പാലക്കാട്: വിവാദമായ കുട്ടിക്കടത്തില്‍ ഝാര്‍ഖണ്ഡ് പോലീസ് കേസെടുക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പോലീസും പ്രഖ്യാപിച്ച അന്വേഷണത്തിനു പുറമേയാണിത്. ഇതോടെ നൂറുകണക്കിന് കുട്ടികളെ കേരളത്തിലെ അനാഥാലയത്തിലേക്ക് കടത്തിയ വിവാദസംഭവം പുതിയ വഴിത്തിരിവിലായി.
മുസ്ലിം ലീഗിന്റെ ഭീഷണിക്കു വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചെങ്കിലും ഝാര്ഖണ്ഡ്സര്ക്കാര് പ്രശ്നം ഗൗരവകരമായിക്കണ്ട് അന്വേഷണം ശക്തമാക്കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് അവിടെ നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം കേരളത്തിലെത്തി അന്വേഷണം ഊര്‍ജിതമാക്കിയത്.
ഝാര്‍ഖണ്ഡില്‍ നിന്നും രേഖകളില്ലാതെ കേരളത്തിലേക്ക് കുട്ടികളെ എത്തിച്ചതില്‍ മുക്കത്തെ അനാഥാലയത്തിന് പങ്കുണ്ടെന്ന് ഝാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. അനാഥാലയത്തിനെതിരെ മനുഷ്യക്കടത്തിന് കേസെടുക്കുമെന്നും അവര്‍ പറഞ്ഞു. കേസന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്ടെത്തിയതായിരുന്നു സംഘം. ഝാര്‍ഖണ്ഡിലെ ഗോണ്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പാലക്കാട്ടെത്തിയത്.
കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്ത രണ്ട് ഝാര്‍ഖണ്ഡ് സ്വദേശികളെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും അനാഥാലയത്തിനെതിരെ കേസെടുക്കുക. സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് പര്‍വേസ് ആലത്ത്, ഷക്കീല്‍ അക്തര്‍ എന്നിവരെയാണ് പോലിസ് കഴിഞ്ഞ മാസം അറസ്റ്റുചെയ്തത്. കുട്ടികളെ കടത്തിയകേസ് കേരളത്തില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘവും അന്വേഷിക്കുന്നുണ്ട്. കേസിന്റെ ഗൗരവം കുറയ്ക്കാന്‍ തട്ടികൂട്ടിയതാണ് ഈ അന്വേഷണമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോഴികളെ കടത്തും പോലെയാണ് കുട്ടികളെ കടത്തിയതെന്നു പറഞ്ഞ കോടതി സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കടത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: