ജൂണ്‍ 19 വായനാ ദിനം
ഡോ.സുകുമാര്‍ അഴീക്കോട് പി.എന്‍. പണിക്കരെ അനുസ്മരിച്ചതിങ്ങനെയാണ് ‘ഈ നൂറ്റാണ്ടില്‍ സരസ്വതീദേവിക്ക് ഏറ്റവും പ്രിയപ്പെട്ടവന് പി.എന്‍. പണിക്കരാണ്’. ഷെല്ലിയും ഷേക്സ്പിയറുമല്ല ചെറുശ്ശേരിയും കുഞ്ചന്നമ്പ്യാരുമാണ് നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതെന്ന് മലയാളി ഗ്രാമീണരെ പഠിപ്പിച്ച ധിക്കാരിയാണ് പണിക്കര്‍. കേരളക്കരയിലെ വായനക്കാരന് ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മകള്‍ സമ്മാനിച്ച പി.എന്‍. പണിക്കരുടെ വേര്‍പാടിന്റെ ദിനമാണ് ജൂണ്‍ 19. തുടര്‍ന്നുള്ള ഒരാഴ്ചക്കാലം സാക്ഷരകേരളം വായനോത്സവമാചരിക്കുന്നു. സമ്പൂര്‍ണ സാക്ഷരതയ്ക്കും ഗ്രാമീണവായനശാലാ പ്രസ്ഥാനത്തിനും നാം ആ മഹോത്സവത്തോട് കടപ്പെട്ടിരിക്കുന്നു. ശങ്കരന് മുതല്‍ ശങ്കരക്കുറുപ്പുവരെയുള്ള ഗുരുശ്രേഷ്ഠന്മാരെ വിസ്മരിക്കുവാന്‍ മടിക്കാത്ത സമ്പൂര്‍ണ സാക്ഷരന്‍ ഇത്രയെങ്കിലും ഓര്‍ക്കുന്നത് പണിക്കര്‍ സാറിന്റെ സുകൃതമാകാം. ലോകം പുസ്തകദിനമംഗീകരിക്കുന്നതിന് മുമ്പുതന്നെ മലയാളി സമ്പൂര്‍ണ സാക്ഷരത നേടി. 1991 ഏപ്രില്‍ 18ന് ഔദ്യോഗിക പ്രഖ്യാപനവും. ലോകത്തെയാദ്യത്തെ സമ്പൂര്‍ണസാക്ഷരതാ സംസ്ഥാനം.
ലോകത്താദ്യമായി വായനയ്ക്കൊരു മാസം-കര്‍ക്കടകം-തെരഞ്ഞെടുത്ത്, ആദികവിക്ക് ഗുരുദക്ഷിണയര്പ്പിച്ച്, മലയാളത്തിന്റെ നെല്ലറയില്‍ സ്വഗ്രാമത്തിലെ സഹയാത്രികരെ സംഘടിപ്പിച്ചുകൊണ്ട് പി.എന്‍. പണിക്കര്‍ തന്റെ വിജ്ഞാനപ്രചാരണയാത്രയ്ക്ക് തുടക്കം കുറിച്ചു. 1945-ല്‍ 47 ഗ്രാമീണവായനശാലകളുമായി പണിക്കര്‍ ചരിത്രം കുറിച്ചു. ഇന്ന് ആറായത്തില്പ്പരം ഗ്രന്ഥശാലകളുമായി സാംസ്കാരിക കേരളത്തിന്റെ അഭിമാനമായി മാറിയ ഗ്രന്ഥശാലാസംഘത്തിന്റെ ആദ്യ ദീപപ്രോജ്ജ്വലനം 1949-ല്‍ നടത്തിയത് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരായിരുന്നു. ഉറച്ച കാല്‍വയ്പ്പോടെ ദീപശിഖയേന്തിയ അമരക്കാരന് 1977-ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെയും അതിന്റെ ജീവാത്മാവും പരമാത്മാവുമായി. പുതിയ കൗണ്‍സില്‍ സെക്രട്ടറിയും അദ്ദേഹം തന്നെയായിരുന്നു.
പണിക്കര്‍ക്ക് മുമ്പും തിരുവിതാംകൂറിലും കൊച്ചിയിലും ഇത്തരം പരിശ്രമങ്ങള്‍ അരങ്ങേറിയിരുന്നു. പുത്തേഴനും മുള്ളൂര്‍ ഗോവിന്ദപ്പിള്ളയും തൃശൂര്‍ കെ. ദാമോദരന്‍, മധുവനം കൃഷ്ണക്കുറുപ്പ്, ഇ. രാമന്മേനോന് തുടങ്ങിയവര്‍ മലബാറിലും ഇത്തരത്തിലൊന്നു തുടങ്ങിവെച്ചെങ്കിലും തുടരനായില്ല. എഴുത്തും വായനയും ജീവിതവ്രതമാക്കിയ ഒരാളേ ഉണ്ടായിരുന്നുള്ളൂ-‘വായിച്ചു വളരുക’ എന്ന സന്ദേശമുയര്‍ത്തി ഗ്രാമാന്തരങ്ങള്‍ യാത്ര ചെയ്ത കര്‍മയോഗി. ഗ്രാമീണ വായനശാലകള്‍ ഓരോ ഗ്രാമത്തിന്റെയും സാംസ്കാരിക കേന്ദ്രമായി മാറി. ചെറുഗ്രാമങ്ങളിലെ കുഞ്ഞുകുഞ്ഞു വായനശാലകള്‍. കൗമാരപ്രായക്കാരുടെ റേഡിയോ ക്ലബ്ബുകള്‍. വൈകുന്നേരങ്ങളില്‍ തൊഴിലന്വേഷകരും കര്‍ഷകരും ഒത്തുചേരുന്ന കാര്‍ഷികരംഗം. ഏഴരമണിയുടെ ആകാശവാണി രാമചന്ദ്രന്റെ വാര്‍ത്തയും കേട്ട് പിരിയുന്ന നൂറുകണക്കിന് യുവാക്കള്‍. കേരളം സാക്ഷരമാവുകയായിരുന്നു. അതിന്റെ പൂര്‍ത്തീകരണമായിരുന്നു 1991 ഏപ്രില്‍ 18-ാം തീയതിയിലെ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം.
കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ നടന്ന സാക്ഷരതാ പ്രവര്‍ത്തനം ലോകത്തിനു തന്നെ മാതൃകയാവുകയായിരുന്നു. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ അക്ഷരജ്യോതിയുമായി പരശുരാമക്ഷേത്രത്തില്‍ നിറഞ്ഞാടി. വയോജന വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് സ്ലേറ്റും പിടിച്ചുള്ള സ്ത്രീകളുടെയും വൃദ്ധരുടെയും യാത്ര കേരളക്കരയുടെ യശസ്സുയര്‍ത്തി. ഗുരുനിന്ദ നയമാക്കി സ്വീകരിച്ച കേരളത്തിലെ ഭരണനേതൃത്വം പക്ഷേ വായനാദിനത്തില്‍ മാത്രമായി പണിക്കരെ ഒതുങ്ങി നിര്‍ത്താന്‍ മറന്നില്ല. ‘പത്മ’ പുരസ്കാരങ്ങള്‍ക്കൊന്നും നാമദ്ദേഹത്തെ നിര്‍ദ്ദേശിച്ചില്ല. 2004-ല്‍ ഒരു സ്റ്റാമ്പിറക്കി വൈകിയാണെങ്കിലും അന്നത്തെ വാജ്പേയി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചുവെന്നു സമാധാനിക്കാം.
വിദ്യാഭ്യാസരംഗത്ത് നാമിന്ന് കോടികള്‍ ചെലവഴിക്കുന്നു. വിദ്യാഭ്യാസ മുതലാളിമാര്‍ ഏയ്ഡഡ് എന്ന പേരില്‍ സ്കൂളും കോളേജും തുടങ്ങുന്നു. ചില്വാനം കൈപ്പറ്റി അധ്യാപകനിയമനം നടത്തുന്നു. കാരുണ്യപ്രവര്‍ത്തനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച മതാധ്യക്ഷന്മാര് വിദ്യാര്‍ത്ഥികളില്‍ നിന്ന് കണക്കുപറഞ്ഞ് സംഭാവന പിരിച്ച് മാനേജ്മെന്റ് ക്വാട്ട നികത്തുന്നു. സാക്ഷരകേരളത്തിന്റെ മാത്രം സവിശേഷത-സൗജന്യമായി സ്ഥലം കൈപ്പറ്റി-സര്‍ക്കാര്‍ ചെലവില്‍ കെട്ടിടം പണിത്-ശമ്പളം സര്‍ക്കാര്‍ നല്കി ലാഭം മാത്രം മാനേജ്മെന്റിന്. സേവനമെന്ന ഓമനപ്പേരും-കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ നടുവൊടിച്ചു. സാക്ഷരതയില്‍ മുമ്പിലായ കേരളം ഉന്നത വിദ്യാഭ്യാസത്തില്‍ ഇന്ത്യയിലെ ഇരുപത്തി മൂന്നാം സ്ഥാനത്ത്. എട്ടുപേര്‍ പിന്നിലുണ്ട്, ഭാഗ്യം.
മതം വിദ്യാഭ്യാസ മേഖല തകര്‍ത്തുവെങ്കില്‍ പണിക്കര്‍ സാറിന്റെ സ്വപ്നം തകര്‍ത്തത് രാഷ്ട്രീയ-സാംസ്കാരിക നേതൃത്വമാണ്. കൂലിഎഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ ആളില്ല, വായനശാലകള്‍ വിജനങ്ങളായി. നൂറുകണക്കിന് യുവാക്കളെ ആകര്‍ഷിച്ച ഗ്രന്ഥശാലകള്‍ പോലും രാഷ്ട്രീയക്കാര്‍ക്ക് ഇടത്താവളമായി. അഞ്ചോപത്തോ പേരാണ് ഒട്ടുമുക്കാല്‍ ലൈബ്രറികളിലെല്ലാം പ്രതിദിന സന്ദര്‍ശകര്‍.
വായനാദിനത്തിന്റെ പ്രസക്തി ഇവിടെയാണ്. പല സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്ആപത്ത് തിരിച്ചറിയുന്നു. വായനയുടെ അനിവാര്യത യുവതീയുവാക്കള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. വേണ്ട പുസ്തകങ്ങള്ക്കായവര് പുസ്തകോത്സവങ്ങളെ ആശ്രയിക്കുന്നു. ആയിരക്കണക്കിന് വീട്ടമ്മമാരാണ് ഇന്ന് പുസ്തകോത്സവങ്ങളിലെ നിത്യസന്ദര്‍ശകര്‍. ഒരുപറ്റം യുവാക്കളും. അവര്‍ വായിക്കുന്നത് ബാലസാഹിത്യമാകാം, പാചകവിദ്യയാകാം, പുരാണങ്ങളാകാം. ജീവിതത്തിന്റെ ഗന്ധമില്ലാത്ത ഉത്തരാധുനിക പ്രബന്ധങ്ങളെ അവര്‍ നിരാകരിക്കുന്നുണ്ടാകാം. വായന ജനങ്ങള്‍ക്ക് വേണ്ടിയാണ്. അതവര് തിരിച്ചറിയുന്നു. പുത്തന്മാനങ്ങളുമായി ഇ- സാക്ഷരതയും വായനോത്സവത്തിന്റെ ഭാഗമായി പുത്തന്‍ ചരിത്രം കുറിയ്ക്കുന്നു.
ഇ. എന്‍. നന്ദകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: