‘ഗോഡ്സ് ഓണ്‍ കണ്ട്രി’, ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രേക്ഷകരെയൊന്നാകെ കീഴടക്കിയ ചിത്രം. കഥയിലും അവതരണത്തിലും പുതുമ നിലനിര്‍ത്തിയ ഗോഡ്സ് ഓണ്‍ കണ്ട്രിയിലെ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത് ആകസ്മികതകളിലൂടെയാണ്. ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികള്‍ അതിജീവിക്കാന്‍ കഥാപാത്രങ്ങള്‍ നടത്തുന്ന പോരാട്ടവും നന്മയുടെ വിജയവുമാണ് സിനിമയുടെ ഇതിവൃത്തമെങ്കില്‍ ‘ഗോഡ്സ് ഓണ്‍ കണ്ട്രി’ എന്ന സിനിമക്കു പിന്നിലും ആകസ്മികതകളുടെയും പ്രതിസന്ധികളുടെയും ഒരു കഥയുണ്ട്.
സിനിമ സ്വപ്നം കണ്ടിരുന്ന മൂന്നു ചെറുപ്പക്കാരുടെ കൂട്ടിമുട്ടലും അവരുടെ യാത്രയുമാണ് ‘ഗോഡ്സ് ഓണ്‍ കണ്ട്രി’യെ വെള്ളിത്തിരയിലെത്തിച്ചത് എറണാകുളം പെരുമ്പാവൂര്‍ അകനാട് മുടക്കുഴ പെരുഞ്ചേരി പുത്തന്‍വീട്ടില്‍ പ്രവീണ്‍, ആലുവ മുപ്പത്തടം വൈഷ്ണവത്തില്‍ അരുണ്‍ഗോപിനാഥ്, എറണാകുളം മഞ്ഞുമ്മല്‍ കുളങ്ങര ഹൗസില്‍ അനീഷ് ഫ്രാന്‍സിസ,് ഇവരുടെ സൗഹൃദത്തിനും കൂടിച്ചേരലുകള്‍ക്കും വിധിയുടെ കൈയ്യൊപ്പുണ്ട്. അരുണ്‍ ഗോപിനാഥ് കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീടിനടുത്തായിരുന്നു പ്രവീണിന്റെ അമ്മവീട്. വെക്കേഷന് വീട്ടിലെത്തിയപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രവീണും അരുണും സുഹൃത്തുക്കളാവുന്നത്. സൗഹൃദം പ്ലസ്ടു വരെ നീണ്ടു. ഇതിനിടെ അരുണ്‍ വീട് മാറിയിരുന്നു. അരുണിന്റെ അയല്‍വാസിയായിരുന്നു അനീഷ് ഫ്രാന്‍സിസ്.
പ്ലസ്ടു കഴിഞ്ഞപ്പോള്‍ സുഹൃത്തുകള്‍ മൂന്നുവഴിക്കായി. പ്രവീണ്‍ ജന്മഭൂമിയില് ഡിടിപി സെക്ഷനിലെത്തി. അരുണ്‍ ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ മാനേജരും. അനീഷ് ഫാക്ടിലെ ജീവനക്കാരനും. ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ഫീല്‍ഡ് ഓര്‍ഗനൈസറെ തേടിയുള്ള അരുണിന്റെ യാത്ര ചെന്നെത്തിയത് പ്രവീണിന്റെയടുക്കല്. കല്ലൂരിലെ ചമ്മിണി ടവര്‍ അവരുടെ കൂടികാഴ്ചകള്‍ക്ക് വേദിയായി. അവിടേക്ക് അനീഷും കടന്നുവന്നതോടെ ആ സൗഹൃദ ചര്‍ച്ചകളിലേക്ക് മൂവരുടേയും സിനിമാ സ്വപ്നങ്ങള്‍ വീണ്ടും കടന്നുവന്നു. അതോടെ ‘ക്ലിക്ക്ഫോര് സിനിമ’ എന്ന വെബ്സൈറ്റ് രൂപംകൊണ്ടു. പക്ഷേ മൂവരുടെയും ജോലിയും വെബ്സൈറ്റും ഒരുമിച്ചു മുന്നോട്ടുപോയില്ല. ഇതിനിടെയാണ് ഒരു സിനിമയ്ക്ക് കഥയെഴുതിയാലോ എന്ന ആശയം ഉടലെടുക്കുന്നത്. അങ്ങനെ രണ്ടരവര്‍ഷം മുമ്പ് ‘ഗോഡ്സ് ഓണ്‍ കണ്ട്രി’ യുടെ തിരക്കഥ രൂപപ്പെട്ടു.
‘ഗോഡ്സ് ഓണ്‍ കണ്ട്രി’യുമായി മൂവര്‍ സംഘം കയറിയിറങ്ങാത്ത വാതിലുകളില്ല. പ്രൊഡക്ഷന്‍ കണ്ട്രോളറും ഡിസൈനറുമായ സജിത്ത് കൃഷ്ണന്റെ സൗഹൃദം മാത്രമായിരുന്നു ഏക പിന്തുണ. സിബി മലയില്‍, ടി.കെ. രാജീവ്കുമാര്‍, ജിത്തു ജോസഫ്, സംഗീത് ശിവന്, റോഷന് ആന്‍ഡ്രൂസ് തുടങ്ങി നിരവധി സംവിധായകര്‍ക്കു മുന്നിലേക്ക്. പലരുടെയും തിരക്കുകള്‍ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. എന്നാല്‍ തിരക്കഥ വായിച്ച എല്ലാവരും നല്കിയ പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും ഓരോ തവണയും പ്രതീക്ഷകള്‍ക്ക് പുതുനാമ്പ് നല്കുന്നവയായിരുന്നു. സംവിധായകന് ജിത്തു ജോസഫാണ് സിനിമയുടെ വാണിജ്യസാധ്യതയെക്കുറിച്ച് പറഞ്ഞത്. ഇങ്ങനെ ഓരോ സംവിധായകരുടെയും ചെറിയ ചെറിയ അഭിപ്രായങ്ങള്‍ തിരക്കഥയെ തേച്ചുമിനുക്കിയെടുത്തുകൊണ്ടേയിരുന്നു.
ഇതിനിടെ രവി കൊട്ടാരക്കര എന്ന നിര്‍മാതാവിനെ സജീവ് കൃഷ്ണന് പരിചയപ്പെടുത്തികൊടുത്തു. സിനിമയ്ക്ക് നിര്മ്മാതാവയല്ലോ എന്ന സന്തോഷം നീണ്ടുനിന്നില്ല. രവി കൊട്ടാരക്കര ചില സാങ്കേതിക കാരണങ്ങളാല്‍ പിന്മാറി. ഇതിനിടെ മൈ ബിഗ് ഫാദറിന്റെ സംവിധായകനായ എസ്.പി. മഹേഷ് സിനിമ ചെയ്യാമെന്നേറ്റു. രവി കൊട്ടാരക്കരയ്ക്കു പകരം ഒ.ജി. സുനില്‍ നിര്മാതാവായെത്തി. സിനിമ തുടങ്ങാനിരിക്കെ മറ്റൊരു വര്‍ക്ക് മൂലം എസ്.പി. മഹേഷ് പിന്മാറി. ഇതോടെ വീണ്ടും അനിശ്ചിതത്വം. ഇതിനുമുമ്പ് പ്രിയം, ഇരുവട്ടം മണവാട്ടി, പ്ലേയേഴ്സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ വസുദേവ് സനലിന്റെ മുന്നില്‍ മറ്റൊരു തിരക്കഥയുമായി മൂവര്‍ സംഘം എത്തിയിരുന്നു. ഇതിന് അഭിനേതാക്കളെ തിരയുമ്പോഴാണ് എസ്.പി. മഹേഷിന്റെ പിന്മാറ്റം. ഇതറിഞ്ഞ സനല്‍ സിനിമ ഏറ്റെടുത്തു. ഏഴുവര്‍ഷത്തിനുശേഷമുള്ള വസുദേവ് സനലിന്റെ തിരിച്ചുവരവ് ‘ഗോഡ്സ് ഓണ്‍ കണ്ട്രി’യിലൂടെയായി.
സനല്‍ സംവിധായകനായതോടെ വീണ്ടും തിരക്കഥ പൊളിച്ചെഴുതി ഒ. ജി. സുനില്‍ നടന് ശ്രീനിവാസനെ കണ്ട് തിരക്കഥ നല്കി. കഥ ഇഷ്ടപ്പെട്ട ശ്രീനിവാസന് ഒരുദിവസം കഥയുടെ ചര്‍ച്ചക്കായി മാറ്റിവയ്ക്കുകയും ചെയ്തു. അപ്പോഴെല്ലാം ഒരു മുന്‍നിര നടന്റെ ഡേറ്റിനായി സംഘം പുറകെ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒ.ജി. സുനിലിന് സിനിമയില്‍നിന്നും പിന്മാറേണ്ട സാഹചര്യമുണ്ടായത് വീണ്ടും തിരിച്ചടിയായി. നിര്‍മാതാവിന്റെ റോളിലേക്ക് ബിജു കടന്നുവന്നു. ശ്രീനിവാസന് അഡ്വാന്‍സും നല്കി. പ്രതിസന്ധികള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
നിര്‍മ്മാതാവ് ബിജു മറ്റൊരു ചിത്രത്തിന് ഉറപ്പുനല്‍കിയതും സമയത്ത് മുഖ്യനടന്റെ ഡേറ്റ് ലഭിക്കാത്തതുമൂലം ബിജുവിനും പിന്മാറേണ്ടിവന്നു. സിനിമ വഴിയിലാകുന്ന അവസ്ഥ. അവിടെ വീണ്ടും സജിത് കൃഷ്ണന് സഹായത്തിനെത്തി. സജിത്ത് പരിചയപ്പെടുത്തിയ ബാദുഷ എന്ന പ്രൊഡക്ഷന്‍ കണ്ട്രോളറിലൂടെ അജി മേടയിലിനെ നിര്‍മാതാവായി ലഭിച്ചു. അദ്ദേഹത്തോടൊപ്പം ഹസീബ് അനീഷുമെത്തി. നടന് ലാലും സിനിമയിലേക്ക് എത്തിയതോടെ ഷൂട്ടിംഗ് തുടങ്ങി.
ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രം അവതരിപ്പിക്കാമെന്നേറ്റ നടന് ഒഴിവുകഴിവുകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ശ്രീനിവാസന്റെയും ലാലിന്റെയും രംഗങ്ങള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞു. ഒടുവില്‍ അത് സംഭവിച്ചു. താരം പിന്മാറി. മുഖ്യകഥാപാത്രമാവാന് ആളില്ലാത്ത അവസ്ഥ. പിന്നീട് ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ തലവിധി നിര്‍ണയിച്ചത് ദൈവത്തിന്റെ കൈയ്യൊപ്പുകളായിരുന്നു.
‘നെത്തോലി ഒരു ചെറിയ മീനല്ല’ എന്ന സിനിമ വഴി അജി മേടയിലിന് ഫഹദ് ഫാസിലുമായുള്ള ബന്ധമാണ് ഫഹദിനെ ചിത്രത്തിലേക്കെത്തിക്കുന്നത്. തിരക്കിനിടയിലും ഒഴിവുസമയങ്ങളില്‍ ‘ഗോഡ്സ് ഓണ്‍ കണ്ട്രി’ക്കായി ഫഹദ് സമയം കണ്ടെത്തി. ഫഹദ് എത്തിയതോടെ തിരക്കഥ വീണ്ടും പൊളിച്ചെഴുതി. മറ്റൊരു നടനെ കണ്ടെഴുതിയ തിരക്കഥ ഫഹദിനുവേണ്ടി വഴിമാറി. ഇതിനിടെ നിര്‍മാതാവ് ആന്റോ ജോസഫിന്റെ കൈയിലേക്ക് സിനിമയെത്തി.
2013 മേയ് 10ന് 35 ദിവസം ഷൂട്ട് പ്ലാന്‍ ചെയ്തെടുത്ത ചിത്രം റിലീസ് ചെയ്തത് 2014 മേയ് 9ന്. ഒരു വര്‍ഷമെടുത്തു ചിത്രം വെളിച്ചം കാണാന്‍. എല്ലാം ഒരു നിമിത്തംപോലെയായിരുന്നുവെന്നു പ്രവീണും അരുണും അനീഷും പറയുന്നു. ഇല്ലെങ്കില്‍ സംസ്ഥാന അവാര്‍ഡ് നേടിയ നാലുപേരുടെ പങ്കാളിത്തമുള്ള സിനിമയായി ‘ഗോഡ്സ് ഓണ്‍ കണ്ട്രി’ റിലീസ് ചെയ്യില്ലായിരുന്നു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ സംഭവിക്കില്ലായിരുന്നു. ഫഹദിനും ലാലിനും ലെനയ്ക്കും കലാസംവിധായകന്‍ ബാവയ്ക്കും സംസ്ഥാന അവാര്‍ഡ് ലഭിച്ചതിന്റെ ആഘോഷം കെട്ടടങ്ങും മുമ്പാണ് ‘ഗോഡ്സ് ഓണ്‍ കണ്ട്രി’ റിലീസായത്.
‘ഗോഡ്സ് ഓണ്‍ കണ്ട്രി’ പിന്നിട്ട വഴികള്‍ തന്നെയാണ് ആ ചിത്രത്തിന് കരുത്തേകിയതെന്ന് തിരക്കഥാകൃത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരുദിവസം നടക്കുന്ന ആറ് വാര്‍ത്തകളെ കേന്ദ്രീകരിച്ചാണ് തിരക്കഥ രൂപപ്പെട്ടത്. പിന്നീടത് നാലുവാര്ത്തകളായി മാറി. ഒരുദിവസത്തെ നാല് പ്രധാന വാര്‍ത്തകളിലൂടെ നമ്മുടെ നാട് ‘ഗോഡ്സ് ഓണ്‍ കണ്ട്രി’യാണോ എന്ന ചോദ്യം ചിത്രമുയര്ത്തുന്നു. നമ്മുടെ നാട് ‘ഗോഡ്സ് ഓണ്‍ കണ്ട്രി’യാവണമെങ്കില് എങ്ങനെയാവണമെന്ന് ചിത്രത്തിന്റെ ക്ലൈമാസിലൂടെ മറുപടി നല്കുന്നു. നമ്മുടെ നാട് എങ്ങനെയൊക്കെയാണ് എന്ന് ചോദിക്കുകയും നമ്മളിലുള്ള നന്മയെ എങ്ങനെ ഉയര്‍ത്തണമെന്നതു കാട്ടിത്തരികയും ചെയ്യുന്ന ഒരു ചിത്രമൊരുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രവീണും അരുണും അനീഷും. സിനിമ റിലീസായപ്പോള്‍ സംവിധായകന് വസുദേവ് സനലിന്റെ മൊബെയിലില്‍ വന്ന ഒരു സന്ദേശമുണ്ട്. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന നന്മയുള്ള ഒരു സിനിമ. അതുതന്നെയാണ് ഈ സിനിമയ്ക്കുള്ള അംഗീകാരവും.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: