ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ പ്രഭാത വെളിച്ചം വീണിട്ടില്ല. ഇരുള് പുതച്ചുകിടക്കുന്ന മൈതാനത്തിന്റെ മൂലയില്‍ ആളനക്കം. ഫോര്ട്ടുകൊച്ചിക്കാരന് റൂഫസ് ഡിസൂസ ബൂട്ടണിയുകയാണ്. ഫുട്ബോള്‍ ലോകം റൂഫസ് അങ്കിള്‍ എന്നുവിളിക്കുന്ന ഈ എണ്‍പത്തിനാലുകാരന്റെ പാദസ്പര്‍ശമേറ്റാണ് ചരിത്രം പേറുന്ന ഈ കളി മൈതാനം ഉണരുന്നത്. പതിറ്റാണ്ടുകളായി ഈ രീതിക്ക് മാറ്റമില്ല.
വെളിച്ചം വീഴുന്നതോടെ ഗ്രൗണ്ടിലേക്ക് കുട്ടികള്‍ ഓരോന്നായി എത്തുന്നു. കടലിനോട് ചേര്‍ന്നുകിടക്കുന്ന നാവിക കേന്ദ്രത്തില്‍ നിന്നുള്ള കുട്ടികളും പിന്നെ നാട്ടിന്‍പുറത്തുള്ളവരും ഇവിടെ അങ്കിളിന്റെ ചുറ്റും കൂടും. ഫുട്ബോളിനൊപ്പം നടന്ന് ചരിത്രപുരുഷനായി മാറിയ റൂഫസിന്റെ കീഴില്‍ കാല്‍പ്പന്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാനാണ് ഇവരെത്തുന്നത്. പിന്നെ മണിക്കൂറുകള്‍ നീളുന്ന ഫുട്ബോള്‍ പാഠങ്ങള്‍. ഫുട്ബോളിനായി മാത്രം ജീവിക്കുന്ന ഒരുമനുഷ്യന്റെ ഒരു ദിവസം ഇവിടെ തുടങ്ങുകയാണ്. ഫുട്ബോളിനെക്കുറിച്ച് മാത്രം സ്വപ്നം കാണുന്ന ഒരു മനുഷ്യന്. പതിറ്റാണ്ടുകളോളം കളിക്കളങ്ങളില്‍ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. 1950 കളുടെ തുടക്കത്തില്‍ തിരുക്കൊച്ചി സംസ്ഥാനത്തിന്റെ ഫുട്ബോള്‍ ടീം ക്യാപ്റ്റനായി ജേഴ്സിയണിഞ്ഞതോടെയാണ് കൊച്ചിക്കാരന് റൂഫസിനെ ലോകം അറിഞ്ഞു തുടങ്ങിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കോച്ചിംഗ് ക്യാമ്പിലെത്തി. പക്ഷേ, പിന്നീട് റൂഫസിനെ കേരളത്തിലെ കളി മൈതാനങ്ങളില്‍ കണ്ടില്ല. കേരള ടീം അംഗമാകാന്‍ കളി മാത്രം പോരെന്ന തിരിച്ചറിവുണ്ടായതോടെ റൂഫസ് വഴിമാറി…. തമിഴ്നാട് റൂഫസിനെ വിളിച്ചത് അക്കാലത്താണ്, തമിഴ്നാടിന്റെ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ടി.എന്‍.ഗോവിന്ദരാജ് റൂഫസിനെ നേതാജി സ്പോര്‍ട്സ് ക്ലബ്ബില്‍ കളിക്കാന്‍ വിളിക്കുകയായിരുന്നു. 1960 ല്‍ കാല്‍പ്പന്തുകളിയുടെ സ്വപ്നങ്ങളുമായി റൂഫസ് മദിരാശി പട്ടണത്തിലെത്തി. പിന്നീട് തമിഴ്നാടിന്റെ വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി റൂഫസ് ജേഴ്സിയണിഞ്ഞു. മദ്രാസ് ലീഗില്‍ 21 ഗോളുകള്‍ അടിച്ച് ഈ മലയാളി ടോപ് സ്കോറര്‍ ആയി. അഞ്ചു സംസ്ഥാനങ്ങളും ശ്രീലങ്കയും പങ്കെടുത്ത ടൂര്‍ണമെന്റില്‍ തമിഴ്നാടിനെ വിജയത്തിലെത്തിച്ച റൂഫസ് സ്റ്റാര്‍ സ്ട്രൈക്കറായി മാറി. പിറ്റേ ദിവസമിറങ്ങിയ ദേശീയ ദിനപത്രങ്ങള്‍ റൂഫസിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയാണ് വാര്‍ത്ത നല്‍കിയത്. ഇതിനിടയില്‍ ഹോക്കിയിലും റൂഫസ് തിളങ്ങി. 1962 ല്‍ എസ്ബിഐ ടീമിലെത്തി. ഹോക്കിയിലും ഫുട്ബോളിലും അക്കാലത്ത് അറിയപ്പെടുന്ന താരങ്ങള്‍ക്കൊപ്പമാണ് റൂഫസ് കളിച്ചത്. എതിരാളികള്‍ നാലു ചിറകുള്ള പക്ഷിയെന്നാണ് റൂഫസിനെ വിശേഷിപ്പിച്ചിരുന്നത്. ഒളിമ്പ്യന്‍ റഹ്മാന്, പി.കെ.ബാനര്‍ജി, അഹമ്മദ്ഖാന്‍, ചുനിഗോസ്വാമി, മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഹാട്രിക് നേടിയ നെവില്‍ ഡിസൂസ, പ്രശസ്ത ഗോള്‍ കീപ്പര്‍ സെയ്ത് തങ്കരാജ്, എസ്.എസ്.നാരായണന് എന്നിവര്‍ക്കൊപ്പവും മൈതാനിയില്‍ പന്തുകള്‍ പായിച്ചു. 1972 ല്‍ റൂഫസ് കേരളത്തില്‍ തിരിച്ചെത്തി. ഇത്തവണ കേരളം റൂഫസിനെ തിരിച്ചറിഞ്ഞു. സംസ്ഥാന ഹോക്കി ടീമില്‍ ക്യാപ്റ്റനായി. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ നയിച്ചു.
മുത്തുകളെത്തേടി കളിക്കളത്തില്‍
കഴിഞ്ഞ നാല്പതിലേറെ വര്‍ഷങ്ങളായി റൂഫസ് ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിലുണ്ട്. ഗ്രൗണ്ടിന്റെ സ്പന്ദനമറിഞ്ഞ് അവിടേക്ക് എത്തുന്ന കുട്ടിക്കളിക്കാരുടെ ചുവടുകള്‍ അറിഞ്ഞ്…… റൂഫസ് കൈപിടിച്ചുയര്‍ത്തിയ കാല്‍പ്പന്തുകളി താരങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. റൂഫസ് തങ്ങളുടെ ഗുരുവാണെന്ന് അവരെല്ലാം അഭിമാനത്തോടെ ഇപ്പോഴും പറയുന്നു. നയാപൈസ പ്രതിഫലം വാങ്ങാതെയാണ് റൂഫസ് അന്നും ഇന്നും കുട്ടികളെ പഠിപ്പിക്കുന്നത്. പി.പി.തോബിയാസ്, ഫിറോസ് ഷെരീഫ്, ജേക്കബ് വര്‍ഗീസ്, ഹാമില്ട്ടണ് ബോബി, എം..എം.സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ നെറ്റോ…. റൂഫസ് ലോകത്തിന് കാഴ്ചവെച്ച പ്രതിഭകളുടെ പട്ടികനീളുകയാണ്. തമിഴ്നാടിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന ഹാമില്ട്ടന് രണ്ടുമക്കളേയും പന്തുകളി പഠിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ ഗുരുവിനെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിച്ചില്ല. രണ്ടുപേരെയും റൂഫസ് ഏറ്റെടുത്തു. കൊച്ചിയിലെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി കൊച്ചിന് സാന്റോ ക്ലബ് രൂപീകരിച്ചു. നിരവധി പേരെ പന്തുകളി പരിശീലിപ്പിച്ചു. അവര്‍ക്കുവേണ്ടി പന്തുകളും ജേഴ്സികളും ബൂട്ടുകളും വാങ്ങി, വരുമാനമായി കിട്ടിയതൊക്കെ ശിഷ്യര്‍ക്കുവേണ്ടി ചെലവാക്കി. കളിയുടെ അടവുകള്‍ മാത്രമല്ല, കളിയുടെ മര്യാദയും സംസ്കാരവും പഠിച്ചേ റൂഫസിന്റെ കളരിയില്‍നിന്നും മടങ്ങാനാവൂ. നല്ല കളിക്കാരന് നല്ല മനുഷ്യനാകണമെന്ന വാശിയാണ് റൂഫസിന്. സ്വഭാവശുദ്ധിയാണ് പ്രധാനം. സമയനിഷ്ഠ, വ്യായാമം, കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സ് എന്നിവ മാത്രമല്ല, മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനോഭാവം കൂടി ഉണ്ടായാല്‍ മാത്രമേ നല്ല കളിക്കാരനാകൂ.. അതാണ് റൂഫസിന്റെ തിയറി. കളി പഠിക്കാനെത്തുന്നവര്‍ ഒപ്പം ചില കാര്യങ്ങളും പഠിക്കുന്നു. ഇംഗ്ലണ്ട് ഫുട്ബോള്‍ കോച്ച് ടെറിമാന്‍ ഒരിക്കല്‍ ഫോര്‍ട്ടുകൊച്ചിയിലെത്തി. നേരം പുലരും മുമ്പ് ഗ്രൗണ്ടില്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന റൂഫസിനെക്കണ്ട് ടെറിമാന്‍ അത്ഭുതപ്പെട്ടു.
കളിയുടെ സംസ്ക്കാരം പുതിയ തലമുറക്ക് പകരാന്‍ ശ്രമിക്കുന്ന റൂഫസ് അങ്ങനെ ടെറിമാന്റെയും ചങ്ങാതിയായി. കഥ അവിടെ തീര്‍ന്നില്ല. തുടര്‍ച്ചയായി 25 വര്‍ഷക്കാലം ടെറിമാന്‍ റൂഫസിനെത്തേടി വന്നു. വരുമ്പോഴെല്ലാം ഗ്രൗണ്ടില്‍ റൂഫസിനൊപ്പം ഇറങ്ങി, ഒപ്പം ധാരാളം കുട്ടികളും. തനിക്കറിയാവുന്ന ”കളിവിദ്യകള്” പരേഡ്ഗ്രൗണ്ടിലിറങ്ങിയ കുട്ടികള്‍ക്ക് ടെറിമാന്‍ പറഞ്ഞുകൊടുത്തു. ലോകം അറിയുന്ന ഒരു ഫുട്ബോള്‍ കോച്ച്.. അങ്ങനെ റൂഫസിന്റെ ശിഷ്യന്മാരുടെയും ഇഷ്ടക്കാരനായി.
ഭാരതത്തിന്റെ പരിച്ഛേദം ഈ മൈതാനം
പരേഡ് ഗ്രൗണ്ടില്‍ റൂഫസ് ഡിസൂസയെ തേടിയെത്തുന്ന കുട്ടികളില്‍ ഏറെയും മറുനാട്ടുകാരാണ്. ഐഎന്‍എസ് ദ്രോണാചാര്യയിലെ നാവിക ഉദ്യോഗസ്ഥരുടെ മക്കളാണിവര്‍. നാവികസേനയുടെ ഫുട്ബോള്‍ മത്സരങ്ങളുടെ പ്രധാന നടത്തിപ്പുകാരിലൊരാളാണ് റൂഫസ്. പ്രതിരോധ സേനയിലെ കായികരംഗവുമായി വളരെക്കാലത്തെ അടുപ്പമാണ് ഈ വന്ദ്യവയോധികനായ പന്തുകളിക്കാരനുള്ളത്. റൂഫസിനെ നന്നായറിയാവുന്ന നാവിക സേനാംഗങ്ങള്‍ അവരുടെ മക്കളെ പന്തുകളി പഠിപ്പിക്കാന്‍ നിയോഗിച്ചതും വേറെ ആരെയുമല്ല. പഞ്ചാബികള്‍, ബീഹാറികള്‍, ഗുജറാത്തികള്‍, തമിഴ്നാട്ടുകാര്‍, തെലുങ്കര്‍, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാനികള്‍ ഇങ്ങനെ റൂഫസിനെത്തേടി പരേഡ്ഗ്രൗണ്ടിലെത്തുന്ന കുട്ടികള്‍ എത്രവേണമെങ്കിലുമുണ്ട്. ഇവിടെ മതവും ജാതിയും ഭാഷയുമൊന്നും അതിരുകളാവുന്നില്ല. അതിനെല്ലാം അപ്പുറത്ത് ഒരു കളി സംസ്കാരമുണ്ട്. അതാണ് റൂഫസ് പരിചയപ്പെടുത്തുന്നത്. ടിബറ്റ് സ്വദേശി കര്‍മ്മയെന്ന നാലരവയസ്സുകാരന് ശിഷ്യന് റൂഫസ് പഠിപ്പിച്ചുകൊടുത്ത മലയാളവും നന്നായി സംസാരിക്കുന്നു. എന്താണ് കളം, പന്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്നുതുടങ്ങി ഒരു കളിക്കാരന് അറിഞ്ഞിരിക്കേണ്ട ബാലപാഠങ്ങളെല്ലാം റൂഫസില്നിന്ന് പഠിക്കാം.. പ്രഭാതങ്ങളിലും… സായാഹ്നങ്ങളിലും… പരേഡ് ഗ്രൗണ്ടില്‍ കാണാന്‍ കഴിയുന്നത് ഭാരതത്തിന്റെ നേര്‍ക്കാഴ്ചകള്‍ തന്നെ.
പാരമ്പര്യ വഴിയില്‍ റൂഫസ് ഡിസൂസ….
കളിഭ്രമം റൂഫസിന് പൈതൃകമായി ലഭിച്ചതാണ്. റൂഫ്സിന്റെ അച്ഛന് ലൂയീസ് ഡിസൂസ അറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു. അമ്മ ദെറോത്തി ഡിസൂസ ബാസ്ക്കറ്റ് ബോള്‍ താരവും. ഹോക്കിയുടെ അടവുകള്‍ റൂഫസ് ഹൃദിസ്ഥമാക്കിയത് സ്വന്തം അച്ഛനില്നിന്നുമാണ്.. എങ്കിലും ഫുട്ബോളിനോടായിരുന്നു റൂഫസിന് കമ്പം. റൂഫസിന്റെ ആശാന് കെ.എം.അബൂക്കറായിരുന്നു. ഫുട്ബോളിനൊപ്പം ഹോക്കിയും റൂഫസ് പരിശീലിച്ചു. തമിഴ്നാട്ടിലായിരുന്നപ്പോള്‍ രണ്ടുകളിയും മാറി മാറിക്കളിച്ചു. 60 കളില്‍ തമിഴ്നാടിന്റെ ഫുട്ബോള്‍, ഹോക്കി ടീമുകളില്‍ ഒരേസമയം കളിച്ച് അദ്ദേഹം ചരിത്രം കുറിച്ചു.. തമിഴ്നാടിനുവേണ്ടി കളിച്ച ഈ മലയാളി അക്കാലത്ത് തമിഴ്ലോകത്തെ സൂപ്പര്‍സ്റ്റാറായിരുന്നു.
പ്ലീസ്…വയസ്സനെന്ന് വിളിക്കരുത്….
റൂഫസിന് ഒരേ ഒരു അഭ്യര്‍ത്ഥന മാത്രമേ മാലോകരോടുള്ളൂ.. പ്ലീസ്…എന്നെ വയസ്സനെന്ന് വിളിക്കരുത്.. ഈ 84 ലും ഫുട്ബോളിനെ പ്രണയിച്ച് കളിക്കളത്തില്‍ ചാടിയും ഓടിയും നടക്കുന്ന ഈ താരത്തെ… എങ്ങനെ.. വയസ്സനെന്നു വിളിക്കും….
കെ.കെ റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: