കുട്ടികളെയും ശിശുക്കളെയും ഉദ്ദേശിച്ചു പ്രസിദ്ധീകരിക്കപ്പെടുന്ന ചില ആഴ്ചപ്പതിപ്പുകളും ചിത്ര പ്രസിദ്ധീകരണങ്ങളും ഈയിടെ വായിക്കാനിടയായി. എല്ലാം മലയാളത്തില്‍ തന്നെയാണെന്നാണ് സങ്കല്‍പ്പം. മലയാളത്തിലെ മുത്തശ്ശി പ്രസിദ്ധീകരണങ്ങളുടെ ആഭിമുഖ്യത്തിലുള്ളവയാണ് എല്ലാം. കുട്ടികളില്‍ മലയാള ഭാഷയോടും കേരളീയ സംസ്കാരത്തോടും പാരമ്പര്യങ്ങളോടും താത്പര്യവും അഭിനിവേശവും വളര്‍ത്തി അവയോടു മമതയും ആദരവുമുണ്ടാക്കാന് പ്രയോജനപ്പെടുമോ എന്ന ആശങ്കയാണ് അവ വായിച്ചപ്പോള്‍ തോന്നിയത്. ഭാരതീയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കാര്യത്തിലും അവയുടെ സമീപനം അങ്ങനെതന്നെ. അവയില്‍ വര്‍ണശബളമായ ചിത്രങ്ങളും ചിത്രകഥകളും ധാരാളമുണ്ട്. അവയൊക്കെ അന്യനാടുകളുമായി ബന്ധപ്പെട്ടവയാണെന്ന് മാത്രം. മാതൃഭൂമിയുടെ പ്രസിദ്ധീകരണമായ ബാലഭൂമിയില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ജീവിതത്തെ ആസ്പദമക്കിയ ഒരു നോവല്‍ ഉണ്ട്.
ലോകപ്രശസ്തനായ സാഹിത്യപ്രതിഭയെക്കുറിച്ച് വളര്‍ന്നുവരുന്ന തലമുറയ്ക്ക് അറിവുകൊടുക്കുന്നത് നല്ലതുതന്നെ. മാതൃഭൂമി ആഴ്ചപ്പതിപ്പ് രണ്ടുമൂന്നു ലക്കങ്ങളിലായി മാര്‍ക്കേസിന്റെ പെരുമഴ തന്നെ പെയ്യിക്കുകയാണ്. എന്നാല്‍ ഭാരതത്തിലെ സാഹിത്യപ്രതിഭകളെ പരിചയപ്പെടുത്തുന്നതില്‍ അവര്‍ക്ക് വൈമുഖ്യമാണ്.
അയര്‍ലണ്ടിലെ പഴയ കൊട്ടാരത്തില്‍ പിറന്ന ഇവാന്റെ മാജിക് വിംഗ്സ് എന്ന ചിത്രകഥയുണ്ട്. ഇംഗ്ലീഷ് പദപ്രശ്നങ്ങള്‍ ആറും മലയാള പദപ്രശ്നങ്ങള്‍ രണ്ടും ആ ലക്കത്തിലുണ്ട്. ചിത്രകഥകള്‍ നിരവധിയാണ്, ബുദ്ധിക്കോ, ഭാവനക്കോ വികാസം നല്കുന്ന ഒന്നുപോലും ആ ലക്കത്തില്‍ കാണുന്നില്ല. നിര്‍ദോഷമായ ഫലിതവുമില്ല; വെറും വളിപ്പു തമാശകള്‍ മാത്രമാണുള്ളത്. ഒരു യക്ഷിക്കഥയ്ക്കുള്ളിലെ മല്ലന്മാരും അവരെ പിടിക്കാന്‍ വരുന്ന ഷെര്‍ലക് ഹോംസ് വേഷധാരിയും ഇംഗ്ലീഷ് മേമ്പൊടി ചേര്‍ത്താണ് വര്‍ത്തമാനം.
പുരാണകഥയില്‍ നിന്ന് അര്‍ജുനനെ വധിച്ച മകന് എന്ന ഒരിനം ചികഞ്ഞെടുത്ത് കൊടുത്തിട്ടുണ്ട്. അര്ജ്ജുനന് ഭീഷ്മരെ ചതിയിലൂടെയാണ് വധിച്ചതെന്നും അതിനാല്‍ ഗംഗാദേവിയുടെ ശാപം ലഭിച്ച അര്‍ജ്ജുനനെ സ്വന്തം മകനായ ബദ്രുവാഹനന് വധിച്ച കഥയാണ് കൊടുത്തത്. മഹാഭാരതത്തില്‍ പ്രതിപാദിതമായ ആയിരക്കണക്കിന് ഉപകഥകളില്നിന്ന് ബാലഭൂമിക്കാര് കണ്ടുപിടിച്ച ഈ കഥ അര്‍ജ്ജുനനെപ്പറ്റി എന്തു ചിന്തയാവും കുട്ടികളിലുണ്ടാക്കുക.
ഒരുപത്രത്തിന്റെ മാതൃകയായി വാരിക്കുഴിയെന്ന വനപത്രം അതില്‍ കാണാം. അതിലും ഒരു നമ്പൂതിരിയാക്ഷേപം കാച്ചിവിട്ടിരിക്കുന്നു. ചീനയിലെ ഒരു നാടോടിക്കഥയുണ്ട്. നല്ലതുതന്നെ. ആംക്രിബേര്ഡ്സ് ചിത്രകഥയും ഇംഗ്ലീഷ് മലയാളം സമ്മിശ്രമാണ്. അറബിക്കഥകള്‍ കോമിക്കായിട്ടു കാണാം. മുല്ലപ്പെരിയാര്‍ അണ നിര്‍മിച്ച പെന്നിക്വിക്ക് സായിപ്പിന്റെ കഥ മാത്രമാണ് ആ ലക്കത്തിലെ വിജ്ഞാനപ്രദവും അധ്വാനത്തിനും ദൃഢനിശ്ചയത്തിനും ഊന്നല്‍ നല്‍കുന്നതുമായ ഒരേ ഒരു ഇനം.
കളിക്കുടുക്കയെന്ന ശൈശവം കഴിഞ്ഞ് പഠിച്ചു തുടങ്ങിയ കുട്ടികള്‍ക്ക് ചിത്രവാരികയിലും ഇംഗ്ലീഷിനോട് കമ്പവും ആഭിമുഖ്യവും വളര്‍ത്തിയെടുക്കാനുള്ള സൂത്രങ്ങള്‍ കൊളുത്തിവെച്ചിരിക്കുകയാണ്. അതിലും നമ്മുടെ ചരിത്രവും സംസ്കാരവും പാരമ്പര്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് സഹായകമായി ഒന്നുംതന്നെ കാണുന്നില്ല.
വളര്‍ന്നുവരുന്ന തലമുറയെ നമ്മുടെ മണ്ണില്‍ വേര് ഇറങ്ങി അവിടത്തെ വളം വലിച്ചെടുത്തു വലുതാകാന്‍ സഹായിക്കുന്നതരത്തിലുള്ളതാവരുത് എന്ന് മുത്തശ്ശി പത്രമുടമകള്‍ക്ക് നിര്‍ബന്ധമുള്ളതുപോലെ തോന്നുന്നു. ഒരന്പതുകൊല്ലം മുമ്പ് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന പാട്ടുകളും കഥകളും നമ്മുടെ മണ്ണിന്റെ മണമുള്ളവയായിരുന്നു. രാമനും സീതയും രാവണനും കൃഷ്ണനും അര്‍ജ്ജുനനും ഒക്കെയില്ലാതെ ഭാഷയും വ്യാകരണവും പഠിക്കാന്‍ സാധ്യമല്ലായിരുന്നു. ഭാരതത്തിന്റെ തനിമയില്‍ നിന്ന് ഭാവിതലമുറയെ അകറ്റാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ഇതിന്റെയൊക്കെ പിന്നില്‍ എന്നു സംശയിക്കണം.
ടിവി ചാനലുകളും ജനങ്ങളുടെ ചിന്തകളെ മലിനപ്പെടുത്തുന്ന പരിപാടികളാണ് കൂടുതലായും സംപ്രേഷണം ചെയ്യുന്നത്. സംഗീതത്തിന്റെയും നൃത്തത്തിന്റെയും മത്സരങ്ങളെന്ന പേരില്‍ വമ്പിച്ച സമ്മാനങ്ങളുടെ പ്രലോഭനങ്ങള്‍ നല്കി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടു രസിക്കാന്‍ ഗൃഹാന്തരീക്ഷം ഉത്സുകമാണെന്ന് കാണാം. തങ്ങളുടെ കുട്ടികളും അതില്‍ പ്രത്യക്ഷപ്പെടാന്‍ അഭിലക്ഷിക്കാത്തവര് കുറവായിരിക്കും. അതിലൂടെ കൗമാര മനസ്സുകളില്‍ സൃഷ്ടിക്കപ്പെടുന്നത് എന്തു മനോഭാവവും സംസ്കാരവുമാണെന്ന് ചിന്തിക്കാന്‍ പോലും ഭയമാകുന്നു. പണം മാത്രം ലക്ഷ്യം വെച്ചുകൊണ്ടു പണാരാധനയെ പ്രോത്സാഹിപ്പിച്ചും നടത്തപ്പെടുന്ന അത്തരം പരിപാടികള്‍ക്ക് റേറ്റ് വര്‍ധിപ്പിക്കുന്നതിലും ആശാസ്യമല്ലാത്ത വഴികള്‍ ധാരാളമായി സ്വീകരിക്കപ്പെടുന്നുണ്ടത്രെ.
സീരിയലുകളാകട്ടെ യുവമനസ്സുകളെ മലീമസമാക്കുന്നതിനുവേണ്ടിത്തന്നെയാണോ അവസാനിക്കാതെ നീളുന്നതെന്ന് തോന്നും. വഞ്ചന, ചതി, അവിഹിത ബന്ധങ്ങള്‍, വിവാഹേതര ലൈംഗികത എന്നിങ്ങനെയുള്ള സമൂഹവിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുന്ന സമ്പന്ന വര്‍ഗത്തിന്റെ കഥകളാണീ തുടരന്മാര്‍. സാധാരണ ജീവിതപ്രശ്നങ്ങളും സ്നേഹം, വാത്സല്യം, സാമൂഹ്യവേദന, പ്രണയം, ലളിതജീവിതം തുടങ്ങിയ ഉത്തമ ഗുണങ്ങള്‍ ഉള്ള യഥാര്‍ത്ഥ ജീവിതത്തിന്റെ അന്തരീക്ഷം സീരിയലുകളില്‍ കാണാനില്ല.
ഭാവാത്മകമായ ഹൈന്ദവികതയെ പൊതുജീവിതത്തില്‍ നിന്നും അപ്രത്യക്ഷമാക്കാനുള്ള ഒരു നിഗൂഢ നീക്കം ആസൂത്രിതമായി ഇവയ്ക്കൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ മതേതരത്വത്തിന്റെ മിഥ്യാധാരണ മൂലം ഹൈന്ദവമായ എന്തിനേയും അധിക്ഷേപിക്കുന്ന പ്രവണത സര്‍വത്ര വ്യാപിച്ചിട്ടുണ്ട്. സാംസ്കാരികമായ ആചാരങ്ങളെ മതേതരത്വത്തിന്റെ പേരില്‍ വിലക്കുന്നത് സര്‍വസാധാരണമാണ്. മുസ്ലിംലീഗ് മന്ത്രിമാര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ വിളക്കുകൊളുത്താന്‍ തയ്യാറാകാത്തത് ഓര്‍ക്കുക. ഇരുളകറ്റി പ്രകാശം പരത്തുന്നതിന്റെ പ്രതീകമാണല്ലോ വിളക്കുകത്തിക്കല്. അതില്‍ എന്തിന് മതവും വര്‍ഗീയതയും കാണണം. കൊച്ചി കപ്പല്‍ശാലയില്‍ ആദ്യത്തെ കപ്പല്‍ നീറ്റിലിറക്കിയപ്പോഴും ഐഎന്‍എസ് വിക്രമാദിത്യ എന്ന വിമാന വാഹിനി കപ്പല്‍ ഭാരത നാവിക സേനയില്‍ ചേര്‍ത്തപ്പോഴും ചന്ദ്രയാന്‍, ചൊവ്വാ ദൗത്യം തുടങ്ങിയ പരിപാടികളുടെ തുടക്കത്തിലും പൂജയും തേങ്ങ ഉടക്കലും നടത്തിയതിനെതിരെയും മതനിരപേക്ഷതക്കാര് ശബ്ദമുയര്‍ത്തി. അതന്ധവിശ്വാസമാണത്രെ. തേങ്ങാ ഉടക്കുകയും പനിനീര്തളിക്കുകയും ചെയ്യുന്നതിനെ എതിര്‍ക്കുന്നവര്‍ ഷാംപെയ്ന്‍ കുപ്പിപൊട്ടിച്ചു തളിക്കുന്നതില്‍ ഉത്സാഹമുള്ളവരാണെന്നും തീര്‍ച്ചയാണ്.
ഭാരതത്തിന്റെ തനി ഹിന്ദുത്വമാണെന്ന് അംഗീകരിക്കാന്‍ ഇന്ന് ഹിന്ദുക്കളില്‍ ഒരു വിഭാഗം തന്നെയും തയ്യാറാകുന്നില്ല. ഞാന്‍ ഹിന്ദുവാണെന്ന് ക്ഷമാപണപൂര്‍വം പറയുന്നവരും കുറവല്ല. യാദൃശ്ചികമായ ജനനംകൊണ്ട് ഞാന്‍ ഹിന്ദുബ്രാഹ്മണനും വിദ്യാഭ്യാസംകൊണ്ട് ഇംഗ്ലീഷുകാരനും സംസ്കാരം കൊണ്ട് മുസല്മാനുമാണെന്ന് പ്രഖ്യാപിച്ച ആളായിരുന്നല്ലൊ നമ്മുടെ പ്രഥമ പ്രധാനമന്ത്രി. ഹിന്ദുവെന്നു പറയാന്‍ അത്തരക്കാര്‍ക്കു നാണവും അറപ്പുമാണ്. അദ്ദേഹത്തിന്റെ പുത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിക്കും ഹിന്ദുവെന്നു പറയാന്‍ അറപ്പായിരുന്നു. ഫ്രാന്‍സിലെ ഒരു വിഖ്യാത ഫോട്ടോഗ്രാഫര്‍ ഭാരതത്തെപ്പറ്റി താന്‍ എടുത്ത ഛായാചിത്രങ്ങള്‍ അടങ്ങുന്ന ഒരു മനോഹരമായ ആല്‍ബം തയ്യാറാക്കി. ഭാരതത്തിലെ പുണ്യസ്ഥലങ്ങളുടെ ഭാവസാന്ദ്രമായ ചിത്രങ്ങള്‍ നിറഞ്ഞ ആ പുസ്തകത്തിന് ഹിന്ദു ഇന്ത്യ എന്ന് പേരിട്ടുകൊണ്ട് അവതാരിക എഴുതി, പുസ്തകത്തിന്റെ പേര് ഏറ്റേണല്‍ ഇന്ത്യ എന്നാക്കണമെന്ന അഭ്യര്‍ത്ഥനയോടെ അയച്ചുകൊടുത്തു. ആ പേര് അന്വര്‍ത്ഥം തന്നെയെങ്കിലും ഹിന്ദുവെന്ന ആശയത്തോടുള്ള അസഹിഷ്ണുതയായിരുന്നു അതിന്റെ പിന്നില്‍.
തൃശ്ശിവപേരൂരില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ചതിന്റെ 50-ാം വര്‍ഷത്തില്‍ അന്നത്തെ സര്സംഘചാലകന് രാജേന്ദ്രസിംഗ് (ശ്രീരജ്ജുഭയ്യാ) പങ്കെടുത്ത പൊതുപരിപാടിയുണ്ടായിരുന്നു. അവിടെ ആശംസാ പ്രാംസംഗികനായെത്തിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത തന്റെ ഒരു അമേരിക്കന്‍ അനുഭവം വിവരിച്ചു. അദ്ദേഹം അമേരിക്കയില്‍ പങ്കെടുത്ത സഭാ മേലധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പശ്ചിമേഷ്യയില്‍നിന്നുള്ള ഒരു മാര്‍ അപ്രേം മെത്രാപ്പോലീത്തയുമുണ്ടായിരുന്നത്രേ. അവരെ തിരിച്ചറിയാനായി തന്റെ പേരിനോട് ചേര്‍ത്തു മാര്‍ അപ്രേം (ഹിന്ദു)എന്നാണ് രജിസ്റ്റര്‍ തയ്യാറാക്കിയതെന്ന് തിരുമേനി പറഞ്ഞു. താനും ഹിന്ദുവാണെന്ന് അപ്പോഴാണ് ബോധ്യപ്പെട്ടതെന്നും അദ്ദേഹം ആ യോഗത്തില്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തലശ്ശേരിയിലെ മുതിര്‍ന്ന സ്വയംസേവകന് കൊളക്കോട്ട് ഗോപാലകൃഷ്ണന്റെ പുത്രന് മഹേശ് കുറിച്ചിട്ട വരികളാണ് ഇതെഴുതാന്‍ പ്രേരണയായത്. മഹേശ് മെക്സിക്കോയില്‍ ഒരു ഇന്ത്യന്‍ ഐടി സ്ഥാപനത്തിന്റെ ഓണ്‍ സൈറ്റ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുന്നു. തന്റെ പ്രമാണ പത്രങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് ദേശീയത എഴുതേണ്ടിടത്തു ഹിന്ദു എന്ന് എഴുതാന്‍ അവിടത്തെ അധികാരികള്‍ ആവശ്യപ്പെട്ടുവത്രെ. തന്റെ മതം ഹിന്ദുമതമാണെങ്കിലും ദേശീയത ഇന്ത്യനാണെന്ന മഹേശിന്റെ വാദം അവര്‍ സ്വീകരിച്ചില്ല. അവിടെ ഇന്ത്യന്‍ എന്നാല്‍ യൂറോപ്യന്മാര് എത്തുന്നതിന് മുമ്പത്തെ തന്നാട്ടുകാര്‍ മാത്രമാണെന്നവര്‍ അറിയിച്ചു. ഭാരതത്തില്‍ നിന്നുവന്ന മുഹമ്മദും തോമസുമൊക്കെ ദേശീയതാ കോളത്തില്‍ ഹിന്ദുവെന്നു തന്നെ വേണമത്രേ രേഖപ്പെടുത്താന്‍. ഇവിടെ ഹിന്ദുവെന്ന് പറയുമ്പോള്‍ ഓക്കാനം വരുന്നവര്‍ക്കും അവിടെ ചെല്ലുമ്പോള്‍ നിവൃത്തിയില്ല. നമ്മുടെ ഓക്കാനക്കാര്ക്കുവേണ്ടിയാവണം മഹേശ് ആ ഫേസ്ബുക്ക് കുറിപ്പ് നല്‍കിയത്.
വാക്കിലും എഴുത്തിലും പ്രവൃത്തിയിലും ഹൈന്ദവച്ചുവയുള്ള ഒന്നുംതന്നെ വരാന്‍ അനുവദിക്കാതെ നമുക്ക് എത്രനാള്‍ നാമായി കഴിയാനാവുമെന്ന് ആലോചിക്കാന്‍ സമയമായി.
പി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: