നര്‍ത്തകി, അധ്യാപിക, ഫിറ്റ്നസ് സെന്റര്‍ ട്രെയിനര്‍, പിന്നെ ഒരല്പം ബിസിനസ് മേല്‍നോട്ടവും. വയസ്സ് ഇരുപത്തിയാറെ ആയിട്ടുള്ളുവെങ്കിലും അഖില ഗോപിനാഥ് ഏറ്റെടുത്ത ജോലികളിലെല്ലാം പെര്‍ഫക്ട് ആണ്. ഏത് ജോലിയായാലും സ്വയം ഇന്‍വോള്‍വ്ഡ് ആയി ചെയുക എന്നതാണ് അഖിലയുടെ നയം. യുവതലമുറയുടെ ലക്ഷ്യബോധമില്ലായ്മയൊന്നും അഖിലയ്ക്കില്ല. കാര്യം എന്തൊക്കെയായാലും നൃത്തത്തിനാണ് പ്രഥമ പരിഗണന. കേരളത്തിന്റെ തനത് നൃത്തരൂപമായ മോഹിനിയാട്ടത്തിലാണ് അഖില ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മോഹിനിയാട്ടത്തെ ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധേയമാക്കുകയാണ് ഈ കലാകാരിയുടെ ലക്ഷ്യം. പരാമ്പരാഗത ശൈലിവിട്ട് അതേസമയം മോഹിനിയാട്ടത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒട്ടൊരു പുതുമ വരുത്തിയാല്‍ ഈ നൃത്തരൂപം കൂടുതല്‍ ജനങ്ങളിലേക്ക് എത്തുമെന്ന അഭിപ്രായമാണ് അഖിലയ്ക്ക്. മൂന്നര വയസ്സിലാണ് നൃത്ത പഠനം ആരംഭിച്ചത്, ഭരതനാട്യത്തില്‍.
കലാമണ്ഡലം സുമതിയുടെ ചേച്ചി ചന്ദ്രികയായിരുന്നു ആദ്യ ഗുരു. പിന്നീട് രവികുമാര്‍, ആര്‍എല്‍വി ഉണ്ണികൃഷ്ണന്, ആര്‍എല്‍വി അനന്ദന് എന്നിവരുടെ കീഴിലും ഭരതനാട്യം അഭ്യസിച്ചു. എന്ത് പഠിക്കാന്‍ തുടങ്ങിയാലും അതില്‍ വൈദഗ്ധ്യം നേടിയവരുടെ അടുത്തുനിന്നുമാത്രമേ അഭ്യസിക്കാവു എന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് അഖില പറയുന്നു. മോഹിനിയാട്ടം അഭ്യസിക്കുന്നതിനായി ആലുവയിലുള്ള പി.ടി. വാസുദേവന്‍ നമ്പൂതിരിയുടെ അടുത്തുപോയി. അപ്പോഴാണ് മോഹിനിയാട്ടത്തോടുള്ള ഇഷ്ടം കൂടിയത്. തുടര്‍ന്ന് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, കവിത കൃഷ്ണകുമാര്‍ എന്നിവരുടെ കീഴിലായി മോഹിനിയാട്ട പഠനം.
എന്നാല്‍ ഇന്ന് കേവലം കലോത്സവങ്ങളില്‍ മത്സരിക്കുന്നതിന് വേണ്ടി മാത്രം നൃത്തം അഭ്യസിക്കുന്നവരാണ് കൂടുതലെന്നാണ് ഈ കലാകാരിയുടെ അഭിപ്രായം. മിക്ക സ്കൂളുകളിലും നൃത്താധ്യാപകരെ നിയമിക്കുന്നതും കലോത്സവങ്ങളിലും ആനിവേഴ്സറികളിലും കുട്ടികളെ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ട് മാത്രമാണ്. ഈ രീതിയോട് തികഞ്ഞ വിയോജിപ്പാണ് അഖിലയ്ക്ക്്. കോതമംഗലത്തുള്ള മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നൃത്താധ്യാപികയായി ക്ഷണം കിട്ടിയപ്പോഴേ മറ്റ് അധ്യാപകരെപ്പോലെയാവാന്‍ താല്പര്യമില്ലെന്നും തന്റേതായ ശൈലിയില്‍ മാത്രമേ കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും വ്യക്തമാക്കി. നൃത്തം പഠിപ്പിക്കുന്നതില്‍ അഖിലയ്ക്ക് ഇഷ്ടമുള്ള ശൈലി സ്വീകരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം സ്കൂള്‍ അധികൃതര്‍ നല്‍കിയതോടെ മാര്‍ അത്തനേഷ്യസിലെ നൃത്താധ്യാപികയുമായി അഖില. ആഴ്ചയില്‍ ഒരു ദിവസമാണ് അഖില ഈ സ്കൂളില്‍ ക്ലാസ് എടുക്കുന്നത്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിഎയും മോഹിനിയാട്ടത്തില്‍ എംഎയും സ്വന്തമാക്കിയ അഖില, തന്റെ കഴിവുകള്‍ മോഹിനിയാട്ടത്തിന് വേണ്ടി പ്രയോജനപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്.
ലാസ്യ, ഭക്തി രസങ്ങള്‍ക്കാണ് മോഹിനിയാട്ടത്തില്‍ പ്രാധാന്യമുള്ളത്. എന്നാല്‍ കലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ എപ്പോഴും ഉണ്ടാകണം. അങ്ങനെയെങ്കില്‍ മാത്രമേ പ്രേക്ഷകര്‍ ഉണ്ടാവുകയുള്ളു. അവര്‍ക്ക് പുതുമയാണ് ആവശ്യം. മോഹിനിയാട്ടത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ മാറ്റം വരുത്താനാണ് അഖിലക്ക് താല്പര്യം. മോഹിനിയാട്ടത്തില്‍ മേതില്‍ ദേവിക, നീന പ്രസാദ് തുടങ്ങിയവര്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയകരമാണ്. അവിടെ പ്രേക്ഷകര്‍ കൂടുന്നുമുണ്ട്. ഇത്തരത്തില്‍ മോഹിനിയാട്ടത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നു ചെല്ലുകയും കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള പരിശ്രമത്തിലാണ് അഖിലയിപ്പോള്‍. തനിക്ക് കൂടുതല്‍ പ്രശസ്തി നേടണമെങ്കില്‍ ഏതെങ്കിലുമൊരു വിഷയത്തിലൂന്നി ഡാന്‍സ് ഡ്രാമയോ മറ്റോ അവതരിപ്പിച്ചാല്‍ മതിയാകും. എന്നാല്‍ അഖില ഗോപിനാഥ് എന്ന വ്യക്തിയുടെ പ്രശസ്തിയല്ല താന്‍ ആഗ്രഹിക്കുന്നതെന്നും ഈ കലാകാരി വ്യക്തമാക്കുന്നു.
മോഹിനിയാട്ടത്തില്‍ തന്റേതായ രീതിയിലുള്ള പരീക്ഷണങ്ങള്‍ക്കും അഖില തുടക്കമിട്ടുകഴിഞ്ഞു. സീതാരാമായാണത്തിലെ സീതയെ കേന്ദ്രകഥാപാത്രമാക്കി സീത എന്ന പേരില്‍ അരമണിക്കൂര്‍ നീളുന്ന പരിപാടി ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരകോത്സത്തില്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. പ്രതികരണത്തിന്റെ ആദ്യ രൂപമായിട്ടാണ് താന്‍ സീതയെ കാണുന്നതെന്ന് അഖില പറയുന്നു. തന്റെ നിരപരാധിത്വവും വിശുദ്ധിയും തെളിയിക്കാന്‍ അഗ്നിശുദ്ധി വരുത്തേണ്ടി വന്ന സീതയെ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് അഖില.
ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ ഓരോ നൃത്ത രൂപവും. എന്നാല്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് അതിനെപ്പറ്റിയൊന്നും വല്യ ഗ്രാഹ്യമില്ല. കലയോട് അര്‍പ്പണബോധമുള്ളവര്‍ കുറവാണെന്നും പണ്ടത്തെപ്പോലൊരു ഗുരുശിക്ഷ്യ ബന്ധവും ഇക്കാലത്തില്ലെന്നും അഖില അഭിപ്രായപ്പെടുന്നു. അതിനാല്‍ത്തന്നെ തന്റെ കീഴില്‍ നൃത്തപഠനത്തിനെത്തുന്നവര്‍ക്ക് നൃത്തത്തിന്റെ ശാസ്ത്രീയാടിത്തറ മുതല്‍ പകര്‍ന്നു നല്‍കണമെന്ന നിര്‍ബന്ധമുണ്ട് അഖിലയ്ക്ക്. നൃത്തത്തോട് താല്പര്യമുള്ള കുട്ടികളെ പ്രത്യേകം തിരിച്ചറിയാന്‍ സാധിക്കുമെന്നും അഖില പറയുന്നു.
കോതമംഗലത്തിനടുത്ത് മാതിരപ്പള്ളിയില്‍ 2010 മുതല്‍ തപസ്യ എന്ന പേരില്‍ ഡാന്‍സ് അക്കാദമിക്കും രൂപം നല്കി അഖില. മൂന്ന് വയസ്സ് മുതലുള്ള കുട്ടികളാണ് അഖിലയ്ക്ക് ഇവിടെ ശിക്ഷ്യരായിട്ടുള്ളത്.
ശാരീരിക- മാനസിക സംഘര്‍ഷങ്ങള്‍ കൂടുതലായി അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി കോതമംഗലത്ത് കഴിഞ്ഞ നവംബറില്‍ ഒരു ജിമ്മും തുടങ്ങിയിട്ടുണ്ട് അഖില. പുലര്‍ച്ചെ 4.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം. ഇവിടെ ഒരു ട്രെയിനറെ നിയമിച്ചിട്ടുണ്ടെങ്കിലും പുലര്‍ച്ചെ 4.30 ന് എത്തി ജിം തുറക്കുന്നതും യോഗ പരിശീലിപ്പിക്കുന്നതും അഖിലതന്നെ.
റാഗി ഉത്പന്ന നിര്‍മാതാക്കളായ ജീവന്‍സ് ഹൗസിന്റ സാരഥി കെ.പി. ഗോപിനാഥിന്റെ മകളാണ് അഖില. ബൈപ്പാസ് സര്‍ജറിയെ തുടര്‍ന്ന് ഗോപിനാഥിന് വിശ്രമം വേണ്ടി വന്നപ്പോള്‍ പൊള്ളാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മേല്‍നോട്ടവും അഖിലക്കായിരുന്നു. രണ്ട് വര്‍ഷം അച്ഛന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ട്് മാത്രമാണ് തനിക്ക് ബിസിനസ് നോക്കി നടത്താന്‍ സാധിച്ചതെന്ന് അഖില പറയുന്നു. 18 വയസ്സുവരെ മാത്രമേ മക്കള്‍ മാതാപിതാക്കളുടെ ചെലവില്‍ കഴിയാന്‍ പാടുള്ളുവെന്ന സിദ്ധാന്തക്കാരനായിരുന്നു അഖിലയുടെ അച്ഛന്. അതിന് ശേഷം സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്ന അച്ഛന്റെ കാഴ്ചപ്പാടാണ് തന്നെ ബോള്‍ഡ് ആക്കിമാറ്റിയതെന്നും അഖില പറയുന്നു.
കേരളത്തിന് പുറമെ ബാംഗ്ലൂര്‍, ബോംബെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നൃത്തോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട് അഖില. കോതമംഗലം ഉപജില്ല കലോത്സവത്തില്‍ തുടര്‍ച്ചയായ എട്ട് വര്‍ഷം കലാതിലകമായിരുന്നു. 2003,2006 വര്‍ഷങ്ങളില്‍ മോഹിനിയാട്ടം, ഭരതനാട്യം, കഥാപ്രസംഗം എന്നീ ഇനങ്ങളില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
അറിയപ്പെടുന്ന കാഥിക കൂടിയായ അഖില പ്രശസ്ത കഥാപ്രാസംഗികനായിരുന്ന കെടാമംഗലം സദാനന്ദന്റെ പ്രിയ ശിക്ഷ്യരില്‍ ഒരാളാണ.് 2005 ല്‍ കേരള കഥാപ്രസംഗ അക്കാദമിയില്‍ നിന്നും മികച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റിനുള്ള യുവപ്രതിഭാ പുരസ്കാരവും നേടിയിട്ടുണ്ട്. ദൂരദര്‍ശന്റെ ഗ്രേഡ് ആര്‍ട്ടിസ്റ്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മോഹിനിയാട്ടത്തെ ആഴത്തില്‍ പഠിക്കുന്നതിനായി ഈ കലയില്‍ ഡോക്ടറേറ്റാണ് ഇനിയുള്ള ലക്ഷ്യം. അമ്മ ആശ ഗോപിനാഥ് വീട്ടമ്മയാണ്. അനിയത്തി നിഖില ഗോപിനാഥ് എംഐബി വിദ്യാര്‍ത്ഥിനിയും. നൃത്തപഠനവും നൃത്ത അധ്യാപനവുമൊക്കെയായി കോതമംഗലം മാതിരപ്പിള്ളിയിലെ കളരിക്കല്‍ വീട്ടില്‍ ചിലങ്കയുടെ നാദം തീര്‍ക്കുകയാണ് അഖില.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: