ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍ പാര്‍ട്ടി സ്വീകരിച്ച് പരാജയപ്പെട്ട അടവുനയങ്ങളെപ്പറ്റി വീണ്ടുവിചാരത്തിന് തയ്യാറായി സിപിഎം കേന്ദ്രനേതൃത്വം. വിവിധ തെരഞ്ഞെടുപ്പുകളിലുള്‍പ്പെടെ വര്‍ഷങ്ങളായി പാര്‍ട്ടി സ്വീകരിച്ച അടവുനയങ്ങളെല്ലാം പരാജയമാണെന്ന വിലയിരുത്തലോടെ രണ്ടു ദിവസമായി ദല്‍ഹിയില്‍ നടന്നുവന്ന സിപിഎം പോളിറ്റ് ബ്യൂറോ സമാപിച്ചു.
മുന്‍വര്‍ഷങ്ങളില്‍ സ്വീകരിച്ച അടവുനയങ്ങളാണ് സിപിഎം പുന:പരിശോധിക്കുന്നത്. പതിവിനു വിപരീതമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ തീരുമാനങ്ങളാണ് പാര്‍ട്ടി പുനപരിശോധിക്കാന്‍ തയ്യാറെടുക്കുന്നത്. 1990കളില്‍ ഉദാരവല്‍ക്കരണ കാലം മുതലുള്ള സാഹചര്യങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ വീണ്ടും വിശകലനം ചെയ്യാനാണ് പാര്‍ട്ടി തീരുമാനം. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ വന്ന പരാജയങ്ങളാണ് പാര്‍ട്ടിയെ രാജ്യത്ത് പിന്നോട്ടടിച്ചതെന്നാണ് പി.ബി യോഗത്തിലെ വിലയിരുത്തല്‍. പാര്‍ട്ടി നിലപാടുകള്‍ പരാജയപ്പെട്ടത് സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ പഠിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
അടുത്തവര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവലോകന രേഖ അവതരിപ്പിക്കും. ഏപ്രില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആന്ധ്രാപ്രദേശ്,ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും സംഘടിപ്പിക്കുന്നത്.
അടവുനയങ്ങള്‍ക്ക് പുറമേ ബഹുജന സമരങ്ങളുടെ സ്വഭാവം പരിഷ്ക്കരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടത്തും. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഉള്‍ക്കൊണ്ട് എന്തെല്ലാം മാറ്റങ്ങള്‍ ആവശ്യമാണെന്ന് പരിശോധിക്കും. ആഗസ്ത് 8 മുതല്‍ 10 വരെ നടക്കുന്ന കേന്ദ്രകമ്മറ്റി യോഗങ്ങളില്‍ അവലോകന ചര്‍ച്ചകള്‍ നടക്കും.
കേരളത്തിലെയും ബംഗാളിലേയും വര്‍ദ്ധിച്ചുവരുന്ന ബിജെപി സ്വാധീനമാണ് നയങ്ങള്‍ പുന:പരിശോധിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. സിപിഎമ്മിന് സ്വാധീനം ബാക്കിയുള്ള ഇരുസംസ്ഥാനങ്ങളിലും ബിജെപിയിലേക്ക് യുവാക്കള്‍ കൂട്ടത്തോടെ ഒഴുകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേതൃത്വത്തിന്റെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. ത്രിപുരയില്‍ പോലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി ബിജെപി ഭരണം പിടിച്ചടക്കിയതും മുന്‍നിലപാടുകള്‍ പരിശോധിക്കുന്നതിന് സിപിഎമ്മിനെ നിര്‍ബന്ധിതമാക്കി. എക്കാലത്തും സിപിഎമ്മിനൊപ്പം നിന്ന ജനസമൂഹങ്ങള്‍ ബിജെപിക്കൊപ്പം പോകുന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ ആശങ്കകള്‍ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: