ഇന്ന് അയ്യങ്കാളി ചരമദിനം
നവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രമായ അയ്യന്‍കാളിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നത് പഠനാര്‍ഹമായ സംഗതിയാണ്. ഇത്തരത്തില്‍ ചിന്തിക്കുന്നതിന് ആധാരമായ ഒന്നാമത്തെ സംഗതി ശ്രീ അയ്യങ്കാളി സ്മാരക പുതുവല്‍ വിളാകം യുപി സ്കൂളിന്റെ ഇന്നത്തെ അവസ്ഥയാണ്. 1905 ല്‍ ആരംഭിച്ച് ഇടയ്ക്ക് മുടങ്ങിയ ആ കുടിപ്പള്ളിക്കൂടം അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന മിച്ചല്‍ സായ്പ്പിന്റെ സഹായത്താലാണ് 1914 ല്‍ എല്‍പി സ്കൂളായി ഉയര്‍ത്തപ്പെട്ടത്. അതിനുശേഷം ഏഴുപതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴാണ് 1983 ല്‍ ഇത് യുപി സ്കൂളായി ഉയര്‍ത്തപ്പെടുന്നത്. ഇക്കാര്യത്തിനുവേണ്ടി അയ്യങ്കാളിയുടെ മകള്‍ കെ.തങ്കമ്മ സ്കൂള്‍ മാനേജര്‍ എന്ന നിലയില്‍ വളരെ ഹൃദയസ്പൃക്കായ ഭാഷയില്‍ ഗവണ്മെന്റിനും പത്രങ്ങള്‍ക്കും പലതവണ എഴുതി. 1980 നും മുമ്പാണ് ഈ കത്തിടപാടുകള്‍. അവര്ണന് അക്ഷരം കൊടുക്കുവാന്‍ വേണ്ടി അനവരതം പണിയെടുത്ത അയ്യങ്കാളിയുടെ പ്രതിമ കെട്ടിപ്പൊക്കുന്നതിനു മുമ്പ് സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതാണ് അത്യാവശ്യം വേണ്ടതെന്ന അര്‍ത്ഥത്തിലും അതിനേക്കാള്‍ മുമ്പ് പ്രതിമ കെട്ടിപ്പൊക്കുന്നത് അര്‍ത്ഥരഹിതമാണെന്നും അവര്‍ ഗവണ്മെന്റിന് എഴുതി. രണ്ടു മഹാത്മാക്കള്‍; 1937 ജനുവരി 14ല്‍ അയ്യങ്കാളിയും മഹാത്മാഗാന്ധിയും കണ്ടുമുട്ടിയതും വാരിപ്പുണര്‍ന്നതും ഈ സ്കൂള്‍ മുറ്റത്തുവച്ചാണ്. അന്ന് പത്ത് ബിഎക്കാരെയെങ്കിലും കണ്ടിട്ട് കണ്ണടയ്ക്കണമെന്ന തന്റെ ആഗ്രഹം മഹാത്മജിയടെ മുന്നില്‍ അയ്യങ്കാളി അവതരിപ്പിക്കുന്നതിനു വേദിയായതും ഈ സ്കൂള്‍ മുറ്റത്താണ്. വിദ്യ നേടലാണ് സമുദായത്തിന്റെ ഉന്നമനത്തിനുള്ള ഏകമാര്‍ഗ്ഗം എന്ന് അവിതര്‍ക്കം പ്രസ്താവിച്ച സ്ഥലം. ആ സ്കൂള്‍ പിന്നെയും 56 വര്‍ഷം എല്‍പി സ്കൂളായി തന്നെ നിലനിന്നു. ഇതേ സ്കൂളിന്റെ മുറ്റത്താണ് 1941 ജൂണ്‍ 18 ന് അയ്യന്‍കാളിയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത ചിത്രകൂടം ശ്രീചിത്തിരതിരുനാള്‍ ഉദ്ഘാടനം ചെയ്തത്. ചിതാഭസ്മം മണ്ണിനടിയില്‍ അടങ്ങിയതുപോലെ സ്കൂളിന്റെ ഉയര്‍ച്ചയെക്കുറിച്ചുള്ള സ്വപ്നം 42 വര്‍ഷവും കൂടി സാക്ഷാത്കരിക്കപ്പെടാതെ കഴിഞ്ഞു.
1980 നവംബര്‍ 10 ന് കേരളത്തിന്റെ തലസ്ഥാനനഗരിയില്‍ അയ്യന്‍കാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എത്തി. ‘ഇന്ത്യയുടെ മഹാനായ പുത്രന്’ എന്ന് ഇന്ദിരാഗാന്ധി തദവസരത്തില്‍ അയ്യന്‍കാളിയെ വിശേഷിപ്പിച്ചപ്പോള്‍ അന്നത്തെ കേരള മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ‘ജനകീയ പ്രസ്ഥാനത്തിന്റെ ആദ്യദശയിലെ ഉത്തുംഗനായ വിപ്ലവകാരി’ എന്നാണ് വിശേഷിപ്പിച്ചത്. കിലോമീറ്ററുകള്‍ക്കകലെ നില്ക്കുന്ന ആ സ്കൂള്‍ കെട്ടിടത്തിന് കാതുകളില്ലാത്തതുകൊണ്ട് കേള്‍ക്കാനും സാധിക്കില്ലല്ലോ. കേവലം ഒരു പ്രതിമയാണോ ഉയര്‍ന്ന നിലയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണോ ഈ മഹാത്മാവിന്റെ യഥാര്‍ത്ഥ സ്മാരകമാവേണ്ടത്?
ഈ ന്യായീകരിക്കാനാവാത്ത കാലതാമസത്തിന് ഒരുപരിധിവരെയെങ്കിലും കാരണം പിന്നാക്ക സമുദായ സംഘടനകള്ക്കുമില്ലേ? എല്ലാവരും ഒരാത്മ വിചിന്തനത്തിനും വിശകലനത്തിനും തയ്യാറാവേണ്ടിയിരിക്കുന്നു. സ്കൂളിന്റെ അപ്ഗ്രഡേഷന് തടസ്സമായി നിന്നത് സ്വന്തമായ സ്ഥലത്തിന്റെ അഭാവമായിരുന്നു എന്ന് സ്കൂള്‍ ഉയര്‍ത്തപ്പെടുന്ന സമയത്ത് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കെ.വി.മദനന് വെളിപ്പെടുത്തുന്നു. ഈ ഭൗതിക സാഹചര്യങ്ങളുടെ അഭാവം സമുദായത്തിന് പരിഹരിക്കാന്‍ സാധിക്കുമായിരുന്നില്ലേ? സ്വാതന്ത്ര്യത്തിനുശേഷം ഒരു പരിധിവരെയെങ്കിലും സാമ്പത്തികമായി എല്ലാ സമുദായവും ഉയര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ആചാര്യനായ ആ മഹാത്മാവ് നമ്മുടേതാണെന്ന തോന്നല്‍ ശക്തിമത്തായില്ല എന്നുവേണം കരുതാന്‍. ഗവണ്മെന്റിനെ ചിന്തിപ്പിക്കാന്‍ അതിനുള്ള ഇച്ഛാശക്തിയുള്ള സമൂഹം ഉണ്ടെങ്കിലേ സാധ്യമാകൂ.
അയ്യങ്കാളി അവഗണിക്കപ്പെട്ടുവോ എന്ന തോന്നലുളവാകാന്‍ മറ്റൊരു കാരണം അദ്ദേഹം നയിച്ച പ്രക്ഷോഭങ്ങളുടെ വിശദമായ പഠനങ്ങളുടെ അഭാവമാണ്. പ്രധാനമായും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകസമരം തന്നെ. 1907 ലോ 1913-1914 കാലഘട്ടത്തിലോ എന്ന അഭിപ്രായവ്യത്യാസമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. എന്തായാലും അത് റഷ്യന്‍ വിപ്ലവത്തിന് മുമ്പാണ്. 1907 ലാണെങ്കില്‍ കാറല്‍ മാര്ക്സിനെക്കുറിച്ചുപോലും മലയാളി കേള്‍ക്കുന്നതിന് മുമ്പ് നടന്ന കര്ഷകസമരമാണത്. അഥവാ 1913-14 കാലത്താണെങ്കില്‍ തന്നെ 1912 ല്‍ കാറല്‍ മാര്‍ക്സിന്റെ ജീവചരിത്രം മലയാളത്തില്‍ ഇറങ്ങിയത് വായിച്ചല്ലല്ലോ ആരും അയ്യങ്കാളി നയിച്ച സമരത്തില്‍ പങ്കെടുത്തത്. അത് സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് നടത്തിയ സമരമായിരുന്നു. എന്റെ കുട്ടികളെ പഠിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നിങ്ങടെ പാടത്തു മുട്ടിപ്പുല്ലു കിളിപ്പിക്കും എന്ന് നെഞ്ചത്തടിച്ചു പറഞ്ഞ് ഒരു സമൂഹത്തെ അപ്പാടെ സമരരംഗത്തേക്ക് ആനയിച്ച സംഭവം ഒരു പക്ഷേ ലോകചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. അതിനും വര്‍ഷങ്ങള്‍ക്കുശേഷം 1922 ല്‍ ആണ് കേരളത്തിലെ ആദ്യ തൊഴിലാളി യൂണിയനായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന് എന്ന ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളുടെ സംഘടന ആരംഭിക്കുന്നത്. 1935 ല്‍ മാത്രമാണ് വി.എം.വിഷ്ണുഭാരതീയന്‍ പ്രസിഡന്റായും കെ.എ.കേരളീയന് സെക്രട്ടറിയുമായി സംഘടിത കര്‍ഷകപ്രസ്ഥാനമായ കൊളച്ചേരി കര്‍ഷകസംഘം രൂപീകൃതമാകുന്നത്. 1935 ല്‍ തന്നെ എ.വി.കുഞ്ഞമ്പു പ്രസിഡന്റായി കരിവെള്ളൂര്‍ പെരളം പ്രദേശത്തെ സംയുക്ത കര്‍ഷക സംഘവും 1936 ല്‍ ലക്നൗവില്‍ വച്ച് അഖിലേന്ത്യാ കിസാന്‍ സംഘവും രൂപീകരിക്കപ്പെട്ടു. ഈ കര്‍ഷക സംഘടനകളും പ്രവര്‍ത്തനങ്ങളും ഒക്കെ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ (പി.കെ.ഗോപാലകൃഷ്ണന്) സ്ഥാനം നേടിയപ്പോള്‍ എന്തുകൊണ്ട് ആദ്യത്തെ കര്‍ഷക സമരം മാത്രം ഇടംനേടിയില്ല? അവിടെയാണ് അവഗണന മണക്കുന്നത്.
ഇത് ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് മാത്രമല്ല, സ്വാതന്ത്ര്യസമരസേനാനിയായ മുഹമ്മദ് അബ്ദുള്‍ റഹ്മാന്റെ ജീവചരിത്രകര്ത്താവായ എന്‍.പി.ചേക്കുട്ടി 2005 ഫെബ്രുവരി 28 ല്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ‘Missing Chapter in History of Universal Schooling’ എന്ന ലേഖനത്തിന്റെ പ്രസക്ത ഭാഗം ശ്രദ്ധിക്കുക. “കേരളം മലയാളികളുടെ മാതൃഭൂമി” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും പ്രമുഖ മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാട്, അയ്യങ്കാളിയെക്കുറിച്ചും ദളിത് പ്രവര്‍ത്തകരെക്കുറിച്ചും ആ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അജ്ഞനെന്നപോലെ, തീരെ പരാമര്‍ശിച്ചതായി കാണുന്നില്ല. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും അയ്യങ്കാളി മുഖ്യധാരാ ചരിത്രകാരന്മാരാല് വേണ്ടവിധത്തില്‍ പഠിക്കപ്പെടാതെ അവശേഷിക്കുന്നു.”
ഈയവസരത്തില്‍ ഇന്റര്‍നെറ്റില്‍ 2008 ഫെബ്രുവരി 27 ന് സിപിഐ(എംഎല്)ന്റെ നേതാവായ പി.ജെ.ജയിംസ് എഴുതിയ ‘മഹാനായ അയ്യങ്കാളി’ എന്ന ലേഖനം കൂടി പരിഗണിക്കേണ്ടതുണ്ട്… അയ്യന്‍കാളി വിതച്ചതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ട കൊയ്തതെന്ന് ഈ ലേഖനത്തിലൂടെ പി.ജെ.ജെയിംസ് സമര്‍ത്ഥിച്ചിരിക്കുകയാണ്. ഈ നിഗമനത്തെ അധികമാരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും ആദ്ധ്യാത്മികതയിലൂന്നിയ ഭൗതികപരിവര്ത്തന സ്രഷ്ടാക്കളായ (അങ്ങനെയല്ലാ എന്നിക്കാലത്ത് ഭൗതികവാദികള്‍ വാദിക്കുന്നുവെങ്കിലും) സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുദേവനേയും നാടുമുഴുവന്‍ തങ്ങളുടെ സമ്മേളന പരസ്യ ചിത്രമാക്കുന്നവര്ക്ക് അത്ര ആവേശമെന്തുകൊണ്ട് അയ്യന്‍കാളിയെക്കുറിച്ച് സംസാരിക്കുവാനും കാര്‍ഷിക സമരത്തിന്റെ രോമം ചീര്‍ക്കും വിപ്ലവചിന്തകള്‍ അവതരിപ്പിക്കുവാനും കാണുന്നില്ല. ഈ തമസ്കരണത്തിന്റെ മനഃശാസ്ത്രം പഠനവിധേയമാക്കേണ്ടിയിരിക്കുന്നു. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഭാരതീയരായ വ്യക്തിത്വങ്ങളില്‍നിന്നും സംഗതികളില്‍നിന്നും ആവേശമുള്‍ക്കൊള്ളണമെന്ന് പറഞ്ഞുകൊണ്ട് സി.അച്യുതമേനോന് എടുത്തുകാട്ടിയത് സ്വാമി വിവേകാനന്ദനെയാണ്. എന്തുകൊണ്ട് തൊഴിലാളി വര്‍ഗത്തെ സമരമുഖത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന, അടിമയെ ഉടമയാക്കാന്‍ ശ്രമിച്ച, അക്ഷരഹീനരെ അക്ഷരജ്ഞാനികളാക്കാന് ശ്രമിച്ച, അയ്യങ്കാളിയെക്കൂടി ഉയര്‍ത്തിക്കാട്ടിയില്ല?
ദീര്‍ഘകാലത്തെ ശ്രമത്തിനുശേഷമാണ് ശ്രീനാരായണ ഗുരുദേവന് സിലബസില്‍ ഇടം നേടിയത്. കേരളത്തിന് തനതായി എന്തെങ്കിലുമുണ്ടെങ്കില്‍ അതെല്ലാം അയ്യാവു സ്വാമി മുതല്‍ അയ്യപ്പന്വരെയുള്ള നവോത്ഥാന നായകരുടെ സംഭാവനയാണ്. ശ്രീനാരായണനും ചട്ടമ്പിയും മന്നത്താചാര്യനും പണ്ഡിറ്റും കറുപ്പനും അയ്യങ്കാളിയും കണ്ഠന്‍കുമാരനും ഡോ.പല്‍പ്പുവും കുമാരനാശാനും എല്ലാം ഒത്തൊരുമിച്ച് ശ്രമിച്ചതിന്റെ ഫലമാണ് കേരളം ഭ്രാന്താലയത്തില്‍നിന്ന് തീര്ത്ഥാലയത്തിലെത്തിയത്. 2001 സെപ്തംബര്‍ 2 ന് ഹിന്ദു പത്രത്തില്‍ അയ്യങ്കാളിയുടെ 139-ാം ജയന്തിയാഘോഷത്തിന്റെ ഒരു റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചിരുന്നു. അയ്യങ്കാളിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സാംസ്കാരിക സാമൂഹ്യപ്രസ്ഥാനങ്ങളുടെ നേതാക്കളും ബന്ധുക്കളും പങ്കെടുത്ത ആ ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. ആ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് അയ്യങ്കാളിയടെ പിന്തലമുറയില്പ്പെടുന്ന സി.വി.സനല്‍കുമാര്‍ എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് താന്‍ അയ്യങ്കാളി പഠനഗവേഷണ കേന്ദ്രം എന്നൊരു പദ്ധതി മുന്നോട്ടുവച്ച കാര്യവും അതിന് നാമമാത്രപുരോഗത മാത്രമേ ഉണ്ടായുള്ളൂ എന്നതും സൂചിപ്പിക്കുകയുണ്ടായി. മാത്രമല്ല പദ്ധതി നടപ്പിലാക്കേണ്ട അത്യാവശ്യ സന്ദര്‍ഭമാണെന്നും ഈ അമാന്തം ദളിതരോടുള്ള ഗവണ്മെന്റിന്റെ അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്തുകൊണ്ട് അതുപോലൊരു സ്വപ്നം ഇന്നും യാഥാര്‍ത്ഥ്യമായില്ല? പലരും മാറി മാറി ഭരിച്ചിട്ടും ഗവണ്മെന്റിനെക്കൊണ്ട് ഇത്തരത്തില്‍ പുരോഗമനപരമായ ഒരു തീരുമാനം എടുപ്പിക്കാന്‍ സാധിക്കുന്ന ദളിത എംഎല്‍എമാര്‍ ഇല്ലാഞ്ഞിട്ടാണോ?
അതോ കോരനു കഞ്ഞി എന്നും കുമ്പിളില്‍ മതി എന്നതാവുമോ ഇതിനു പിറകിലുളള ചിന്ത. തദ്ദേശീയമായ സംഗതികളില്‍നിന്ന് ചിന്തയെ പ്രോജ്ജ്വലിപ്പിച്ച് കനല്‍വഴികളിലൂടെ മുന്നേറാന്‍ ഇവിടുത്തെ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും സാധിക്കട്ടെ. അതു കമ്മ്യൂണിസ്റ്റോ കോണ്‍ഗ്രസ്സോ ബിജെപിയോ എന്നതല്ല, ചീനയ്ക്ക് ചീനത്വം ചീത്തയല്ലാ എന്ന് ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അങ്ങനെയൊരു വെളിപാടുണ്ടായാല്‍ ഈ തമസ്കരണത്തിന് അന്ത്യം കുറിച്ച് സൂര്യപ്രഭയോടെ അയ്യന്‍കാളി ജ്വലിച്ചുയരും.
എ.ആര്.മോഹനകൃഷ്ണന്
(ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച “മഹാത്മാ അയ്യങ്കാളി നവോത്ഥാനത്തിന്റെ അഗ്നി നക്ഷത്രം” എന്ന ഗ്രന്ഥത്തില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: