രണ്ടു പതിറ്റാണ്ടിലേറെയായി ഹോളിവുഡില്‍ നിറഞ്ഞു നിന്ന അഭിനേത്രി ആഞ്ജലീന ജൂലി വിടവാങ്ങാന്‍ ഒരുങ്ങുന്നു. മിന്നും പ്രകടനങ്ങളും പുരസ്കാര പ്രഭയുമൊക്കെ തിലകം ചാര്‍ത്തിയ അഭിനയ സപര്യ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നെന്ന വിവരം വെളിപ്പെടുത്തിയതും ആഞ്ജലീന തന്നെ. അഭിനയത്തിനു പുറമെ സംവിധാനം, തിരക്കഥാരചന തുടങ്ങിയ മേഖലകളിലും കൈവെച്ച ആ അമേരിക്കന്‍ താര സുന്ദരി സിനിമയുടെ വെള്ളിവെളിച്ചത്തെ ഉപേക്ഷിക്കുമ്പോള്‍ ആരാധകരുടെ ഉള്ളില്‍ നഷ്ടബോധത്തിന്റെ ഫ്ലാഷുകള്‍ മിന്നിമറയും.
1975 ജൂണ്‍ 4-ന് കാലിഫോര്‍ണിയയില്‍ ജനിച്ച ആഞ്ജലീന കഴിഞ്ഞയാഴ്ചയാണ് 39-ാമത്തെ ജന്മദിനം ആഘോഷിച്ചത് ‘മാലിഫസന്റ്’ എന്ന പുതിയ സിനിമയുടെ വിജയത്തിനൊപ്പമാണ്. സിനിമ, ആരാധകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചതിന്റെ സന്തോഷവും ജന്മദിന ആഘോഷങ്ങളും ഒരുമിച്ചാണ് കൊണ്ടാടിയത്. അഭിനയ ജീവിതത്തില്‍ നിന്നും വിടചൊല്ലുകയാണെന്ന് പിറന്നാള്‍ ദിനത്തില്‍ ബിബിസിറേഡിയോ അഭിമുഖത്തിലാണ് പ്രഖ്യാപിച്ചത്.
ഏഴാം വയസ്സില്‍ ആരംഭിച്ചതാണ് ആഞ്ജലീനയുടെ സിനിമാ ജീവിതം. 1982-ല്‍ ‘ലുക്കിന് ടു ഗെറ്റ്ഔട്ട്’ എന്ന ചിത്രത്തിലൂടെ അഭ്രപാളിയിലേക്കുള്ള അരങ്ങേറ്റം കുറിച്ചു. പതിനാറാം വയസ്സില്‍ സിനിമയെ ഗൗരവമായി എടുക്കണമെന്ന അച്ഛന്റെ ആവശ്യം അംഗീകരിച്ച് ഓഡീഷനില്‍ പങ്കെടുത്തു. നിറം പോരെന്ന കാരണത്താല്‍ അന്ന് പുറന്തള്ളപ്പെട്ടു. പിന്നീട് സിനിമാ- ടെലിവിഷന്റെ യുഎസ്സി എന്ന സ്കൂളില്‍ ചേര്‍ന്നത് വഴിത്തിരിവായി. 1991-ല്‍ ‘സ്റ്റാന്റ് മൈ വുമണ്‍’ എന്ന മ്യൂസിക് ആല്‍ബത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അന്നു മുതല്‍ ആഞ്ജലീനയുടെ യഥാര്‍ത്ഥ അഭിനയ ജീവിതം ആരംഭിച്ചു. 1997-വരെ ചെറുതും വലുതുമായ പല ആല്‍ബങ്ങളിലും സിനിമകളിലും ചെറു റോളുകളില്‍. 1998-ല്‍ ഹെല്സ് കിച്ചണ്‍ എന്ന ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തിലൂടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു ആഞ്ജലീന. 2000-ത്തിലാണ് ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം താരത്തിന് ലഭിക്കുന്നത്. ഗോണ് ഇന്‍ 60 സെക്കന്റ്സ് എന്ന ചിത്രമായിരുന്നു അത്. 237 മില്യണ്‍ ഡോളറാണ് സിനിമ നേടിയത്. ഇത് ആഞ്ജലീനയെ പ്രശസ്തയാക്കി; ഹോളിവുഡില്‍ ഒഴിച്ചുകൂടാനാവാത്ത താരമായി. ഇതിനിടെ ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്ക്കാരങ്ങളും.മൂന്ന് തവണയാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ചത്. പിന്നാലെ അക്കാദമി അവാര്‍ഡും. 2001-ല്‍ പുറത്തിറങ്ങിയ ലാറാ ക്രോഫ്റ്റ് റ്റോമ്പ് റെയിഡര്‍ എന്ന ചിത്രം ആഞ്ജലീനയെ സൂപ്പര്‍സ്റ്റാര്‍ നായികാപരിവേഷത്തിലെത്തിച്ചു. ലാറ ക്രോഫ്റ്റ് എന്ന കഥാപാത്രം ആഞ്ജലീനയുടെ കരിയറിലെ മികവുറ്റതായിരുന്നു. സിനിമ ബോക്സ്ഓഫീസിലും ഹിറ്റായതോടെ ആഞ്ജലീന ആക്ഷന്‍ നായികയായി.
സംവിധാനമോഹം ആദ്യം മുതലെ ആഞ്ജലീനയ്ക്കൊപ്പമുണ്ടായിരുന്നു. 2007-ല്‍ ‘എ പ്ലെയ്സ് ഇന്‍ ടൈം’ എന്ന ഡോക്യുമെന്ററിയും 2011-ല്‍ ‘ഇന്‍ ദി ലാന്റ് ഓഫ് ബ്ലഡ് ആന്റ് ഹണി’ എന്ന ചിത്രവും ആഞ്ജലീന സംവിധാനം ചെയ്തു. സഹനടി, വില്ലത്തി, കുറ്റാന്വേഷക, ഭാര്യ, കാമുകി, അമ്മ എന്നിങ്ങനെ പല തരം വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആഞ്ജലീനയ്ക്ക് സാധിച്ചു.
ചലച്ചിത്ര മേഖലയില്‍ നിന്നും ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഓഫ് റെഫ്യൂജീസിന്റെ അംബാസിഡറാകുന്ന ആദ്യത്തെ നടി എന്ന ബഹുമതി ആഞ്ജലീനയക്കുമാത്രം അവകാശപ്പെട്ടതാണ്. 2001-ല്‍ ആഗസ്റ്റിലായിരുന്നു ഈ ബഹുമതി താരസുന്ദരിയെതേടിയെത്തിയത്.
രണ്ട് തവണ വിവാഹബന്ധം നിയമപരമായി വേര്‍പിരിഞ്ഞിട്ടുള്ള നടി പിന്നീട് നടന് ബ്രാഡ്പിറ്റുമായി ജീവിതം ആരംഭിച്ചു. 2006-വരെ ബന്ധം ഇരുവരും തുറന്നു സമ്മതിച്ചിരുന്നില്ല. ദത്തെടുത്ത മൂന്ന് മക്കള്‍ ഉള്‍പ്പെടെ ആറ് മക്കളാണ് ആഞ്ജലീന ബ്രാഡ് പിറ്റ് ദമ്പതിമാര്‍ക്കുള്ളത്. ഹോളിവുഡിലെ ഏറ്റവും വിലകൂടിയ താരറാണി, അഭിനയത്തിനു പുറമേ സംവിധായിക, ലോകത്തിലെ ഏറ്റവും ഹോട്ട് സുന്ദരി, ആഞ്ജലീനയുടെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. അഭിനയം നിര്‍ത്തുന്നത് സങ്കടത്തോടെയല്ലെന്നും ഭര്‍ത്താവിന്റേയും മക്കളുടേയും കാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കുന്നത് ഏറെ സന്തോഷകരമാണെന്നും ആഞ്ജലീന ജൂലി പറഞ്ഞു നിര്‍ത്തുന്നു….
പ്രതികരിക്കാൻ ഇവിടെ എഴുതുക: