കൊച്ചി: ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വകാര്യ സംരംഭകരുടെ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്കാന് സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത ദേശീയപാതയുടെ കാര്യത്തില്‍ എന്തുകൊണ്ട് കാണിക്കുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനം.
ദേശീയപാത വീതി നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധഹര്ജികള് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി.ആര്. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് സര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ആറന്മുള വിമാനത്താവളം, മെഡിസിറ്റി തുടങ്ങി വിവിധ സ്വകാര്യ സംരംഭകരുടെ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കുന്നതിന് സര്‍ക്കാര്‍ കാണിച്ച അമിതമായ താല്‍പ്പര്യം എന്തുകൊണ്ട് ദേശീയപാതയുടെ കാര്യത്തില്‍ കാണിക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു. സാധാരണക്കാരന്റെ കാര്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു മുന്‍ഗണനയും നല്‍കുന്നില്ലെന്ന് മാത്രമല്ല കണ്ണടക്കുകയാണ് ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു.
ദേശീയപാതയുടെ വീതി എല്ലായിടത്തും 45 മീറ്റര്‍ ആയിരിക്കെ കേരളത്തില്‍ മാത്രം 30 മീറ്റര്‍ ആയി കുറക്കണമെന്ന വാദം നീതീകരിക്കാവുന്നതല്ല. മാത്രമല്ല, പാതകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭ്യമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് പാതയുടെ വീതി കൂട്ടുന്നത്. അതിനാല്‍ വീതി കുറക്കുന്നതുകൊണ്ട് പരിഹാരം ആവില്ല. മാത്രമല്ല, ദേശീയപാതയുടെ വീതി അറുപത് മീറ്ററെങ്കിലും ആക്കി വര്‍ധിപ്പിച്ചില്ലെങ്കില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും.
പാത വീതികൂട്ടുന്നതിന് ഭൂമി ഏറ്റെടുത്തു നല്കുന്നതില് സര്‍ക്കാര്‍ കാണിക്കുന്നത് അക്ഷന്തവ്യമായ അനാസ്ഥയാണ്. ഇതില്‍ കാലതാമസം നേരിടുന്നതാണ് പലബുദ്ധിമുട്ടുകള്ക്കും കാരണം. മാത്രമല്ല, ഭൂമി ഏറ്റെടുക്കുന്നകാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചു. ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: