അമേരിക്കന്‍ നാവിക സേനയുടെ ചരിത്രം മാറ്റി എഴുതപ്പെട്ടിരിക്കുന്നു, ഒരു വനിതയിലൂടെ. ഒന്നും രണ്ടുമല്ല, 239 വര്‍ഷത്തോളം പഴക്കമുള്ള ചരിത്രം.
ചരിത്രം എന്താണെന്നല്ലെ, നാവികസേനയില്‍ ആദ്യമായി ഒരു വനിതയ്ക്ക് ഫോര്‍ സ്റ്റാര്‍ അഡ്മിറല്‍ പദവി ലഭിച്ചിരിക്കുന്നു. മിഷേല്‍ ഹൊവാഡെന്ന 54 കാരിക്കാണ് ഈ ബഹുമതി ലഭിച്ചത്. യുഎസ് നാവിക സേനയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ അപൂര്‍വ്വ നേട്ടമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി റിയര്‍ അഡ്മിറല്‍ ജോണ്‍ കിര്‍ബി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. 32 വര്‍ഷമായി യുഎസ് നാവികസേനയില്‍ ജോലി ചെയ്യുന്ന ഒരു വനിത ചരിത്രം മാറ്റിയെഴുമ്പോള് അതൊരു ചെറിയ കാര്യമല്ല.
ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ വനിതാ അഡ്മിറലാണ് മിഷേല്‍ ഹൊവാഡ്. 2009-ല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും കാപ്റ്റന്‍ റിച്ചാര്‍ഡ് ഫിലിപ്പ്സിനെ മോചിപ്പിച്ച ദൗത്യത്തിനുശേഷമാണ് മിഷേല്‍ അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തയാകുന്നത്. വലിയൊരു ദൗത്യത്തെ മുന്നില്‍ നിന്ന് നയിക്കുക, അത് വിജയിപ്പിക്കുക എന്നത് നിസാര കാര്യമായിരുന്നില്ല. ആത്മവിശ്വാസത്തോടെ പോരാടി. അത് മിഷേലിന്റെ ജീവിതത്തിലെ വഴിത്തിരിവായി. പിന്നീട് പ്രശംസയുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹം. ആ സംഭവത്തിനുശേഷം ഇന്നുവരെ ഈ വനിതക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തണമെന്നാണ് മിഷേലിന്റെ പക്ഷം. സ്വന്തം ജീവിതത്തില്‍ ഇത് പ്രാവര്ത്തികമാക്കാനായതാണ് നേട്ടങ്ങള്‍ തന്നെ തേടിയെത്താന്‍ കാരണമെന്നും മിഷേല്‍ പറയുന്നു.
അമേരിക്കന്‍ നാവിക സേനയില്‍ പരിശീലനത്തിനായി പ്രവേശിച്ചതുമുതല്‍ നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്താണ് ഈ വനിത മുന്നേറിയത്. 54-ാമത്തെ വയസിലും ഒരു പ്രതിസന്ധികളിലും തളരാതെയാണ് മിഷേല്‍ നാവികസേനയെ മുന്നില്‍ നിന്ന് നയിക്കുന്നത്.
2006-ലാണ് റിയര്‍ അഡ്മിറല്‍ റാങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം ജൂലൈ ഒന്നിനാണ് നാവികസേനയുടെ ഫോര്‍ സ്റ്റാര്‍ പദവി മിഷേലിന് ലഭിച്ചത്.
യുഎസ് എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനായിരുന്ന നിക് ഹോവാഡിന്റെയും ഫിലിപ്പയുടെയും മകളായി അമേരിക്കയിലാണ് മിഷേലിന്റെ ജനനം. 1978-ല്‍ കൊളറാഡോയിലെ ഗേറ്റ്വേ സ്കൂളില്‍ നിന്ന് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1982-ല്‍ അമേരിക്കന്‍ നാവിക അക്കാദമിയില്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1998-ല്‍ മിലിറ്ററി ആര്‍ട്സ് ആന്റ് സയന്‍സസില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. നാവികസേനയുടെയും പ്രതിരോധ സേനയുടെയും അടക്കം നിരവധി ബഹുമതികളും മിഷേല്‍ ഹൊവാഡിന് ലഭിച്ചിട്ടുണ്ട്. നാവികസേനയുടെ പരമോന്നത ബഹുമതിയാണ് ഫോര്‍ സ്റ്റാര്‍ പദവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: