സ്ട്രിക്ട് ഫോര്‍ ഇംഗ്ലീഷിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സ്കൂളിലെത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെ പൊതുവേദിയില്‍ അപമാനിച്ചുവെന്ന ആരോപണത്തില്‍ കഴിഞ്ഞ ആഴ്ചയാണ് സ്കൂളിലെ പ്രധാനാധ്യാപിക ഊര്‍മിളാദേവിയെ സ്ഥലംമാറ്റിയത്.
പ്രധാനാധ്യാപികക്ക് നഗരത്തിലെ തന്നെ സ്കൂളില്‍ നിയമനം നല്‍കിയെങ്കിലും സര്‍ക്കാര്‍ നടപടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ് അധ്യാപിക. ചടങ്ങിന് വിദ്യാഭ്യാസമന്ത്രി വൈകിയെത്തിയതുമൂലം അര ദിവസത്തെ പഠനം മുടങ്ങിയത് അദ്ധ്യക്ഷ പ്രസംഗത്തില്‍ പരാമര്‍ശിച്ചതാണ് ഊര്‍മിളാദേവി ചെയ്ത കുറ്റം. ഇത്ര നിസാര കാരണം ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം നല്കിയ നടപടിയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും.
സ്ഥലം മാറ്റുന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിയമസഭയെ അറിയിച്ചത്. അധ്യാപികക്കെതിരായ നടപടി തെറ്റായിപ്പോയെന്ന് കരുതുന്നില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് പ്രതികരിച്ചത്. വിശദീകരണം നല്കാന് ഇനിയും സമയമുണ്ടെന്നും അത് തൃപ്തികരമല്ലെങ്കില്‍ അധ്യാപികക്കെതിരെ ശിക്ഷാനടപടി തുടരുമെന്നും അബ്ദുറബ്ബ് പറഞ്ഞിരുന്നു.
”ഇംഗ്ലീഷ് ഡിസ്ട്രിക്ട് സെന്ററിലെ ബഹുമാന്യര്‍ ശ്രദ്ധിക്കേണ്ടത്. ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യുമ്പോള്‍ ഇത്രയും വലിയൊരു സ്കൂളില്‍ ഇത്രയും കഌസുകളിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള അറേഞ്ചമെന്റ്… ഞാന്‍ വളരെ റിക്വസ്റ്റ് ചെയ്യുകയാണ്, ഇങ്ങനെയൊരു സമയം അറേഞ്ച് ചെയ്യാന്‍ പാടില്ലായിരുന്നു. എങ്കിലും ഞാന്‍ എല്ലാ ഇംഗ്ലീഷ് അദ്ധ്യാപകരെയും ഇംഗ്ലീഷിന്റെ പുരോഗമനത്തെയും ആശംസിക്കുന്നു.”- ഇതാണ് ചടങ്ങില്‍ പ്രധാന അധ്യാപികയായ ഊര്‍മിളാദേവി പറഞ്ഞത്. ഇതില്‍ എന്ത് അപമാനമാണ് ഉള്ളത്. മന്ത്രിയെ പേരെടുത്ത് അവര്‍ പരാമര്‍ശിച്ചിട്ടുമില്ല.
വി.ഐ.പിയെ സ്വീകരിച്ചില്ലെന്ന പേരില്‍ സ്ഥലംമാറ്റാന്‍ ഇവിടെ രാജഭരണമാണോ നടക്കുന്നതെന്നാണ് പ്രതിപക്ഷം ചോദിച്ചത്. സ്കൂള്‍ സമയത്ത് ഇത്തരം ചടങ്ങുകള്‍ പാടില്ലെന്ന് മുന്‍സര്‍ക്കാരിന്റെ ഉത്തരവുണ്ട്. സഭ നടക്കുമ്പോള്‍ മന്ത്രിമാര്‍ പുറത്ത് പരിപാടികള്‍ ഒഴിവാക്കണമെന്ന് ഇപ്പോഴത്തെ സ്പീക്കറുടെ റൂളിംഗുമുണ്ട്. എന്നാല്‍ എല്ലാ വ്യവസ്ഥയും സ്കൂള്‍ തുറന്നപ്പോള്‍ കാറ്റില്‍പറത്തി.
ഊര്‍മിളാദേവിയെ പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് കത്ത് നല്‍കിയിട്ടുണ്ട്. സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ഊര്‍മ്മിളാദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: