കൊച്ചി: ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സ്ത്രീപീഡനങ്ങളാണ് പെരുകുന്നത്. സോഷ്യല്‍ മീഡിയകളും മൊബൈല്‍ ഫോണുകളുമാണ് ഇതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2013-ലെ കണക്കുപ്രകാരം ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓണ്‍ലൈന്‍ പീഡനങ്ങളില്‍ 35ശതമാനവും കൊച്ചിയിലാണ്. ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ളത് കൊച്ചിയിലാണെന്നതാണ് കാരണം.
ആളുകള്‍ക്ക് സൈബര്‍ നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നിലനില്‍ക്കുന്നതിനാല്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ കുറവാണ്. പരാതിപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങളുടെ കണക്കു മാത്രമാണ് ഇത്. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കുറ്റങ്ങള്‍ ഇതില്‍ കൂടുതല്‍ വരും എന്നാണ് സൈബര്‍ സെല്‍ പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ മിസ്ഡ് കോളിലൂടെയാണ് ഇത്തരക്കാര്‍ ചതിക്കുഴി ഒരുക്കുന്നത്. തിരിച്ചു വിളിക്കുന്നത് സ്ത്രീകളാണെന്നു മനസ്സിലാക്കിയാല്‍ പിന്നെ പതിയെ ആകര്‍ഷണീയമായ സംസാരത്തിലൂടെ വശത്താക്കി അശ്ലീല സംഭാഷണങ്ങളിലെക്ക് നയിക്കുന്നു. ഇന്റര്‍നെറ്റ്-മൊബൈല്‍ ചാറ്റിങ് വഴി അശ്ലീല സംഭാഷണം നടത്തുന്നവരും ഉണ്ട്. കുട്ടുകാരുടെയും കാമുകരുടെയും സ്വകാര്യ ചിത്രങ്ങളെടുത്ത് വാട്സ്പ്പിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലുടെയും പ്രചരിപ്പിക്കുന്ന കേസുകളും ധാരാളമുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കാമുകിയുടെ അല്ലെങ്കില്‍ കാമുകന്റെ പാസ്വേഡ് ഉപയോഗിച്ച് അവരുടെ അക്കൗണ്ടില്‍ നിന്ന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച കേസുകളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതുകൂടാതെ പൊതുപ്രവര്‍ത്തകരെയും മറ്റു ശത്രുക്കളെയും അപകീര്‍ത്തിപ്പെടുത്താനും ഇത്തരം സോഷ്യല്‍ മീഡിയകള്‍ ഉപയോഗപ്പെടുത്തുന്നതായും രേഖകള്‍ പറയുന്നു. ഇത്തരക്കാര്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെയാണ് പലപ്പോഴും സൈറ്റുകളില്‍ പ്രത്യക്ഷപ്പെടാറ്. ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി വാട്സപ്പിലൂടെ കാമുകനയച്ചുകൊടുത്തതും, ഇന്റര്‍വ്യൂവില്‍ ചോദ്യം ചോദിച്ച് വിഷമിപ്പിച്ച് പിന്നീട് ജോലിനല്കാതിരുന്ന സ്വകാര്യകമ്പനി ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ ലൈംഗിക തൊഴിലാളിയുടെ നമ്പരായി പ്രചരിപ്പിച്ച യുവാവിന്റെ കേസ് തുടങ്ങി ധാരാളം കുറ്റകൃത്യങ്ങള്‍ വളരെയേറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക, പാസ്വേഡ് കൃത്യമായ ഇടവേളകളില്‍ മാറ്റുക, തികച്ചും സ്വകാര്യമായ കാര്യങ്ങള്‍ യാതൊരുതരത്തിലും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാതിരിക്കുക തുടങ്ങിയവയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളായി സൈബര്‍ ക്രൈം വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള ചൂഷണത്തിനു വിധേയരാകുകയോ ശ്രദ്ധയില്‍ പെടുകയോ ചെയ്താല്‍ ഉടന്‍ സൈബര്‍ കുറ്റകൃത്യത്തിന് കേസ് രജസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: