സിന്ധു ലോഹിതദാസിനെ കേള്‍ക്കാത്തവര്‍ കുറവാണ്. ലോഹിതദാസെന്ന ചലച്ചിത്രകാരന്റെ ഭാര്യയായിരിക്കാനാണ് എപ്പോഴും ആഗ്രഹമെന്ന് സിന്ധു പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജൂണ്‍ 28-ന് ലോഹിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ചാണ്ട് തികഞ്ഞപ്പോഴാണ് ഒടുവില്‍ കണ്ടത്. ലോഹിയുടെ മരണത്തിനുശേഷം നമ്മള് ഇതുവരെ കണ്ട സിന്ധുവായിരുന്നില്ല അത്. ദാരിദ്ര്യത്തിന്റെയും, ജപ്തി ഭീഷണിയുടെയും സ്ഥിരം പല്ലവി പറയാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല.
ഇതുവരെ പറഞ്ഞതും പറയാത്തതുമായ നിരവധി കാര്യങ്ങള്‍ ഉള്ളിലൊതുക്കിയാണ് സിന്ധു നിന്നത്. ഇപ്പോള്‍ അനുഭവിക്കുന്ന അവസ്ഥയെ ഓര്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല . പഴകിത്തേഞ്ഞ വാക്കുകളല്ല, പുതിയ അറിവുകളും, ആഗ്രഹങ്ങളും, അഭിപ്രായങ്ങളും പങ്കുവെക്കാനായിരുന്നു സിന്ധുവിന് താല്‍പ്പര്യം. പുരാണങ്ങളും, ചരിത്രങ്ങളും എന്നുവേണ്ട ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളെക്കുറിച്ചും വാതോരാതെ പറയുമ്പോള്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത നൈര്‍മല്യം ആ മുഖത്തുണ്ടായിരുന്നു. തന്നെക്കൊണ്ട് എല്ലാം ചിന്തിപ്പിക്കുന്നതും പറയിക്കുന്നതും ”എന്റെ മുത്തപ്പനാണെന്ന്” പറഞ്ഞുകൊണ്ടേയിരുന്നു . പുതിയൊരു ജന്മത്തിലെന്നപോലെ ജീവിതം ആരംഭിച്ചിരിക്കുകയാണ് സിന്ധു. സിന്ധുവിന്റെ പുതിയ ജീവിത കാഴ്ച്ചപ്പാടുകളും അഭിപ്രായങ്ങളും ‘മിഴി’യിലൂടെ പങ്കുവെക്കുന്നു…
അമരാവതിയും, സിന്ധുവും?
അമരാവതി ഇല്ലെങ്കില്‍ പിന്നെ സിന്ധു ഇല്ല, ഇവിടമാണ് എന്റെ ജീവിതം. വേറെ ഒരിടത്തേക്കും പോകാന്‍ താല്‍പ്പര്യമില്ല. ഏകാന്തമായി ജീവിക്കാനാണ് ഇഷ്ടം.. എന്നാല്‍ ആ ഏകാന്തത എന്നെ തളച്ചിടുന്നില്ല. മുത്തപ്പന്റെ (ലോഹിതദാസ്) ഓര്‍മ്മകള്‍ അല്ലെങ്കില്‍ അദ്ദേഹം ഒപ്പമുണ്ടെന്ന വിശ്വാസത്തിലാണ് ജീവിക്കുന്നത്. അദ്ദേഹം തന്ന ആവേശവും, കരുത്തുമാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ലോഹിതദാസിന്റെ കുടുംബം പാഴാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കരുത്. അതുമാത്രമേ അദ്ദേഹം ആഗ്രഹിച്ചിരിന്നുള്ളു. സങ്കടപ്പെട്ട് എത്രനാള്‍ ജീവിക്കാനാവും. മരിച്ചുപോയ എത്രയോ കലാകാരന്മാരുടെ ഭാര്യമാര്‍ ഇന്ന് എന്നെപ്പോലെ ജീവിക്കുന്നുണ്ടാകും. എന്നാല്‍ അവരെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഞാന്‍ ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് മറ്റുള്ളവര്‍ അറിയണം. സിന്ധു ഇപ്പോഴും ജീവിക്കുന്നത് കഷ്ടതയിലാണെന്നല്ല പറയേണ്ടത്. എന്നെപ്പോലെ ജീവിക്കുന്ന മറ്റ് സ്ത്രീകള്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടായിരിക്കും. അതിന് പ്രചോദനം ലഭിക്കുന്ന സമീപനം ഉണ്ടാകണം. എല്ലാവരേയും പ്രോത്സാഹിപ്പിക്കണം.
ജീവിതത്തിലുണ്ടായ പുതിയ മാറ്റങ്ങള്‍?
മാറ്റങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. പുതിയൊരു വ്യക്തിയായി ജീവിക്കാന്‍ തുടങ്ങി എന്നത് വലിയൊരു മാറ്റമാണ്. എപ്പോഴും സങ്കടപ്പെട്ടിരുന്നാല്‍ എന്തുമാറ്റമാണ് ഉണ്ടാകുന്നത്. അദ്ദേഹം പോയതില്‍ സങ്കടമുണ്ട്. എന്നാല്‍ മുത്തപ്പന് എന്റെയൊപ്പം ഉണ്ടെന്ന വിശ്വാസം എനിക്കിപ്പോഴുമുണ്ട്.
എഴുത്ത്, വായന?
തീര്‍ച്ചയായും, എന്നിലിപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ ഈ എഴുത്തിലും, വായനയിലൂടെയും ഉണ്ടായതാണ്. ഉള്ളിന്റെ ഉള്ളില്‍ പലതും പൂഴ്ത്തിവെച്ചിട്ടുണ്ട്. അതൊക്കെ പറയണം. ഇപ്പോള്‍ പറയാന്‍ പറ്റില്ല. എല്ലാം എഴുതാന്‍ തീരുമാനിച്ചു. അത് വലിയൊരു കാര്യമാണ് എന്നെ സംബന്ധിച്ചിടത്തോളം. മനസിലുള്ളതെല്ലാം പരത്തി എഴുതുകയാണ്.. കഥകള്‍ എഴുതാറുണ്ട്, അതില്‍ കഥാപാത്രങ്ങളുണ്ട്, ചെറുകവിതകളുണ്ട്, അനുഭവങ്ങളുണ്ട്. എന്നാല്‍ ഒന്നും പുസ്തകമാക്കി പുറത്തിറക്കില്ല. സമൂഹത്തിന് വായിക്കാനുള്ള പലതും ഉണ്ടാകും, സിന്ധു ലോഹിതദാസ് എഴുതുന്നത് വായിക്കാന്‍ വായനക്കാരുണ്ടാകുമെന്നത് തീര്‍ച്ചയാണ്.
സമൂഹം?
സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പലര്‍ക്കും പലതാണ്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ എന്തു നടക്കുന്നു എന്നതല്ല, അതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്നതിലാണ് കാര്യം. അച്ഛനും അമ്മയും ഗുരുക്കന്മാരും നന്നായാല്‍ ഈ നാടും നന്നാകും. മദ്യം നിരോധിക്കണമെന്ന് ഇവിടെ എല്ലാവരും പറയുന്നു. എന്നാല്‍ അത് നിരോധിച്ചതുകൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുമോ, എല്ലാവരും അറിഞ്ഞുകൊണ്ട് ചെയ്യുന്ന പ്രക്രിയയാണത്. സ്വന്തമായി വാങ്ങിക്കുടിച്ച് സ്വയം നശിക്കുകയാണ് മനുഷ്യര്‍. മദ്യത്തിനേക്കാള്‍ വിഷമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കുന്നില്ലേ എല്ലാവരും. വിഷം കലര്‍ത്തിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല?
സിനിമയും ജനങ്ങളും?
എല്ലാ സിനിമയും ജനങ്ങളെ സ്വാധീനിക്കും. ജനങ്ങളെ സ്വാധീനിച്ചില്ലെങ്കില്‍ പിന്നെ എന്തിനാണ് സിനിമ പുറത്തിറക്കുന്നത്. ജനകീയ സിനിമകളെന്നാല്‍ അത് ജനങ്ങള്‍ക്ക് മനസിലായി എന്നാണ്. യഥാര്‍ത്ഥ ചലച്ചിത്രകാരനുമാത്രമേ ജനകീയ സിനിമകള്‍ നല്കാന് സാധിക്കൂ..
ജനകീയ സിനിമകള്‍ സമ്മാനിച്ച ചലച്ചിത്രകാരനായിരുന്നല്ലോ ലോഹിതദാസ്?
ലോഹിതദാസ് എന്ന വ്യക്തി വലിയൊരു പ്രതിഭയാണ്. അദ്ദേഹം സിനിമയ്ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. സമൂഹത്തിനുവേണ്ടിയാണ് ചെയ്തത്. സിനിമ എന്ന മാധ്യമത്തിലൂടെ സമൂഹത്തിന് വെളിപാടുണ്ടാകാന്‍ വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്.
ലോഹിതദാസിനുവേണ്ടി ഫൗണ്ടേഷനോ, ട്രസ്റ്റുകളോ ആരംഭിക്കാന്‍ ആരെങ്കിലും സമീപിച്ചിട്ടുണ്ടോ?
ഒരു ഫൗണ്ടേഷന് തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. അത് എന്റെ മാത്രം ആഗ്രഹമാണ്. എന്തൊക്കെ അറിവുകള്‍ എനിക്കുണ്ട് അതൊക്കെ മറ്റുള്ളവരിലേക്ക് പകരുക എന്നു തന്നെയാണ് വിചാരിക്കുന്നത്. പിന്നെ അദ്ദേഹത്തിനുവേണ്ടി ആരും സ്മാരകങ്ങള്‍ തീര്‍ത്തില്ലെങ്കിലും ജനഹൃദയങ്ങളില്‍ സ്മാരകങ്ങള്‍ സ്വയം തീര്‍ത്ത വ്യക്തിയാണ് ലോഹിതദാസ്. സേതുമാധവന്, അച്ചൂട്ടി അങ്ങനെ നിരവധി കഥാപാത്രങ്ങളെ ജനങ്ങളുടെ മനസില്‍ പ്രതിഷ്ഠിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ലോഹിയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം?
എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ്…എല്ലാം അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടികളാണ്. ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഫ്രഷ് ആയ മുഖങ്ങള്‍ വേണമെന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു. അല്ലാതെ പുസ്തകങ്ങളില്‍ നിന്നോ, മറ്റുള്ളവരില്‍ നിന്നോ കോപ്പിയടിച്ചതല്ല. സ്വയം ഭാവനകളാണ് അദ്ദേഹം സംഭാവനചെയ്തത്. തനിയാവര്‍ത്തനത്തിന്റെ റി-റെക്കോഡിംങ് നടക്കുമ്പോള്‍ ഞാനും പോയിരുന്നു. പത്തുവട്ടം അത് കണ്ടു. സിനിമ കണ്ടപ്പോള്‍ സങ്കടമല്ല വന്നത്, ഒരു തരം സംഘര്‍ഷമായിരുന്നു. അങ്ങനെ പല കഥാപാത്രങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്.
അംഗീകാരങ്ങളെ എങ്ങനെ സ്വീകരിക്കാനാണ് ആഗ്രഹം?
ലോഹിതദാസിന് ഇന്ന് എന്തൊക്കെയുണ്ടോ അതൊക്കെ സിനിമ തന്നതാണ്. പണമുണ്ടെങ്കില്‍ അതുണ്ടെന്ന് പറയാം, പക്ഷെ സംതൃപ്തി ഒരിക്കലും കിട്ടില്ലായിരുന്നു ഞങ്ങള്‍ക്ക്.
മക്കളെക്കുറിച്ച്?
മക്കള്‍ വിജയശങ്കറും, ഹരിശങ്കറും അവര്‍ ആഗ്രഹിക്കുന്ന മേഖല തെരഞ്ഞെടുത്തു. രണ്ട് പേരും പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ക്യാമറാമാന് വേണുവിന്റെയൊപ്പം പ്രവര്‍ത്തിക്കുകയാണ്. രണ്ട് പേരും എഴുതും. അവര്‍ക്ക് ആഗ്രഹമുള്ള മേഖലയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമൂഹത്തിന് അതുകൊണ്ട് ഗുണമുണ്ടാകൂ..
സംഗീതം?
എന്റെ സമൃദ്ധി എന്നുപറയുന്നത് ഏകാന്തതയാണ്. സംഗീതത്തിന് രണ്ട് വശങ്ങളുണ്ട്. ചിലപ്പോള്‍ അത് വിഷം പോലെയാണ്. ചിലപ്പോള്‍ ഒരാളെ ശാന്തമാക്കുന്ന അവസ്ഥയും ഉണ്ടാകും. കേള്‍വിയില്‍ സുഖം തരുന്ന ഗാനങ്ങള്‍ കേള്‍ക്കാനാണ് എനിക്കിഷ്ടം.
ജീവിതത്തില്‍ ഇനിയുള്ള ആഗ്രഹം?
ഭൂമിയില്‍ ജീവിച്ചിരുന്ന എല്ലാ മഹാന്മാരും വലിയ ഇതിഹാസങ്ങള്‍ എഴുതിവെച്ചാണ് ഇവിടെ നിന്നും മടങ്ങിയത്. ഇതിഹാസമല്ലെങ്കിലും എനിക്ക് എന്റേതായ മേല്‍വിലാസം ഉണ്ടെന്ന് എഴുതിവെച്ചിട്ട് മരിക്കണമെന്ന ഒരേയൊരു ആഗ്രഹമേ ഉള്ളൂ.
പറയാന്‍ പലതും ബാക്കിവെച്ചാണ് സിന്ധുവുമായുള്ള കൂടിക്കാഴ്ച അവസാനിച്ചത്… ഇതുവരെ പിന്തുണച്ചവരെയും ഒന്നു തിരിഞ്ഞുപോലും നോക്കാത്തവരേയും നന്ദിയോടെ സ്മരിക്കുകയാണ് അവര്‍… ആരോടും പരിഭവമോ, പരാതിയോ ഇല്ല… പുതിയ ജീവിതത്തില്‍ പുതിയ സിന്ധുവായി ജീവിച്ചുതുടങ്ങുകയാണ്…
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: