കോഴിക്കോട്: മൂന്നാര്‍ കേസില്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ചുള്ള വിധി പഠിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള എല്ലാ നടപടിയുമെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്നാര്‍ ഓപ്പറേഷനില്‍ തെറ്റുപറ്റിയതായി ബോധ്യപ്പെട്ടാല്‍ തിരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പബ്ലിസിറ്റി സ്റ്റണ്ടില്‍ സര്‍ക്കാരിന് വിശ്വാസമില്ലെന്നും വിധി എതിരാകുമ്പോള്‍ ജഡ്ജിമാരെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാര്‍ കയ്യേറ്റം നിയമവിരുദ്ധമായിരുന്നെന്നും കയ്യേറ്റം ഒഴിപ്പിക്കലിന്റെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.
പ്ളസ്ടു സ്കൂള്‍ അനുവദിക്കുന്നതിന് പകരം ലീഗ് നേതാക്കള്‍ കോഴ ആവശ്യപ്പെട്ടു എന്ന എംഇഎസ് മേധാവി ഫസല്‍ ഗഫൂറിന്റെ ആരോപണം തെറ്റിദ്ധാരണ കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നോട് ഫസല്‍ ഗഫൂര്‍ കോഴ ആരോപണത്തെ കുറിച്ച് പറഞ്ഞിട്ടില്ല. ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി കുട്ടിച്ചേര്‍ത്തു.
പ്ളസ്ടു ബാച്ച് അനുവദിക്കുന്നതിന് ഭരണകക്ഷിയില്‍പ്പെട്ട ചിലര്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണവുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഇന്നലെയാണ് രംഗത്ത് എത്തിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഇഎസ് പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളില്‍ പ്ലസ് ടു ബാച്ച് അനുവദിച്ചതില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. സുതാര്യമായല്ല കാര്യങ്ങള്‍ നടന്നിട്ടുള്ളത്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: