇവരുടെയെല്ലാം ഇടയില്‍ മാനവ സ്നേഹത്തിന്റെയും സേവനത്തിന്റേയും പാതയില്‍ കാലുകളിടറാതെ ഈ എണ്പത്തിനാലാം വയസ്സിലും ഡോ.കെ.ആര്. രാജപ്പന് കര്‍മ്മനിരതനാണ്, അഹം എന്ന ബോധമില്ലാതെ. വൈകല്യത്താലും വൈരൂപ്യത്താലും ജീവിതത്തില്‍ നിരാശയുടേയും അപകര്‍ഷബോധത്തിന്റെയും ലോകത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് താങ്ങായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: