പതിനാറാം ലോക്സഭ പലതുകൊണ്ടും ശ്രദ്ധേയമാണ്. ആദ്യമായി എം.പി ആയ ഒരാള്‍ പ്രധാനമന്ത്രിപദത്തിലേക്ക് ഉയരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അത്ഭുതാവഹമായി തന്നെ നിലനില്ക്കുന്നു. സര്‍വരാജ്യത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ഊണും ഉറക്കവും വെടിഞ്ഞ് കണ്ണിലെണ്ണയൊഴിച്ച് ഇരിക്കുന്ന കക്ഷികള്‍ക്ക് ഇനിയെന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. കുടുംബഭരണത്തിന്റെ അന്ത്യം. സാധാരണക്കാരുടെ വികാരവിചാരങ്ങള്‍ അടുത്തറിയുന്ന ആള് നിയന്ത്രിക്കുന്ന ഭരണകൂടം. എന്നിട്ടും നേരം പുലരാത്ത ചില വിദ്വാന്മാര് നമുക്കു ചുറ്റുമുണ്ട്. ജയിച്ചവര്‍ ജനസമ്മതികൊണ്ടല്ലെന്നും മറ്റും പറഞ്ഞ് ആശ്വാസം കൊള്ളുന്നവരുടെ കൂട്ടത്തില്‍ നടേ സൂചിപ്പിച്ച സര്‍വരാജ്യത്തൊഴിലാളികളുടെ മൂത്താശാന്മാരുമുണ്ട്. അവര്‍ പറയുന്നതില്‍ കഴമ്പില്ലേ എന്നു കരുതുന്ന നിഷ്പക്ഷരും സംഘടനാ ബോധമുള്ളവരുമായ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കരളിലേക്ക് ആത്മവിശ്വാസത്തിന്റെ പ്രതിരോധ കവചവുമായി ഒരു ലേഖനം.
സംഘപരിവാറിനെതിരെ എപ്പോഴും എഴുത്താണിപ്പണിയെടുക്കുന്ന പത്രം ലേഖനം കൊടുത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇടതുപക്ഷ പിഴവും ഏറ്റു പറച്ചിലും എന്ന ലേഖനം തന്നെ മറുപടി. കുരുക്ഷേത്രയുദ്ധത്തില്‍ സപ്തനാഡികളും തളര്‍ന്ന് എനിക്കുവയ്യ എന്ന് ലോകം കണ്ട പോരാളി വിയര്ത്തുപറഞ്ഞപ്പോള് തേരാളിയായി നിന്ന് ആത്മവിശ്വാസം പകര്‍ന്നു കൊടുക്കാന്‍ ഒരാളുണ്ടായി. അതിന്റെ ഫലം യുദ്ധത്തില്‍ കാണുകയും ചെയ്തു. സംഗതിവശാല്‍ രാഷ്ട്രീയ യുദ്ധത്തില്‍ വിജയശ്രീലാളിതരായിട്ടും തളര്‍ന്നിരിക്കുന്ന അവസ്ഥ പിന്നീടുള്ള രാഷ്ട്രീയ സംവാദയുദ്ധത്തിലുണ്ട്. അവിടെ ആത്മവിശ്വാസത്തിന്റെ അമ്പൊടുങ്ങാത്ത ആവനാഴിയാണ് മാതൃഭൂമി (ജൂണ്‍ 18) വഴി വന്ന ലേഖനം. എഴുത്തില്‍ സവ്യസാചിയായ അഡ്വ. പി.എസ്. ശ്രീധരന്പിള്ളയുടെതാണ് രചന. തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാതെ പിന്നെയും നാലുകാലില്‍ വീണ് വിജയമുദ്രകാണിക്കുന്ന ഇടതപക്ഷത്തിന് ഇതില്പരം ഒരു പ്രഹരം കൊടുക്കാനാവില്ല. വസ്തുതകളുടെ വെളിച്ചത്തില്‍ നഗ്നമാവുന്ന ഇടതുരാഷ്ട്രീയത്തിന്റെ അപഹാസ്യത തിരിച്ചറിയുന്നു എന്നു മാത്രമല്ല ലേഖനത്തിന്റെ പ്രത്യേകത. എങ്ങനെയാണ് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ വിശകലനം ചെയ്യേണ്ടത് എന്നും ഇതില്‍ നിന്ന് പഠിക്കാം. ലേഖനത്തിലെ ചില നിരീക്ഷണങ്ങളിലേക്ക്: വളരെക്കാലം ജനപിന്തുണയാലും സംഖ്യാബലം കൊണ്ടും ലോക്സഭയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ശക്തിയായി നിലയുറപ്പിച്ച സിപിഎം ഇത്തവണ ലോക്സഭയില്‍ ഒമ്പത് കക്ഷികള്‍ക്ക് പിന്നിലാണുള്ളത്. ഇപ്പോള്‍ ഇന്ത്യയില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 3.3 ശതമാനം സിപിഎമ്മിനും ഒരു ശതമാനത്തില്‍ താഴെ മാത്രം സിപിഐക്കും എന്നതാണവസ്ഥ. എന്നിട്ടും അഹങ്കാരത്തിന്റെ അച്ചടിഭാഷയും ധാര്‍ഷ്ട്യത്തിന്റെ ശരീരഭാഷയുമായി നടക്കുന്നു ഇടതുനേതാക്കള്‍. അവരുടെ ഭൂതകാലത്തെ സമ്പന്നതയിലേക്കും ശ്രീധരന്‍പിള്ള കണ്ണോടിക്കുന്നുണ്ട്; നോക്കുക:
സിപിഎമ്മിന് 1977 ല്‍ 22 സീറ്റും 1980ല്‍ 37 സീറ്റും 1984ല്‍ 22 സീറ്റും 1989ല്‍ 33 സീറ്റും 1991ല്‍ 35 സീറ്റും 1996ല്‍ 32 സീറ്റം 1998ല്‍ 32 സീറ്റും 1999ല്‍ 33 സീറ്റും 2004ല്‍ 43 സീറ്റും ലോക്സഭയിലേക്ക് ലഭിച്ചു. ഇക്കാലയളവില്‍ ഏതാണ്ട് സിപിഎമ്മിന് ശരാശരി ആറ് ശതമാനത്തോളം വോട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍, പാരമ്പര്യ കോണ്‍ഗ്രസ് വിരുദ്ധനിലപാടില്‍ നിന്ന് വ്യതിചലിച്ച് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎയുടെ പൊതുമിനിമം പരിപാടി അംഗീകരിച്ച് അതിന്റെ ഭാഗമായതിനുശേഷം സിപിഎമ്മിന്റെ ജനപിന്തുണ അതിവേഗം ഗുരുതരമാംവിധം ഗണ്യമായി കുറഞ്ഞു. 2009ലെ തെരഞ്ഞെടുപ്പില്‍ കേവലം 16 സീറ്റുകളും 5.33 ശതമാനം വോട്ടും മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. അതിപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ കേവലം ഒമ്പത് സീറ്റുകളിലും 3.3 ശതമാനം വോട്ടുമായി ചുരുങ്ങിയിരിക്കുന്നു. ഇതെന്തുകൊണ്ട് എന്നതിന് ഉത്തരം തേടി ഗവേഷണപടുക്കള്‍ സമയം ചെലവിടേണ്ടതില്ല. 1996 ജൂണില്‍ സീതാറാം യെച്ചൂരി ഇങ്ങനെ പറഞ്ഞിരുന്നു: വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയാധികാരം പിടിച്ചടക്കാന്‍ നടത്തിയ ശ്രമത്തെ തോല്‍പ്പിച്ച് ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണം നിയന്ത്രിക്കുന്ന കക്ഷിയായി സിപിഎം മാറിയിരിക്കുന്നു. (പരാമൃഷ്ട ലേഖനം) ഇന്നിപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലിരിക്കുന്ന കക്ഷിയുടെ ഔദാര്യമുണ്ടെങ്കിലേ സിപിഎമ്മിന് ദേശീയകക്ഷിയെന്ന അംഗീകാരം പോലും ലഭിക്കൂ. ചരിത്രത്തിന്റെ ഗതിവിഗതികളില്‍ ഇങ്ങനെയൊക്കെ സംഭവിക്കാം എന്നു പറഞ്ഞ് ഇതൊക്കെ ന്യായീകരിക്കാന്‍ കഴിയും. അപ്പോഴും പക്ഷേ, വസ്തുത വസ്തുതയായിത്തന്നെ നിലനില്ക്കും. ആഴത്തില്‍ പഠിച്ച് കാര്യങ്ങള്‍ അതിലളിതമായി അവതരിപ്പിക്കുന്ന പ്രതിഭകളാണ് ഏതു പ്രസ്ഥാനത്തിന്റെയും ആണിക്കല്ല്. അത് എല്ലാവരും തിരിച്ചറിയുന്നുണ്ടോ ആവോ? ഇതിനൊപ്പം മാതൃഭൂമി (ജൂണ്‍ 18) കാണിച്ച മറ്റൊരു ഔചിത്യത്തെ പ്രകീര്‍ത്തിക്കാതെ വയ്യ. ഇടതുപക്ഷ പിഴവും ഏറ്റുപറച്ചിലും പ്രസിദ്ധീകരിച്ച അന്ന് മുഖപ്രസംഗത്തിനു മുകളില്‍ കൊടുത്ത മഹദ് വചനം അര്‍ത്ഥവത്തായിരുന്നു. അലക്സാണ്ടര്‍ പോപ്പ് പറഞ്ഞ വചനം ഇങ്ങനെ: പിടിവാശിക്കാര്‍ക്ക് അഭിപ്രായമില്ല; അഭിപ്രായങ്ങള്‍ അവരെ പിടിച്ചടക്കിയിരിക്കയാണ്. ഇടതുപക്ഷത്തെ കണ്ട് തന്നെയാവും അന്നദ്ദേഹം ഇങ്ങനെ പറഞ്ഞത്. നന്ദി, മാതൃഭൂമിക്കും ശ്രീധരന്‍പിള്ളയ്ക്കും.
ലോകം ഒരു പന്തിലേക്കു ചുരുങ്ങുകയും കായികപ്രേമികള്‍ ലോകത്തോളം വളരുകയും ചെയ്യുന്ന അന്തരീക്ഷമാണല്ലോ. ഏതായാലും ലോകകപ്പ് വിറ്റ് പണമുണ്ടാക്കാന്‍ സകലരും ശ്രമിക്കും. അതങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. മാതൃഭൂമി ആഴ്ചപ്പതിപ്പ് (ജൂണ്‍ 28), മലയാളം വാരിക (ജൂണ്‍ 20) എന്നിവ അതിന് ഇറങ്ങിയിട്ടുണ്ട്. മലയാളം വാരിക പ്രത്യേക പതിപ്പാണ്; വില 30 രൂപ. പേജ് 180. പ്രശസ്തരും പ്രഗല്ഭരുമായ കളിയെഴുത്തുകാരുടെ ഉശിരന്‍ ഗ്രൗണ്ടായി മാറിയിരിക്കുന്നു മലയാളം വാരിക. മനോഹരമായ ഫോര്വേര്ഡുകള്, കോര്‍ണര്‍കിക്ക്, ത്രോ, പെനാള്‍റ്റി, മൈനസ് പാസ്. ഹാ, ഹാ കളികളുടെ മാസ്മര ജാലവിദ്യകള്‍ ആവോളം ആസ്വദിക്കാം. ഇടയ്ക്ക് പക്ഷേ, സമൃദ്ധമായി ഫൗളുകളുണ്ട്. രസകരമായ ഫൗളുകള്‍. എ.എന്‍. രവീന്ദ്രദാസ്, രവിവര്‍മ, രവിമേനോന്, എം.എം. പൗലോസ്, ആര്. ഗോപീകൃഷ്ണന് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ പന്തെഴുത്ത് കുറിക്കുമ്പോള്‍ കാണാനും കണ്ടാസ്വദിക്കാനും വായിച്ച് രസിക്കാനും കഴിയാതിരിക്കുന്നതെങ്ങനെ? മലയാളത്തിന്റെ ഏഴയലത്ത് വരില്ല മാതൃഭൂമി ആഴ്ചപ്പതിപ്പ്. കവറില്‍ അശ്ലീലത്തിന്റെ അകംപൊടി ചേര്‍ത്ത് വിറ്റഴിക്കാനുള്ള ശ്രമം പാരമ്പര്യത്തിന്റെ ഉമ്മറക്കോലായയിലേക്കുള്ള മുറുക്കിത്തുപ്പായി പോയി. പാരമ്പര്യം പരണത്ത് വെച്ചവര്‍ക്ക് അതും ഭൂഷണം. ജയ് ബ്രസൂക്ക!
ഇത്തവണത്തെ (ജൂണ്‍) ഹിരണ്യ മാസികയില്‍ നടരാജനൃത്തവും തമിഴിന്റെ വേദപാരമ്പര്യവും എന്ന ലേഖനം ഏറെ ചിന്തോദ്ദീപകം. ശൈവമൂര്‍ത്തിയായ നടരാജന്റെ നൃത്തത്തിലെ വൈദിക ദര്‍ശനങ്ങളെക്കുറിച്ച് പഠിക്കണമെങ്കില്‍ വേദവും വേദപാരമ്പര്യവും അറിഞ്ഞിരിക്കണം എന്നാണ് ഡോ. ആര്. നാഗസ്വാമി പറയുന്നത്. ആഴവും പരപ്പും വായനയില്‍ വേണമെന്നുള്ളവര്‍ക്ക് ഹിരണ്യ ഒരു ശാന്തസമുദ്രമാണ്. അതറിയണമെങ്കില്‍ അതില്‍ അനുസന്ധാനം ചെയ്തേതീരൂ; നമശ്ശിവായ.
തൊട്ടുകൂട്ടാന്‍
വൃക്ഷത്തലപ്പിന്റെ തുമ്പില്‍ നിന്നും
കൂരിരുട്ടിറങ്ങി നടക്കയായി.
ഊതിക്കെടുത്തിയ വിളക്കില്‍ നിന്നും
എണ്ണയിരുട്ടിലൊലിച്ചിറങ്ങി.
മാധവന് പുറച്ചേരി
കവിത: പാഠം ഒന്ന്- ഒരു വിലാപം
മാധ്യമം ആഴ്ചപ്പതിപ്പ് (ജൂണ്‍ 16)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: