നിഴലും നിലാവും ഇഴ ചേര്‍ന്നുകിടക്കുന്ന നാട്ടുവഴിയിലൂടെ നടന്നു നീങ്ങുമ്പോള്‍ അയാള്‍ അസ്വസ്ഥനായിരുന്നു. കുറേ നാളുകളായി ഇങ്ങനെയാണ്. നേരം ഉച്ച കഴിയുമ്പോള്‍ അമ്മ വിളമ്പിയ ഊണും കഴിച്ച് വീട്ടില്‍ നിന്നിറങ്ങും. തിരക്കുള്ള ഒരാളാണെന്ന ഭാവത്തില്‍ കാല് നീട്ടിവച്ച് ബസ് സ്റ്റോപ്പിലെത്തും. ആദ്യം കിട്ടുന്ന ബസ്സില്‍ കയറി പരിചയക്കാരെ ആരെയെങ്കിലും കാണാന്‍ പോകും. നേരം വൈകും വരെ എന്തെങ്കിലും പറഞ്ഞിരിക്കും. ശല്യമാണെന്ന് ചിലരെങ്കിലും ഭാവിക്കുന്നത് മനസ്സിലാകും. എന്നിട്ടും മനസ്സിലാകാത്ത ഭാവത്തില്‍ വീണ്ടും വീണ്ടും പരിചയക്കാരെ തേടിയിറങ്ങും.
രാത്രി വൈകി വീടണയുമ്പോള്‍ അത്താഴവുമായി അമ്മ കാത്തിരിക്കും എന്ന ഉറപ്പുള്ളതുകൊണ്ട് ആകാവുന്നത്ര താമസിക്കും. ചോദ്യങ്ങളും അന്വേഷണങ്ങളും നേരിടാന്‍ വയ്യ. അതാണിങ്ങനെ.
രാത്രി പതിനൊന്നും പന്ത്രണ്ടും വരെ അമ്മ ഉറക്കമിളയ്ക്കാന്‍ ഇടയാക്കരുത് എന്ന് രണ്ട് സഹോദരിമാരും പലതവണ പറഞ്ഞിട്ടുണ്ട്.
ചേച്ചിമാര് രണ്ടുപേരും അവരുടെ ഭര്ത്താക്കന്മരും കുട്ടികളുമൊത്ത് വിദേശത്ത് സുഖമായി വസിക്കുന്നു. അവരുടെ കണ്ണീരിന്റെ നനവുള്ള ഉപദേശങ്ങള്‍ കേട്ടമട്ട് കാണിച്ചിട്ടേയില്ല. എത്രനാളാണിങ്ങനെ അമ്മയുടെ പെന്ഷന് ആശ്രയിച്ചു ജീവിക്കുന്നത് എന്ന് അയാള്‍ക്ക് തന്നെ നിശ്ചയമില്ല.
മുന്‍പ് സ്നേഹവും അടുപ്പവും പ്രകടിപ്പിച്ചിരുന്ന ബന്ധുക്കള്‍ ഇപ്പോള്‍ അകല്‍ച്ച പാലിക്കുന്നത് നന്നായി തിരിച്ചറിയാന്‍ കഴിയുന്നു. ജോലി നേടിത്തരാമെന്ന് ആശ തന്ന് കൂടെ കൊണ്ടുനടന്നവരും ഉണ്ട്. അതെല്ലാം എന്തിനായിരുന്നുവെന്ന് ഇപ്പോള്‍ പതുക്കെ മനസ്സിലാവുന്നു.
പക്ഷേ നാല്‍പ്പതുകളുടെ മധ്യത്തില്‍ തിരിച്ചറിവ് ഉണ്ടായിട്ട് എന്തുകാര്യം. അച്ഛന്റെ കാലം കഴിയുംവരെ അച്ഛനെ കളിയാക്കിയും കുറ്റപ്പെടുത്തിയും നടന്നു. അച്ഛനോട് അസൂയ മുഴുത്ത ബന്ധുക്കളുടെ കൈയിലെ കളിപ്പാവയാവുകയായിരുന്നു എന്ന് അന്ന് മനസ്സിലാക്കിയിരുന്നില്ല.
അച്ഛന് മരിച്ച് വര്‍ഷങ്ങള്‍ എത്രയായി….പതിനാലോ പതിനഞ്ചോ.
വിശാലമായ പറമ്പും പാടങ്ങളും കൊയ്തുകൂട്ടിയ നെല്ക്കൂമ്പാരങ്ങളുമൊക്കെ ബാല്യത്തിലെ യാഥാര്‍ത്ഥ്യങ്ങളല്ലേ, വെറും സ്വപ്നമായിരുന്നോ എന്ന് തോന്നിത്തുടങ്ങി.
പോയ നാളിലെ ആ സൗഭാഗ്യങ്ങള്‍ ഇനി ഒരിയ്ക്കലും തിരികെ വരില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
നെല്‍കൃഷി നഷ്ടമായി. നെല്‍പ്പാടങ്ങള്‍ മുക്കാലും വിറ്റഴിച്ചു. പറമ്പിലും വീട്ടിലുമായി നാലുജോലിക്കാരുണ്ടായിരുന്നിടത്ത് ഇപ്പോള്‍ അമ്മ മാത്രം.
എല്ലാക്കാര്യങ്ങള്‍ക്കും അമ്മയായിരുന്നു തണല്‍. അച്ഛനറിയാതെ, ആവശ്യപ്പെടുന്ന പണം കയ്യില്‍വച്ചു തന്നിരുന്നു.
കോളേജില്‍ പഠിക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ വീട്ടിലിക്കുന്നതിനു പകരം കൂട്ടുകാരുമായുള്ള വെടിവട്ടവും ഫസ്റ്റ് ഷോ സിനിമയും കഴിഞ്ഞെത്തുമ്പോള്‍ എന്തോ വലിയ കാര്യം ചെയ്ത ഭാവമായിരുന്നു. അച്ഛനെ ധിക്കരിക്കുന്ന സുഖം.
അന്നത്തെ കൂട്ടുകാരെല്ലാം ഉദ്യോഗസ്ഥരായി, കുടുംബക്കാരായി.
ടെസ്റ്റെഴുതി ജോലി നേടാന്‍ പറഞ്ഞതിന് കൂര്‍ത്ത വാക്കുകള്‍ കൊണ്ട് അച്ഛനെ പരിഹസിച്ചതും അച്ഛന്റെ മുഖത്തെ ദൈന്യഭാവവും ഇപ്പോഴുമോര്‍ക്കുന്നു.
ബലിഷ്ഠകായനായ അച്ഛന് കൈ നിവര്‍ത്തൊന്നു തന്നെങ്കില്‍ അന്നു താഴെ വീണേനെ.
ആരെങ്കിലും ഒന്ന് ശാസിച്ചെങ്കില്‍, നേര്‍വഴിക്കു നയിച്ചിരുന്നെങ്കില്‍ എന്ന് ഇന്ന് തോന്നുന്നുണ്ട്. അമ്മയുടെ കാലം കഴിയുമ്പോള്‍ എങ്ങനെ-എന്ന് ആലോചിക്കാന്‍ പോലും ശക്തിയില്ല.
നേര്‍ത്ത മഴച്ചാറ്റലല് അയാളുടെ ചിന്തകള്‍ക്ക് വിരാമമിട്ടു. നടന്നുനടന്നു വീടെത്തിയതറിഞ്ഞില്ല. വയറ്റില്‍ വിശപ്പ് ആളിക്കത്തുന്നു.
തുരുമ്പിച്ച ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അമ്മ വരാന്തയിലെ ലൈറ്റ് ഇട്ടു കഴിഞ്ഞു.
ഇനി ഊണുകഴിച്ചു കിടന്നുറങ്ങണം.
ഒരു ദിവസം കൂടി കഴിഞ്ഞുകിട്ടി.
അമ്മയ്ക്കൊപ്പം അയാള്‍ അടുക്കളയിലേക്ക് നീങ്ങി.
രാജലക്ഷ്മി
പ്രതികരിക്കാൻ ഇവിടെ എഴുതുക: