ന്യൂദല്‍ഹി: പ്രതിരോധ വകുപ്പിലെ കോടികളുടെ ടെട്ര ട്രക്ക് അഴിമതിക്കേസില്‍ മുന്‍പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സിബിഐ പ്രധാന സാക്ഷിയാക്കി. ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിങ് അന്നത്തെ കരസേനാ മേധാവി ജനറല്‍ വി.കെ. സിങിന് കോഴ വാഗ്ദാനം ചെയ്ത കാര്യം അറിയാമായിരുന്നെന്ന് ആന്റണി സിബിഐയോടു സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ നടപടി. യുപിഎ ഭരണത്തില്‍ പ്രതിരോധ വകുപ്പില്‍ നടന്ന കോടികളുടെ കോഴക്കേസില്‍ അന്നത്തെ പ്രതിരോധമന്ത്രി തന്നെ സാക്ഷിയാകുന്നത് അസാധാരണമാണ്.
നിലവാരം കുറഞ്ഞ 1676 ടെട്ര ട്രക്കുകള്‍ കരസേനയിലേക്ക് വാങ്ങാന്‍ മുന്‍ കരസേനാധിപന് വി.കെ. സിങിന് മുന്‍ ലഫ്.ജന. തേജീന്ദര്‍ സിങ് കോഴ വാഗ്ദാനം ചെയ്ത കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എ.കെ. ആന്റണിയെ സാക്ഷിയാക്കിയത്. യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയും മുമ്പ് മെയ് മാസം ആദ്യം എ.കെ. ആന്റണിയില്‍ നിന്ന് സിബിഐ മൊഴി രേഖപ്പെടുത്തിയിരുന്നു. കരസേനാധിപന്റെ ഓഫീസിനുള്ളില്‍ വി.കെ. സിങിന് തേജീന്ദര്‍സിങ് കോഴ വാഗ്ദാനം ചെയ്ത കാര്യം ഉടന്‍ തന്നെ വി.കെ. സിങ് തന്നെ അറിയിച്ചിരുന്നതായി എ.കെ. ആന്റണി സിബിഐയോട് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടിച്ചട്ടം 161 അനുസരിച്ച് എ.കെ. ആന്റണിയില്‍ നിന്ന് സിബിഐ വാങ്ങിയ മൊഴി കേസില്‍ നിര്‍ണ്ണായകമാണ്.
2010 സപ്തംബര്‍ 22നാണ് കോഴവാഗ്ദാനം നടന്ന കാര്യം വി.കെ. സിങ് ആന്റണിയെ നേരിട്ട് അറിയിക്കുന്നത്. എന്നാല്‍ സംഭവം പുറത്തറിഞ്ഞ ശേഷം 2012 മാര്‍ച്ചിലാണ് എ.കെ. ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നെയും ആറുമാസം കഴിഞ്ഞ് 2012 ഒക്ടോബറില്‍ മാത്രമാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. കോഴ വാഗ്ദാന വിവരം പുറംലോകം അറിഞ്ഞ ശേഷമാണ് എ.കെ. ആന്റണിയും കേന്ദ്രസര്‍ക്കാരും അന്വേഷണത്തിന് തയ്യാറായത്. പ്രതിരോധവകുപ്പിലെ ആയുധ ഇടപാടിലെ ഇടനിലക്കാര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിച്ചെന്ന് പലപ്പോഴും പറയുന്ന ആന്റണി ഇടനിലക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നതിന്റെ ഉത്തമോദാഹരണമാണ് അന്വേഷണം പ്രഖ്യാപിക്കാനെടുത്ത കാലതാമസം. കരസേനാധിപന് നേരിട്ട് പരാതിപ്പെട്ടിട്ടും വിഷയത്തില്‍ ഇടപെടാതെ രണ്ടുവര്‍ഷത്തോളം സംഭവം മറച്ചുവെച്ചത് മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണെന്നാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത്.
മുന്‍ കരസേനാ മേധാവി വി.കെ. സിങിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫിന്റെ മൊഴിയും കേസില്‍ നിര്‍ണ്ണായകമാണ്. ലഫ്.ജന. തേജീന്ദര്‍ സിങ് കരസേനാധിപന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ ശേഷം ഇനിയൊരിക്കലും തേജീന്ദര്സിങിനെ ഓഫീസില്‍ കയറ്റരുതെന്ന് വി.കെ. സിങ് നിര്‍ദ്ദേശം നല്‍കിയതായി പേഴ്സണല്‍ സ്റ്റാഫംഗം നല്കിയ മൊഴിയും സിബിഐ കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
എന്നാല്‍ കേസിലെ കുറ്റപത്രം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തയ്യാറാക്കിയതാണെന്നാണ് മുഖ്യപ്രതിയായ തേജീന്ദര്‍ സിങിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: