ലേഖനപരമ്പരയ്ക്ക് ജന്മഭൂമിയുടെ വായനക്കാരില്‍ നിന്നു കിട്ടിയ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. നൂറുകണക്കിന് കത്തുകളും ടെലിഫോണിലും മൊബൈല്‍ ഫോണിലും കൂടി ലഭിച്ച സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ഒരു കാര്യം സംശയലേശമില്ലാതെ ബോദ്ധ്യപ്പെടുത്തി. അത് മലയാളി മാതൃഭാഷയെ സ്നേഹിക്കുന്നു എന്നുതന്നെയാണ്.
ഒരു വായനക്കാരന് എഴുതിയതിങ്ങനെ. അദ്ദേഹം ഒരുദിവസത്തെ പ്രവര്‍ത്തനങ്ങള്‍ എഴുതി നോക്കി. ഏതാനും ഭാഗം മാതൃകയ്ക്കായി ചേര്‍ക്കുന്നു. ” രാവിലെ മൊബൈല്‍ഫോണിലെ അലാറം കേട്ടുണര്‍ന്നു, ബെഡ്റൂം ലാംപ് സ്വിച്ചോഫ് ചെയ്ത് ടൗവലുമായി ബാത്ത്റൂമില്‍ കയറി. ടാപ്പു തുറന്ന് മുഖം കഴുകി. ഷെല്‍ഫില്‍നിന്ന് ടൂത്ത്പേസ്റ്റും, ബ്രഷും ടങ്ക്ക്ലീനറും എടുത്തു. ബ്രഷില്‍ പേസ്റ്റെടുത്ത് പല്ലു ബ്രഷു ചെയ്തു. ടൗവല്കൊണ്ടു മുഖം തുടച്ച് സെര്‍വന്റ് ബോയ് ടേബിളില്‍ കൊണ്ടുവച്ചിരുന്ന ബെഡ് കോഫി കുടിച്ചു. ജോഗിംഗ് സോക്സും ഷൂവും ധരിച്ചു. മുണ്ടുമാറ്റി ബനിയനും ഷോര്‍ട്സും വാക്കിംഗ് സ്റ്റിക്കുമായി മോണിംഗ് വാക്കിനിറങ്ങി. ഗേറ്റു തുറന്ന് റോഡിലിറങ്ങി. അദ്ദേഹം കുറേക്കൂടി എഴുതിയിട്ടുണ്ട്. പദങ്ങള്‍ മിക്കതും ഇംഗ്ലീഷിലാണ്. അതൊക്കെ മാറ്റി മലയാളമാക്കാനൊക്കുമോ എന്നാണ് ചോദ്യം.
മലയാളമാക്കാന്‍ കഴിയും. നമ്മുടെ ചിന്തയെയും ചര്യയെയും ഇംഗ്ലീഷുഭാഷ എത്ര കണ്ടു സ്വാധീനിച്ചിരിക്കുന്നു എന്നു നോക്കുക. ഒരു ഭാഷയും മറ്റു ഭാഷകളുടെ ബന്ധമില്ലാതെ ഉപയോഗിക്കാന്‍ സമൂഹജീവിയായ മനുഷ്യനു സാധിക്കുകയില്ല. എന്റെ കുട്ടിക്കാലത്തെ ഒരു പ്രഭാതം ഓര്‍ത്താല്‍. പൂങ്കോഴിയുടെ കൂകലായിരുന്നു അലാറം. ഒരു ചെറിയ മണ്ണെണ്ണവിളക്കായിരുന്നു ബെഡ്റൂം ലാംപ്. കിടപ്പറയുടെ കോണില്‍ കെട്ടിയ അയയില്‍ നിന്നെടുക്കുന്ന തോര്‍ത്തായിരുന്നു ടൗവല്‍. ഉമിക്കരിയും മാവിലയുമായിരുന്നു ടൂത്ത്ബ്രഷും പേസ്റ്റും. രണ്ടായി പിളര്‍ന്ന ഈര്‍ക്കിലായിരുന്നു ടങ്ക് ക്ലീനര്‍. ചൈനയില്‍ നിന്നു ചായയും ടര്‍ക്കിയില്‍ നിന്നു കാപ്പിയും കേരളത്തിലെത്തി പ്രചരിച്ചുകഴിഞ്ഞിരുന്നുവെങ്കിലും ബെഡ്കോഫി ഉണ്ടായിരുന്നില്ല. ചെരിപ്പും ഷൂവുമൊന്നും കണ്ടിട്ടുകൂടിയില്ലായിരുന്നു. നിക്കര്‍ ഇംഗ്ലീഷുകാരില്‍നിന്ന് അന്നേ സ്വീകരിച്ചിരുന്നു. ഞാന്‍ ലേഖനത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് ഇംഗ്ലീഷുമായി ഒരു ബന്ധവും പാടില്ല എന്നല്ല. ഇംഗ്ലീഷിന്റെ ദാസ്യം അഭിമാനമായി കരുതരുത് എന്നാണ്. ലോകത്തിന്റെ ഏതുഭാഗത്തുണ്ടാകുന്ന ആശയവും അതു പ്രകടിപ്പിക്കുന്ന ഭാഷാരൂപവും മനുഷ്യരാശിയുടെ പൊതുസ്വത്താണ്. ഏതുഭാഷയ്ക്കും അവകാശപ്പെട്ടതുമാണ്. എങ്കിലും എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്ന ഭാഷ വായിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും മനസ്സിലാകണം. മറ്റൊരു വായനക്കാരന് ഇംഗ്ലീഷിലുള്ള കുറെ ചുരുക്കെഴുത്തുകള്‍ ഒരുദിവസത്തെ പത്രത്തില്‍ നിന്നും കുറിച്ചെടുത്ത് അയച്ചു. ഇവയില്‍ എത്രയെണ്ണം താങ്കള്‍ക്കു മനസ്സിലാകും? എന്ന് ഒരു ചോദ്യവും. മലയാളദിനപത്രത്തില്‍ മലയാളവാക്യത്തില് പ്രയോഗിച്ചവയാണ് ഇവ.
(1) സിപിഎം, (2) ഇഎംഎസ്, (3) ആര്‍എസ്പി, (4) എംഎല്‍എ, (5) എംപി, (6) പി.എം, (7) എസ്ആര്‍പി, (8) ഐഎസ്ഐഎല്‍, (9) യുജിസി. (10) എസ്എഫ്ഐ, (11) വിഎസ് (12) ഡിവൈഎഫ്ഐ, (13) എകെജി, (14) എകെജിസിടി, (15) കെഎസ്യു, (16) സിബിഎസ്ഇ, (17) ഐസിഎസ്ഇ, (18) പ്ലസ്ടു, (19)ഡിജിപി, (20) ഡിഐജി, (21) ആര്സിസിന്ന(22) ടൈം ഓഫ് ദി ഡേ മീറ്റര്‍, (23) ബിജെപി, (24) എസ്.പി, (25) എഡിജിപി. (26)ഐപിഎസ്, (27) എംഎസ്പി, (28) സിബിഐ, (29) യുഡിഎഫ്, (30) ഡിസിസി, (31) കെപിസിസി, (32) ആര്‍എസ്എസ്, (33) എംഎന്‍പി, (34) വിജെടി ഹാള്‍, (35) ആര്‍ബിഐ, (36) എല്‍ഡിഎഫ്, (37) വൈഎംസിഎ, (38) കെഎസ്ഇബി, (39) കെഎസ്ആര്‍ടിസി, (40) എന്‍എസ്എസ്, (41) ബിഎ, (42) ബിഎസ്സി (43) എ.സി കോച്ച്, (44) ആര്‍വൈഎഫ്, (45) എസ്എസ്എല്‍സി, (46)ഐഐഎഫ്ടിസി, (47) ടി.സി, (48) എന്‍ജിഒ (1), (49) എന്‍ജിഒ (2).
വായനക്കാരന് ഈ ചുരുക്കെഴുത്തുകള്‍ എഴുതിയശേഷം ഒരു പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. ‘താങ്കള്‍ മലയാളഭാഷയുടെ വ്യാഖ്യാതാവാണല്ലോ. താങ്കളുടെ അഞ്ചുനിഘണ്ടുക്കളില് ഏതെങ്കിലുമൊന്ന് ഈ ചുരുക്കെഴുത്തുകളുടെ പൂര്‍ണരൂപവും അര്‍ത്ഥവും പറയുന്നുണ്ടോ? മലയാള പത്രത്തില്‍ മലയാള വാക്യത്തില്‍ വരുന്ന ഈ അക്ഷരങ്ങള്‍ എന്താശയം കുറിക്കുന്നുവെന്ന് ഞങ്ങള്‍ എങ്ങനെ അറിയും? ന്യായമായ ചോദ്യം. ദിവസവും വായിക്കുന്ന പത്രങ്ങളിലും മാസികകളിലും ഗ്രന്ഥങ്ങളിലും വരുന്ന പുതിയ പദങ്ങളും പഴയ പദങ്ങള്ക്കുണ്ടാകുന്ന പുതിയ അര്‍ത്ഥങ്ങളും ദിവസവും ഞാന്‍ ‘ഇന്‍ഡക്സി’ല്‍ ചേര്‍ക്കാറുണ്ട്. ഈ ചുരുക്കെഴുത്തുകളെ ഞാനും മറ്റു നിഘണ്ടുകാരരും അവഗണിച്ചു. ആയിരക്കണക്കിന് ഇത്തരം പദങ്ങള്‍ (സൗകര്യത്തിനുവേണ്ടി ഇവയെ പദങ്ങള്‍ എന്നുപറയുകയാണ്) പ്രചാരത്തിലുണ്ട്. അവയ്ക്കു പ്രാധാന്യവുമുണ്ട്. കേരളം യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിക്കുകയാണല്ലോ. ഈ രണ്ടു പദങ്ങളില്‍ ആദ്യത്തേത് കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന കൂട്ടായ്മയാണെന്നും രണ്ടാമത്തേത് സിപിഎമ്മും സഖ്യകക്ഷികളും ചേര്‍ന്ന മുന്നണിയാണെന്നും എനിക്കറിയാം. യുഡിഎഫ്, എല്‍ഡിഎഫ് എന്ന ചുരുക്കെഴുത്തുകളുടെ പൂര്‍ണരൂപം എന്താണെന്ന് എനിക്കു തീര്‍ച്ചയില്ല. മുകളില്‍ ചേര്‍ത്ത നാല്‍പ്പത്തിഒന്‍പതു പദങ്ങളില്‍ അവസാനത്തേതായ എന്‍ജിഒ രണ്ടു ഇംഗ്ലീഷ് പേരുകളുടെ സങ്കുചിതരൂപമാണ്. ഒന്ന് നോണ്‍ ഗസറ്റഡ് ഓഫീസേഴ്സ് എന്നതിന്റെ ചുരുക്കെഴുത്താണെന്നറിയാം. രണ്ടാമത്തേത് നോണ്‍ ഗവണ്മെന്റ് ഓര്ഗനൈസേഷന് എന്നതിന്റെ സംക്ഷിപ്തരൂപമാണെന്ന് ഊഹിക്കുന്നു. തീര്‍ച്ചയില്ല. വായനക്കാരന് എഴുതിയയച്ച 49 വാക്കുകളില്‍ പതിനഞ്ചെണ്ണത്തിന്റെ പൂര്‍ണരൂപം എനിക്ക് അറിഞ്ഞുകൂടാ. ഈ ചുരുക്കെഴുത്തുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ദിനപത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഇവയുടെ പൂര്‍ണരൂപം പ്രസിദ്ധപ്പെടുത്തുന്നത് നന്നായിരിക്കും. എന്റെ നിഘണ്ടുക്കളുടെ അടുത്ത പതിപ്പില്‍ അനുബന്ധമായി പ്രചാരത്തിലുള്ള ചുരുക്കെഴുത്തുകളും അവയുടെ പൂര്‍ണരൂപവും അതിനെക്കുറിച്ചുള്ള വിവരങ്ങളും ചേര്‍ക്കുന്നുണ്ട്.
പ്രതികരിച്ച വായനക്കാരില്‍ അധികം പേരുടെയും അഭിപ്രായം ഇംഗ്ലീഷിന്റെ ആധിപത്യത്തില്‍നിന്നു ഭാരതത്തിനു മോചനമില്ലെന്നാണ്. ഭരണസംവിധാനവും നിയമസംവിധാനവും വിദ്യാഭ്യാസവും മിക്കവാറും പൂര്‍ണമായി ഇംഗ്ലീഷിന്റെ കൈപ്പിടിയിലാണ്. ഇംഗ്ലണ്ടിലെ ഭരണാധിപതിയെ പരോക്ഷമായി ഇന്ത്യയുടെ ഭരണാധികാരിയായി അംഗികരിക്കുന്ന ‘കോമണ്‍വെല്‍ത്ത്’ ബന്ധം കുടഞ്ഞുകളയാന്‍പോലും കഴിയാത്ത ഭാരതത്തിന് എങ്ങനെ ഇംഗ്ലീഷില്‍ നിന്നു മോചനം കിട്ടും എന്ന് ചില വായനക്കാര്‍ സംശയിക്കുന്നു. എല്ലാ വാദങ്ങളും യുക്തിപൂര്‍വമാണ്. ഇംഗ്ലീഷില്‍നിന്നു രക്ഷപ്പെടാന്‍ ഭാരതീയ ഭാഷകള്‍ക്ക് എളുപ്പമല്ലതന്നെ.
എങ്കിലും ഭാരതത്തെ സ്നേഹിക്കുകയും ഭാരതീയതയില്‍ അഭിമാനിക്കുകയും ചെയ്യുന്ന ഒരു നേതൃത്വം ഭാരതത്തിന്റെ ഭരണം ഏറ്റെടുക്കുമ്പോള്‍ ഭാരതം എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രമാകും. അപ്പോഴും ഇംഗ്ലീഷ് ഭാഷ ഇവിടെ ഉണ്ടായിരുന്നോട്ടെ, നമ്മുടെ ഭരണഭാഷയായല്ല. ഭാരതീയഭാഷകളുടെ പരിചാരികയായി.
ഈ ലേഖന പരമ്പര എന്റെ ഗുരുക്കന്മാരെക്കുറിച്ച് ഞാന്‍ എഴുതിയ ഒരു ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് പകര്‍ത്തിയതാണ്. ഉടനെ പ്രസിദ്ധീകരിക്കുന്ന എന്റെ ഗുരുക്കന്മാരെക്കുറിച്ചുള്ള ഗ്രന്ഥം വിധിയുടെ വിളയാട്ടം വ്യക്തമാക്കുന്നതാണ്. മലവേടന്മാരുടെ മൂപ്പനും കാണിക്കാരുടെ ആശാനുമായിരുന്ന ആദ്യകാലഗുരുക്കള്. പിന്നെ ഹംയോഗിയും സംസ്കൃതപണ്ഡിതനുമായി. പില്ക്കാലത്ത് ഋഷികേശത്തെ ശിവാനന്ദസ്വാമികളും മൗനി ബാബയും തിരുവനന്തപുരത്തെ അഭേദാശ്രമത്തിലെ മൂന്നു സന്ന്യാസിമാരും ആസ്ഥാനത്തെത്തി. ഭാഷാശാസ്ത്രത്തിലും നിഘണ്ടുശാസ്ത്രത്തിലും ഡോ. ഗോദവര്‍മ്മ, ശൂരനാടു കുഞ്ഞന്‍പിളള, ഡോ. എസ്.എം. ഖത്രേ, പ്രൊഫ. സോമയാജുലു, എ.എന്‍. നരസിംഹയ്യ, ഡോ. ഹര്‍ദേവ് ഭണ്ഡാരി, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡോ. ബറോ, അമേരിക്കക്കാരനായ ഡോ. എകനോവ്, ഡോ. ലാഡിസ്ലാവ് സുഗുസ്ത… എന്നിങ്ങനെ ഗുരുക്കന്മാരുടെ പട്ടിക വളര്‍ന്നു. ആദ്ധ്യാത്മിക ശാസ്ത്രത്തോടൊപ്പം ഭാഷാശാസ്ത്രവും നിഘണ്ടുശാസ്ത്രവും എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി. അതിനിടയാക്കിയ ഗുരുക്കന്മാരുടെ ഉപദേശങ്ങളില്‍ ഏവര്‍ക്കും പ്രയോജനപ്പെടുന്ന ചില കാര്യങ്ങളേ പത്രത്തിലെ ലേഖനങ്ങളില്‍ ഒതുക്കാനാകൂ.
ഡോ. ബി.സി. ബാലകൃഷ്ണന്
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: