ഭിന്നിപ്പിച്ചു ഭരിക്കല്‍- ബ്രിട്ടീഷുകാര്‍ക്ക് സാമ്രാജ്യമുണ്ടായിരുന്ന കാലത്ത് അവര്‍ വിജയകരമായി പ്രയോഗിച്ചുപോന്ന ഒരു നയമാണ് ഭിന്നിപ്പിച്ചു ഭരിക്കല്‍. ഹിന്ദുക്കളെയും ഇസ്ലാംമത വിശ്വാസികളെയും ക്രൈസ്തവരെയും തമ്മില്‍ പിണക്കുക, ഓരോ മതത്തിലുമുള്ള അവാന്തരവിഭാഗങ്ങളെ ശത്രുക്കളാക്കുക, ഒരുവിഭാഗത്തില്പ്പെട്ടവരെക്കൊണ്ട് മറ്റൊരു വിഭാഗത്തില്‍പ്പെട്ടവരെ നിന്ദിപ്പിച്ച് വര്‍ഗീയ ലഹളകളുണ്ടാക്കുക, ആ ലഹളകള്‍ അടിച്ചമര്‍ത്താനെന്ന മട്ടില്‍ നിരപരാധികളെ വധിക്കുകയും തടങ്കലിലാക്കുകയും ചെയ്ത് തങ്ങളുടെ അധികാരം ഉറപ്പിക്കുക തുടങ്ങി ഭരണാധികാരമുറപ്പിക്കാന് പല ഹീനതന്ത്രങ്ങളും ബ്രിട്ടീഷ് കാര്‍ ഭരണത്തിന്റെ ഭാഗമാണെന്ന മട്ടില്‍ പ്രയോഗിച്ചിരുന്നു. ബ്രിട്ടീഷ്കാരില്‍നിന്ന് അവരുടെ ജനാധിപത്യഭരണ സമ്പ്രദായം സ്വീകരിച്ചാണ് സ്വതന്ത്രഭാരതം പിച്ചവച്ചു നടന്നത്. ബ്രിട്ടീഷുകാരുടെ ‘പാര്‍ലമെന്ററി ഡെമോക്രസി’ സ്വീകരിച്ച ഭാരതീയ ഭരണാധിപര്‍ ബ്രിട്ടന് വിജയകരമായി വളരെക്കാലംകൊണ്ടു നടന്ന “ഭിന്നിപ്പിച്ചു ഭരിക്കല്‍”നയവും സ്വീകരിച്ചു. പ്രദേശികതയും ഭാഷയും രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളുമെല്ലാം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഭരണാധികാരികള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു.
ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെ പുനഃസംവിധാനം ചെയ്തത് ഈ ഭിന്നിപ്പിച്ചു ഭരിക്കുന്ന നയത്തിന്റെ പ്രയോഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അക്കാലത്ത് അഭിപ്രായപ്പെട്ടിരുന്നു. ഐക്യകേരളം എന്ന സ്വപ്നം യാഥാര്ത്ഥ്യമായിത്തീരുന്നതിന്റെ ഉത്സാഹത്തള്ളലില്‍ ആ അഭിപ്രായത്തെ നാം അവഗണിച്ചു. ഇപ്പോള്‍ ഓരോ ഭാഷാ സംസ്ഥാനത്തിനുള്ളിലും പ്രാദേശികമായ ഭിന്നതകളുണ്ടാക്കി ഒരു ഭാഷാ സംസ്ഥാനത്തെ പലതായി പിരിക്കാനുള്ള തന്ത്രമാണ് ആന്ധ്രാസംസ്ഥാനത്തെ രണ്ടായിമുറിച്ചതിലൂടെ നടപ്പിലായത്. തുടര്‍ന്ന് തമിഴ്നാടും കേരളവും കര്‍ണാടകയുമൊക്കെ പലതായി മുറിക്കാനായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുന്നതില്‍ പ്രാവീണ്യംനേടിയ രാഷ്ട്രീയ നേതാക്കളുടെ ആഗ്രഹമെന്ന് ഊഹിക്കണം. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭിന്നിപ്പിച്ചു ഭരിക്കാനാഗ്രഹിക്കുന്നവരില്ലാത്തതിനാല് കേരളവും കര്‍ണാടകവും തമിഴ്നാടുമൊക്കെ ഉടനെ പലതായി മുറിയുകയില്ല എന്ന് ആശ്വസിക്കാം. നമ്മുടെ ചര്‍ച്ചാവിഷയം രാഷ്ട്രീയമല്ല. ഭാഷകളാണ്.
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭരണഭാഷയും വിദ്യാഭ്യാസ മാധ്യമവും ഒരളവുവരെ പ്രാദേശികഭാഷയായി ഉന്നത വിദ്യാഭ്യാസവും ഭരണസംവിധാനത്തിന്റെ ഉയര്‍ന്ന തലങ്ങളും ഇംഗ്ലീഷുതന്നെയായി തുടരുന്നു. ജൂഡിഷറി ഇംഗ്ലീഷിന്റെ സ്വാധീനത്തില്‍ത്തന്നെ തുടരുന്നു.
ഇതിനിടയിലാണ് കമ്പ്യൂട്ടര്‍ എന്ന അത്ഭുതം രംഗത്തുവന്നത്. ഭാരതീയഭാഷകളില്‍ മിക്കതിലും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിക്കത്തക്ക “സോഫ്റ്റ് വെയര്‍” ഇപ്പോഴുമുണ്ട്. അതിനെ അവഗണിച്ചുകൊണ്ട് പല സംസ്ഥാനങ്ങളും ഭരണവും വിദ്യാഭ്യാസവും ഇംഗ്ലീഷിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. സാങ്കേതികമികവിനെ ഉപാധിയാക്കുന്ന ഭിന്നിച്ചുഭരിക്കല് നയം. ഇതിന്റെ ഭാഗമായി സ്കൂളുകള്‍ക്കു കമ്പ്യൂട്ടറുകളും ലാപ്ടോപുകളും സൗജന്യമായി കൊടുക്കുന്ന പദ്ധതിയും ചില സമര്‍ത്ഥര്‍ ആരംഭിച്ചിട്ടുണ്ട്. ഈ യന്ത്രത്തിന് ഭാഷകളോട് ഒരു വിരോധവുമില്ല എന്നതാണ് സത്യം. ഏതുഭാഷയും വിവരസാങ്കേതികവിദ്യയ്ക്കു വഴങ്ങും. നയരൂപീകരണത്തിനു ചുമതലപ്പെട്ട ചിലര്‍ക്ക് കൂറ് മാതൃഭൂമിയോടും മാതൃഭാഷയോടുമല്ലാതായിത്തീര്ന്നതാണ് പ്രശ്നം.
വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെ ഭിന്നിപ്പിക്കുന്ന നയവും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. തൊട്ടുകിടക്കുന്ന തമിഴ്നാടിന്റെയും കേരളത്തിന്റെയും അവസ്ഥ നോക്കുക. മലയാളിക്ക് ഇംഗ്ലണ്ടിലെയോ അമേരിക്കയിലെയോ ഫ്രാന്‍സിലെയോ ജര്‍മ്മനിയിലെയോ ചരിത്രത്തെയും സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അറിവ് തൊട്ടടുത്തുള്ള തമിഴ്നാടിനെക്കുറിച്ചില്ല. തമിഴന് കേരളത്തെക്കുറിച്ചുള്ള അറിവും ഇതുപോലെതന്നെ. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഭാരത ജനതയെ പരസ്പരം പരിചയവും ആദരവും ഉളവരാക്കുന്ന വിദ്യാഭ്യാസ സംവിധാനം ഉണ്ടാകരുത് എന്ന നിര്‍ബന്ധബുദ്ധി ചുമതലപ്പെട്ടവര്‍ക്ക് ഉണ്ടെന്നു തോന്നുന്നു.
വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്കു തമ്മില്‍ മത്സരമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഫലമാണ് ശ്രേഷ്ഠഭാഷാ പദവി എന്ന ആശയം. ഈ തീരുമാനമെടുത്തവരും നടപ്പിലാക്കിയതുമൊക്കെ ഇംഗ്ലീഷ് ഭാഷാ വിദഗ്ദ്ധരായതുകൊണ്ട് അവര്‍ ഉപയോഗിച്ചത് ക്ലാസിക്കല്‍ ലാഗ്വേജ് എന്ന ആംഗലപദമാണ്. ഭാരതീയ ഭാഷകളില്‍ ക്ലാസിക്കല്‍ ലാംഗ്വേജ് എന്ന പദവി അര്‍ഹിക്കുന്ന രണ്ടു ഭാഷകളേയുള്ളൂ. സംസ്കൃതവും തമിഴും. ഇപ്പോഴത്തെ വ്യവഹാരഭാഷയായ തമിഴിനെ ക്ലാസിക്കല്‍ എന്നു വിശേഷിപ്പിക്കാനാവില്ല എന്നും പക്ഷമുണ്ട്. ഇത് തല്ക്കാലം നമുക്കു പ്രശ്നമല്ല. ‘ശ്രേഷ്ഠഭാഷ’ എന്ന ആശയം സ്വീകരിച്ചാല്‍ ശ്രേഷ്ഠമല്ലാത്ത ഭാഷകളും ഉണ്ടെന്നു സമ്മതിക്കേണ്ടിവരും. മനുഷ്യസമൂഹത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് ഭാഷ. ഭൂപ്രകൃതി, കാലാവസ്ഥ, സാമൂഹിക സാഹചര്യങ്ങള്‍ തുടങ്ങിയവയ്ക്കനുസൃതമായി ഭാഷകള്‍ക്കു അല്പാല്പം വ്യത്യാസം വരും. എല്ലാഭാഷയും ഉച്ചരിത ശബ്ദങ്ങളിലൂടെയാണ് ആശയം കൈമാറുന്നത്. ഉപരിതശബ്ദങ്ങള് രേഖപ്പെടുത്തുന്ന സമ്പ്രദായം പല ഭാഷകള്‍ക്കുമുണ്ട് രേഖപ്പെടുത്തലിന് എഴുത്ത് എന്നുപറയാം. എഴുത്തുഭാഷ ഇല്ലാത്ത ഭാഷയെക്കാള്‍ മെച്ചമാണെന്നു പറയാം. എഴുത്തുള്ള ഭാഷകളില്‍ ചിലതിനെ ശ്രേഷ്ഠമെന്നു പറയുന്നത് ആ ഭാഷകള്‍ മറ്റുഭാഷകള്‍ സംസാരിക്കുന്നവരെക്കാള്‍ മെച്ചപ്പെട്ടവരാണെന്ന തെറ്റിദ്ധാരണയുണ്ടാക്കും. ഭാഷകള്‍ സംസാരിക്കുന്നവരെ തമ്മില്‍ വലിപ്പച്ചെറുപ്പത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നതിനു കരുതിക്കൂട്ടി നടപ്പിലാക്കാന്‍ അധിനിവേശതന്ത്രമാണ് ചിലഭാഷകളെ ശ്രേഷ്ഠഭാഷകളായി പ്രഖ്യാപിച്ചതിലൂടെ നടപ്പിലായത്.
ഞങ്ങളുടെ ഭാഷയെക്കൂടെ ശ്രേഷ്ഠമെന്നു പ്രഖ്യാപിക്കണേ എന്നു പേരുവച്ചുകൊണ്ട് യജമാനന്മാരുടെ കാലുപിടിച്ച കേരളത്തിലെ സാഹിത്യനായകരുടെ ഭാഷാസ്നേഹത്തെ അഭിനന്ദിക്കുന്നതോടൊപ്പം ഒരു അപേക്ഷ അവരുടെ മുന്നില്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ കുട്ടികള്‍ ഡാഡിയും മമ്മിയും ഗ്രാന്‍പായും ഗ്രാന്‍മായും ആന്റിയും ഒക്കെ ഉരുവിട്ടു വളരാതെ അച്ഛനെയും അമ്മയെയും അപ്പൂപ്പനെയും അമ്മൂമ്മയെയും ഒക്കെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു വിദ്യാഭ്യാസരീതി കേരളത്തില്‍ നടപ്പിലാക്കാന്‍ നിങ്ങളുടെ സ്വാധീനശക്തി ഉപയോഗിക്കുക. ഇംഗ്ലീഷ് മാധ്യമമായുള്ള വിദ്യാഭ്യാസം കേരളത്തില്‍നിന്നു വിദേശത്തേക്ക് കടത്തുന്ന സഹസ്രകോടി കണക്കിനുള്ള സമ്പത്തുമായി തട്ടിപ്പു നോക്കിയാല്‍ ശ്രേഷ്ഠഭാഷാ പദവിയോടൊപ്പം കിട്ടിയ നൂറ്റമ്പതോളംകോടിയുടെ സര്‍വാണി നിസ്സാരമാണെന്നോര്ക്കുക. ഈ നാട്ടില്‍ നടപ്പുള്ള എല്ലാ നിയമങ്ങളുടെയും പ്രായോഗികമായ ആവശ്യം മലയാളഭാഷയില്‍ വായിച്ചറിഞ്ഞനുസരിക്കാന് മലയാളിക്കു കഴിയണം. വില്ലേജാഫീസു തൊട്ട് സെക്രട്ടേറിയറ്റുവരെയുള്ള ഭരണത്തിന്റെ മാധ്യമം മലയാളമാകണം.
ഹൈക്കോടതി തൊട്ട് മജിസ്ട്രേറ്റും മുന്‍സിഫും വരെയുള്ള ന്യായാധിപര്‍ ഏതു ഭാഷക്കാരായാലും അവരുടെ തീര്‍പ്പുകള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു മലയാളത്തില്‍ കിട്ടണം. ഇതൊന്നും നടക്കാത്ത നാട്ടിലെ ഭാഷയെ ഞങ്ങള്‍ ശ്രേഷ്ഠഭാഷയാക്കിയിരിക്കുന്നു. മലയാളികളേ കൈയടിക്കുവിന്‍ എന്നുവിളിച്ചു കൂകൂന്നതില് അര്‍ത്ഥമില്ല.
ഭാഷയ്ക്കുവേണ്ടി എന്തോ ചെയ്തു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള പല തന്ത്രങ്ങളെക്കുറിച്ച് ഈ പരമ്പരയില്‍ പരാമര്‍ശിച്ചു. അവയെയൊക്കെ നിഷ്പ്രഭമാക്കുന്ന ഒരു തന്ത്രമാണ് ഭാഷയ്ക്കുവേണ്ടിമാത്രമുള്ള സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിലൂടെ നടപ്പിലാക്കുന്നത്. തമിഴ്, തെലുങ്ക്, സംസ്കൃതം, മലയാളം എന്നീ ഭാഷകള്‍ക്ക് ഇപ്പോള്‍ സര്‍വകലാശാലകളുണ്ട്. വേറെയും ഉണ്ടോ എന്നു തീര്‍ച്ചയില്ല. ഇവയില്‍ രണ്ടെണ്ണത്തിന്റെ പല സമിതികളിലും ഞാന്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു സര്‍വകലാശാലകളില്‍ റിസര്‍ച്ച് ഗൈഡായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടെ പറഞ്ഞ നാലു സര്‍വകലാശാലകളില്‍ മലയാളത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. എഴുത്തച്ഛന്റെ പേരിലുള്ള സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിയതേയുള്ളൂ. അതിനെക്കുറിച്ച് അഭിപ്രായം പറയാറായിട്ടില്ല. മറ്റു മൂന്നു സര്‍വകലാശാലകളില്‍ ഒന്ന് കേരളത്തില്‍ ശങ്കരാചാര്യരുടെ പേരിലുള്ളതാണ്.
ഭാരതത്തിലെ എല്ലാ സര്‍വകലാശാലകളിലും സംസ്കൃതഭാഷയില്‍ പഠനവും ഗവേഷണവും നടത്താന്‍ സൗകര്യമുള്ള വകുപ്പുകളുണ്ട്. പ്രശസ്തരായ പണ്ഡിതന്മാര് അവിടെ ആചാര്യന്മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതത്തിനു പുറത്തും പല പ്രസിദ്ധ സര്‍വകലാശാലകളില്‍ സംസ്കൃത പഠനവും ഗവേഷണവും നടക്കുന്നുണ്ട്. ഇതുകൂടാതെ ‘സംസ്കൃതഭാഷാ സംസ്ഥാന്’ പോലെയുള്ള നിരവധി സ്ഥാപങ്ങളുണ്ട്. ഇവയ്ക്കൊന്നും കഴിയാത്ത എന്തെങ്കിലും സേവനം സംസ്കൃത സര്‍വകലാശാലയ്ക്കു ചെയ്യാന്‍ കഴിഞ്ഞുവെന്നും തോന്നുന്നില്ല. പിന്നെ ഇങ്ങനെയൊരു സ്ഥാപനം എന്തിന് എന്ന ചോദ്യം പ്രസക്തമാണ്.
തമിഴ്നാട്ടിലെ എല്ലാ സര്‍വകലാശാലകളിലും തമിഴ്നാടിന് പുറത്തുള്ള പല സര്‍വകലാശാലകളിലും തമിഴു പഠിക്കാനും ഗവേഷണം നടത്താനും സൗകര്യങ്ങളുണ്ട്. ആന്ധ്രാപ്രദേശങ്ങളിലുള്ള സര്‍വകലാശാലകളിലും പുറത്തുള്ള പല സര്‍വകലാശാലകളിലും തെലുങ്കുഭാഷ പഠിക്കാനും ആ ഭാഷയില്‍ ഗവേഷണം ചെയ്യാനും സൗകര്യമുണ്ട്. ഈ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കു സാധിക്കാത്ത എന്തെങ്കിലും സേവനം തമിഴിനും തെലുങ്കിനും ഈ സര്‍വകലാശാലകളില്‍ നിന്നുണ്ടായിട്ടില്ല.
“അജാഗളസ്തനം” എന്ന വിശേഷണം ഈ മൂന്നു സര്വകലാശാലകള്ക്കുംചേരും. മറ്റൊരു തന്ത്രം എന്നുപറയാം.
(അവസാനിക്കുന്നില്ല)
ഡോ. ബി.സി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: