ഗുജറാത്തിലെ തനിഗ്രാമമാണ് ഗാന്ധിനഗര്‍ ജില്ലയിലെ പളോഡിയ. അഹമ്മദാബാദ് നഗരസഭാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടെ അതിരാവിലെ പതിവിനു വിപരീതമായി സര്‍ക്കാര്‍ വാഹനങ്ങളുടെ നീണ്ടനിര. നഗരസഭാ മേയര്‍ മീനാക്ഷി പട്ടേല്‍ ഗ്രാമത്തിലെത്തിയതാണ്. നഗരാതിര്‍ക്കുപുറത്തുള്ള ഗ്രാമത്തില്‍ മേയര്‍ക്കെന്തുകാര്യം.
മേയറുടെയും പരിവാരങ്ങളുടെയും വാഹനവ്യൂഹം ‘ഹരിദ്വാര്‍’ എന്ന വീട്ടിലേക്ക്. ഗൃഹനാഥന് ഹരിഭായിയെ കാണാനായിരുന്നു അതിരാവിലെയുള്ള വരവ്. പളോഡിയ ഗ്രാമത്തില്‍ വിജയകരമായി നടപ്പിലാക്കിയ ശുദ്ധജലപദ്ധതിയുടെ വിവരം മനസിലാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തിയതാണ് സാധിക്കുമെങ്കില്‍ നഗരത്തിലും നടപ്പിലാക്കണം.
ഗ്രാമത്തിലെ മുഴുവന്‍പേര്‍ക്കും കുടിവെള്ളം, അതും ശുദ്ധീകരിച്ച മിനറല്‍ ജലം സൗജന്യമായി നല്കുന്ന പദ്ധതി വിജയകരമായി നടപ്പിലാക്കിയ ഹരിഭായിയോടു നേരിട്ടു കാര്യങ്ങള്‍ ചോദിക്കുകയെന്ന ലക്ഷ്യവും മേയറുടെ വരവിനു പിന്നിലുണ്ട്.
കുടിവെള്ള പദ്ധതി കണ്ടു മനസിലാക്കിയ ശേഷം മേയര്‍ക്കും സംഘത്തിനും ഹരിയുടെ വീട്ടില്‍ ലഘുഭക്ഷണം. ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തി…. തനി കേരളീയ ഭക്ഷണം. അതാണ് ഹരിഭായിയുടെ രീതി. കാരണം ഗുജറാത്തുകാരുടെ ഹരിഭായി തനി മലയാളിയാണ്. തിരുവനന്തപുരത്തുകാരനായ ഹരി.പി. നായര്‍.
ഇറങ്ങാന്‍ നേരം മേയര്‍ക്കു മുന്നില്‍ ഹരി അഭ്യര്‍ത്ഥനവെച്ചു. ” പഞ്ചായത്തിലേക്ക് സര്‍ക്കാര്‍ ബസ്സില്ല. രണ്ടു മെയില്‍ നടന്നാണ് ഇപ്പോള്‍ ബസില്‍ കയറുന്നത്. ഇതിനൊരു പരിഹാരം വേണം”. അടുത്തയാഴ്ച മുതല്‍ പളോഡിയ ഗ്രാമത്തിലേക്ക് ഗുജറാത്ത് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ഓടിത്തുടങ്ങി.
ഹരി സ്വന്തം കാര്യം ഒരിക്കലും ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. പിന്നെയെങ്ങനെ ചെയ്തു കൊടുക്കാതിരിക്കും എന്നായിരുന്നു ഇതേക്കുറിച്ച് മേയര്‍ പറഞ്ഞത്.
സിനിമാക്കഥകളെ വെല്ലുന്ന അവിശ്വസനീയതയാണ് തിരുവനന്തപുരത്തുകാരന് ഹരി ഗുജറാത്തുകാരുടെ ഹരിഭായി ആയതിനു പിന്നില്‍. പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കാതെ നാടുവിടല്‍, അഹമ്മദാബാദില്‍ ജ്യേഷ്ഠന്റെ കമ്പനിയില്‍ ചെറിയ ജോലി, ജ്യേഷ്ഠന്റെ താല്പര്യത്തിനു വിരുദ്ധമായി സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ചതിന് ജോലി നഷ്ടം. രണ്ടുവര്‍ഷം സൗദിയില്‍ സിമന്റ് ചുമന്നു. തിരിച്ചെത്തി വീണ്ടും ഗുജറാത്തിലേക്ക്. ജോലിയില്ലാതെ അലഞ്ഞപ്പോള്‍ ആത്മഹത്യയ്ക്കായി തയ്യാറെടുക്കല്‍. പിന്നീട് കഠിനാധ്വാനത്തിന്റെയും ദൈവാധീനത്തിന്റെയും തുണ. ഗുജറാത്തിലെ ഏറ്റവും ശ്രദ്ധേയനായ മലയാളി.
ഗാന്ധിനഗറിലെ ഒരു ഗ്രാമപഞ്ചായത്ത്, ‘പഞ്ചായത്ത് പ്രമുഖ്’ സ്ഥാനം നല്കി ആദരിക്കുന്ന പ്രഥമ കേരളീയന്. ആര്‍ക്കും പ്രചോദനവും മാതൃകയുമാണ് ഈ 47 കാരന്റെ ജീവിത വിജയം.
മലയിന്‍കീഴ് വലിയറത്തല പങ്കജവിലാസത്തില്‍ പങ്കജാക്ഷന് നായരുടെയും ഭാരതീയമ്മയുടെയും ~ഒമ്പതാമത്തെ മകനായ ഹരി സ്കൂളില്‍ പഠിക്കുമ്പോഴേ ആര്‍എസ്എസില്‍ സജീവമായിരുന്നു. ബാലരാമപുരത്ത് സ്വകാര്യ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നാടുവിട്ട് ഗുജറാത്തിലെത്തി. അഹമ്മദാബാദില്‍ ജ്യേഷ്ഠന്റെ കമ്പനിയില്‍ വെല്‍ഡിംഗ് ജോലി. അകന്ന ബന്ധുകൂടിയായ ഉമയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതിനെ വീട്ടുകാര്‍ എല്ലാം എതിര്‍ത്തു. എതിര്‍പ്പ് അവഗണിച്ച് കല്യാണം കഴിച്ചതിനാല്‍ ചേട്ടന്റെ കമ്പനിയിലെ ജോലി പോയി. വീട്ടുകാരുടെ മുന്നില്‍ പിടിച്ചു നില്ക്കുക എന്നതായിരുന്നു പിന്നീടുള്ള ശ്രമം. കൂടുതല്‍ ഉയരം തേടി ഗള്‍ഫിലേക്ക് പറന്നു. ഏജന്റ് പറഞ്ഞു ഫലിപ്പിച്ച ജോലിയായിരുന്നില്ല സൗദി അറേബ്യയില്‍. രണ്ടുവര്‍ഷം സിമന്റ് ചുമന്നിട്ടു കാര്യമായ സമ്പാദ്യമൊന്നും ഉണ്ടായില്ല. തിരിച്ചെത്തി വീണ്ടും അഹമ്മദാബാദിലേക്ക്. ജോലിയില്ല. കയ്യിലിരുന്ന കാശു മുഴുവന്‍ തീര്‍ന്നു. വീട്ടുകാര്‍ ഉള്‍പ്പെടെ ആരുടെയും തുണയില്ല. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ഭാര്യയുമായി ആലോചിച്ചു. മരിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ഒന്നരവയസ്സുണ്ടായിരുന്ന മൂത്ത കുട്ടിയുടെ ചിരിക്കുന്ന മുഖം അതിനു തടയിട്ടു.
‘എന്തേലും ജോലി വേണം. എങ്ങനെയും ജീവിക്കും’ എന്നു നിശ്ചയിച്ചുറച്ച് ഈശ്വരനെ പ്രാര്‍ത്ഥിച്ച് ഇറങ്ങി. ജോലി തേടി കമ്പനികളില്‍ നിന്ന് കമ്പനികളിലേക്ക്. ജോലിമാത്രം ശരിയാകുന്നില്ല. ഒരുദിവസം ഉച്ചക്ക് വെല്‍ഡിംഗ് കമ്പനിയില്‍ ജോലി തേടി ചെന്നപ്പോള്‍ അകത്തേക്കുപോലും കയറ്റി വിട്ടില്ല. മുഷിഞ്ഞ വേഷവും പ്രാകൃതവേഷവുമായിരുന്നു കാരണം. നിരാശനായി മടങ്ങുമ്പോള്‍ പണ്ട് ചേട്ടന്റെ കമ്പനിയില്‍വെച്ച് പരിചയപ്പെട്ട ഒരാള്‍ നേരെ എതിരെ സൈക്കിളില്‍ വരുന്നു. അയാളോട് അവസ്ഥ പറഞ്ഞു. സഹതാപം തോന്നിയ അയാള്‍ സൈക്കിളിന്റെ പുറകില്‍തന്നെ ഇരുത്തി താന്‍ ജോലിനോക്കുന്ന കമ്പനിയിലേക്ക് കൊണ്ടുപോയി. മാനേജരുടെ മുന്നില്‍കൊണ്ടുചെന്ന് എന്നെ പരിചയപ്പെടുത്തി. അയാളുടെ ഉറപ്പില്‍ പണി കിട്ടി. വെല്‍ഡിംഗ് തന്നെയായിരുന്നു ജോലി.
ഏല്‍പ്പിക്കുന്ന പണി നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുന്നതിനു പുറമെ പാതിരാത്രിവരെ ഓവര്‍ടൈം ജോലിയും എടുത്തു. എങ്ങനെയും കാശുണ്ടാകുകയായിരുന്നു ലക്ഷ്യം. കമ്പനിക്ക് ഹരിയുടെ പണി ഇഷ്ടപ്പെട്ടു. നഷ്ടത്തിലായിരുന്ന ഒരു യൂണിറ്റിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കാമോ എന്നു ചോദിച്ചു. ഒരു ധൈര്യത്തിന് ഏറ്റെടുത്തു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ഇന്ന് 500 ലധികംപേര്‍ ജോലി ചെയ്യുന്ന എച്ച് ക്യൂബ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. മറ്റ് മൂന്നു കമ്പനികള്‍ വേറെയും. 5000ത്തോളം പേര്‍ക്ക് ജോലി ദാതാവായി മാറി ഹരി. കമ്പനിയില്‍ തൊഴിലാളി മുതലാളി വ്യത്യാസമില്ല. മൂന്നുനേരവും ആവശ്യത്തിനു ഭക്ഷണം ജീവനക്കാര്‍ക്ക് കമ്പനിയില്‍ സൗജന്യമായി നല്‍കും. ഹരിയുടെ ഭക്ഷണവും തൊഴിലാളികള്‍ക്കൊപ്പം തന്നെയായിരുന്നു. തൊഴിലാളികള്‍ക്ക് ഏതുകാര്യവും എപ്പോള്‍ വേണമെങ്കിലും നേരിട്ടു പറയാം. പരിഹാരം കണ്ടശേഷമേ അടുത്ത കാര്യമുള്ളൂ. തൊഴിലാളികള്‍ക്ക് മുതലാളിയില്‍ പൂര്‍ണവിശ്വാസം തിരിച്ചും.
ഹരിയുടെ ഗാന്ധിനഗറിലെ വീടായ ‘ഹരിദ്വാര്‍’ഇന്ന് പലരുടെയും ആശ്രയകേന്ദ്രമാണ്. ഗ്രാമീണര്‍ തമ്മിലുള്ള തര്‍ക്കം മുതല്‍ വലിയ വലിയ ബിസിനസ് ചര്ച്ചകള്വരെ ഇവിടെ നടക്കുന്നു. പേരിടാതെയായിരുന്നു വീടിന്റെ പാലുകാച്ചല്‍. ചടങ്ങിനെത്തിയ തൊഴിലാളികളില്‍ ഒരാളാണ് വീടിനു പേരിട്ടില്ലല്ലോ എന്നു പറഞ്ഞത്. അയാള്‍ തന്നെ പേരും നിര്‍ദ്ദേശിച്ചു ‘ഹരിദ്വാര്‍’.
”ഹരിദ്വാര്‍ സേവാ ട്രസ്റ്റ്” സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പൂത്തന്‍ മാതൃകയാണ്. പളോഡിയ പഞ്ചായത്തിന്റെ ശുചിത്വ പ്രവര്‍ത്തനം മുഴുവന്‍ ഏറ്റെടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് എല്ലാവര്ക്കും ശുദ്ധജലം നല്കാന് തീരുമാനിച്ചു. അങ്ങനെയാണ് മിനറല്‍ വാട്ടര്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും ദിവസവും 200 ലിറ്റര്‍വീതം മിനറല്‍ ജലം സൗജന്യമായി കിട്ടും. ഇതിനുമാത്രമായി രണ്ട് വലിയ പ്ലാന്റുകള്‍ സ്ഥാപിച്ചു. ഓരോ കുടുംബത്തിനും നല്‍കിയിരിക്കുന്ന കാര്‍ഡുകള്‍ ടാപ്പിനടുത്ത് സൈപ്പ്ചെയ്താല്‍മതി വെള്ളം ലഭിക്കാന്‍. പളോഡിയ ഗ്രാമത്തിന്റെ ഈ ശുദ്ധജലപദ്ധതി ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയപ്പോള്‍ മലയാളിയായ ഹരിനായരും ദേശീയ താരമായി.
പഠനത്തിനു പ്രാധാന്യം നല്‍കാത്തവരായിരുന്നു പഞ്ചായത്തിലെ കുട്ടികള്‍. അതിനു പരിഹാരം കാണുകയായിരുന്നു ഹരിദ്വാര്‍ ട്രസ്റ്റിന്റെ മറ്റൊരു ശ്രമം. മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി വിദ്യാഭ്യാസം നല്കാന് തീരുമാനിച്ചു. വീടിനോടു ചേര്‍ന്നുതന്നെ ഇതിനായി പ്രത്യേക ക്ലാസ് മുറികളും പണിതു. 12 അധ്യാപകരെ നിയമിച്ചു. 350 കുട്ടികള്‍ ഇവിടെ ഇപ്പോള്‍ പഠിക്കുന്നു.
ഗ്രാമത്തിലെ കുട്ടികള്‍ക്കും തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും സൗജന്യമായി പാലും തൈരും നല്കാന് വലിയൊരു ഗോശാലയും ട്രസ്റ്റിന്റെ പേരില്‍ ഹരിനായര്‍ നടത്തുന്നുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സേവനം അതാണ് ഹരിയുടെ പ്രത്യേകത. ആര്‍ക്കൊക്കെ എന്തൊക്കെ നല്കുന്നു എന്നത് വീട്ടുകാര്‍പോലും അറിയുന്നില്ല. അതിന്റെ ഒന്നും കണക്കും വെയ്ക്കാറില്ല.
ഉത്തരാഖണ്ഡില്‍ പ്രളയദുരിതം ഉണ്ടായപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളുമായി വാഹനത്തില്‍ നേരിട്ട് പോകാന്‍ ഹരിയെ പ്രേരിപ്പിച്ചതും ഈ മനസ്സാണ്. ഗുജറാത്തിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപ്പെടുന്ന ചുരുക്കം മലയാളികളില്‍ പ്രധാനിയാണ് ഹരി. നരേന്ദ്രമോദി തന്നെയാണ് ആവേശം. മോദിയുമായുള്ള ആദ്യകൂടികാഴ്ചയുടെ അനുഭവം അവിസ്മരണീയം എന്നു വിശേഷിപ്പിക്കുന്നതിന് മടിയൊന്നുമില്ല. അഭിനന്ദിച്ചുകൊണ്ട് മോദി കൈകളില്‍ പിടിച്ചപ്പോള്‍ എന്തോ പോസിറ്റീവ് എനര്‍ജി ശരീരത്തിലേക്ക് വ്യാപിച്ചതായി ഹരി പറഞ്ഞു.
മോദിയുടെ ജയം ആഘോഷിക്കാന്‍ അരലക്ഷത്തോളം ലഡുവാണ് വിതരണം ചെയ്തത്. പുറമെ പായസവിതരണവും. വിജയാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ഫ്ളക്സ്ബോര്‍ഡു സ്ഥാപിച്ചും ഹരി വാര്‍ത്തയിലിടംതേടി. ലോക്സഭാതെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം ബിജെപി പ്രചരണത്തിനുപയോഗിച്ചിരുന്ന ‘നമോ’ ഗാന കാസറ്റ് സൗജന്യമായി നിര്‍മിച്ചു നല്‍കിയത് ഹരിയാണ്. നരേന്ദ്രമോദിയെ കുറിച്ച് മുരളി പാറപ്പുറം എഴുതിയ ‘ നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന്’ എന്ന പുസ്തകത്തിന്റെ 1000 കോപ്പികള്‍ വിലകൊടുത്തുവാങ്ങി ഹരി ഗുജറാത്തില്‍ വിതരണം ചെയ്തു. ഹരിയുടെ വിജയപാതയില്‍ നിഴല്‍പോലെ സഞ്ചരിക്കുന്നവരാണ് ഭാര്യ ഉമയും മക്കളായ ഹരിതയും ഹരിഷ്മയും ഹര്‍ഷയും. മക്കളുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ചാണ് തന്റെ വാര്‍ദ്ധ്യക സ്ഥാപനത്തിന് എച്ച് ക്യൂബ് എന്ന് പേരിട്ടിരിക്കുന്നത്. കമ്പനികളുടെ ചുമതല മരുമകന് സൂരജിനെ ഏല്‍പ്പിച്ച് മുഴുവന്‍ സമയം സേവനപ്രവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ് ഹരി.
പി ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: