മലയാള നോവല്‍ സ്വഭാവത്തിലെ നടപ്പുദീനങ്ങളെ ആവിഷ്ക്കാര രീതിയുടെ മാറ്റച്ചുരികകൊണ്ട് ചികിത്സിക്കുന്ന നോവലാണ് രവിവര്‍മ്മ തമ്പുരാന്റെ ഭയങ്കരാമുടി. പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ മേതില്‍, എം.സുകുമാരന്‍, വിജയന്, സേതു, ആനന്ദ്, സി.ആര്.പരമേശ്വരന് എന്നിവരിലൂടെ തിടംവെച്ചു വളര്‍ന്ന എഴുത്തിലെ ഈ പരിഷ്ക്കരണ സമ്പ്രദായം അടുത്തകാലത്ത് ടി.ഡി.രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’യിലൂടെ നെടുങ്കന്‍ അട്ടിമറിയായിത്തീര്ന്നു. ചരിത്രവും സംസ്ക്കാരവും തുടങ്ങി നവ ഇലക്ട്രോണിക്സും ഭാവിശാസ്ത്രവും അവയ്ക്കിടയിലെ മിത്തും യാഥാര്‍ത്ഥ്യവും കിളച്ചും അരിച്ചുംകൊണ്ട് മനുഷ്യാസ്തിത്വാന്വേഷണത്തിന് പുതിയ ജനിതകം തീര്‍ക്കുന്നുണ്ട് രാമകൃഷ്ണന് ഇട്ടിക്കോരയില്‍. തുടര്‍ന്ന് പല എഴുത്തുകാരും മലയാള നോവല്‍ ഘടനയെ പൊളിച്ചടക്കുകയാണ്.
നോവല്‍ നിര്‍മിതിയെ മറ്റൊരു കമ്മട്ടത്തിലാക്കാന് പത്രപ്രവര്ത്തകന്, എഴുത്തുകാരന് എന്നിങ്ങനെയുള്ള തന്നിലെ ഭിന്നനോട്ടങ്ങളെ രവിവര്‍മ തമ്പുരാന് ഭയങ്കരാമുടിയില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. എഴുത്തുകാരന്റെ വിശകലന പാടവത്തെക്കാളുപരി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ കഴുകന് കണ്ണും ചാരനോട്ടവുമാണ് രവിവര്‍മ നോവലിസ്റ്റിനേയും കടന്ന് രചനയില്‍ പ്രകടമാക്കുന്നത്. ഒളിഞ്ഞിരിക്കുന്നതിനെ വെളിച്ചത്താക്കുക എന്ന പത്രപ്രവര്‍ത്തക സ്വഭാവം നോവലില്‍ പ്രത്യക്ഷമാണ്. ആഖ്യാനഘടനയിലും ഇതിവൃത്ത സ്വീകരണത്തിലും അപസര്‍പ്പക ഉദ്വേഗമുള്ളത് ഈ പ്രത്യക്ഷത്തിന് തെളിവാണ്. എന്നാല്‍ ഡിറ്റക്ടീവ് നോവലായി ഭയങ്കരാമുടി മാറുകയോ അവസാനം കുറ്റം തെളിയുന്നതിലേക്കായി വായനാജാഗ്രതയെ കൊണ്ടുപോകുകയോ ഈ രചനയുടെ ലക്ഷ്യമേയല്ല. ഒരു മരണവും അതിനെ ചുറ്റിപ്പറ്റിയുളള സംഭവങ്ങളും നോവലിന്റെ ഇതിവൃത്ത വളര്ച്ചയായതുകൊണ്ടാവണം അന്വേഷണത്വര സ്വാഭാവികമായുള്ള പത്രപ്രവര്‍ത്തകനായ രവിവര്‍മ അപസര്‍പ്പക ശൈലി നോവലിന് സ്വീകരിച്ചത്.
ആസാദ് മോഹന്‍ എന്ന പത്രപ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ സംഭവ പരമ്പരയാണ് ഭയങ്കാമുടി എന്ന നോവലിന്റെ വിഷയമെന്ന് ഒറ്റവരിയില്‍ പറയാം. എന്നാല്‍ ഇത്തരം സംഭവങ്ങളും അവയുടെ പത്രറിപ്പോര്‍ട്ടുകളും കൊണ്ടാണ് നോവലിലെ ഇതിവൃത്തം വളരുന്നത്. വായനക്കാര്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ ദേശീയവും അന്തര്‍ദ്ദേശീയവുമായ വാര്‍ത്തകള്‍ എങ്ങനെ ആസാദിന്റെ ജീവിതപരിസരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നതിനെ വിളക്കിയെടുക്കുന്നതിന്റെ വൈദഗ്ദ്ധ്യമാണ് ഈ നോവലിന്റെ അപരിചിതവും അന്യാദൃശവുമായ പുതുമയുടെ കൗതുകം വളര്‍ത്തുന്നത്. നോവലിന്റെ ശരീരവും മനസ്സും സന്തുലനം ചെയ്യാന്‍ സത്യസന്ധമായ ഈ റിപ്പോര്‍ട്ടുകള്‍ ചിലപ്പോള്‍ മിത്തായും മിത്തു ചിലപ്പോള്‍ യാഥാര്‍ത്ഥ്യമായും തീരുന്നു. അങ്ങനെ നോവലിന് മാജിക്കല്‍ റിയലിസത്തിന്റെ പരിവേഷവും ലഭിക്കുന്നു. പ്രശസ്ത പത്രങ്ങളിലെ പ്രസിദ്ധ പത്രപ്രവര്‍ത്തകരുടെ പേര് നോവലിലെ കഥാപാത്രങ്ങള്‍ക്കിടുകയും ചില പത്രങ്ങളുടെയും വാരിക-മാസികകളുടേയും അടിസ്ഥാന സ്വഭാവങ്ങളേയും കുറിച്ച് പറഞ്ഞ് നോവലിലെ സ്ഥലകാലങ്ങളെ ബന്ധിപ്പിക്കുമ്പോള്‍ അത്തരം പ്രസിദ്ധീകരണങ്ങളില്‍ നടന്നതാണോ ഈ നോവലിലെ കഥയെന്ന് സംശയം വരുന്ന വിധമുള്ള, മിത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലൂടെ ഉദ്വേഗഭരിതമായി കടന്നുപോകുന്ന എഴുത്തു ടെക്നിക് നോവലിസ്റ്റ് പ്രയോഗിക്കുന്നു. ഇത് കൃതിയെ മാജിക്കല്‍ റിയലിസത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.
കൊടും നാവുനീട്ടുന്ന ഭയത്തിന്റെ വിവിധ വേഷങ്ങളുടെ കൊടും നൃശംസകളെ പലതരത്തില്‍ അടയാളപ്പെടുത്തുകയാണ് ഭയങ്കരാമുടി. ജീവിതത്തേയും ഭയത്തേയും കുറിച്ചുള്ള ആല്ബര്കാമുവിന്റെ നിരീക്ഷണങ്ങള്‍ ഈ കൃതി ഓര്‍മിപ്പിക്കുന്നു. ഏതു രൂപത്തിലും ഭയം കടന്നുവരാം. മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ നിഗൂഢതയിലമര്ന്ന ആധുനികകാലത്ത് ചിരിയുടേയും ആഹ്ലാദത്തിന്റെയും പ്രച്ഛന്നവേഷം കെട്ടിവരുന്ന പേടി ജീവിതാവസ്ഥകള്ക്കുമേല് നടുക്കുന്ന ഭയങ്കരാമുടികള്‍ തീര്‍ക്കുന്നു.
ഒളിക്കപ്പെടാത്തതും നിഗൂഢമല്ലാത്തതും എന്നാല്‍ പെട്ടെന്ന് വെളിച്ചപ്പെടുന്നതുമായ ഒരു ഭാഷ നോവലിനുണ്ട്. ചിലപ്പോള്‍ ഭാഷയ്ക്ക് ഇരുമുഖം കാണാം. പ്രഥമപുരുഷ ഏകവചനത്തിലൂടെ എഴുത്തുകാരന് ഭൂതകാലത്തിന്റെ ഓര്പ്പടവിറങ്ങുമ്പോള് അക്കാലത്ത് സമൃദ്ധമായിരുന്ന കാല്പ്പനികാലങ്കാരമുള്ള ഭാഷ ഉപയോഗിക്കുന്നുണ്ട്. ഇതു പക്ഷേ പാരായണ സൗഖ്യത്തെ നിരാകരിക്കുന്നില്ല. നോവലിസ്റ്റിനെ പത്രപ്രവര്ത്തകന് ജയിക്കുന്നത് കുറവായി കാണേണ്ടതുമില്ല. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് ദുര്‍ഗപ്രസാദ് ഖത്രിയുടെയും നീലകണ്ഠന് പരമാരയുടെയും ഡിറ്റക്ടീവ് നോവലുകള്‍ക്കുണ്ടായ മാതിരിയുള്ള പുറംചട്ട പുസ്തകത്തിനുണ്ടായതിനെക്കുറിച്ച് ഒരു വീണ്ടുവിചാരം ഉണ്ടാകേണ്ടതല്ലേ.
സേവ്യര്‍ ജെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: