ന്യൂദല്‍ഹി: അഴിമതി ആരോപണങ്ങളുയര്‍ന്ന മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയെ യുപിഎ സര്‍ക്കാര്‍ സംരക്ഷിച്ചെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് അവഗണിച്ച് മൂന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാര്‍ ഇതേ ജഡ്ജിക്ക് സ്ഥാനക്കയറ്റം നല്‍കിയെന്നും മുന്‍ സുപ്രീംകോടതി ജസ്റ്റീസും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു ആരോപിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ന്യായാധിപ നിയമനത്തിനെതിരായ ജസ്റ്റീസ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എഐഎഡിഎംകെ നടത്തിയ പ്രതിഷേധത്തില്‍ രാജ്യസഭ ഇന്നലെ ഉച്ചവരെ നിര്‍ത്തിവെയ്ക്കേണ്ടിവന്നു.
ജസ്റ്റീസ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ജില്ലാ ജഡ്ജിയായി നേരിട്ട് നിയമിതനായ മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായ വ്യക്തിക്കെതിരെ എട്ടോളം ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി എത്തിയതു മുതല്‍ ഇയാള്‍ക്കെതിരായ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഐ.ബിയെക്കൊണ്ട് അന്വേഷിക്കണമെന്ന് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആര്.സി ലഹോട്ടിയോട് ആവശ്യപ്പെട്ടു. ഐ.ബിയുടെ അന്വേഷണത്തില്‍ നിരവധി തെളിവുകളാണ് ജഡ്ജിക്കെതിരെ ലഭിച്ചത്. ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റീസ് നേരിട്ട് വിളിച്ചു പറയുകയും ചെയ്തു.
ആരോപണ വിധേയനായ ജഡ്ജിയുടെ കാലാവധി പൂര്‍ത്തിയായ സമയമായിരുന്നതിനാല്‍ ഇനി നീട്ടിനല്‍കില്ലെന്ന പ്രതീക്ഷ തകര്‍ത്ത് ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്കുന്ന കാഴ്ചയാണ് കണ്ടത്. സുപ്രീംകോടതി കൊളീജിയം ഇയാളുടെ കാലാവധി നീട്ടരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി പിന്നീട് മനസ്സിലായി. എന്നാല്‍ ആരോപണവിധേയനായ ജഡ്ജിയെ പിന്തുണച്ച് തമിഴ്നാട്ടിലെ ഒരു ഘടകകക്ഷി വിദേശ സന്ദര്‍ശനത്തിന് പുറപ്പെടുന്ന പ്രധാനമന്ത്രി മന്മോഹന്സിങിനെക്കണ്ട് സര്‍ക്കാര്‍ വീഴുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രശ്നം പരിഹരിച്ചോളാമെന്ന് പറഞ്ഞ് മന്‍മോഹന്‍സിങിനെ സമാധാനിപ്പിച്ച് വിദേശയാത്രയ്ക്ക് അയച്ച കേന്ദ്രമന്ത്രി, ആരോപണവിധേയനായ ജഡ്ജിയെ പുറത്താക്കിയാല്‍ കേന്ദ്രത്തില്‍ ഭരണപ്രതിസന്ധി ഉണ്ടാകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ധരിപ്പിച്ചതോടെ കാലാവധി നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: