പത്തനംതിട്ട: ഓപ്പറേഷന് കുബേര റെയ്ഡുകള്‍ ശക്തമായതോടെ അന്യസംസ്ഥാന രജിസ്ട്രേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ചിട്ടിക്കമ്പനികള്‍ കളമൊഴിയുന്നു. ജമ്മു, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഹെഡ്ഓഫീസ് തുടങ്ങി അവിടെ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ചിട്ടി നടത്തിവന്നിരുന്ന കമ്പനികളാണ് കളംവിടുന്നത്.
യാതൊരു നിയന്ത്രണവുമില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ഇവ പ്രവര്‍ത്തിച്ചിരുന്നതും കൊള്ളലാഭം ഉണ്ടാക്കിയിരുന്നതും. 2013 മാര്‍ച്ച് മുതലുള്ള ചിട്ടികള്‍ക്ക് കേരള രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിരുന്നു. ചിറ്റാളന്മാരുടെ പണത്തിന് സംരക്ഷണം ഉറപ്പാക്കി സുതാര്യമായി ചിട്ടികള്‍ നടത്താനാണ് കേരള ചിട്ടിനിയമം അനുശാസിക്കുന്നത്. എന്നാല്‍ ഇതു മറികടന്ന് പഴയ രജിസ്ട്രേഷന്റെ മറവില്‍ പ്രവര്‍ത്തനം തുടര്‍ന്നിരുന്ന കമ്പനികളാണ് ഓപ്പറേഷന് കുബേരയുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
ജമ്മു, ഫരീദാബാദ് രജിസ്ട്രേഷനില്‍ ചിട്ടികള്‍ ആരംഭിക്കാന്‍ ചെറിയ തുക അടച്ചാല്‍ മതി. ഒരു രജിസ്ട്രേഷന്റെ മറവില്‍ എത്ര ചിട്ടികള്‍ തുടങ്ങുന്നതിനോ എത്ര ചിറ്റാളന്മാരെ ചേര്‍ക്കുന്നതിനോ തലയാള്ക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഒരു കമ്പനിക്ക് ബ്രാഞ്ചുകള്‍ തുറക്കാനും നിയന്ത്രണമുണ്ടായിരുന്നില്ല. ഈ പഴുതുകളാണ് സാമ്പത്തിക തട്ടിപ്പിനായി പലരും വിനിയോഗിച്ചിരുന്നതും. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഏജന്റാണ് പ്രധാനമായും കേരളത്തിലെ ചിട്ടിക്കമ്പനികള്‍ക്ക് അന്യസംസ്ഥാന രജിസ്ട്രേഷനും മറ്റ് രേഖകളും തരപ്പെടുത്തിക്കൊടുത്തിരുന്നത്. 2012 ല്‍ കേന്ദ്ര ഏജന്‍സികള്‍ ജമ്മു, ഫരീദാബാദ് എന്നിവിടങ്ങളിലെ ചിട്ടിക്കമ്പനികളുടെ ഹെഡ് ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയും അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 2013 മാര്‍ച്ച് മുതല്‍ കേരളത്തില്‍ ചിട്ടി നടത്താന്‍ ഇവിടുത്തെ രജിസ്ട്രേഷനും നിര്‍ബന്ധമാക്കി. ഇതിന്റെ വ്യവസ്ഥകള്‍ സുതാര്യമാണെങ്കിലും കമ്പനി ഉടമകള്‍ക്ക് താരതമ്യേന ലാഭകരമല്ല എന്നാണ് ചിട്ടിക്കമ്പിനിക്കാര് പറയുന്നത്.
ചിട്ടി തുടങ്ങുന്ന തുകയ്ക്ക് തുല്യമായ ഡിപ്പോസിറ്റ് അടയ്ക്കണം. ചിറ്റാളന്മാരുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം. മാസം തോറും കണക്കും മിനിട്ട്സും സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബോധ്യപ്പെടുത്തണം തുടങ്ങിയ നിബന്ധനകളുണ്ട്. രജിസ്ട്രേഷനടക്കമുള്ള നടപടികള്‍ ഓണ്‍ലൈനാക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കാലാവധി കഴിയുന്നതിന് മുമ്പേ ചിട്ടിപിടിക്കുന്നവരില് നിന്നും ഉറപ്പിനായി ബ്ലാങ്ക് ചെക്കും മുദ്രപ്പത്രങ്ങളും ചിട്ടിക്കമ്പനികള്‍ വാങ്ങുന്നത് പതിവാണ്. പോലീസ് റെയ്ഡില്‍ ഇത്തരം രേഖകള്‍ പിടിച്ചെടുക്കുന്നുണ്ട്. കെഎസ്എഫ്ഇയടക്കമുള്ള അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചിട്ടിപ്പണം ലഭിക്കാന്‍ കടുത്ത മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനാലാണ് സാധാരണക്കാര്‍ സ്വകാര്യ ചിട്ടിക്കമ്പനികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
പി.എ. വേണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: