തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം സംസ്ഥാനത്ത് 699 പ്ലസ് വണ്‍ ബാച്ചുകള്‍കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകളില്‍ 131 സ്കൂളുകള്‍ പുതുതായി അനുവദിക്കും. ഇതില്‍ 43 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 88 എയ്ഡഡ് സ്കൂളുകളുമായിരിക്കും. ഇവിടെ ഒരു ബാച്ച് വീതമായിരിക്കും അനുവദിക്കുക. സീറ്റ് ക്ഷാമം നേരിടുന്ന എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ 18 സര്‍ക്കാര്‍ സ്കൂളുകളും 77 എയ്ഡഡ് സ്കൂളുകളും അടക്കം 95 പുതിയ സ്കൂളുകള്‍ ആരംഭിക്കും. ഇവിടങ്ങളിലെ ഹൈസ്കൂളുകള്‍ ഹയര്‍സെക്കന്ററി ആയി അപ്ഗ്രേഡ് ചെയ്യാനാണ് തീരുമാനം. ബാക്കി 14 ജില്ലകളിലും അധികബാച്ചുകളായുമാണ് ആകെ 699 ബാച്ചുകള്‍ ആരംഭിക്കുന്നത്.
അധിക ബാച്ചുകള്‍ അനുവദിച്ചതില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. മലപ്പുറം ജില്ലയില്‍ 121 ഹയര്‍സെക്കന്ററി സ്കൂളുകളിലാണ് അധിക ബാച്ച് അനുവദിച്ചത്. രണ്ട് ബാച്ചുകള്‍ അനുവദിച്ചതിലേറെയും മലപ്പുറത്താണ്. 22 സ്കൂളുകള്‍ക്ക് മലപ്പുറത്ത് രണ്ടു ബാച്ചുകള്‍ വീണ്ടും അനുവദിച്ചു. തൊട്ടുപിന്നില്‍ കോഴിക്കോട് ജില്ലയാണ്. കോഴിക്കോട്ടു നിലവിലുള്ള ഹയര്‍സെക്കന്ററി സ്കൂളില്‍ പുതുതായി 52 ബാച്ചുകളാണ് അനുവദിച്ചത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് 21 ബാച്ചുകളും കൊല്ലത്ത് 24 ബാച്ചുകളും അനുവദിച്ചു. പത്തനംതിട്ടയില്‍ 39 സ്കൂളുകളില്‍ അധിക ബാച്ച് അനുവദിച്ചപ്പോള്‍ ആലപ്പുഴയില്‍ 14 ഉം, കോട്ടയത്ത് 25 ഉം അധിക ബാച്ചുകള്‍ അനുവദിച്ചു. ഏറ്റവും കുറവ് അധിക ബാച്ച് ഒന്‍പത് ബാച്ചുകള്‍ മാത്രം അനുവദിച്ച ഇടുക്കിയാണ്. എറണാകുളത്ത് 37 ഉം, തൃശൂരില്‍ 21 ഉം, പാലക്കാട്ട് 35 ഉം അധിക ബാച്ചുകള്‍ക്ക് അനുമതിയായി. വയനാട് ജില്ലയില്‍ 15ളം കണ്ണൂരില്‍ 25 ഉം കാസര്‍കോട്ട് 18 ളം അധിക ബാച്ചുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
നാല്‍പ്പത് കുട്ടികളില്‍ കുറവുള്ള സ്കൂളുകളില്‍ ബാച്ചുകള്‍ അനുവദിക്കില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. 40 കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ലാസുകള്‍ തുടങ്ങാന്‍ കഴിയില്ല. അംഗീകാരം റദ്ദാക്കില്ലെങ്കിലും അടുത്ത വര്‍ഷം 40 കുട്ടികളെ കണ്ടെത്തിയാലേ ബാച്ചുകള്‍ ആരംഭിക്കാന്‍ കഴിയൂ. ഗസ്റ്റ് ലക്ചറര്മാരെയായിരിക്കും എയ്ഡഡ് സ്കൂളുകളില്‍ നിയമിക്കുക. എയ്ഡഡ് മാനേജ്മെന്റിനായിരിക്കും ഇതിന്റെ നിയന്ത്രണം. ഒരിടത്തും പുതിയ തസ്തിക അനുവദിക്കില്ല. രണ്ടുവര്‍ഷത്തെ നിരീക്ഷണത്തിനുശേഷം അധ്യാപകര്‍ ആവശ്യമാണെന്ന് തെളിഞ്ഞാല്‍ മാത്രമേ തസ്തികകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കൂ. സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകബാങ്കില്‍ നിന്നും യോഗ്യരായ അധ്യാപകരെ നിയമിക്കും.
നിലവിലുള്ള ഹയര്‍സെക്കന്‍ന്ററി സ്കൂളുകളില്‍ അനുവദിക്കുന്ന അധിക ബാച്ചുകളിലേക്ക് പ്രവേശനം ഏകജാലക സംവിധാനത്തിലൂടെയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. എന്നാല്‍ എറണാകുളം മുതല്‍ കാസര്‍കോട് വരെ അപ്ഗ്രേഡ് ചെയ്ത സ്കൂളുകളില്‍ പ്രവേശനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. നിലവിലെ സംവരണ, മെറിറ്റ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ ബാച്ചുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്കൂളുകളില്‍ പ്രവേശനം നേടുന്നതിന് ടിസി വാങ്ങിയാല്‍ മതി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്കായി നിലവിലെ സംവരണ തത്വമനുസരിച്ചുള്ള സീറ്റുകളുടെ വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: