സ്ത്രീശാക്തീകരണവും തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയും ചര്‍ച്ച ചെയ്യുന്ന കാലമാണിത്. എല്ലാ മേഖലകളിലും സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തം വേണമെന്ന് വാദിക്കുന്ന കാലം. ഒരു ഭാഗത്ത് ഇങ്ങനെ ചില വാദം നടക്കുമ്പോഴും മറുവശത്ത് മറ്റൊരു യാഥാര്‍ത്ഥ്യം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഭാരതത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകള്‍ തൊഴിലിടങ്ങളിലേക്ക് കടന്നുവരാന്‍ മടിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഇത് വെറുമൊരു കണ്ടെത്തല്‍ മാത്രമല്ല, യാഥാര്‍ത്ഥ്യമാണ്.
ഭാരതത്തിലെ നിരക്ഷരരായ സ്ത്രീകള്‍ തൊഴില്‍മേഖലകളിലേക്ക് കടന്നുവരുന്നതിനേക്കാള്‍ കുറവാണ് ബിരുദധാരികളായ സ്ത്രീകള്‍ തൊഴില്‍മേഖല കണ്ടെത്തുന്നത്. കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിലൂടെ ഭാരതത്തിന്റെ മൊത്തം ആഭ്യന്തര ഉത്പ്പാദനം നാലിലൊന്നായി ഉയര്‍ത്താമെന്നും ഒക്സ്ഫാം എന്ന സന്നദ്ധ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാസമ്പന്നരായ സ്ത്രീകള്‍ തൊഴിലിടങ്ങളിലേക്ക് കടന്നുവരുന്നില്ലെന്നതിന് വേറെയുമുണ്ട് തെളിവുകള്‍. ഇരുപത് സമ്പദ്ശക്തികളുടെ പട്ടികയെടുത്താല്‍ അതില്‍ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ രാജ്യം ഭാരതമാണ്. സ്ത്രീകള്‍ക്ക് സ്വന്തമായി വാഹനമോടിക്കാന്‍ പോലും നിയന്ത്രണങ്ങളുള്ള സൗദി അറേബ്യയുടെ തൊട്ടു മുന്നിലാണ് ഭാരതം.
കൂടുതല്‍ സ്ത്രീകള്‍ തൊഴിലിടങ്ങളിലേക്ക് കടന്നുവരുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് സംഘടനയുടെ മറ്റൊരു കണ്ടെത്തല്‍. ലോക സാമ്പത്തിക ഫോറം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സ്ത്രീപങ്കാളിത്തത്തില്‍ ഭാരതം 124-ാം സ്ഥാനത്താണ്. ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടത്തിലും ഭാരതമാണ് പിന്നില്‍.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭാരതത്തിലെ തൊഴിലിടങ്ങളില്‍ സ്ത്രീ പങ്കാളിത്തം ക്രമാതീതമായി കുറയുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 1991-ല്‍ 33.7% ആയിരുന്ന സ്ത്രീ പങ്കാളിത്തം 2012 ആയപ്പോഴേക്കും 27 ശതമാനമായി കുറഞ്ഞു.
കാര്‍ഷികേതരമേഖലകളിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ 20 ശതമാനം കുറവാണ് സ്ത്രീതൊഴിലാളികളുടെ നിരക്ക്. മണിപ്പൂര്‍, ത്രിപുര, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് തൊഴില്‍ മേഖലകളിലെ സ്ത്രീസാന്നിധ്യം കൂടുതല്‍. ബീഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ പിന്നില്‍.
വാണിജ്യ-വ്യവസായ മേഖലകളില്‍ തൊഴിലാളികളുടെ നിരക്ക് പൊതുവെ പുരുഷമേധാവിത്വമാണ്. സാമൂഹ്യ-സാസ്കാരിക ചട്ടക്കൂടില്‍ നിന്നുകൊണ്ട് സ്ത്രീയും പുരുഷനും 50:50 എന്ന അനുപാതത്തില്‍ ജോലിചെയ്യുക എന്ന യാഥാര്‍ത്ഥ്യം നടപ്പാകണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ലക്ഷ്യം.
2004 മുതലാണ് തൊഴില്‍മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞുതുടങ്ങിയതെന്ന് അന്തര്‍ദേശീയ തൊഴിലാളി സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു. വിദ്യാസമ്പന്നരായ സ്ത്രീകള്‍ മുഴുവന്‍ സമയം ജോലി ആഗ്രഹിക്കുന്നില്ല. ബിരുദധാരികളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയുണ്ടായിട്ടും തൊഴിലടങ്ങളില്‍ ഈ മാറ്റം കാണുന്നില്ലെന്ന് എവര്‍സ്റ്റോണ്‍ കാപ്പിറ്റലിന്റെ റിപ്പോര്‍ട്ടിലും പറയുന്നു.
ബിരുദധാരികളായവരില്‍ 22 ശതമാനം മാത്രമാണ് തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്നത്. നിരക്ഷരരായ സ്ത്രീകള്‍ ജോലി കണ്ടെത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ കുറവാണിത്. വിദ്യാഭ്യാസമുണ്ടായിട്ടും പല തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ കടന്നുവരാന്‍ മടിക്കുന്നതുകൊണ്ടാണ് ഈ വ്യത്യാസം അനുഭവപ്പെടുന്നത്.
കോര്‍പ്പറേറ്റ് മേഖലകളിലെ സ്ത്രീ പങ്കാളിത്തം വെറും 5 ശതമാനമാണ്. എന്നാല്‍ കാര്‍ഷികം, വിദ്യാഭ്യാസം, കൈത്തൊഴില്‍, വസ്ത്ര നിര്‍മ്മാണം എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്ക് സ്വീകാര്യത കൂടുതല്‍ ലഭിക്കുന്നു. 1994 മുതല്‍ 2010 വരെയുള്ള കാലയളവില്‍ സ്ത്രീ തൊഴിലാളികളുടെ എണ്ണം 9 മില്യണ്‍ ആയി ഉയര്‍ന്നെന്നാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടന പറയുന്നത്. അതേസമയം തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ കൂടുതല്‍ കടന്നുവന്നിരുന്നുവെങ്കില്‍ ഇത് രണ്ട് മടങ്ങാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് അത് ഗുണം ചെയ്യുമായിരുന്നു. തൊഴിലിടങ്ങളിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തം രാജ്യത്തിന്റെ ആഭ്യന്തര ഉത്പ്പാദനത്തില്‍ ഗണ്യമായ മാറ്റമുണ്ടാക്കുമായിരുന്നു.
വികസ്വര രാജ്യങ്ങളില്‍ തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് ലോക സാമ്പത്തിക ഫോറം ചൂണ്ടിക്കാട്ടുന്നു. ഭാരതത്തില്‍ പുരുഷന്മാര് ജോലി ചെയ്യുന്നതിനു തുല്യമായി ജോലി ചെയ്ത് വരുമാനമുണ്ടാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ തൊഴിലിടങ്ങളിലേക്ക് കടന്നുവരാന്‍ അധികം സ്ത്രീകളും മടിക്കുന്നു. പല സാഹചര്യങ്ങളിലും തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ക്കെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാതെ പോകുന്നുമുണ്ട്. നിയമങ്ങള്‍ നിലവില്‍ വന്നിട്ടും പലരും പരാതിപ്പെടാന്‍ മടിക്കുന്നതായും സാമ്പത്തിക ഫോറം പറയുന്നു.
തൊഴിലവസരങ്ങള്‍ നിരവധി ഉണ്ടായിട്ടും അതിനുവേണ്ടി സ്ത്രീകള്‍ ശ്രമിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. സ്ത്രീകളുടെ പങ്കാളിത്തം ഭാരതത്തിന്റെ സാമ്പത്തിക വികാസത്തെ അങ്ങേയറ്റം സ്വാധീനിക്കുമെന്നും തൊഴില്‍ മേഖലകളിലെ സ്ത്രീ-പുരുഷ പങ്കാളിത്തം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പ്പാദനത്തെ നാലിലൊന്നായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു നിര്‍ത്തുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: