ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കി സജിലാബീഗം സ്ത്രീശാക്തീകരണ രംഗത്ത് സജീവ സാന്നിദ്ധ്യമാകുകയാണ്. തിരുവനന്തപുരം ശിശുക്ഷേമസമിതിയുടെ ട്രെയിനിംഗ് സെന്ററില്‍നിന്ന് ക്രാഫ്റ്റില്‍ ടിടിസി ഒന്നാം റാങ്കോടെ പാസായ സജിലാബീഗം തന്റെ വഴി ഇതുതന്നെയെന്ന് തീരുമാനിക്കുകയായിരുന്നു.
ശിശുക്ഷേമ സമിതിയില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടറായി 25 വര്‍ഷം പൂര്‍ത്തിയാക്കിയാണ് ഈ രംഗത്ത് സജീവയായത്. കരകൗശലവസ്തുക്കള്‍ ഉണ്ടാക്കാന്‍ കഴിവും താല്പര്യമുള്ളവരെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയെന്നത് സജിലയുടെ ജീവിതവ്രതമായി. ‘സ്കില്‍ ഡെവലപ്പ്മെന്റ് ട്രെയിനിംഗ് ഫോര്‍ വുമണ്‍’ എന്ന സര്‍ക്കാര്‍ പദ്ധതിപ്രകാരം താത്പര്യമുള്ള സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കുകയാണ് ഇവര്‍. ശിശുക്ഷേമ സമിതിയില്‍ ക്രാഫ്റ്റ് അധ്യാപികയായിരിക്കെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ശ്രീവരാഹം വനിതാസമിതിയില്‍ 10 വര്‍ഷത്തോളമായി 10,000-ത്തില്‍ അധികംപേര്‍ക്ക് വിവിധതൊഴില്‍ പരിശീലനം നല്‍കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ഈ തൊഴിലിലൂടെ വരുമാനമുണ്ടാക്കി ജീവിതമാര്‍ഗം കണ്ടെത്തുന്നവരാണ്.
സോപ്പു നിര്‍മാണം, വാനിറ്റിബാഗ ്നിര്മാണം, ഭക്ഷ്യസംസ്കരണം, ആഭരണനിര്‍മാണം, സാരി ഡിസൈനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ഗ്ലാസ് പെയിന്റിംഗ്, ഫഌവര്മേക്കിംഗ്, കുഷന് മേക്കിംഗ് തുടങ്ങി 30ല്‍പരം മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.
ആള് ഇന്ത്യാ വിമന്‍സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സര്‍ക്കാര്‍ നിയോഗിക്കുന്ന സ്ഥലത്ത് പരിശീലനം നല്‍കാനും പോകാറുണ്ട്. കേരളത്തിനു പുറമെ ദല്‍ഹി, ജമ്മുകാശ്മീര്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ എക്സിബിഷനും നടത്താറുണ്ട്. ഇത്തരത്തില്‍ പരിശീലനം നേടിയ വനിതകള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും അവസരമൊരുക്കാറുണ്ട്. ഇതിനുപുറമെ തിരുവനന്തപുരത്തെ വെമ്പായത്ത് ഇപ്പോള്‍ സ്വന്തമായി തൊഴില്‍ പരിശീലനകേന്ദ്രവും സജില നടത്തുന്നു. ആഴ്ചതോറും കുറഞ്ഞത് 100 പേര്‍ക്ക് പരിശീലനം, അങ്കന്‍വാടി അധ്യാപകര്‍ക്കുള്ള ക്രാഫ്റ്റ് പരിശീലനം എന്നിവയും നല്‍കാറുണ്ട്. രണ്ടുവര്‍ഷമായി ഫുള്‍ടൈം ക്രാഫ്റ്റ് ടീച്ചറായ സജീലാ ബീഗം നെടുമങ്ങാട് ഇരിഞ്ചയം സ്വദേശിയാണ്. ഭര്‍ത്താവ് നിസാറുദ്ദീന്‍ ബിസിനസ് ചെയ്യുന്നു.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: