കഴിഞ്ഞ രണ്ടാഴ്ചകളില്‍ കേരളത്തിലെ മാത്രമല്ല ദേശീയതലത്തിലേയും ദൃശ്യശ്രാവ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വര്‍ത്തമാനം കേരളത്തിലെ മുസ്ലിം മതവിഭാഗങ്ങള്‍ നടത്തിവരുന്ന അനാഥാലയങ്ങളിലേക്ക് ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിസ, സംസ്ഥാനങ്ങളില്‍നിന്ന് അനധികൃതമായി നൂറുകണക്കിന് കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ളവയായിരുന്നു. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ ഒരു എക്സ്പ്രസ് തീവണ്ടിയിലെ കമ്പാര്‍ട്ടുമെന്റില്‍ കുത്തിനിറച്ച നിലയില്‍ കൊണ്ടുവന്നിറക്കുന്നത് കണ്ടു സംശയം തോന്നിയ റെയില്‍വേ പോലീസുകാര്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ നടന്നുവരുന്ന മനുഷ്യക്കടത്തിന്റെ വിവരങ്ങള്‍ വിടര്‍ന്നുവന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം അനാഥാലയങ്ങളിലേക്ക് പ്രസ്തുത സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍നിന്ന് ഏജന്റുമാര്‍ വഴി നല്ല വിദ്യാഭ്യാസവും ഭാവിജീവിതവും വാഗ്ദാനം നല്കി ആട്ടിത്തെളിച്ചുകൊണ്ടുവരപ്പെട്ടവരായിരുന്നു ആ കുട്ടികള്‍. ബന്ധപ്പെട്ട ഗ്രാമത്തിലെ അധികൃതരുടെ സര്‍ട്ടിഫിക്കറ്റുകളും മാതാപിതാക്കളുടെ ശരിയായ വിവരങ്ങളും സമ്മതപത്രങ്ങളും വളരെ കുറച്ചുപേര്‍ക്കെ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാന ശിശുക്ഷേമ വകുപ്പും അതതു സംസ്ഥാനങ്ങളിലെ അധികൃതരും പരസ്പ്പര ചര്‍ച്ചകളിലേര്‍പ്പെട്ടും നിയമനടപടികള്‍ കൈക്കൊണ്ടും ശരിയായ രേഖകള്‍ ഇല്ലാത്ത കുട്ടികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയയ്ക്കുകയാണുണ്ടായത്. അതിന്റെ വിശദമായ വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി.
ഈ സംഭവത്തില്‍ കേരളത്തിലെ ഭരണമുന്നണി വ്യക്തമായ രണ്ടു ചേരികളായി തിരിഞ്ഞതും വ്യക്തമായി. മുസ്ലിം ലീഗും മറ്റു മുസ്ലിം സംഘടനകളും അനാഥമന്ദിരങ്ങള്‍ നടത്തുന്ന ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളെ പിന്താങ്ങുകയാണ് ചെയ്തത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതിനെ അസന്ദിഗ്ദ്ധമായി എതിര്‍ക്കാന്‍ തയ്യാറായില്ല. നിയമങ്ങള്‍ പാലിക്കാതെ, അനധികൃതമായി കൂട്ടത്തോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെകൊണ്ടു പോകുന്നത് മനുഷ്യക്കടത്താണോ എന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനാണ് അവരൊക്കെ താത്പര്യം കാട്ടിയത്.
മുക്കം, മണാശേരി, വെള്ളിമാടുകുന്ന്, തിരൂരങ്ങാടി, വെട്ടത്തൂര്‍ മുതലായ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് യത്തിംഖാനകള്‍ കഴിഞ്ഞ 80-90 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു. 1921 ലെ മാപ്പിള ലഹളയെ ബ്രിട്ടീഷ് അധികൃതര്‍ അടിച്ചമര്‍ത്തുകയും ലഹളക്കാരെ ആയിരക്കണക്കായി നാടുകടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് യത്തിമു(അനാഥര്‍)കളായവരെ സംരക്ഷിക്കാനാണിവ ആരംഭിച്ചത്. അവയ്ക്ക് ഭാരതത്തിനകത്തും പുറത്തും നിന്ന് വന്‍തോതില്‍ സഹായവും കിട്ടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ അവയ്ക്ക് കോടികളുടെ ഗ്രാന്റും ലഭിക്കുന്നു. അങ്ങനെയുള്ള വമ്പിച്ച സമ്പത്ത് കൈകാര്യം ചെയ്യുന്നതിനായി സമുദായ രാഷ്ട്രീയ നേതാക്കന്മാരടങ്ങുന്ന സുശക്തമായ റാക്കറ്റും നിലവിലുണ്ടെന്നത് വസ്തുതയാണ്. അവയെപ്പറ്റിയും ഈയിടെ മാധ്യമ വിചാരണ നടന്നുകഴിഞ്ഞു.
ഈ അനാഥാലയങ്ങള്‍ തീവ്രവാദ മതമൗലികവാദ പ്രവര്‍ത്തനങ്ങളുടെ നഴ്സറികള്‍ കൂടിയാകുന്നുണ്ടെന്ന ആരോപണവും അസ്ഥാനത്തല്ല. സാക്ഷാല്‍ അബ്ദു നാസര്‍ മദനിയുടെ ആസ്ഥാനം കരുനാഗപ്പള്ളിക്കടുത്ത് അന്‍വാര്‍ശ്ശേരിയിലെ അനാഥാലയമായിരുന്നല്ലൊ. മദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തതും അവിടുന്നുതന്നെ.
ഈ അനാഥാലയങ്ങളിലെ പഠിപ്പും പരിശീലനവും കഴിഞ്ഞു പുറത്തുപോയവര്‍ ഇപ്പോള്‍ എവിടെ എന്തുചെയ്യുന്നുവെന്നത് പ്രഹേളികയാണ്. അവയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നുകാണുന്നില്ല.
മുസ്ലിംലീഗിന് കേരളത്തിലെ ഭരണത്തില്‍ നിര്‍ണായക നേതൃത്വവും പിടിപാടും കൈവന്നതുമൂലം മുസ്ലിം സമുദായത്തിന് കൈവന്ന ഉന്നതി നിസ്സീമമാണ്. മറ്റേതു സമൂഹത്തേയും അവര്‍ വിദ്യാഭ്യാസത്തിലും സാമൂഹ്യ ഔന്നത്യത്തിലും പിന്നിട്ടുകൊണ്ടിരിക്കയാണ്. അതുകൊണ്ടാവണം യത്തിംഖാനകളിലേക്ക് പുറമേ നിന്ന് കുട്ടികളെക്കൊണ്ടുവരേണ്ടി വന്നത്. നാട്ടിലെ നിയമങ്ങള്‍ ചിട്ടയായി അനുസരിച്ചുകൊണ്ട് അവരതു ചെയ്യുകയാണെങ്കില്‍ ആരും അതിനെ എതിര്‍ക്കേണ്ടതില്ല. എന്നാല്‍ ഇതുവരെയുള്ള അനുഭവം സ്ഥിതിഗതികള്‍ അങ്ങനെയല്ല എന്നാണ് കാണിക്കുന്നത്.
മുസ്ലിങ്ങളോളം തന്നെ ക്രിസ്ത്യന്‍ സഭകളുടെ നേതൃത്വത്തിലും ധാരാളം അനാഥാലയങ്ങള്‍ നടത്തപ്പെടുന്നു. രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെയും ഗോത്രവര്‍ഗക്കാരെയും മതംമാറ്റി ക്രിസ്തുമാര്‍ഗത്തിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണവര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് സര്‍വവിധ സഹായങ്ങളും നല്കാന്, പാശ്ചാത്യ രാജ്യങ്ങളിലെല്ലാം വന്‍ പ്രസ്ഥാനങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ഓരോ ഗ്രാമത്തിലും അത്തരം അനേകം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കാണാം. ഓരോന്നിനും കോടിക്കണക്കിന് രൂപ രൊക്കമായും വിവിധയിനം സഹായസാമഗ്രികളായും വിദേശങ്ങളില്‍ നിന്ന് ലഭിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്തു തന്നെ ഈ പ്രവര്‍ത്തനം ആരംഭിച്ചതാണെങ്കിലും ഇപ്പോള്‍ ഇത് വളരെ വര്‍ധിച്ചിട്ടുണ്ട്. നമ്മുടെ ഗ്രാമങ്ങളിലും നാഗാലാന്റിലും മേഘാലയയിലും മറ്റും നിന്നുള്ള കുട്ടികള്‍ പാര്‍ക്കുന്ന ഹോസ്റ്റലുകള്‍ കാണാന്‍ കഴിയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ മുഴുവന്‍ തന്നെ ക്രിസ്തുമതം വിഴുങ്ങിക്കഴിഞ്ഞുവെന്നത് പരമാര്‍ത്ഥം മാത്രമാകുന്നു.
ഈ പ്രവര്ത്തനങ്ങള്ക്കിരയാകുന്നത് ഹിന്ദുധര്‍മത്തിലെ അവശവിഭാഗങ്ങളാണെന്നതാണ് വസ്തുത. അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും അവരുടെ തനതായ ആചാരാനുഷ്ഠാനങ്ങള്‍ ഉപേക്ഷിക്കാതെ തന്നെ ഹിന്ദുധര്‍മത്തിന്റെ അവകാശികളാണ് തങ്ങളെന്ന ബോധം വളര്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് അധികകാലമായിട്ടില്ല. ഛത്തീസ്ഗഢിലെ ജഗ്പൂര് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനവാസി കല്യാണ്‍ ആശ്രമമാണ് ഇതിന് മുന്നില്‍ നില്‍ക്കുന്നത്. ജോണ്‍ പോള്‍ മാര്‍പാപ്പ ഈ സഹസ്രാബ്ദത്തിന്റെ സന്ദേശം ദല്‍ഹിയില്‍ നല്‍കിയത് പലരും ഓര്‍ക്കുന്നുണ്ടാകും. മൂന്നാം സഹസ്രാബ്ദം ഏഷ്യക്ക് സുവിശേഷം നല്‍കുന്നതിനായി പ്രയത്നിക്കാനുള്ളതാണെന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു. അത് പ്രയോഗത്തില്‍ കൊണ്ടുവരുന്നതിന്റെ നീക്കങ്ങള്‍ പ്രത്യക്ഷവും പരോക്ഷവുമായ മാര്‍ഗങ്ങളിലൂടെ നടക്കുന്നത് സൂക്ഷ്മ ദൃക്കുകള്‍ക്ക് കാണാന്‍ സാധിക്കും.
കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സംഘ സ്ഥാപകനായ പൂജനീയ ഡോക്ടര്‍ ഹെഡ്ഗേവാറുടെ ജന്മശതാബ്ദി വേളയില്‍ ഹിന്ദുസമാജത്തില്‍ പതിതനോ അനാഥനോ ആയി ആരും ഉണ്ടാകരുതെന്ന ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കാന്‍ ആഹ്വാനമുണ്ടാകുകയും ആ വഴിക്ക് ധാരാളം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. ആലുവയിലെ സംഘപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് ആരംഭിച്ച ചൊവ്വരയിലെ മാതൃച്ഛായ അതിന്റെ ഒന്നാന്തരം മാതൃകയാണ്.
ബാലസദനങ്ങളും ബാലികാ സദനങ്ങളും ശിശുമന്ദിരങ്ങളും വൃദ്ധമന്ദിരങ്ങളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ സഹായങ്ങള്‍ പ്രതീക്ഷിക്കാതെയാണവയൊക്കെ പ്രവര്‍ത്തിക്കുന്നത്. തികച്ചും ഭാവാത്മകമായ സന്നദ്ധ സേവനം തന്നെയാണ് ഏറ്റവും ഉത്തമം എന്ന് അവ സാക്ഷ്യപ്പെടുത്തുന്നു.
ജൂണ്‍ ഒന്നാം തീയതി തൊടുപുഴക്കടുത്ത് കോലാനിയില്‍ പ്രാന്തസംഘചാലക് മാനനീയ പി.ഇ.ബി.മേനോന്റെ സാന്നിദ്ധ്യത്തില്‍ തൊടുപുഴയുടെ മരുമകനും ഐടി മേഖലയിലെ ആഗോളപ്രശസ്തനുമായ ക്രിസ് ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തതുമായ ദീനദയ ട്രസ്റ്റിന്റെ വൈദ്യനാഥന് പുനരധിവാസ കേന്ദ്രം സേവനമേഖലയില്‍ വൈവിധ്യമാര്‍ന്ന എന്തെല്ലാം രംഗങ്ങളില്‍ വ്യാപരിക്കാന്‍ കഴിയുമെന്നതിന്റെ മാതൃകയായിരുന്നു.
തൊടുപുഴയിലെ മുതിര്‍ന്ന സ്വയംസേവകരായി കുറെപ്പേര് ചേര്‍ന്ന് രണ്ടായിരാമാണ്ടില്‍ രജിസ്റ്റര്‍ ചെയ്തതാണ് ദീനദയ ട്രസ്റ്റ്. പാവപ്പെട്ട മിടുക്കരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിക്കൊണ്ട് നടത്തിയ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രബുദ്ധരായ ഉദാരമതികളുടെ സഹകരണത്തോടെ വലുതായ സേവനകേന്ദ്രമായി വളര്‍ന്നിരിക്കുന്നു.
സാമ്പത്തികമായി പരാധീനതയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള മാംഗല്യനിധി, മികച്ച താമസ പഠനസൗകര്യങ്ങളുള്ള ഗോകുലം ബാലഭവന്, ദീനദയ സോഷ്യല്‍ ഡവലപ്മെന്റ് സൊസൈറ്റി, ജീവിത സായാഹ്ന പരിചരണത്തിനുള്ള പാലിയേറ്റീവ് ഹോം കീയര്‍, ആംബുലന്‍സ് സര്‍വീസ്, ചികിത്സാ ധനസഹായം, ഫാമിലി കൗണ്‍സലിംഗ് എന്നിവയ്ക്ക് പുറമെ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ ട്രസ്റ്റിന്റെ പരിപാടികളിലുണ്ട്. ഒന്നാന്തരം റഫറന്‍സ് ലൈബ്രറിയും സഭാഗൃഹവും പുതിയ പുനരധിവാസ കേന്ദ്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
മനോഹരമായ പരിസരങ്ങളും ആയിരം വര്‍ഷത്തെ പഴക്കമുള്ള വന്‍ വൃക്ഷങ്ങള്‍ നിറഞ്ഞ അമരംകാവും ശ്രീകൃഷ്ണ ക്ഷേത്രവും ചിറയും ‘ഗോകുല’ത്തിന് ആത്മീയ ശോഭ പകര്‍ന്നു നല്‍കുന്നുണ്ട്. അര്‍പ്പണബോധവും ഭാവനാ സമ്പത്തുമുള്ള അനേകം സ്വയംസേവകര്‍ തങ്ങളുടെ ചിന്താശേഷിയെ സമന്വയിപ്പിച്ചതിന്റെ പ്രത്യക്ഷഫലമാണിവിടെ കാണപ്പെടുന്നത്.
ഇത് തൊടുപുഴയിലെ മാത്രം കാര്യമല്ല. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ കേരളത്തിലുടനീളം നൂറില്‍പ്പരം സേവനസംരംഭങ്ങള്‍ പൂചൂടി വരുന്നത് നമുക്ക് കാണാന്‍ കഴിയും. തങ്ങള്‍ അനാഥരാണെന്ന ശങ്ക പോലും മനസ്സില്‍ വളരാന്‍ അനുവദിക്കാതെ സ്നേഹ, വാത്സല്യ പരിചരണങ്ങള്‍ നല്കി ആയിരക്കണക്കിന് ആണ്‍പെണ്‍ കുരുന്നുകളെ വളര്‍ത്തി വലുതാക്കി സമാജകത്തിന് മുതല്‍ക്കൂട്ടാക്കി വിടുന്ന സ്ഥാപനങ്ങളാണവ. ജാതിമത കക്ഷിഭേദമന്യേ അവിടെ പ്രശംസകള്‍ കുമിഞ്ഞുകൂടുന്നു. മാസാദ്യം പാലക്കാട്ടും മറ്റും കണ്ട കാഴ്ചകളില്‍നിന്ന് തികച്ചും ഭിന്നമായ ദൃശ്യം!
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: