ന്യൂദല്‍ഹി: കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു മാസങ്ങള്‍ക്ക് ശേഷവും ഔദ്യോഗിക ബംഗ്ലാവുകള്‍ ഒഴിയാത്ത 16 മുന്കേന്ദ്രമന്ത്രിമാര്ക്ക് കുടിയിറക്കല്‍ നോട്ടീസ് നല്കി. രണ്ടുമാസത്തെ വാടകയിനത്തില്‍ മുന്‍മന്ത്രിമാരില്‍ നിന്നും 21 ലക്ഷം രൂപ ഈടാക്കുമെന്നും നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പാര്‍ലമെന്റില്‍ അറിയിച്ചു. 43 മുന്‍ കേന്ദ്രമന്ത്രിമാരില്‍ വെറും 6 പേര് മാത്രമാണ് ഇതുവരെ ബംഗ്ലാവുകള്‍ ഒഴിഞ്ഞത്.
ടൈപ്പ് അഞ്ച് ബംഗ്ലാവുകളില്‍ താമസിക്കുന്ന അനധികൃത താമസക്കാരില്‍ നിന്ന് ഡാമേജ് ഇനത്തില്‍ മാസം 53,250 രൂപ വീതവും ടൈപ്പ് മൂന്ന് ബംഗ്ലാവുകള്‍ക്ക് മാസം 2,43,678 രൂപ വീതവും ഈടാക്കും. മുന്‍കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, അജിത് സിങ്, ഡോ. ഫാറൂഖ് അബ്ദുള്ള, ബേനി പ്രസാദ് വര്‍മ്മ, പള്ളം രാജു, ഡോ. ഗിരിജാ വ്യാസ്, കൃഷ്ണ തീര്‍ത്ഥ്, എസ്.കെ ജെന, സച്ചിന് പൈലറ്റ്, ജിതേന്ദ്രസിങ്, പ്രദീപ് ജയിന് ആദിത്യ, പി.ബി നായിക്, കിള്ളി കൃപലാനി, എം.എച്ച് ഗാവിട്ട് എന്നിവരാണ് വിവിധ ബംഗ്ലാവുകളില്‍ താമസം തുടരുന്നത്.
മുന്‍മന്ത്രിമാരായ 21 പേര് കൂടി ജനറല്‍ പൂളില്‍ ലഭിച്ച ബംഗ്ലാവുകളില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് ഒഴിയാന്‍ 15 ദിവസത്തെ കാലാവധി നല്‍കിയിട്ടുണ്ട്. 21 പേരും നിലവില്‍ ലോക്സഭാ, രാജ്യസഭാ എംപിമാരാണ്. അതിനാല്‍ അവരുടെ ഹൗസ് കമ്മറ്റികള്‍ അനുവദിച്ച ക്വാര്‍ട്ടേഴ്സുകളിലേക്ക് ഇവര്‍ താമസം മാറ്റണം. എ.കെ ആന്റണി, ഗുലാംനബി ആസാദ്, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, വീരപ്പ മൊയ്ലി, വയലാര്‍ രവി, ഓസ്ക്കാര്‍ ഫെര്‍ണ്ണാണ്ടസ്, ജയറാം രമേശ്, ജ്യോതിരാദിത്യ സിന്ധ്യ, കെ.വി തോമസ്, കെ.റഹ്മാന് ഖാന്, കെ.എച്ച് മുനിയപ്പ, ശശി തരൂര്‍, ചിരഞ്ജീവി, മുല്ലപ്പള്ളി രാമചന്ദ്രന്, രാജീവ് ശുക്ല, എ.ആര് ചൗധരി, എ.എഛ്ച് ഖാന് ചൗധരി, നിനോന് എറിങ്, ഡോ. ഇ എം സുദര്ശന് നാച്ചിയപ്പന്‍, കെ.സി വേണുഗോപാല്‍, ജെ ശീലം എന്നീ മുന്‍ മന്ത്രിമാരാണ് ജനറല്‍ പൂളിലെ മന്ത്രിമാര്‍ക്കനുവദിച്ച ബംഗ്ലാവുകളില്‍ നിന്നും ഇനിയും ഒഴിയാത്തത്.
രാജ്യതലസ്ഥാനത്തെ 683 ഫഌറ്റുകളിലാണ് അനധികൃത താമസക്കാരുള്ളത്. ഒരു മാസം മുതല്‍ 21 വര്‍ഷം വരെയായിട്ടുള്ള അനധികൃത താമസങ്ങളാണ് കണ്ടെത്തിയത്. ടൈപ്പ് ഏഴ് ബംഗ്ലാവുകള്‍ മുതല്‍ ടൈപ്പ് 1 ബംഗ്ലാവുകളില്‍ വരെ അനധികൃത താമസക്കാരുണ്ടെന്ന് കണ്ടെത്തി. ഇവരില്‍ നിന്ന് 4,247 രൂപ മുതല്‍ 60,04,164 രൂപ വരെ പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും വെങ്കയ്യ വ്യക്തമാക്കി. എംപിമാരായ അനുരാഗ് ഠാക്കൂര്‍, എച്ച്.എന്‍ യാദവ് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് വെങ്കയ്യനായിഡു സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: