ജനീവ: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി. ആക്രമണത്തെക്കുറിച്ഛ് മനുഷ്യാവകാശ സമിതി അന്വേഷിക്കും. പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. ഇസ്രായേലും പലസ്തീനും സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
സമിതിയിലെ 46 അംഗങ്ങളില്‍ ഇന്ത്യയടക്കം 29 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളും ഇറ്റലി, ദക്ഷിണ കൊറിയ എന്നിവയടക്കം 17 അംഗങ്ങള്‍ വിട്ടുനിന്നു. യു.എസ് പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തു. പാക്കിസ്ഥാന്, മാലിദ്വീപ്, ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തിന് ശക്തമായ പിന്തുണയാണ് നല്‍കിയത്. അറബ് രാജ്യങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് സമിതി അടിയന്തര യോഗം വിളിച്ചത്.
ഇസ്രായേല്‍ ആക്രമണം യുദ്ധക്കുറ്റമാണെന്ന് സമിതി ഹൈക്കമ്മീഷണര്‍ നവിപിള്ള വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹമാസിന്റെ നടപടിയെയും പ്രമേയം അപലപിക്കുന്നുണ്ട്. റോക്കറ്റ് ആക്രമണങ്ങളില്‍ നിന്നും പേടികൂടാതെ ജീവിക്കാന്‍ ഇസ്രായേലികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. കിഴക്കന്‍ ജറുസലേം അടക്കം പലസ്തീന് അധീന മേഖലയില്‍ രാജ്യാന്തര നിയമം പാലിക്കണമെന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട യു.എന്‍ സമിതി ഗാസയിലേക്ക് ഇസ്രായേല്‍ നടത്തുന്ന വ്യോമക്രമണം സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരുടെ ദാരുണാന്ത്യത്തിനും കനത്ത സാമ്പത്തിക നഷ്ടത്തിനുമാണ് ഇടവരുത്തുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
ഏറ്റുമുട്ടലില്‍ ഇതിനകം 750 ഓളം പലസ്തീന് പൗരന്മാരും 30 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേിന്റെത് നിഷ്ഠൂരമായ യുദ്ധകുറ്റമാണെന്ന് പലസ്തീന് വിദേശകാര്യമരന്തി റിയാദ് അല്‍മാലികി ആരോപിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ കനത്ത നാശം വിതച്ചു കഴിഞ്ഞു. 2500 ഓളം വീടുകള്‍ തകര്‍ന്നുവെന്നും മാലികി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: