കാര്യങ്ങള്‍ അറിഞ്ഞുകൂടെങ്കില്‍ ആയത് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ അതിനെതിരെ പകവെച്ചു സംസാരിക്കുകയല്ല. അടുത്തിടെ പല സംഗതികളിലും കണ്ടുവരുന്നത് അതാണ്. കോഴിക്കോട് നഗരത്തില്‍ സ്തുത്യര്‍ഹമാം വിധം പ്രവര്‍ത്തിച്ച് നാടെങ്ങും അതിന്റെ പരിസ്ഫുരണങ്ങള്‍ എത്തിക്കുന്ന സ്ഥാപനമാണ് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്. അതിന്റെ നായകന് ആചാര്യ എം.ആര്. രാജേഷ് ഭാരതീയ സംസ്കൃതിയുടെ അടിവേരുകളിലേക്ക് ആഴ്ന്നിറങ്ങാന്‍ പര്യാപ്തമായ തരത്തിലുള്ള വിദ്യാഭ്യാസവും സാധനയും നേടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. കഠിനവും ക്ലേശകരവുമായ പാതയിലൂടെ പ്രയാണം ചെയ്താണ് ഇതെല്ലാം സ്വായത്തമാക്കിയത്. വേദങ്ങളും വൈദിക ആചരണങ്ങളും ജാതി മത വര്‍ഗ്ഗ വര്‍ണ്ണവ്യത്യാസമില്ലാതെ ആയിരക്കണക്കിന് ആളുകളെ പഠിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ദേഹവും കൂടിയാണ് കാശ്യപാശ്രമാധിപന്. ലാളിത്യവും സാധനയും പക്വതയും പാണ്ഡിത്യവും കൂടിച്ചേരുമ്പോഴുണ്ടാവുന്ന അവാച്യമായ ഒരനുഭൂതി ആര്‍ക്കും മനസ്സിലാക്കാവുന്നതുമാണ്. എന്നാല്‍ ചിലര്‍ക്ക് എന്തുകൊണ്ടോ അതങ്ങ് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല, ഒരു തരം കൊതിക്കെറുവ്.
പറഞ്ഞുവരുന്നത് ആശ്രമത്തെക്കുറിച്ചല്ല. ആശ്രമം അടുത്തിടെ നടത്തിയ പവിത്രപൂര്ണമായ ഒരു ചടങ്ങിനെക്കുറിച്ചാണ്. പലരും കേട്ടുമാത്രം പരിചയമുള്ള മുറജപം അതിന്റെ സത്ത ചോരാത്ത വിധം കോഴിക്കോട്ടെ കാശ്യപാശ്രമാങ്കണത്തില് ഏഴു ദിവസമായി നടന്നു. എന്താണ് മുറജപത്തിന് ഇത്ര പ്രാധാന്യം, ചുളുവില്‍ വാര്‍ത്ത വരുത്താനുള്ള ശ്രമമല്ലേ എന്നൊക്കെ ചുരുക്കം ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ടെങ്കിലും അത് അറിഞ്ഞവര്‍ക്ക് മനസ്സു നിറഞ്ഞ അനുഭവമായിരുന്നു. സുള്ള്യയിലെ ഹരീഷ് ഭട്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മുറജപത്തിന് നേതൃത്വം കൊടുത്തത്. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്നുകേട്ടിട്ടുള്ള മുറജപത്തിന്റെ തനിമ എന്താണെന്നും അത്തരം ചടങ്ങുകളില്‍ പങ്കെടുത്താല്‍ എന്തൊക്കെ അനുഭവങ്ങളാണ് ഉണ്ടാവുന്നതെന്നും അറിയാന്‍ ആയിരങ്ങളാണ് ഏഴു ദിവസം നീണ്ടു നിന്ന മുറജപത്തില്‍ എത്തിച്ചേര്‍ന്നത്. മുറജപത്തിലെ അവസാന ദിവസം മഹാദക്ഷിണ ചടങ്ങിന് ശേഷം തന-മനസ്സുകള്‍ കുളിര്‍ത്താണ് അവര്‍ മടങ്ങിയത്. ഒട്ടുവളരെ പ്രമുഖ വ്യക്തിത്വങ്ങളും വിവധ ദിവസങ്ങളിലായി അവിടെ എത്തിച്ചേരുകയുണ്ടായി.
ഭാരതീയ നവോത്ഥാനത്തിന്റെ ചൂടും ചൂരും ഓരോ അവസരത്തിലായി മഹത്തുക്കള്‍ കൈമാറിക്കൈമാറി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. അതിന്റെ മഹാ പ്രവാഹത്തില്‍ ഒപ്പം ചേരാന്‍ തന്റേതായ ഒരു വഴിയിലൂടെ ഒരാള്‍ സ്വമേധയാ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ തടസ്സം ഉണ്ടാക്കാനും എതിര് പ്രചാരണം നടത്താനും തുനിയുന്നത് യാഗം മുടക്കാന്‍ പണ്ട് രാക്ഷസന്മാര് ചെയ്ത പണിയോളം വരില്ലെങ്കിലും അതിനടുത്ത് എത്തുന്ന ദുഷ്പ്രവൃത്തിയാണ്. ഇനി ചോദ്യം നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാവാം. എന്താണീ മുറജപം? ഇത്തിരി ക്ഷമയോടെ ഇരുന്നാല്‍ അത്യാവശ്യം കാര്യങ്ങള്‍ നമുക്കറിഞ്ഞുവെക്കാം.
വിശ്വാനിദേവ സവിതര്
ദുരിതാനി പരാസുവ
യദ് ഭദ്രം തന്ന ആസുവ
എന്ന് യജുര്‍വേദം (30.1) പറയുന്നു.
സവിതാവായ ജഗദീശ്വരാ ഞങ്ങളുടെ സമസ്ത ദുരിതങ്ങളെയും ദൂരെയകറ്റി ഭദ്രമായത് എന്തൊന്നുണ്ടോ അവ ഞങ്ങല്ക്കേകിയാലും എന്നാണ് അര്‍ത്ഥം. ഋഗ്വേദത്തിലും യജുര്‍വേദത്തിലും ഒരുപോലെ കടന്നുവരുന്ന മന്ത്രമാണ് മേലുദ്ധരിച്ചത്. സകല ലോകത്തിന്റെയും സകല ദുരിതങ്ങളും അകറ്റുവാനാണ് വേദഭഗവതി അവതാരമെടുത്തത്. ഈ വേദവാണി ഈശ്വരന്റെ വാണിയാണ്. ഈശ്വരന്റെ കിരണമാണ്. വേദവാണി ഈശ്വരീയതയുടെ മഹാപ്രവാഹമാണ്. ഈശ്വരന് തന്നെയാണ്. അങ്ങനെയുള്ള വേദവാണി ആചാര്യന്മാരില് നിന്ന് കേള്‍ക്കുന്നതു തന്നെ ഒരു പുണ്യമല്ലേ. അത്തരമൊരു അസുലഭ സന്ദര്‍ഭമാണ് മുറജപത്തിലൂടെ കാശ്യപാശ്രമം അവതീര്ണമാക്കിയത്.
വേദം സംരക്ഷിക്കുന്നതിന്റെ മുഖ്യ രൂപം അത് ഹൃദിസ്ഥമാക്കി വെക്കുക എന്നതായിരുന്നു. അതിലെ ഒരു വാക്കുപോലും വിട്ടുകളയാതെ ക്രമാനുഗതമായി വേദത്തെ ചൊല്ലി സംരക്ഷിച്ചുപോരുന്ന പാരമ്പര്യം ഈശ്വരകൃപയാല്‍ ഇന്നും അവശേഷിച്ചിട്ടുണ്ട്. അതിന് നാം പാരമ്പര്യ ബ്രാഹ്മണ സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. ഇങ്ങനെ വേദം സംരക്ഷിക്കാന്‍ വേണ്ടി കണ്ടെത്തിയ പദ്ധതികളില്‍ ഒന്നായിരുന്നു സാമൂഹികമായ വേദപാരായണം. അഥവാ മുറജപം. ഒരു മുറവേദം ആദ്യം മുതല്‍ അവസാനം വരെ ഉദാത്ത, അനുദാത്ത, സ്വരിതപ്രചയങ്ങളുടെ സഹായത്തോടെ ഓതുന്നതാണ് മുറജപം എന്നു പറയുന്നത്. മുറജപം എന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഈ പദ്ധതിക്ക് മറ്റിടങ്ങളില്‍ വേദപാരായണം എന്നാണ് പൊതുവെ പറഞ്ഞുവരാറുള്ളത്. വേദത്തിന്റെ പ്രോജ്വലനം ഭാരതത്തിന്റെ പ്രോജ്വലനമാണ്. എന്നൊക്കെ ഇതിന് അപചയം സംഭവിച്ചിട്ടുണ്ടോ അന്നൊക്കെ ഭാരതം അട്ടക്കുഴിയിലേക്ക് നിപതിച്ചിട്ടുമുണ്ട്. കേരളത്തില്‍ പൊതുവില്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയുടെ മുറജപം മാത്രമേ നടക്കാറ് പതിവുള്ളു. ഇവിടെ പാരമ്പര്യ ബ്രാഹ്മണരില്‍ അഥര്‍വ്വ വേദികള്‍ ഇല്ലാത്തത് ഒരു കാരണമാകാം. മുറജപം സാധാരണഗതിയില്‍ ഏഴു ദിവസം കൊണ്ടാണ് ചൊല്ലിത്തീര്‍ക്കുക. മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്വാംശീകരണം കൊണ്ടും പങ്കെടുക്കുന്നവര്‍ പവിത്രീകരിക്കപ്പെടുന്നു എന്നത് അനുഭവിച്ചറിയേണ്ടത് തന്നെയാണ്.
അറിവ്, ഐശ്യര്യം, സമാധാനം, തപസ്സ്, മോക്ഷം, ഇവയൊക്കെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍. ഐശ്വര്യത്തോടെ ജീവിക്കാന്‍ വേദം പറയുന്നു. അറിവും സമാധാനവും സന്തോഷവും ജീവിതത്തില്‍ സദാ ഉണ്ടായിരിക്കാന്‍ വേദം ആഹ്വാനം ചെയ്യുന്നു. എന്നാല്‍ അവിടെയും നില്ക്കാന് വേദം പറയുന്നില്ല. നിരന്തരം പ്രയാണം തുടരാന്‍ വേദം ഉപാസകനോട് പറയുന്നു. ലക്ഷ്യമെത്തുന്നതു വരെ ഉപാസകന് വിശ്രമമില്ല. മോക്ഷത്തില്‍ കുറഞ്ഞ ഒന്നും അവന്റെ ലക്ഷ്യമല്ല. അതേസമയം ഭൗതിക ജീവിതത്തെ പ്രതിലോമപരമായി നോക്കിക്കാണുവാന്‍ വേദം പറയുന്നില്ല. ആയതിനാല്‍ ഋഷി പറഞ്ഞു ധര്‍മ്മവും അര്‍ത്ഥവും കാമവും വേണം ഒടുക്കം മോക്ഷവും. ഈ ഒരു ആധാര സ്തംഭത്തിനുമുകളിലാണ് വൈദിക ചിന്തകള്‍ രൂപപ്പെട്ടിട്ടുള്ളത്. ഒരു മന്ത്രം നോക്കൂ:
ഋചോ അക്ഷരേ പരമേവ്യോമന്‍
യസ്മിന്‍ ദേവാ അധിവിശ്വേനിഷേദു:
യസ്തന്നവേദ കിമൃചാകരിഷ്യതി
യ ഇത്തദ്വിദുസ്ത ഇമേസമാസതേ
(ഋഗ്വേദം 1.164.38)
സര്‍വ്വോത്തമമായ പ്രകാശലോകത്ത് നാശരഹിതനായ ഏതൊരീശ്വരന്‍ സ്ഥിതി ചെയ്യുന്നു, ആ ഈശ്വരനിലാണ് ഭൂമിയും സൂര്യനും എന്നുവേണ്ട സമസ്ത പ്രപഞ്ചവും കുടികൊള്ളുന്നത്. വേദ മന്ത്രങ്ങളെക്കൊണ്ട് വര്‍ണിച്ചിരിക്കുന്ന ആ ഈശ്വരനെ ആര് അറിയുന്നില്ലയോ അവരെ ഈ വേദമന്ത്രങ്ങള്‍ എന്തുചെയ്യാന്‍? ആ ഈശ്വരനെ അറിയുന്നവര്‍ ബ്രഹ്മത്തില്‍ ഉറച്ചിരിക്കുന്നു. നമുക്കും അതേ പറയാനുള്ളു.
ഇനി വായനക്കാരോട് ഒരു പ്രത്യേക അപേക്ഷയാണ്. കാശ്യപാശ്രമത്തിന് പ്രചാരണം നല്‍കാനോ (അതിന്റെ ആവശ്യം അവര്‍ക്ക് തീരെയില്ല) മറ്റ് നേട്ടത്തിനോ അല്ല ഇതൊക്കെ കുറിച്ചത്. നമ്മുടെ സംസ്കാര ധാരയുടെ ഈടുവെപ്പിന് അനുഗുണമായവ അന്യം നിന്നു പോവുമ്പോള്‍ ഇത്തരം സുകൃത സന്ധ്യകളുടെ ആത്മീയ ശോഭ കാണിച്ചുകൊടുക്കല്‍ കടമയാണെന്ന് തോന്നിയതുകൊണ്ടാണ്. നടേ സൂചിപ്പിച്ച രാക്ഷസ മനസ്കരുടെ ജുഗുപ്സാവഹമായ ധാര്ഷ്ട്യവാള് വീശലിന്റെ ഫലമായി ചോരവാര്‍ന്നൊഴുകുമ്പോള്‍ തുടയ്ക്കാനെങ്കിലും കൈനീട്ടണ്ടേ? മാനിഷാദ അല്ലെങ്കിലും അരുതിഷ്ടാ എന്നെങ്കിലും പതിയെ പറയണ്ടേ ? (ഇതിലെ വേദസൂക്തങ്ങള്‍ക്കും അര്‍ത്ഥങ്ങള്‍ക്കും ആചാര്യ എം. ആര്. രാജേഷിന്റെ മുറജപം എന്ന കീശപ്പുസ്തകത്തോട് കടപ്പാട്).
വാസ്തവത്തില്‍ മുറജപത്തെക്കുറിച്ച് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെയൊന്നും പാടില്ലെന്ന് മനസ് പറയുന്നു. എന്നാലും രണ്ട് സംഗതികള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ. ദൈവത്തിന്റെ കരസ്പര്‍ശവും ചെകുത്താന്റെ നഖം താഴ്ത്തലും നമുക്ക് അനുഭവപ്പെടുന്നതെങ്ങനെ എന്ന് ചൂണ്ടിക്കാണിക്കാനാണിത്. ഏലൂര്‍, തിരുവനന്തപുരം, ആനക്കര എന്നിവിടങ്ങളിലാണ് സംഭവം നടക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന 3.1 സെന്റ് ഭൂമി റോഡുണ്ടാക്കാന്‍ വിട്ടുകൊടുത്തു ഏലൂര്‍ മഞ്ഞുമ്മലെ ഷീല എന്ന വീട്ടമ്മ. അവര്‍ക്ക് ഒരു ഗുണവും ഇതുകൊണ്ടില്ല എന്നു മാത്രമല്ല സ്വന്തം ഭൂമി വിഭജിക്കപ്പെടുകയും ചെയ്യും. സ്വന്തം വീട്ടിലേക്ക് വീതിയേറിയ വഴിയുണ്ടായിട്ടും നാട്ടുകാരുടെ സൗകര്യത്തിനായാണ് വീട്ടമ്മ ഇതിന് മുതിര്‍ന്നത്.
ഭര്‍തൃപിതാവ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് വാങ്ങിയ 75 സെന്റ് സ്ഥലത്തിലെ അമ്പലം കേടുപാടില്ലാതെ നിലനിര്‍ത്തുകയും ഒടുവില്‍ വിശ്വാസികള്‍ക്ക് അവിടെ ആരാധന നിര്‍വഹിക്കണമെന്ന് ആവശ്യമുയരുകയും ചെയ്തതോടെ പറമ്പിന്റെ നടുവിലെ അമ്പലവും അവിടേക്കുള്ള വഴിയും വിട്ടുകൊടുത്തു ആനക്കരയിലെ കോഴിക്കര പുലാക്കല്‍ മറയങ്ങാട്ടില്‍ ഫാത്തിമ എന്ന 68കാരി. നോമ്പിന്റെ 27-ാം ദിനം അവര്‍ സുകൃതപുണ്യത്തിന്റെ നോമ്പുതുറയാക്കി.
അയല്‍വാസി വഴി കെട്ടിയടച്ചതുകാരണം അപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം വീട്ടുമുറ്റത്തെത്തിക്കാന്‍ കഴിയാതെ വന്ന നിസ്സഹായനാണ് തിരുവനന്തപുരം കൈതമുക്ക് ഒറ്റുകാല്‍ തെരുവിലെ ഗോകുലം വീട്ടില്‍ സുന്ദരരാജന് പോറ്റി. അഭിഭാഷകനായ അയല്ക്കാരന്റെ ധാര്‍ഷ്ട്യം പിന്നീട് ജനരോഷത്തിന് വഴിവെക്കുകയും മതില് പൊളിക്കുകയും ചെയ്തു. ഒടുവില്‍ തിരിച്ചു പോവുമ്പോള്‍ ഉണ്ടാവില്ല കൈയിലൊന്നും എന്നറിഞ്ഞിട്ടും കൂട്ടിപ്പിടിച്ചിരിക്കുന്നവരോട് ഒന്നേ പറയാനുള്ളു: നമഃശിവായ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: