ന്യൂദല്‍ഹി: അച്ഛന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടപോലെ അമ്മയും കൊല്ലപ്പെടുമെന്ന് രാഹുല്‍ഗാന്ധി ഭയപ്പെട്ടിരുന്നതായി മുന്‍ വിദേശകാര്യമന്ത്രിയും സോണിയാ കുടുംബത്തിന്റെ വിശ്വസ്തനുമായിരുന്ന നട്വര്‍സിങിന്റെ വെളിപ്പെടുത്തല്‍. യുപിഎ ഭരണകാലത്ത് കേന്ദ്രസര്‍ക്കാരിലെ പ്രധാന ഫയലുകള്‍ നോക്കിയിരുന്നത് സോണിയയായിരുന്നുവെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങിന്റെ സെക്രട്ടറി പുലോക് ചാറ്റര്‍ജിയാണ് ഫയലുകള്‍ എത്തിച്ചിരുന്നതത്രെ. 2004ല്‍ പ്രധാനമന്ത്രിപദത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സോണിയാഗാന്ധി തീരുമാനിച്ചത് രാഹുല്‍ഗാന്ധിയുടെ ഭയം മൂലമാണെന്നും നട്വര്‍സിങ് പറഞ്ഞു.
സോണിയാ കുടുംബത്തിലെ ഈ കഥ പുറത്തുപറയരുതെന്നും അടുത്തമാസം പുറത്തിറങ്ങുന്ന തന്റെ ബുക്കില്‍ നിന്നും ഇതൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക വാദ്ര തന്നെ സമീപിച്ചതായും നട്വര്‍സിങ് വെളിപ്പെടുത്തി. ഗാന്ധി കുടുംബത്തിലെ മൂന്നു തലമുറകളുടെ കഥ പറയുന്നതാണ് നട്വര്‍സിങിന്റെ ആത്മകഥ.
മന്മോഹന് സിങിനെ പ്രധാനമന്ത്രിയാക്കുന്നതിനെ ലാലുപ്രസാദ് യാദവ് അടക്കമുള്ള നേതാക്കള്‍ എതിര്‍ത്തിരുന്നു. 1991ല്‍ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ മുന്‍ രാഷ്ട്രപതിയായിരുന്ന ശങ്കര്‍ദയാല്‍ ശര്‍മ്മയായിരുന്നു പ്രധാനമന്ത്രി പദത്തിലേക്ക് സോണിയാഗാന്ധി നിര്‍ദ്ദേശിച്ച വ്യക്തിയെന്നും നരസിംഹറാവു രണ്ടാമതു മാത്രമായിരുന്നെന്നും നട്വര്‍സിങ് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: