ബംഗളൂര്: ബംഗളൂരിലെ സ്ക്കൂളില്‍ ആറ് വയസ്സുകാരി പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ബലാത്സംഗം സംബന്ധിച്ച വിഷയങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ ഉള്പ്പെടുത്താറുള്ളോ എന്ന ചോദ്യമാണ് കര്‍ണാടക മുഖ്യമന്ത്രിയെ വിവാദത്തില്‍ കുടുക്കിയിരിക്കുന്നത്.
വിഷയത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് സിദ്ധരാമയ്യ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. സിദ്ധ രാമയ്യരുടെ പരാമര്‍ശം പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും നിരവധി സാമൂഹ്യ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.
അതേസമയം കേസില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതൃത്വം വഹിക്കുന്ന പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രസ്താവനയെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രസ്താവനകള്‍ നടത്തുന്നതിന് പകരം വിഷയത്തില്‍ അനുയോജ്യമായ നടപടികളാണ് കര്‍ണാടക മുഖ്യമന്ത്രി എടുക്കേണ്ടിയിരുന്നതെന്ന് വനിത കമ്മീഷന്റെ ഷാമിന ഷഫീഖ് കുറ്റപ്പെടുത്തി.
അതിനിടെ വിഷയത്തില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എവിടെയെല്ലാം ഗുണ്ടാനിയമം പ്രയോഗിക്കാമോ അവിടെയെല്ലാം പ്രയോഗിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ജൂലൈ രണ്ടിനാണ് രാജ്യത്തെ തന്നെ നാണക്കേടിലാക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് ബീഹാറില്‍ ഒളിച്ചു കഴിയുകയായിരുന്ന സ്ക്കേറ്റിംഗ് അധ്യാപകന് മുസ്തഫയെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: