വിനോദസഞ്ചാരികളുടെ കാര്യമായ ശ്രദ്ധപതിയാത്ത അതിമനോഹരമായ വെള്ളച്ചാട്ടമാണ് അരുവിക്കച്ചാല്‍. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിന്റെ കിഴക്കേ അതിര്‍ത്തിയായ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പാതാമ്പുഴയിലാണ് ഈ അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
പ്രകൃതിയുടെ വരദാനമാണ് 120 അടിയോളം ഉയരത്തിലുള്ള ചെങ്കുത്തായ പാറക്കെട്ടിന് മുകളില്‍ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം. വിനോദസഞ്ചാരവകുപ്പും സര്‍ക്കാരും വേണ്ടത്ര പ്രധാന്യം നല്കാത്തതുമൂലം അവിസ്മരണീയമായ ഈ പ്രകൃതി സൗന്ദര്യം അവഗണിക്കപ്പെടുകയാണ്. മീനച്ചിലാറിന്റെ ഉത്ഭവപ്രദേശമായ പൂഞ്ഞാര്‍ തെക്കേക്കരയിലെ രണ്ടു പ്രധാന കൈവഴികളിലൊന്നായ പാതാമ്പുഴയാറിന്റെ ഉത്ഭവപ്രദേശമാണ് അരുവിക്കച്ചാല്‍.
ആകാശത്തില്‍ നിന്ന് സ്ഫടികമുത്തുകള്‍ വാരിവിതറുന്ന വിധത്തില്‍ താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ വീഴ്ചയില്‍ ചിതറിത്തെറിക്കുന്ന ജലകണങ്ങള്‍ പകല്‍ മുഴുവന്‍ മഴവില്ല് സൃഷ്ടിക്കുന്നു. അന്യസംസ്ഥാനങ്ങളിലും ജില്ലകളിലുമുള്ള വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനും അരുവിക്കച്ചാലില്‍ കഴിയും. പാതാമ്പുഴ ടൗണില്‍ നിന്ന് കേവലം രണ്ട് കിലോമീറ്റര്‍ മാത്രമാണ് അരുവിയിലേക്ക് ഉള്ളത്. പഞ്ചായത്ത് ഫണ്ട്, എംപി, എംഎല്‍എ എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗിച്ച് ഇവിടേക്കുള്ള റോഡിന്റെ നിര്‍മ്മാണം ഏറെക്കുറേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ റോഡില്‍ നിന്ന് അരുവിയിലെത്താനുള്ള അര കിലോമീറ്റര്‍ ദൂരം സ്വകാര്യ പുരയിടത്തിലൂടെയാണ്. ഇതുവഴി റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു നല്കി പാത നിര്‍മ്മിച്ചെങ്കിലും നിലവില്‍ കാട് പിടിച്ച് നടക്കാനാകാത്ത സ്ഥിതിയിലാണ്.
ഇക്കോ ടൂറിസം, ഹോംസ്റ്റേ, റോഡ്നിര്‍മ്മാണം, അരുവി സുരക്ഷിതമായി സന്ദര്‍ശിക്കുന്നതിനായി മറുകരയിലേക്ക് പാലം നിര്‍മ്മിക്കല്‍, ചെക്ക്ഡാം നിര്‍മ്മിച്ച് ഉല്ലാസ നീന്തല്‍ തുടങ്ങിയ ബൃഹത്തായ പദ്ധതികളുടെ പ്രാരംഭഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി ഒരു കോടി രൂപയുടെ പദ്ധതിരേഖ അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അരുവിക്ക് സമീപമുള്ള 15 സെന്റ് സ്ഥലം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ വ്യക്തി വിട്ടു നല്‍കുകയും ചെയ്തു. എന്നിട്ടും പ്രകൃതി രമണിയമായ ഈ പ്രദേശത്തെ വേണ്ടവിധത്തില്‍ രൂപപ്പെടുത്തുവാന്‍ നമുക്കായിട്ടില്ല.
വേനല്‍ക്കാലത്ത് നീരൊഴുക്ക് കുറയുന്നതിനാല്‍ വര്‍ഷകാലത്ത് മാത്രമേ വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുകയുള്ളു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ മുതുകോര മലയിലും ഈന്തുംപള്ളിയിലും ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഈ വിനോദസഞ്ചാര കേന്ദ്രന്ഗ്ങ്ങളെ ബന്ധിപ്പിച്ച് ടൂറിസം മേഖലയിലെ പ്രധാനകേന്ദ്രമായി ഈ പ്രദേശത്തെ മാറ്റാം. സമീപപഞ്ചായത്തുകളിലുള്ള പൂഞ്ഞാര്‍ പാലസ്, ചേന്നാട് അരുവി, വാഗമണ്‍, തലനാട്, അയ്യമ്പാറ, ഇല്ലിക്കല്‍കല്ല് തുടങ്ങിയ വിനോദ-സാഹസിക യാത്ര ക്രോഡീകരിച്ചുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ഈ മേഖലയുടെ വികസനം യാഥാര്‍ത്ഥ്യമാക്കും. അരുവിക്കച്ചാലിന്റെ ഒറ്റപ്പെടല്‍ ഒഴിവാകുകയും ചെയ്യും.
ആര്. സുനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: