തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആവശ്യം നിറവേറ്റാനായി പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ലൈന്‍ സൗകര്യം അനുവദിക്കാത്ത പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ നടപടിക്കെതിരെ കെഎസ്ഇബി സമര്‍പ്പിച്ച ഹര്ജിയിന്മേല് കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന് ജൂലൈ മൂന്നിന് വാദം കേള്‍ക്കും. അതുവരെ ഈ ലൈനുകള്‍ മറ്റാര്‍ക്കും അനുവദിക്കരുതെന്നും കമ്മീഷന് ഉത്തരവായി. വൈദ്യുതി നിയമമനുസരിച്ച്, രാജ്യത്തെ അന്തര്‍സംസ്ഥാന വൈദ്യുതി പ്രസരണമേഖലയുടെ നിയന്ത്രണത്തിനുള്ള അധികാരം കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ്.
2008 ലും 2009 ലും വൈദ്യുതി കടത്തിവിടാനുള്ള നടപടികളും ചട്ടങ്ങളും കമ്മീഷന് പുതുക്കിയിരുന്നു. ഇതനുസരിച്ച്, ദീര്‍ഘ, മദ്ധ്യ, കാല വൈദ്യുതി കരാറുകള്‍ പ്രകാരം വൈദ്യുതി എത്തിക്കുന്നതിനുള്ള അനുമതി നല്‍കേണ്ടത് കേന്ദ്ര നോഡല്‍ ഏജന്‍സിയായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷനും ഹ്രസ്വകാല കരാറനുസരിച്ച് വൈദ്യുതി കൊണ്ടുവരാന്‍ അനുമതി നല്‍കുന്നത് മേഖലാ ലോഡ് ഡെസ്പാച്ച് സെന്ററുകളുമാണ്. ഈ മേഖല ഡെസ്പാച്ച് സെന്ററുകള്‍ പവര്‍ ഗ്രിഡിന്റെ ഉപ സ്ഥാപനമായ പവര്‍ സിസ്റ്റം ഓപ്പറേഷന് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലാണ്.
2014-15 ല്‍ കേരളത്തിനാവശ്യമായ 22059 ദശലക്ഷം യൂണിറ്റ് വൈദ്യുതിയില്‍ 14440 ദശലക്ഷം യൂണിറ്റും കേരളത്തിനു പുറത്തുനിന്നെത്തേണ്ടതാണ്. ഇതില്‍ കേന്ദ്ര നിലയങ്ങളില്‍ നിന്ന് ലഭിക്കേണ്ടതൊഴിവാക്കിയാല് ബാക്കി 4400 ദശലക്ഷം യൂണിറ്റും ഹ്രസ്വ, മധ്യ, ദീര്‍ഘകാല കരാറുകള്‍ വഴി പുറത്തുനിന്നെത്തിക്കേണ്ടതാണ്. എത്ര മഴ ലഭിച്ചാലും പുറത്തുനിന്നുള്ള ഈ വൈദ്യുതി കൂടിയില്ലാതെ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം പൂര്‍ണമായി നിര്‍വഹിക്കാനാവില്ല. ഇതു കണക്കിലെടുത്ത് 390 മെഗാവാട്ട് വൈദ്യുതി 25 വര്‍ഷത്തേക്കും 400 മെഗാവാട്ട് 2014 മാര്‍ച്ച് മുതല്‍ 2017 വരെയും ലഭിക്കാനായി കരാറാക്കിയിരുന്നു.
ദക്ഷിണേന്ത്യന്‍ ഗ്രിഡിലേക്ക് വൈദ്യുതി കടത്തിക്കൊണ്ടുവരുന്നതിന്റെ പരിമിതി കണക്കിലെടുത്ത് 1148.5 മെഗാവാട്ട് ഒരു വര്‍ഷത്തേക്ക് കരാറുമാക്കി. ഇതില്‍ 348.5 മെഗാവാട്ടിന് ദഷിണേന്ത്യന്‍ ഉത്പാദകരുമായിട്ടാണ് കരാര്‍. എന്നാല്‍ , ഈ കരാറുകള്‍ പ്രകാരം വൈദ്യുതി എത്തിക്കാനുള്ള അപേക്ഷകള്‍ പവര്‍ ഗ്രിഡ് ചട്ടവിരുദ്ധമായി നിരാകരിച്ചു. 1939 മെഗാവാട്ട് കൊണ്ടുവരാന്‍ അനുമതി തേടിയെങ്കിലും കേവലം മൂന്നു മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഈ വര്‍ഷം ജൂണ്‍ മുതല്‍ അനുവദിച്ചത്. ഇതിനെതിരെയാണ് കെഎസ്ഇബി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ചത്.
കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറുകള്‍ വഴി ഇപ്പോള്‍ 200 മെഗാവാട്ട് മാത്രമാണ് അന്തര്‍ സംസ്ഥാന ശൃംഖലയിലൂടെ ലഭിക്കുന്നത്. ഇതിലധികം വൈദ്യുതി കടത്തിവിടാന്‍ ലൈനിന് ശേഷിയില്ലെന്നാണ് പവര്‍ ഗ്രിഡിന്റെ വാദം. എന്നാല്‍ ഇക്കഴിഞ്ഞ മേയില്‍ കെഎസ്ഇബി ആവശ്യപ്പെട്ടതനുസരിച്ച് നടത്തിയ സംയുക്ത പഠനത്തില്‍, 436 മെഗാവാട്ട് കടത്തിവിടാന്‍ തടസ്സമില്ലെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, കഴിഞ്ഞ മാസം വരെ 200 മെഗാവാട്ട് മദ്ധ്യകാല കരാര്‍ പ്രകാരവും 216 മെഗാവാട്ട് ഹ്രസ്വകരാര് അനുസരിച്ചും കെഎസ്ഇബിക്ക് ലഭ്യമാക്കിയിരുന്നു. ഇതിലെ മദ്ധ്യകാല കരാര്‍ മേയില്‍ അവസാനിച്ചു. ഇതിനായി നല്‍കിയിരുന്ന പ്രസരണ ഇടനാഴി ഇതുവരെ മറ്റാര്‍ക്കും അനുവദിച്ചിട്ടുമില്ല. എന്നിട്ടും ജൂണ്‍ മുതല്‍ ലൈനിന് ശേഷിയില്ലെന്ന മട്ടിലുള്ള പവര്‍ ഗ്രിഡിന്റെ വാദം യുക്തിരഹിതമാണെന്ന് കെഎസ്ഇബി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: