കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകനും ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവുമായ ശശികുമാര്‍ അന്തരിച്ചു. 86 വയസായിരുന്നു. ഒട്ടേറെ ഹിറ്റ് മലയാള ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ച ശശികുമാറിന്റെ അന്ത്യം ഇന്നലെ വൈകിട്ട് 4.30 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസ്കാരം ഇന്ന് ആലപ്പുഴ തത്തംപള്ളിയില്‍.
ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളൊരുക്കിയ സംവിധായകനായ ശശികുമാര്‍, 1977-ല്‍ മാത്രം 15 ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയത് റെക്കോര്‍ഡാണ്.
1927 ഒക്ടോബര്‍ 14ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പില്‍ എന്‍.എല്‍. വര്‍ക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളില്‍ മൂന്നാമനായിരുന്നു. ജോണ്‍ എന്നായിരുന്നു മാതാപിതാക്കള്‍ നല്കിയ പേര്. ആലപ്പുഴ ലിയോ തേര്ട്ടീന്ത് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘ജീവാര്‍പ്പണം’ എന്ന നാടകം എഴുതി അവതരിപ്പിച്ചു. എറണാകുളം തേവര കോളജിലും ആലപ്പുഴ എസ്.ഡി. കോളജിലുമായി കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
141 സിനിമകള്‍ സംവിധാനം ചെയ്ത ശശികുമാര്‍ ജനപ്രിയ ചിത്രങ്ങളിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. അദ്ദേഹത്തിന്റെ 84 സിനിമകളില്‍ പ്രേംനസീറായിരുന്നു നായകന്. 47 എണ്ണത്തില്‍ ഷീല നായികയും. 67 ചിത്രങ്ങളില്‍ നസീറും ഷീലയും താരജോഡികളെന്ന നിലയില്‍ റെക്കോര്‍ഡിട്ടതില്‍ ശശികുമാര്‍ എന്ന ജോണ്‍ വര്ക്കിക്കുമുണ്ട് മുഖ്യപങ്ക്.
ഹിന്ദി ചലച്ചിത്രമായ ‘രാമരാജ്യ’ത്തിന്റെ മലയാളത്തിലെ തിരക്കഥ രചിച്ചത് ഇദ്ദേഹമാണ്. ‘സീത’ എന്ന ഈ ചിത്രത്തിനാണ് ആദ്യമായി തിരക്കഥ തയാറാക്കിയത്. സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സിനിമകളാണ്. ‘ഡോള’റാണ് അവസാനമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലാണ് പദ്മിനി എന്ന നടി അവസാനമായി അഭിനയിച്ചത്. ത്രേസ്യാമ്മയാണ് ഭാര്യ. മക്കള്‍: ഉഷാ തോമസ്, ജോര്‍ജ് ജോണ്‍, ഷീല റോബിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: