ആസാമില്‍ മന്ത്രിയും 31 എംഎല്‍എമാരും രാജിവച്ചു
ഗുവാഹതി: ആസാമില്‍ മുതിര്‍ന്ന നേതാവ് തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നു. ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ ശര്‍മയുടെ നേതൃത്വത്തില്‍ 31 എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഹൈക്കമാന്റ് നടത്തുന്ന ഇടപെടല്‍ തൃപ്തികരമല്ലെങ്കില്‍ വിമതര്‍ മുഖ്യമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരും. അതോടെ സര്‍ക്കാര്‍ വീഴും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആസാമില്‍ കോണ്‍ഗ്രസ് തോറ്റു തുന്നംപാടിയിരുന്നു. ആകെയുള്ള 14 ല്‍ ഏഴുസീറ്റും ബിജെപി നേടി. കോണ്‍ഗ്രസിന് മൂന്ന്സീറ്റേ കിട്ടിയുള്ളൂ. ഇതേത്തുടര്‍ന്നാണ് ഗൊഗോയിക്കെതിരെ വിമതര്‍ നീക്കമാരംഭിച്ചത്. ഗൊഗോയിയെ നീക്കണമെന്ന് വിമതര്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടെങ്കിലും അനങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് വിമതര്‍ പടയൊരുക്കം ശക്തമാക്കിയത്.
ഗൊഗോയി രാജിവച്ചേതീരൂ എന്നാണ് തങ്ങളുടെ നിലപാടെന്നും കൂടുതല്‍ എംഎല്‍എമാര്‍ ഒപ്പം വരുമെന്നും പറഞ്ഞ ശര്‍മ്മ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി തുടര്‍ന്നും പോരാടുമെന്ന് പറഞ്ഞു.
ഇപ്പോള്‍ 31 എംഎല്‍എമാരാണ് കൂടെയുള്ളതെങ്കിലും വരുംദിവസങ്ങളില്‍ കൂടുതല്‍ വിമതര്‍ ശര്‍മ്മയുടെ പക്ഷത്ത് എത്തുമെന്നാണ് സൂചന.
126 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 77 അംഗങ്ങളുണ്ട്. അവരില്‍ മന്ത്രിയടക്കം 32 പേരാണ് രാജിവച്ചത്. സര്‍ക്കാരിനിപ്പോള്‍ 45 പേരുടെ പിന്തുണയേയുള്ളൂ. കേവല ഭൂരിപക്ഷത്തിന് 64 പേരുടെ പിന്തുണ വേണം.
മുഖ്യപ്രതിപക്ഷകക്ഷിയായ എഐ യുഡിഎഫിന് പതിനേഴും ബിപിഎഫിന് 12 ഉം എജിപിക്ക് ഒന്‍പതും ബിജെപിക്ക് അഞ്ചും അംഗങ്ങളാണ്. 78 കാരനായ ഗൊഗോയി 2001 മുതല്‍ ആസാമില്‍ മുഖ്യമന്ത്രിയാണ്. മൂന്ന് നിയസസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചയാളാണ് ഗൊഗോയി. ആറ് തവണ എംപിയായും തെരഞ്ഞെടുക്കപ്പെട്ടു.
കെപിസിസി പ്രസിഡന്റിനെതിരെ വക്കം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മിസോറാം ഗവര്‍ണ്ണറുമായിരുന്ന വക്കം പുരുഷോത്തമന്. മദ്യനയം സംബന്ധിച്ച സുധീരന്റെ നയം ശരിയല്ലെന്നു പറഞ്ഞ വക്കം സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമല്ലെന്നും ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ആദര്‍ശപരമായ നിലപാട് രാഷ്ട്രീയത്തിന് നല്ലതുതന്നെ. എന്നാല്‍ അത് പ്രായോഗികമാണോയെന്നും നോക്കണം. പ്രായോഗികമല്ലെങ്കില്‍ ആദര്‍ശത്തിന് അയവുവരുത്തണം, വക്കം വ്യക്തമാക്കി.
അതിനിടെ പാര്‍ട്ടി അച്ചടക്ക നടപടിക്കു വിധേയനായി സ്ഥാനം നഷ്ടപ്പെട്ട പ്രതാപവര്മ്മത്തമ്പാന് സുധീരനെതിരേ ഹൈക്കമാന്റിനു പരാതി നല്കി. സംസ്ഥാനത്തുനിന്ന് ഒട്ടേറെ പരാതികള്‍ ഹൈക്കമാന്റിനു മുന്നിലെത്തിയിട്ടുണ്ട്.
ഹരിയാനയിലും ചേരിപ്പോര്
ഹിസാര്‍: ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡെയ്ക്കെതിരെ പാര്‍ട്ടിയില്‍ വിമത പ്രശ്നം ഉരുണ്ടുകൂടുന്നു. എംപിയായ ചൗധരി വീരേന്ദ്ര സിംഗാണ് മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അടിയന്തരമായി നേതൃമാറ്റം വേണമെന്നും ഇല്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും, ലോക്സഭാ തെരഞ്ഞെടുപ്പിലെന്ന പോലെ കനത്ത തോല്‍വി ഏല്‍ക്കേണ്ടി വരുമെന്നുമാണ് ചൗധരി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യസഭാ എംപിയാണ് ചൗധരി. കഴിഞ്ഞ പത്തു വര്‍ഷമായി ഹൂഡയാണ് മുഖ്യമന്ത്രി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് കിട്ടിയത് 20 ശതമാനം വോട്ടുമാത്രമാണ്. ഈ സാഹചര്യത്തില്‍ ഈ നേതൃത്വത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചുവെന്ന് ചൗധരി പറഞ്ഞു.
ലോക്സഭാതെഞ്ഞെടുപ്പില് വന്‍തോല്‍വി ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് ചൗധരി അന്നു മുതല്‍ക്കെ ഹൂഡയ്ക്കെതിരെ രംഗത്തു വന്നിരുന്നു. ഹരിയാനയിലെ കരുത്തനായ ജാട്ട് നേതാവാണ് ചൗധരി വീരേന്ദ്ര സിംഗ്.
മഹാരാഷ്ട്രയിലും കലഹം, റാണെ രാജിവച്ചു
മുംബൈ: ആസാമിനു പുറമേ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് സര്‍ക്കാരില്‍ കലഹം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞ വ്യവസായ മന്ത്രി നാരായണ്‍ റാണെ ഇന്നലെ രാജിവച്ചു. ഇതോടെ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി പ്രഥ്വീരാജ് ചൗഹാനെതിരായ ചേരിപ്പോര് പുതിയ വഴിത്തിരിവിലെത്തി. അടുത്ത വര്‍ഷം മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗൗരവമേറിയ സംഭവങ്ങള്‍. ഇന്നലെ രാവിലെ മുഖ്യമന്ത്രിയെ കണ്ട് റാണെ രാജിക്കത്ത് നല്‍കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടില്ല.
2005ല്‍ ശിവസേന വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണ് റാണെ. തനിക്ക് ഇതുവരെ അര്‍ഹതയുള്ള സ്ഥാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന പരാതി റാണെയ്ക്കുണ്ട്. ജൂലൈ 19ന് കങ്കവാലിയില് നടന്ന പൊതുപരിപാടിയില്‍ റാണെ മുഖ്യമന്ത്രി പ്രഥ്വീരാജ് ചൗഹാനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേ നേതൃത്വത്തിന് കീഴില്‍ മല്‍സരിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമാകില്ലെന്നാണ് റാണെ അന്ന് തുറന്നടിച്ചത്. മകന് നീലേഷ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിനെത്തുടര്‍ന്ന് റാണെ രാജിനല്കിയിരുന്നെങ്കിലും അന്ന് അത് സ്വീകരിച്ചിരുന്നില്ല.
മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നു. എംഎല്‍എമാരായ അസിത് കുമാര്‍ മാല്, ഗുലാം റബ്ബാനി, ഉമാപദ ബൗരി എന്നിവരാണ് മമതക്കൊപ്പം പോയത്. സിപിഎം എംഎല്‍എമാരായ ഛായ ഭൊലോയിയും പാര്‍ട്ടിവിട്ട് തൃണമൂലില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: