കുമളി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി യോഗത്തില്‍ കേരളത്തിന് തിരിച്ചടി. ഇന്നലെ കുമളിയില്‍ നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധി അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ കുര്യന് ഉന്നയിച്ച മൂന്നു നിര്‍ദ്ദേശങ്ങളും ഉന്നതാധികാര സമിതി ചെയര്മാന് എല്‍.ഒ.വി നാഥന് തള്ളിയതോടെ തമിഴ്നാടിന്റെ വാദമുഖങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരമായി. ഇതോടെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുള്ള നടപടികളിലേക്ക് തമിഴ്നാട് പ്രവേശിച്ചു.
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമ്പോള്‍ ട്രൈബല്‍ ആക്ട്, വനം വന്യജീവി സംരക്ഷണ നിയമം, വന സംരക്ഷണ നിയമം എന്നീ കേന്ദ്ര നിയമങ്ങള്‍ പാലിക്കണമെന്നാണ് കേരളത്തിന്റെ പ്രതിനിധി വി.ജെ. കുര്യന് യോഗത്തില്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ തമിഴ്നാട് പ്രതിനിധി ഡോ. സായികുമാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉന്നതാധികാര സമിതി ചെയര്മാന് എല്‍.ഒ.വി നാഥന് തമിഴ്നാടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളപ്പെടുകയായിരുന്നു.
ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത് തമിഴ്നാടിന് ആവശ്യമായ ജലം ലഭിക്കുന്നതിന് വേണ്ടിയാണെന്നും മറ്റ് വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നതില്‍ അടിസ്ഥാനമില്ലെന്നും ഉന്നതാധികാര സമിതി ചെയര്മാന് യോഗത്തില്‍ വ്യക്തമാക്കി.
ആഴ്ചയില്‍ ഒരിക്കല്‍ തമിഴ്നാട്ടിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കേരളത്തിലെ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് പരിശോധന നടത്തണമെന്ന തീരുമാനവും ഉണ്ടായി. ഇതിനായി ഒരു സബ് കമ്മറ്റിയും രൂപീകരിക്കപ്പെട്ടു. സബ് കമ്മറ്റിയുടെ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നതിനായി ഉന്നതാധികാര സമിതി ആഗസ്റ്റ് 10ന് വീണ്ടും യോഗം ചേരും.
ഇന്നലെ രാവിലെ സമിതി അധ്യക്ഷന്‍ എല്‍.ഒ.വി നാഥന്, തമിഴ്നാട് പ്രതിനിധി ഡോ.എം സായികുമാര്‍, കേരള പ്രതിനിധി അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ കുര്യന് എന്നിവരടങ്ങുന്ന സംഘം മുല്ലപ്പെരിയാര്‍ ഡാമില്‍ സന്ദര്‍ശനം നടത്തി.
രാവിലെ പതിനൊന്നരയോടെ തേക്കടിയില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ ബോട്ടിലാണ് സംഘം മുല്ലപ്പെരിയാറിലെത്തിയത്. മെയിന്‍ ഡാം, സ്പില്‍വേ, ഗാലറി, ബേബി ഡാം, എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ സംഘം ഉച്ചതിരിഞ്ഞ് രണ്ടരയോടെ തേക്കടിയില്‍ മടങ്ങിയെത്തി. തുടര്‍ന്ന് കാര്‍ഡമം കൗണ്ടി ഹോട്ടലില്‍ യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് കേരളത്തെ നിരാശപ്പെടുത്തുന്ന തീരുമാനം ഉണ്ടായത്.
ഇതിനിടെ മുല്ലപ്പെരിയാറില്‍ സ്പില്‍വേ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തിയിരിക്കുന്ന തമിഴ്നാടിന് ഇന്നലത്തെ തീരുമാനത്തോടെ കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് അവസരം കൈവന്നിരിക്കുകയാണ്. ഇന്നു മുതല്‍ ഇത് ആരംഭിക്കുമെന്നാണ് സൂചന. സ്പില്‍വേയുടെ 13 തൂണുകളിലും ജലനിരപ്പിന്റെ അളവ്ഇതിനകം തന്നെ തമിഴ്നാട് 142 അടിയായി രേഖപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: